പേജുകള്‍‌

2011, ജൂലൈ 25, തിങ്കളാഴ്‌ച

കൂടിക്കാഴ്ച്ച

ഇന്ന് ജുലായ് 16 ശനിയാഴ്ച. എന്റെ സുഹൃത്തിന്റെ കുറേ നാളത്തെ നിരന്തരക്ഷണം സ്വീകരിച്ച് അവനെയും അവന്റെ ഭാവി കൂട്ടുകാരിയെയും കാണാം എന്ന തീരുമാനത്തിൽ ഞാൻ എന്റെ കൊച്ചുശകടവുമായി ഇറങ്ങി.
ഇറങ്ങുവാൻ നേരത്ത് ഇഷ്ട ദൈവമായ ഗുരുവായുരപ്പനെ നോക്കി മനസിൽ ഓർത്തു 'അയാളെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ കൃഷ്ണാ...'

18 കി.മീ. ദൂരത്തേയ്ക്കുള്ള യാത്രയിൽ മനസ് നിറയെ ആയിടെ ഇറങ്ങിയ 'സാൾട്ട് & പെപ്പർ' എന്ന മലയാളം സിനിമയിലെ 'പ്രേമിക്കുമ്പോൾ ഞാനും നീയും നീരിൽ ....' എന്ന ഗാനമായിരുന്നു. മൊത്തത്തിൽ മനസിനൊരു പ്രണയഭാവം! മനസിൽ പ്രണയം ഇനിയും മരിച്ചിട്ടില്ല എന്ന് അത്ഭുതത്തോടെ ചിന്തിച്ചു.

കൂട്ടുകാരന്റെ വീടിനടുത്തേയ്ക്കുള്ള വഴിയിലേയ്ക്ക് തിരിഞ്ഞപ്പോൾ റോഡ് മുഴുവൻ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നു. മറ്റൊരു വഴിയിലൂടെ പോകുവാൻ വണ്ടി തിരിയ്ക്കവേ മനസിൽ വെറുതേ ഒരു ചിന്ത വന്നു, 'അയാളെ കാണാതിരിക്കുവാൻ വേണ്ടിയായിരിക്കാം ദൈവം എന്നെ ഇതു വഴി പോകുവാൻ അനുവദിയ്ക്കാഞ്ഞത്'.

കുറച്ചുവളഞ്ഞുള്ള വഴിയിലൂടെ വണ്ടി തിരിച്ചു. ഒരു കവലയിലെത്തിയപ്പോൾ വഴി തെറ്റിയോ എന്നൊരു സംശയം. ഇവിടെ നിന്നാണോ അതൊ അടുത്ത കവലയിൽ നിന്നാണോ ഇടത്തേയ്ക്ക് തിരിയേണ്ടത്? എന്ന് ഒരു നിമിഷം ശങ്കിച്ചു. ഏതായാലും ഇവിടെ നിന്നു തന്നെ ഇടത്തേയ്ക്ക് തിരിയാം എന്ന് തീരുമാനിച്ച് വണ്ടി തിരിച്ചു. കുറച്ചു ദൂരം പോയപ്പോൾ, ആരെയാണോ 'കാണണേ കൃഷ്ണാ..' എന്ന് ആവശ്യപ്പെട്ടത്, അയാൾ നടന്ന് വരുന്നു. അടുത്തെത്തിയപ്പോൾ അയാളുടെ കണ്ണുകൾ തെല്ലിട എന്റെ കണ്ണുകളുമായി ഇടഞ്ഞു. എന്നിട്ടും പരിചയത്തിന്റെ ലാഞ്ചന തെല്ലുമില്ല. ഒരു പക്ഷേ മുഖം സ്കാർഫ് ഉപയോഗിച്ച് മറച്ച് ഹെൽ‍മറ്റും വച്ചിരിക്കുന്നത് കൊണ്ടായിരിക്കാം. അതോ കണ്ടിട്ടും മനസിലായിട്ടും കാണാത്ത മട്ട് നടിയ്ക്കുന്നതോ?.. ഒരു നിമിഷം ശങ്കിച്ചു.

അയാൾക്ക്, മൃഗങ്ങളുടെ പേരിട്ട് വിളിയ്ക്കുന്ന പെണ്ണുങ്ങളിൽ ഒരാളായിരുന്നിരിക്കാം ഞാൻ എങ്കിലും എനിയ്ക്ക് അയാൾ അങ്ങിനെയായിരുന്നില്ലല്ലോ.. ഞാൻ മനസും ശരീരവും ഉയിരും നൽ‍കി പ്രണയിച്ച ആളായിരുന്നല്ലോ എനിയ്ക്ക് അയാൾ. എന്നെ കണ്ടില്ല എങ്കിൽ അഥവാ കണ്ടഭാവം നടിയ്ക്കാത്തതാണ്‌ അയാൾ എങ്കിൽ എനിയ്ക്കങ്ങിനെ ആകുവാൻ സാധിയ്ക്കില്ലാലോ. പലവക വിചാരങ്ങൾ ഞൊടിയിടയിൽ മനസിലൂടെ കടന്നുപോയി. അതിനിടെ അയാൾ എന്റെ അരികിലെത്തിയിരുന്നു.

