പേജുകള്‍‌

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

2013, ഏപ്രിൽ 27, ശനിയാഴ്‌ച

"ദൈവത്തിന്റെ പദ്ധതി - THE PLAN OF ALMIGHTY..."

ഇന്ന് എന്റെ പിറന്നാളാണ്.  ജന്മനക്ഷത്രവും ജന്മദിവസവും ഒന്നിച്ചു വരുന്ന  ഏപ്രിൽ 27. മനുഷ്യന്റെ പദ്ധതി അതുപോലെ നടന്നിരുന്നെങ്കിൽ ഇപ്പോൾ (7.30 P.M.) ഞാൻ രാമേശ്വരത്ത് ആത്മബലി എല്ലാം നടത്തി സായൂജ്യമടയേണ്ടതാണ്. 

പക്ഷേ ദൈവത്തിന്റെ പദ്ധതി ആരറിഞ്ഞു... മൂന്നുമാസം മുൻപേ, ജന്മനക്ഷത്രവും ജന്മദിവസവും ഒന്നിച്ചു വരുന്ന 2013 ഏപ്രിൽ 27 - ന് രാമേശ്വരത്ത് പോയി, 'പും എന്ന നരകത്തിൽ നിന്നും ത്രാണനം ചെയ്യുവാൻ പുത്രനോ പുത്രിയോ' ഇല്ലാത്തതിനാൽ സ്വയം ബലിയിടണം എന്ന് തീരുമാനിച്ച് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തു.  

പ്രിയപ്പെട്ട കൂട്ടുകാരനും വരാം എന്ന് പറഞ്ഞതിനാൽ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവിൽ ആ ദിനമണയുവാറായി. സുഹൃത്തിനോട് ചോദിച്ചു, 'അന്ന് നീ പറഞ്ഞതു പ്രകാരം നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് രാമേശ്വരത്തിലേയ്ക്ക്. വരില്ലേ?' 'നിനക്ക് ബലിയിടാനായി ഞാൻ വരില്ല' അവന്റെ മറുപടി. കൂടുതൽ നിർബന്ധിച്ചില്ല. കാരണം രാമേശ്വരം എന്നത് എനിയ്ക്കാ ലക്ഷ്യത്തിനുമാത്രമായിരുന്നു. ആത്മബലിയിടുക, രാമന്റെ ഈശ്വരനായ പരമശിവനെ കണ്ട് 'പുനർജ്ജനി' എന്ന എന്റെ ട്രസ്റ്റിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി പ്രാർത്ഥിയ്ക്കുക. അത്രമാത്രമാണ് ലക്ഷ്യം. 

ഒടുവിൽ, യാത്രയുടെ ദിനം വന്നെത്തി. ഏപ്രിൽ 26. രാത്രി വണ്ടി, സമയം 10.30. പകൽ എന്തുകൊണ്ടൊക്കെയോ കണ്ണുകൾ നിറഞ്ഞൊഴുകി. അകാരണമായൊരു സങ്കടം മനസിൽ തിക്കിമുട്ടുന്നു... കണ്ണുകളിലെ പ്രവാഹത്തെ തടസപ്പെടുത്തിയില്ല. മനസിലെ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം ഒലിച്ചു പോകുന്നതു പോലെ ഒരു തോന്നൽ... ഇനി ഒന്നും വേണ്ട, പുനർജ്ജനിയുടെ ഉന്നമനമല്ലാതെ എന്ന് ആരോ മന്ത്രിയ്ക്കുന്നു. 

യാത്രയ്ക്ക് പുറപ്പെടേണ്ട സമയമായി. 9.30 നു തന്നെ ബാഗുമെടുത്ത് പുറത്തിറങ്ങി. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഇറങ്ങി. യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപേ കൂട്ടുകാരൻ ഒരിയ്ക്കൽ കൂടി ആവശ്യപ്പെട്ടു.. 'ആത്മബലിയിടല്ലേ.. നിന്റെ ഭാവിയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്തെന്ന് നിനക്കറിയില്ല.' മറുപടി പറഞ്ഞില്ല. ദൈവത്തിന്റെ പദ്ധതി എന്താണെന്ന് അറിയാഞ്ഞതിനാലോ ദൈവത്തിന്റെ പദ്ധതി ഇതായിരിക്കാം എന്ന ചിന്തയിലോ മൗനം പാലിയ്ക്കുവാനാണ് തോന്നിയത്. 

