പേജുകള്‍‌

2016, ജൂലൈ 22, വെള്ളിയാഴ്‌ച

അനുഗ്രഹങ്ങൾ

മനസറിഞ്ഞ് നല്കുന്ന അനുഗ്രഹങ്ങൾ ചിലപ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ നിറയ്ക്കും.

ഇക്കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അങ്ങനെയൊരനുഭവമുണ്ടായി. സെന്ററിലുള്ള ചെരുപ്പുകുത്തിയുടെ അടുത്ത് ചെരുപ്പ് നന്നാക്കാൻ നില്ക്കുമ്പോഴാണ്‌ റോഡിന്റെ അപ്പുറത്തെ വശത്ത് കൂടെ രമണി ടീച്ചർ പോകുന്നത് കണ്ടത്. അത് ടീച്ചർ തന്നെയല്ലേ എന്നുറപ്പ് വരുത്താൻ സൂക്ഷിച്ചു നോക്കി നില്ക്കുമ്പോൾ പെട്ടന്ന് ടീച്ചർ മുഖമുയർത്തി എന്നെ നോക്കി. എനിയ്ക്കൊരു വിശ്വാസമുണ്ട്. മനസിൽ ദൈവികതയുള്ളവർക്ക് തങ്ങളെ ആരെങ്കിലും അവരറിയാതെ ദൂരെ നിന്നായാൽ പോലും സൂക്ഷിച്ചു നോക്കിയാൽ കൃത്യം നോക്കുന്ന ആളുടെ നേർക്ക് നോട്ടം പായിയ്ക്കാൻ സാധിയ്ക്കും എന്ന്. ടീച്ചർ എന്നെ നോക്കിയപ്പോൾ ആ വിശ്വാസം ഒന്നുകൂടി ഉറച്ചു.

എന്നെ കണ്ടപ്പോൾ ടീച്ചറുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഞാൻ വേഗം റോഡ് മുറിച്ചു കടന്ന് ടീച്ചറുടെ അരികിലേയ്ക്ക്...
“അനുമോളേ.. നീ ഓരോ തവണയും കുഞ്ഞായി വരുകയാണല്ലോടീ..” എന്നും പറഞ്ഞാണ്‌ ടീച്ചറെന്റെ കയ്യിൽ പിടിച്ചത്. ഞാൻ നാലാം ക്ലാസിൽ എത്തിയപ്പോഴാണ്‌ രമണി ടീച്ചറും സുമന ടീച്ചറും പുതിയതായി ഞങ്ങളുടെ എസ്.ആർ.വി.സ്കൂളിൽ വന്നത്. സുമന ടീച്ചർ ഉടുക്കുന്ന സാരിയും അതുടുക്കുന്ന രീതിയും (മുന്താണി കണങ്കാലുവരെ നീട്ടി) ഞങ്ങൾ ആരാധിയ്ക്കുകയും ടീച്ചററിയാതെ സാരിയിൽ തെരുപ്പിടിച്ച് അഭിമാനത്തോടെ കൂട്ടുകാരെ നോക്കുകയും ചെയ്തിരുന്നപ്പോൾ, രമണി ടീച്ചറുടെ സൗന്ദര്യമായിരുന്നു ഞങ്ങൾ ആരാധിച്ചിരുന്നത്.
സ്കൂളിലെ കലാപരിപാടികളിലും, എന്നും ഏറ്റവും പിന്നിലായി അവസാനിപ്പിക്കുമെങ്കിലും കായികമൽസരങ്ങളിലും സജീവമായിരുന്നതിനാൽ സ്കൂളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. (“അനുമോൾ ഓടുന്നത് ഡാൻസ് കളിയ്ക്കുന്നത് പോലെയാണ്‌" എന്ന് പറഞ്ഞ് ചിരിച്ചിരുന്നു ടീച്ചർമാരും മാഷുമാരും. എങ്കിലും കായികമൽസരയിനങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നില്ല.)

വലുതായതിനു ശേഷം ബാംഗ്ലൂരിൽ നിന്ന് ഇടയ്ക്ക് നാട്ടിൽ ചെല്ലുമ്പോഴൊക്കെ സ്കൂളിൽ കയറി ടീച്ചർമാരെ കാണുക പതിവാണ്‌. ഓരോ തവണ കാണുമ്പോഴും എന്റെ കല്യാണക്കാര്യമായിരുന്നു വിഷയം. വേഗം കല്യാണം കഴിയ്ക്കൂ എന്ന ഉപദേശം മേമ്പൊടിയായുണ്ടാകും.
പിന്നീടറിഞ്ഞു രമണി ടീച്ചർ വിരമിച്ചു എന്ന്. കൂട്ടുകാരുമായുള്ള സംഭാഷണത്തിൽ നിന്ന് ടീച്ചറുടെ ഭർത്താവ് മരിച്ച വിവരവും അറിഞ്ഞു. അതിനുശേഷം ടീച്ചറെ വർഷങ്ങൾക്ക് ശേഷം കാണുകയാണ്‌. കയ്യിൽ പിടിച്ചു നിന്നുകൊണ്ട് ടീച്ചർ വിശേഷങ്ങൾ ചോദിയ്ക്കുകയും പറയുകയും ചെയ്തു.

സംസാരത്തിനിടയിൽ പെട്ടന്നെന്തോ ടീച്ചർ എന്നെ കയ്യിൽ പിടിച്ച് മെല്ലെ വലിച്ചടുപ്പിച്ചു. കയ്യിലെ പിടി വിട്ട് ടീച്ചർ വലതുകൈ കൊണ്ട് എന്റെ തലയുടെ പിന്നിലൂടെ എന്റെ മുഖം പിടിച്ചടുപ്പിച്ച് എന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചു. ഹൈവെയുടെ അരികിൽ നിന്നിട്ടാണിതെല്ലാം. ഞാൻ പെട്ടന്ന് ആ പഴയ അനുമോളായി മാറി. ടീച്ചറെ മുഖമുയർത്തി നോക്കിയപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ വാൽസല്യം ഞാൻ കണ്ടു. രണ്ട് കൈകളും എന്റെ ശിരസിൽ വെച്ച് “നീ നന്നായി വരും മോളേ..” എന്ന് ടീച്ചർ പറഞ്ഞപ്പോൾ എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞു.

ടീച്ചറെ യാതൊരു പ്രകോപനവുമില്ലാതെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരുന്നു എന്നെനിയ്ക്കിപ്പോഴും മനസിലാകുന്നില്ല. ഇതിലും മുൻപ് എത്രയോ തവണ ഞാൻ ടീച്ചറെ കണ്ടിരിക്കുന്നു. അന്നൊന്നുമില്യാത്ത ഒരു അനുഭവം. മനസിൽ ഒരിയ്ക്കലും മറക്കാതെ ഇനിയുള്ള ജീവിതത്തിൽ ഉണ്ടായിരിക്കും...

നമ്മൾ എത്ര പ്രായമായാലും നമ്മുടെ അച്ഛനമ്മമാർക്കും നമ്മുടെ അധ്യാപകർക്കും നമ്മൾ എന്നും കുട്ടികളായിരിക്കും എന്ന് തിരിച്ചറിയുന്നു..