'എക്സ്ക്യൂസ് മി' ഞാൻ അയാളുടെ ശ്രദ്ധ നിർബന്ധപൂർവം പിടിച്ചെടുത്തു. അയാൾ വീണ്ടും എന്നെ നോക്കി, കണ്ണുകളെടുത്തു. ഞാൻ വീണ്ടും വിളിച്ചു. 'എക്സ്ക്യൂസ് മി'

അയാൾ റോഡ് മുറിച്ചു കടന്ന് എന്റെ അടുത്തേയ്ക്ക് വന്നു. 'അറിയുമൊ?' ഞാൻ ചോദിച്ചു. 'സുഖമാണോ?' വീണ്ടും ചോദിച്ചു. 'ഉം' ഒരു മൂളൽ. 'സുഖമാണോ?' തിരിച്ചുള്ള അന്വേഷണം. 'അതെ.' 'എങ്ങിനെയുണ്ട് ജീവിതം?' ഞാൻ ചോദിച്ചു. അയാൾ പറഞ്ഞ മറുപറ്റി ഞാൻ കേട്ടില്ല. ഞാൻ അയാളെ കാണുകയായിരുന്നു, രണ്ട് വർഷങ്ങൾക്ക് ശേഷം. അയാളും പിന്നീട് ഒന്നോ രണ്ടോ ചോദ്യങ്ങൽ ചോദിച്ചു എന്നും ഞാൻ അതിനു മറുപറ്റി പറഞ്ഞു എന്നും എനിയ്ക്കറിയാം. പക്ഷേ അയാൾ എന്തൊക്കെ ചൊദിച്ചു ഞാൻ എന്തൊക്കെ മറുപടി പറഞ്ഞു എന്ന് എനിയ്ക്കോർക്കുവാൻ സാധിയ്ക്കുന്നില്ല. കാരണം, ഞാൻ അയാളെ കാണുകയായിരുന്നു, ആ ഇത്തിരി സമയം കൊണ്ട്.

മുഖത്ത് അപ്പോഴും ഒരു പരിചയഭാവം പോലും അയാളുറ്റെ മുഖത്തില്ലായിരുന്നു. ശത്രുവെ കണ്ടത് പോലെ മുറുകിയ മുഖം. എങ്കിലും അവശമായ ഭാവം. അയാൾ മുൻപത്തേക്കാൾ കൂടുതൽ കൂടുതൽ ഇരുണ്ടുവോ? അതുവരെ കാണാത്ത ഒരു മുറിപ്പാട് മുഖത്തുണ്ടോ..? ക്ഷീണമാണോ... ഒരുപാട് ചോദ്യങ്ങൾ... ഉത്തരം കിട്ടാതെ... 'ശരിയപ്പോൾ' എന്ന് പറഞ്ഞ് ഞാൻ വണ്ടി മുന്നോട്ടെടുത്തു.

മനസിലെ ഗാനം എങ്ങോ പോയിമറഞ്ഞു. മനസിൽ ഒരു സങ്കടക്കടൽ ഇളകി മറിയുന്നു. അയാളുടെ മുൻപിൽ എന്റെ വരുതിയ്ക്ക് നിന്ന എന്റെ കണ്ണുകളിൽ തിരയിളക്കം. ഞാൻ ഒരു നിമിഷം അതിനെ അതിന്റെ ഇഷ്ടത്തിനു വിട്ടു.

കൂട്ടുകാരന്റെ മുറിയിലെത്തിയപ്പോൾ മനസ് വളരെ അസ്വസ്ഥമായിരുന്നു. അവന്റെ കൂട്ടുകാരി എത്തിയിട്ടില്ല. കണ്ടയുടനെ ഹർഷാരവത്തോടെ അകത്തേയ്ക്ക് ക്ഷണിച്ചു. എന്തൊക്കെയൊ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ മനസ് ഏതാനും നിമിഷങ്ങൾക്ക് മുൻപുണ്ടായ കൂടിക്കാഴ്ചയിൽ നിന്നും തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. അവൻ ചോദിച്ചു, എന്താഡോ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലാലോ..

'എഹ്' ഞാൻ തിരിച്ചു വന്നു.
'എന്താഡോ പ്രശ്നം?' സജീർ ചോദിച്ചു. അതാണവന്റെ പേര്‌.
'എനിയ്ക്കിപ്പോൾ ആവശ്യം ഒരു കാര്യമാണ്‌. അതാവശ്യപ്പെട്ടാൽ ഇയാൾക്ക് മനസിൽ എന്നോടുള്ള മതിപ്പ് ഇല്ലാതാകും' ഞൻ പറഞ്ഞു.
'എന്താണ്‌? കാര്യം പറ' അവൻ പറഞ്ഞു.
'എനിയ്ക്കൊരു സിഗരറ്റ് വേണം'
'ഇയാൾ വലിയ്ക്കുമോ?' ഒരു നിമിഷം അവന്റെ കണ്ണുകളിൽ അമ്പരപ്പ്.
പെട്ടന്ന് അവൻ സമചിത്തത വീണ്ടെടുത്തു, സിഗരറ്റ് പാക്കറ്റ് അന്വേഷിച്ചു. കാലിക്കൂട് മാത്രം. താഴെ കടയിൽ ഞങ്ങൾ പോയി സിഗരറ്റും ചായയും വാങ്ങി. 'ചായയ്ക്കൊപ്പം സിഗരറ്റ് നല്ല കോമ്പിനേഷനാണ്‌' തിരിച്ചുപോരുമ്പോൾ അവൻ പറഞ്ഞു. 'അറിയാം' ഞാൻ പറഞ്ഞു.