10 മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. വണ്ടി വരാനായുള്ള കാത്തിരുപ്പ്. 10.30 ആയിട്ടും വണ്ടി വന്നില്ല. 10.45 ആയപ്പോൾ എതിർദിശയിലേയ്ക്ക് ഒരു വണ്ടി പോയി. പ്രതീക്ഷിയ്ക്കുന്ന വണ്ടി ഏത് ദിശയിലേയ്ക്കാണ് പോകുക എന്നറിയാത്തതിനാൽ ഒരു ആശയക്കുഴപ്പം മനസിൽ... 11 മണിയായിട്ടും വണ്ടി വരുന്നില്ല. ഒടുവിൽ പ്ലാറ്റ്ഫോമിലുള്ള ഒരു കടക്കാരനോട് ചോദിച്ചു. 
'മുംബൈ - നാഗർകോവിൽ' വണ്ടി പോയോ ചേട്ടാ?' 
'മുംബൈ - നാഗർകോവിൽ വണ്ടി ഒരെണ്ണം എതിർദിശയിലേയ്ക്ക് പോയല്ലോ 9.30 - ന്' കേട്ടപ്പോൾ ആശയക്കുഴപ്പം വീണ്ടും അധികരിച്ചു. 
'10.30-ന് ഒരു വണ്ടിയില്ലേ?' 
'അത് രാവിലെ 10.30-നാണ്. അത് രാവിലെ പോയി.' 
'രാവിലെ 10.30-നോ?' 
'അതെ.' 
ടിക്കറ്റ് എടുത്ത് വിശദമായി പരിശോധിയ്ക്കുവാൻ എന്തുകൊണ്ടോ അപ്പോഴാണ് ബോധം വന്നത്. സത്യം. രാവിലെ വണ്ടിയ്ക്കാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്!! കഴിഞ്ഞ മൂന്ന് മാസവും അതേകുറിച്ച് ഞാൻ ബോധവതിയായിരുന്നില്ല!! എന്താലോചിച്ചാണ് ഞാൻ ആ വണ്ടിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നോർത്ത് അതിശയിച്ചു. പതുക്കെ തിരിച്ചു നടന്നു. വീട്ടിലേയ്ക്ക്. മനസിൽ ആശ്വസിച്ചു, പരമേശ്വരന് എന്നെ കാണുവാനുള്ള മനസായിട്ടുണ്ടാവില്ല അതാണ്. ഏതാനും ദിവസം മുൻപ് കണ്ട ഒരു സ്വപ്നം ഓർത്തു പോയി.  (സ്വപ്നം കേട്ട് ചിരിയ്ക്കരുത് എന്ന് അഭ്യർത്ഥന)

എന്റെ വീടിന്റെ കിണറ്റ് കരയിലിരുന്ന്(!!!) ഭഗവാൻ പരമശിവൻ ഞങ്ങൾ ബ്രാൽ എന്ന് വിളിയ്ക്കുന്ന വരാല് മീനിനെ തൊലികളഞ്ഞ് നല്ല ചുവന്ന് രുചികരമായ (അതിന്റെ നിറം കണ്ടാലേ അറിയാം രുചികരമാണെന്ന്!!) മീൻ കറി വെച്ച് പാർവതീദേവിയ്ക്ക് കൊടുക്കുന്നു. 

എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുന്ന പാർവതീ ദേവിയെ പ്രീണിപ്പെടുത്താനുള്ള പരമശിവന്റെ അടവായിരുനു ആ മീൻ കറി. പക്ഷേ അത് കൊണ്ടുകൊടുത്തപ്പോൾ പാർവതി ദേവി അതിലെ കയിലെടുത്ത് (തവി) കോപത്തോടെ ഒറ്റയേറ്!! അത് കണ്ടു നിന്ന എനിയ്ക്ക് അതിലും അരിശം. ഇത്ര സ്നേഹത്തോടെ ഭഗവാൻ പരമശിവൻ നല്ല രുചികരമായ ചൂടു മീൻ കറി കൊണ്ടുകൊടുത്തപ്പോൾ ദേവി പാർവതിയ്ക്ക് ജാഡ. കണ്ടുനിന്ന ഞാൻ അന്നേരം പരമശിവനോട് പറയുന്നു 'കൊടുക്കണ്ടെ മോന്തയ്ക്കിട്ട്  ഒന്ന്' എന്ന്!!(സ്വപ്നങ്ങളൊക്കെ പോകുന്ന പോക്കേയ്...) 

ഉറക്കം തെളിഞ്ഞപ്പോൾ ചിരിയോടൊപ്പം ഞാനപ്പറഞ്ഞത് ദേവി കേട്ടിരിക്കുമോ എന്നൊരു ബാലിശമായ ചിന്തയും വന്നു!! ഇന്ന് ട്രെയിൻ കിട്ടാതെ നിരാശയോടെ തിരിച്ചു പോരുമ്പോൾ മനസ് പറഞ്ഞു, അന്ന് ഞാൻ സ്വപ്നത്തിൽ പറഞ്ഞത് ദേവി കേട്ടിരിക്കുന്നു!! 

'എന്റെ മോന്തയ്ക്കിട്ടടിയ്ക്കാൻ എന്റെ ഭർത്താവിനോട് പറഞ്ഞവളല്ലേ നീ? അങ്ങിനിപ്പം നീയെന്റെ കണവനെ കാണണ്ട' എന്ന് ദേവി ചിന്തിച്ചിരിക്കാം!!

അല്ലെങ്കിൽ 'ഞാനും എന്റെ പത്നിയും തമ്മിലുള്ള വഴക്കിൽ അഭിപ്രായം പറയാൻ നീയാര്? അതുകൊണ്ട് നീയെന്നെ ഇപ്പം കാണണ്ട' എന്ന് ഭഗവാൻ പരമശിവൻ വിചാരിച്ചിരിക്കാം!!!  

എന്റെ ചിന്തകൾ ബാലിശമാണെന്നറിയാം. എങ്കിലും മനസിൽ മറ്റൊന്ന് കൂടി മാറ്റൊലി കൊണ്ടു..'നിന്റെ ഭാവിയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്തെന്ന് നിനക്കറിയില്ല' എന്ന എന്റെ സുഹൃത്തിന്റെ വാക്കുകൾ... അതെ, ദൈവത്തിന്റെ പദ്ധതി.. അതെന്തെന്ന് അറിയില്ല. 

എങ്കിലും ആത്മബലി എന്ന ആശ കൈവിടുന്നില്ല. ജുലായ് 8 എന്ന ദിവസത്തേയ്ക്കായി വീണ്ടും യാത്രയ്ക്കൊരുങ്ങുന്നു... അപ്പോഴും ദൈവത്തിന്റെ പദ്ധതി എന്തെന്ന് അറിയാതെ. പക്ഷേ മനസിൽ ഭാവിയെ കുറിച്ച് ഇപ്പോൾ യാതൊരു പ്രതീക്ഷകളുമില്ല.. പുനർജ്ജനി അല്ലാതെ...

ഇനിയെല്ലാം ഇതുവരെ നടന്നിരുന്നതു പോലെ തന്നെ ദൈവത്തിന്റെ പദ്ധതി പ്രകാരം നടക്കട്ടെ. നല്ലതായാലും ചീത്തയായാലും അതെല്ലാം ശിരസ്സാവഹിയ്ക്കുക എന്നത് മാത്രമല്ലേ നമുക്ക് സാധിയ്ക്കൂ... അല്ലാതെ നമ്മുടെ പദ്ധതികൾക്ക് എന്ത് സ്ഥാനം!!!


അർത്ഥം: മോന്ത = മുഖം

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ശരിയോ തെറ്റോ?

എന്തു നുണ പറഞ്ഞിട്ടായാലും ശരി നമ്മൾ വേദനിയ്ക്കുന്നത് കാണണം എന്ന് ആഗ്രഹിയ്ക്കുന്ന ഒരു സഹയാത്രികൻ കൂടെ ഉണ്ടായിരിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് ഒറ്റയ്ക്കുള്ള യാത്രകളാണ്. ശരിയോ തെറ്റോ?

2013, ഏപ്രിൽ 17, ബുധനാഴ്‌ച

വായനക്കാർക്ക് വീണ്ടുമൊരു നന്ദി പ്രകാശനം...

അജ്ഞാതരും ജ്ഞാതരുമായ വായനക്കാരേ...

എന്റെ ബ്ലോഗിലെ സന്ദർശകരെ ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട്
ആയിരത്തിൽ നിന്നും രണ്ടായിരത്തിനേക്കാൾ അധികമാക്കി തന്നതിന് നിങ്ങൾക്കേവർക്കും നന്ദി. ബ്ലോഗ് തുടങ്ങി മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും സന്ദർശകരുടെ എണ്ണം അഞ്ഞൂറിൽ കുറവായിരുന്നു ഇക്കഴിഞ്ഞ ഏതാനും മാസം വരെ. 

ഇന്ന് അത് രണ്ടായിരം കടന്നിരിക്കുന്നു. 2009 - ഇൽ ബ്ലോഗ് ആരംഭിച്ചു എങ്കിലും ഞാൻ ബ്ലോഗിൽ വീണ്ടും സജീവമാകുവാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ..  മൂന്നു വർഷം കൊണ്ട് ഉണ്ടായ സന്ദർശകരേക്കാൾ കൂടുതൽ സന്ദർശകർ ഈ ചുരുങ്ങിയ കാലയളവിൽ ഉണ്ടായിരിക്കുന്നു.! ഉള്ളിൽ സ്വകാര്യമായി സംശയിച്ചതു പോലെ ചില തരികിടകളുടെ  തരികിട കഥകൾ മാത്രമല്ല അതിനു കാരണം എന്ന് മനസിലാകുന്നു.  അതൊരു നല്ല കാര്യം തന്നെ.