ഇരുന്ന ഇരുപ്പിൽ തുരുതുരെ 4 - 5 സിഗരറ്റ് വലിച്ചു തള്ളി. മനസിനൊരു ലാഘവം. ഞാൻ നഷ്ടപ്പെട്ട മനസ് തിരിച്ചെടുത്തു. കാരണം, സുഹൃത്തിന്റെ മുന്നിൽ മനസ് തുറക്കുവാൻ എനിയ്ക്കാവില്ലായിരുന്നു. എന്റെ സങ്കടം അത് എന്നിൽ തന്നെ ഒതുങ്ങട്ടെ.

കുറേനേരം സജീറിന്റെയും കൂട്ടുകാരിയുടെയും കീടെ ചിലവഴിച്ച് തിരികെ പോന്നു. ആഹ്ലാദത്തോടെ പ്രണയഗാനം മനസിൽ മൂളി വണ്ടിയോടിച്ചെത്തിയ എനിയ്ക്ക് തിരികെ പോരുമ്പോൾ തടഞ്ഞു നിർത്തിയ എന്റെ സങ്കടത്തിരകളെ നിയന്ത്രിക്കുവാനായില്ല.

ഏതാനും വർഷങ്ങൾക്ക് മുൻപ് അതേ പ്രദേശത്തിന്റെ സമീപ വഴിയിലെവിടെയോ വച്ച് 'അപ്പൂ... 10 വർഷങ്ങൾക്ക് ശേഷം നമ്മൾ എവിടെയായിരിക്കും?' എന്ന എന്റെ ചോദ്യത്തിന്‌ 'നമ്മൾ ഇവിടെ ഇങ്ങിനെ തന്നെ ഉണ്ടായിരിക്കും' എന്ന് പറഞ്ഞിട്ടുള്ള ആളാണ്‌ ഇപ്പോൾ മുറുകിയ മുഖവും അപരിചിതഭാവവുമായി...

പഴയ ഓർമ്മയും പുതിയ ഓർമ്മയും ചേർന്ന് സങ്കടത്തിന്റെ വേലിയേറ്റമുണ്ടാക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകൽ തുടയ്ക്കാൻ മെനക്കെടാതെ ഞാൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു. കടന്നു പോയ വഴികളൊന്നും മനസിൽ നിൽ‍ക്കാതെ.. ആരൊക്കെയോ എന്തിനൊക്കെയോ എന്നെ വഴക്ക് പറയുന്നതിന്റെ പൊരുൾ മനസിലാകാതെ, ഇടയ്ക്കൊക്കെ 'മര്യാദയ്ക്ക് വണ്ടിയോടിച്ചുകൂടെ?' 'ചാവാനിറങ്ങിയതാണോ' എന്നിങ്ങനെ അർത്ഥത്തിൽ പല ഭാഷയിലുള്ള അവരുടെ തെറി വിളി കേട്ട് കാര്യമറിയാതെ പകച്ച്...

പിന്നിട്ട വഴികൾ ഒന്നുമറിയാതെ 'പിന്നിട്ട വഴികളിൽ' മുഴുകി എങ്ങിനെയോ വീടെത്തി. അസ്വസ്ഥമായ മനസിനെ അടക്കുവാൻ കഴിയാതെ... ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറക്കം വരാതെ... വളരെ നാളുകളായി മാറി നിന്നിരുന്ന അരക്ഷിതാവസ്ഥയുടെ വിറയലും കുളിരും നെഞ്ചിനകത്ത് വീണ്ടും വരുന്നുവോ... നെരിപ്പോടും മഞ്ഞുകണവും ഒരുമിച്ച് നെഞ്ചിനകത്ത്...

കൃഷ്ണാ കൃഷ്ണാ എന്ന് മനസ്സുരുകി വിളിച്ചു...

എല്ലാം നിന്റെ ഹിതം. എന്തായാലും സ്വീകരിക്കുവാനുള്ള ശക്തിയും മനോബലവും മാത്രം നൽ‍കൂ എന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

മനസ് പതുക്കെ പതുക്കെ ശാന്തമാകുന്നു. ദൈവഹിതം നിറവേറട്ടെ...

അറിയാതെ എപ്പോഴോ മയക്കത്തിലേയ്ക്ക്..., ഉറക്കത്തിലേയ്ക്ക്...