ഏവർക്കും നന്ദി.  മാത്രമല്ല, പലരും വെറുതെ വായിച്ചു പോകാതെ അഭിപ്രായങ്ങളും വിമർശനങ്ങളും വെളിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. എന്നത് നല്ല സൂചനയായി തോന്നുന്നു. അംഗീകാരത്തിന്റെ സൂചനകളായി ഞാനതിനെ വായിയ്ക്കട്ടെ...

നിങ്ങൾക്ക് ഇനിയും വിമർശിയ്ക്കാം, അഭിപ്രായമിടാം. എഴുത്തിനെ കുറിച്ച് അത്തരമൊരു പ്രോൽസാഹനം കൂടി ഞാൻ നിങ്ങൾ വായനക്കാരിൽ നിന്നും തുടർന്നും പ്രതീക്ഷിയ്ക്കുന്നു. ഇനിയും തുടർസന്ദർശനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ 

അനാമിക അഥവാ അനു.

കുടജാദ്രി തീർത്ഥയാത്ര ഭാഗം - 2




ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇനിയൊരു കൂട്ടരും വന്ന് ചേർന്നു. ഞങ്ങളെ പോലെ അടിവാരത്ത് നിന്നും നടന്ന് മല കയറുവാൻ ഉദ്ദേശിച്ചവർ. അവർ ഒരു കൂട്ടം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് ക്ഷീണമകറ്റിയതിനു ശേഷം, 'നിങ്ങൾ ക്ഷീണമകറ്റൂ ഞങ്ങൾ യാത്ര തുടരുകയാണ്' എന്ന് അപ്പോൾ വന്നു കയറിയവരോട് പറഞ്ഞ്, 2.30 ഓടെ ഞങ്ങൾ യാത്ര തുടർന്നു.  

തൃശ്ശൂരിന്റെ നന്മയുമായി ഞങ്ങളുടെ കൂടെ സുമേഷും ബിബോയും ചേർന്നു. വഴിയറിയാതെ പോകുന്നതിനേക്കാൾ വഴിയറിയുന്ന ഒരാൾ കൂടെയുണ്ടാകുന്നത് നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നി. കുറച്ചു ദൂരം നടന്നപ്പോൾ തോന്നി ഏറെ നേരമായി നടക്കുവാൻ തുടങ്ങിയിട്ട് എന്ന്. അനുഭവപരിചയമുള്ള സുമേഷിനോട് ചോദിച്ചു, 'ഇനിയെത്ര ദൂരമുണ്ട്?' 'ഇനിയുമുണ്ട്.' 'എത്ര ശതമാനം നമ്മൾ ഇപ്പോൾ നടന്നു തീർന്നു?' ' ! വെറും 10% മാത്രമേ ആയിട്ടുള്ളൂ.. ഇത് എത്തിയ്ക്കും എന്നു തോന്നുന്നില്ല.' അവസാനം പറഞ്ഞ വാക്കുകൾ ഒരു വെല്ലുവിളി പോലെ എനിയ്ക്ക് തോന്നി. ഇല്ല. ഞാൻ യാത്ര പൂർത്തിയാക്കും. ദേവിയുടെ അനുഗ്രഹമുണ്ടെങ്കിൽ എനിയ്ക്കത് സാധിയ്ക്കും എന്ന് മനസിൽ പിറുപിറുത്ത് ഞാൻ വീണ്ടും നടപ്പ് തുടങ്ങി


സുമേഷും ബിബോയും അതിനിടയ്ക്ക് കുറച്ച് സമയം അപ്രത്യക്ഷമായി. കൂവി വിളിച്ചു ചോദിച്ചു 'എവിടെയാ...' 'ഞങ്ങൾ വരുന്നു, നിങ്ങൾ നടന്നോളൂ.. ഒരു കൈത്താങ്ങിനായി വടി വെട്ടുകയാ' എന്ന് അശരീരി. 'എങ്കിൽ എനിയ്ക്കും ഒരെണ്ണം വെട്ടിക്കോളൂ' എന്ന് എന്റെ മറുപടി. സൂരജിനു വടിയൊന്നും ആവശ്യമില്ലായിരുന്നു. ഏന്തിയും വലിഞ്ഞു ഞാൻ വീണ്ടും യാത്ര തുടർന്നു. സൂരജ് മുന്നേ ശരം വിട്ടതു പോലെ പോകുന്നുണ്ട്. കുറച്ചു സമയത്തിനുള്ളിൽ, ഞാൻ ഏന്തിയും വലിഞ്ഞു കയറിവന്ന ദൂരം നിഷ്പ്രയാസം താണ്ടി സുമേഷും ബിബോയും ഒപ്പമെത്തി. എനിയ്ക്കായി കരുതിയ വടി അവർ തന്നു. ! എന്തൊരു ആശ്വാസം! നടപ്പിന് കുറച്ചുകൂടി ലാഘവത്വം വന്നതു പോലെ. വീണ്ടും യാത്ര...

'വെള്ളം കുടിയ്ക്കണേ' എന്ന് സുമേഷ് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ തന്റെ അനുഭവവും വിവരിച്ചു. ഒറ്റയ്ക്കുള്ള യാത്രയിൽ ക്ഷീണമറിയാതെ കുടജാദ്രി കയറി. പൊരിവെയിൽ നിറഞ്ഞു നിൽക്കുന്ന ഒരു മൊട്ടക്കുന്നിന്റെ മുകളിലെത്തിയപ്പോൾ കാലിന്റെ മസിൽ പിടിച്ചു. വേദന കൊണ്ട് പുളഞ്ഞപ്പോൾ രോദനം കേൾക്കാൻ കത്തിനിൽക്കുന്ന സൂര്യനും നിശ്ശബ്ദരായ കുറ്റിച്ചെടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് വിവരിച്ചപ്പോൾ അതിന്റെ വേദന സുമേഷ് അപ്പോഴും അനുഭവിയ്ക്കുന്നതു പോലെ... മറക്കാതെ ഇടയ്ക്കിടെ വെള്ളം കുടിച്ച് ഞങ്ങൾ മുന്നോട്ട്...


കുറേ കഴിഞ്ഞപ്പോൾ സുമേഷിനോട് ചോദിച്ചു 'ഇനിയെത്ര ദൂരം?' കുറച്ചു കൂടെ നടന്നാൽ പകുതിയായി. അവിടെ നമുക്ക് ഇരുന്നു വിശ്രമിയ്ക്കാം കുറച്ചു സമയം. സൂര്യൻ എന്തോ പ്രതികാരചിന്തയിലെന്നതു പോലെ ജ്വലിച്ചു നിൽക്കുന്നു. മൊട്ടക്കുന്നുകൾ കയറിയും ഇറങ്ങിയും ക്ഷീണിച്ചു. പക്ഷേ യാത്ര നിർത്തുവാൻ സാധിയ്ക്കില്ലാലോ.. ജീവിതയാത്രയും ഇതുപോലെ തന്നെ എന്ന് മനസിലോർത്തു. എത്ര കഷ്ടപ്പെട്ടാലും യാത്ര തുടർന്നേ തീരൂ.. ഒരു തിരിച്ചു പോക്ക് സാധ്യമാകാത്തത്ര അനിവാര്യമായ യാത്ര. സുമേഷ് പറഞ്ഞ ഇടത്താവളമെത്തി. ഹൊ! എന്തൊരു ആശ്വാസം!!! അവിടെയിരുന്ന് കയ്യിൽ കരുതിയ ചായ പകർന്ന് കുടിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്നു

 


'ഇനി എത്ര ദൂരമുണ്ട് സുമേഷ്?' ദൂരെ ഒരു പൊട്ടു പോലെ കാണുന്ന ചുവന്ന കെട്ടിടം കാണിച്ചു തന്ന് സുമേഷ് പറഞ്ഞു, 'അങ്ങോട്ടാണ് നമുക്ക് എത്തിച്ചേരേണ്ടത്. ദൂരം മനസുകൊണ്ട് അളന്നോളൂ'. 'ഈശ്വരാ...' എന്ന് അറിയാതെ വിളിച്ചു പോയി.



ക്ഷീണമകന്നു എന്ന് തോന്നിയപ്പോൾ വീണ്ടും നടപ്പു തുടർന്നു. ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു. ഒരു തുറസായ സ്ഥലമെത്തിയപ്പോൾ സുമേഷ് പറഞ്ഞു 'ദാ കാണുന്നതാണ് സ്ഥലം. തുറന്ന പ്രദേശം കടന്നാൽ നമ്മൾ എത്തി' മനസിൽ എന്തെന്നില്ലാതെ ഒരു തണുപ്പ്.. ആശ്വാസത്തിന്റെ തണുപ്പ്. നടപ്പിന് വേഗം കൂടി. വളരെ പെട്ടന്ന് തുറസ്സായ സ്ഥലം താണ്ടി മുകളിലെത്തി. അവിടെ മുകളിലെ മൂലസ്ഥാനക്ഷേത്രത്തിലെ തന്ത്രിയുടെ വീടും കൊച്ചു കൊച്ച് അമ്പലങ്ങളും. പിന്നെ ഒരു ചെറിയ കടയും. അവിടെ നിന്ന് മതിവരുവോളം സംഭാരം വാങ്ങി കുടിച്ചു. തന്ത്രിയോട് സംസാരിച്ച് താമസവും ഭക്ഷണവും ഉറപ്പാക്കി. കയ്യിലുണ്ടായിരുന്ന ബാഗ് തന്ത്രി ഞങ്ങൾക്കായി അനുവദിച്ച മുറിയിൽ വെച്ചു. കുളിയ്ക്കാനുള്ള സൗകര്യം അന്വേഷിച്ചു. 'നിങ്ങൾ ഇപ്പോൾ കുളിയ്ക്കണ്ട. സർവജ്ഞപീഠം കയറി വരൂ. എന്നിട്ട് കുളിയ്ക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ക്ഷീണം പിന്നെയും അനുഭവപ്പെടും.' എന്ന് തന്ത്രി. ശരി. അനുഭവമുള്ളവർ പറയുന്നതല്ലേ.. സർവജ്ഞപീഠം കയറാൻ തയ്യാറായി. ഒതുക്കി വെച്ച വടി വീണ്ടും കയ്യിലെടുത്തു. സർവജ്ഞപീഠം ലക്ഷ്യമാക്കി വീണ്ടും യാത്ര...     
                                                                                                                             (തുടരും...)

കുടജാദ്രി തീർത്ഥയാത്ര ഭാഗം - 1 വായിയ്ക്കുവാൻ 
http://anaamikam.blogspot.in/2013/03/1.html  ക്ലിക്ക് ചെയ്യുക


2013, ഏപ്രിൽ 14, ഞായറാഴ്‌ച

വിഷുക്കൈനീട്ടം...



ഒരു വിഷു കൂടി വന്നു പോയി. വിഷുപ്പുലരിയിൽ മനസുനിറയെ എന്തെന്നില്ലാത്ത ഒരു സന്തോഷത്തോടെയാണ് ഉണർന്ന് കണികണ്ടത്.

അതിനെ പതിന്മടങ്ങ് അധികരിപ്പിക്കാനായി, ഇക്കഴിഞ്ഞ നീണ്ട ജീവിതകാലത്തിനിടയ്ക്ക് ഇതു വരെ കിട്ടിയിട്ടില്ലാത്തതും ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും കിട്ടാൻ സാധ്യതയുമില്ലാത്ത ഒരു വിഷുക്കൈനീട്ടം കിട്ടി ഇത്തവണത്തെ വിഷുദിനത്തിൽ... ജീവിതത്തിലെ അവസാനശ്വാസം വരെ മറക്കുവാൻ സാധിയ്ക്കാത്ത ഒന്ന്!!  അതും എനിയ്ക്ക് ഏറെ പ്രിയപ്പെട്ടവന്റെ കയ്യിൽ നിന്നും മനസ് നിറഞ്ഞ സ്നേഹത്തോടെ...

സന്തോഷം കൊണ്ട് എന്റെ മനസും കണ്ണുകളും നിറഞ്ഞൊഴുകി, ഏറെ നേരം...

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഞണ്ട് കറി





 വർഷങ്ങൾക്ക് മുൻപ്, എന്റെ അയല്പക്കത്തെ കുട്ടിയോട് സംഭാഷണ മധ്യേ എനിയ്ക്ക് ഞണ്ട് കറി കഴിയ്ക്കുവാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞു. എന്റെ വീട്ടിൽ ഞണ്ട് കറി വയ്ക്കില്ല. അമ്മയ്ക്കിഷ്ടമില്ലാത്തതുകൊണ്ട് അത് ഒരു ആഗ്രഹം മാത്രമായി അവശേഷിച്ചു. എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞു "ചേച്ചീ.. ഞങ്ങളുടെ വീട്ടിൽ ഞണ്ട് കറി വെയ്ക്കാറുണ്ട്. ഇനിയുണ്ടാക്കുമ്പോൾ ചേച്ചിയ്ക്ക് ഈ ഞാൻ ഞണ്ട് കറി കൊണ്ടുതരും." കേട്ടപ്പോൾ സന്തോഷം തോന്നി. ഒടുവിൽ എന്റെ ആഗ്രഹം സഫലമാകുമല്ലോ.. അന്ന് അങ്ങിനെ പറഞ്ഞ് പോയ അവനെ വർഷം 10 കഴിഞ്ഞിട്ടും പിന്നീട് കണ്ടിട്ടില്ല!! 

ആഗ്രഹം ആഗ്രഹമായി തന്നെ അവശേഷിച്ചു! ഈയടുത്ത കാലത്ത് പഴയ ഒരു സുഹൃത്തിനോട് അതേ കുറിച്ച് സംസാരിച്ചു. എന്തൊക്കെയോ പറഞ്ഞു വന്നപ്പോൾ ഞണ്ട് കറിയും വിഷയമായി. ഇന്നുവരെ അത് കഴിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞണ്ട് കറി ഉണ്ടാക്കിയും കഴിച്ചും പരിചയമുള്ള സുഹൃത്ത് പറഞ്ഞു, 'ഇന്ന് അത്താഴത്തിന് നമുക്ക് ഞണ്ട് കറി ഉണ്ടാക്കാം' എന്ന്. 

ഞങ്ങൾ ഒരുമിച്ച് പോയി സൂപ്പർ മാർക്കറ്റിൽ നിന്നും ഞണ്ടിനെ തിരഞ്ഞെടുത്തു. നീല ഞണ്ട്. തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ നോക്കി വേണം തിരഞ്ഞെടുക്കുവാൻ എന്ന് അവൻ ക്ലാസെടുക്കുന്നുണ്ടായിരുന്നു. വീട്ടിൽ വന്ന് ഞണ്ടിനെ സുഹൃത്ത് തന്നെ വൃത്തിയാക്കി മസാലയെല്ലാം പുരട്ടി വെച്ചു. ഞണ്ടിനെ കുറിച്ചും അതിന്റെ ഗുണഗണങ്ങളെ കുറിച്ചുമുള്ള വിവരണം ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു. എനിയ്ക്കിത് ആദ്യാനുഭവമാണല്ലോ... അനുഭവമുള്ളവർ പറയുമ്പോൾ അഭിപ്രായം പറയാതെ കേട്ടിരിക്കുക തന്നെ! 


ഒടുവിൽ ഞണ്ട് രുചികരമായ ഫ്രൈ ആയി മാറി. ഒരു ബിയറിന്റെ അകമ്പടിയോടെ കഴിച്ചും കഴിപ്പിച്ചും ഞണ്ട് ഫ്രൈ ഒരു വിധം തീർത്തു. ആദ്യാനുഭവമായതുകൊണ്ട് ഒരു വിധം നന്നായി തന്നെ ഞാനത് ആസ്വദിച്ചു. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. 

ഒരു ഉറക്കം കഴിഞ്ഞെണീറ്റപ്പോൾ എന്റെ സുഹൃത്തിനെന്തോ അസ്വസ്ഥത. കാര്യമന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ ദേഹത്തൊക്കെ തടിച്ചു ചുവന്നിരിക്കുന്നു. എന്താണ് കാര്യം എന്നതിന് അലർജിയെന്ന് മറുപടി. ഞണ്ട് വാങ്ങിയ കൂട്ടത്തിൽ ഞങ്ങൾ നെയ്മീനും വാങ്ങിയിരുന്നു. അതുകൊണ്ട് ഞണ്ടിന്റെയാണോ നെയ്മീന്റെയാണോ അലർജി എന്ന് മനസിലായില്ല. 

ഞണ്ട് സ്ഥിരമായി കഴിയ്ക്കുന്ന എന്റെ സുഹൃത്തിന് അത് മൂലം അലർജി വരില്ല എന്നൊരു വിശ്വാസം. പിറ്റേന്ന് നേരം വെളുത്തപ്പോഴേയ്ക്കും ചുവപ്പും തടിപ്പും സുഹൃത്തിന്റെ ദേഹമാസകലം നിറഞ്ഞിരുന്നു! ഉടൻ പോയി അയാൾ നിർദ്ദേശിച്ച അലർജി ടാബ്ലറ്റ് വാങ്ങിക്കൊടുത്തു. 

ഉടൻ പോയി വരാം എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് പോയ സുഹൃത്ത് പിന്നീട് വിളിച്ചില്ല. അലർജിയുടെ അസ്കിതകളുമായി പോയ വ്യക്തിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അന്വേഷിച്ചു പോയി. അദ്ദേഹം ക്ഷീണിതനായി കിടക്കുകയായിരുന്നു. ടാബ്ലറ്റ് കഴിച്ച് തടിപ്പ് അമർന്നെങ്കിലും അതിന്റെ ബാക്കിയായുണ്ടായ ക്ഷീണത്തിൽ അദ്ദേഹം തളർന്നു.  പാവം എന്റെ സുഹൃത്ത്.

അപ്പോഴും എന്റെ മനസിൽ സംശയം ബാക്കി വന്നു.., അലർജി ഞണ്ടിന്റെയോ നെയ്മീന്റെയോ..? പിന്നീട് അയാൾ പറഞ്ഞു അലർജി ഞണ്ടിന്റെ തന്നെയായിരുന്നു, കാരണം പിന്നീട് നെയ്മീൻ കഴിച്ചിട്ടും യാതൊരു കുഴപ്പവുമുണ്ടായില്ല എന്ന്.

പിന്നീട് അദ്ദേഹം ഞണ്ട് കറി കഴിയ്ക്കുവാൻ ധൈര്യപ്പെട്ടുവോ എന്നറിയില്ല. എങ്കിലും ഒരു കാര്യം മനസിലായി. ഞണ്ട് അലർജിയ്ക്ക് കാരണമാകും!!!

2013, ഏപ്രിൽ 7, ഞായറാഴ്‌ച

നിറം മാറുന്ന മനുഷ്യർ...

"നിന്നെ സ്നേഹിച്ച മനസിനെ നീ വേദനിപ്പിച്ചെങ്കിൽ
മറ്റൊരാളിലൂടെ കാലം നിന്റെ മനസിനെയും വേദനിപ്പിക്കും"



"അയാൾ നിന്നെ സാമ്പത്തികമായും മറ്റും  ഒരുപാട് സഹായിച്ചിട്ടുള്ളതല്ലേ ഇക്കഴിഞ്ഞ കാലങ്ങളിൽ..?"

"ഓ.. അത്ര പറയുവാൻ മാത്രം സഹായമൊന്നും അയാൾ എനിയ്ക്ക് ചെയ്തിട്ടില്ല. എനിയ്ക്ക് ചെയ്തതിനേക്കാൾ ഒരുപാട് അയാൾ എന്റടുത്തുന്ന് തിരിച്ചു കൈപ്പറ്റിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറേ മാസങ്ങളായി ഞാനാണ് അയാളെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരിക്കുന്നത്."

"ഓഹോ.. അങ്ങിനെയോ? എന്നിട്ട് അയാൾ ഇപ്പോൾ എന്ത് പറയുന്നു?"

"അയാൾ എന്ത് പറയുവാൻ? കുറേ പാരാവാരങ്ങളും പരാതികളും പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി എനിയ്ക്കാരും സപ്പോർട്ട് ഇല്ല... നമ്മുടെ ഭാവി ഇനി  നീ തീരുമാനിയ്ക്കൂ... എനിയ്ക്ക് എന്റെ പണം, പ്രണയം,  ജോലി,  പഠിപ്പ് എല്ലാം നഷ്ടമായി... എനിയ്ക്കാരുമില്ലാതായി..  അത്, ഇത്, അങ്ങിനെ, ഇങ്ങിനെ എന്നൊക്കെ എന്തൊക്കെയോ.."

"അന്നേരം നീ എന്തു പറഞ്ഞു?"

"ഞാനെന്ത് പറയാൻ! എനിയ്ക്ക്തലവേദനിയ്ക്കുന്നു, ഉറക്കം വരുന്നു എന്നൊക്കെ പറഞ്ഞ് ഞാൻ പതുക്കെ വലിഞ്ഞു." അത് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.

 കേട്ട് നിന്നിരുന്ന അവളുടെ കൂട്ടുകാർ ആ ചിരിയിൽ പങ്ക് ചേർന്നു.

കടപ്പാട്:  യാഥാർത്ഥ്യങ്ങൾ സങ്കല്പങ്ങളും സങ്കല്പങ്ങൾ യാഥാർത്ഥ്യങ്ങളുമാകുന്ന 
എന്റെ അതിവിശാലമായ 'ഭാവനാലോകത്തിന്'

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

"മൗനമന്ത്രണങ്ങൾ..."



പറയുവാനേറെയുണ്ടെന്നാലോ 

അരികിലാരുമില്ലതു കേൾക്കുവാൻ 

പരിഭവമെന്തേ മനമേ ….പറക നീയെന്നോടായ്.. 

വട്ടെനിയ്ക്കും നിനക്കും മാത്രമല്ലോ...

മൗനമുദ്രിതമാമെൻ ചുണ്ടുകൾ 

മനതാരിൽ മന്ത്രിക്കുന്നിതെപ്പോഴും നിന്നോടായ് 

തവമനമറിഞ്ഞതില്ലയൊരിക്കലുമൊന്നുമേ 

തപ്തമാമെൻ ഹൃദയവികാരങ്ങൾ 

ഇല്ലിനിയൊരാൾ പോലുമി

ജ്ജീവിത പന്ഥാവിൽ സഹയാത്രികനായ് 

ഏറി നീ പുതുമേച്ചിൽ പുറങ്ങളിൽ 

ഏകയായ് നില്പൂ ഞാൻ വീണ്ടും നിറമിഴിയാലെ...

പറയുവാനേറെയുണ്ടെന്നാലോ 

അരികിലാരുമില്ലതു കേൾക്കുവാൻ


നന്ദി: ഇതിലേയ്ക്ക് രണ്ടു വരികൾ സംഭാവന ചെയ്ത  സുഹൃത്തിനും എന്റെ ആശങ്കകളെ സാധൂകരിച്ച സുഹൃത്തിനും...