പേജുകള്‍‌

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

'ആർ യു വെർജിൻ?'

ചില ആണുങ്ങളുണ്ട്(എല്ലാവരും എന്നല്ല). ചാറ്റ് ചെയ്ത് തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേയ്ക്കും സ്ത്രീകളോട് ചോദിയ്ക്കും 'ആർ യു വെർജിൻ?' എന്ന്. എന്ത് ധൈര്യത്തിലാണ് ഇവരിങ്ങനെ ചോദിയ്ക്കുന്നത്!!  യാതൊരു ജളുത്വമോ ഉളുപ്പോ ഇല്ലാതെ ഇവർ എന്തുകൊണ്ടിങ്ങനെ ചോദിയ്ക്കുന്നു എന്ന് തോന്നാറുണ്ട് എപ്പോഴും. 

മറ്റുള്ളവരുടെ സ്വകാര്യതകൾ അറിയുവാനുള്ള അവരുടെ ത്വര അവരിലെ മാന്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു എന്ന് അവർ അറിയുന്നില്ല. എവിടെയോ താമസിയ്ക്കുന്ന സ്ത്രീ സുഹൃത്ത് കന്യകയായാലും ഇല്ലെങ്കിലും ഇവർക്കെന്ത്??!! നേരിട്ട് അത് പറഞ്ഞാലും പിന്നെയും ചോദിയ്ക്കും നാണമില്ലാത്ത ചിലർ. എല്ലാവരും അങ്ങിനെയാണെന്നല്ല. എങ്കിലും ഒരു 60% ആണുങ്ങളും അങ്ങിനെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. തോന്നൽ തെറ്റായിരിക്കാം.

എന്തുകൊണ്ടാണ് ഇവർ ആ ചോദ്യം ചോദിയ്ക്കുന്നത്? അഥവ കന്യക അല്ല എങ്കിൽ ഒരു കൈ നോക്കാം എന്നാണോ ഇവരുടെ മനസിലിരുപ്പ്? മനസിലാകുന്നേയില്ല!! അങ്ങിനെ ഒരു മനസിലിരുപ്പുണ്ടെങ്കിൽ തന്നെ, കന്യകയല്ലാത്ത സ്ത്രീകൾ ഇവരുടെ വിളിപ്പുറത്ത് എത്തും എന്ന അമിത ആത്മവിശ്വാസമാണോ അത്തരം ചോദ്യത്തിന് പിന്നിലെ ചേതോവികാരം??!! എങ്കിൽ അവർ എത്ര തെറ്റിദ്ധരിച്ചിരിക്കുന്നു!!!

കന്യകയല്ലാത്ത പെണ്ണിന് കാണുന്നവരുടെയൊക്കെ കൂടെ കിടക്കുവാനുള്ള മാനസികാവസ്ഥയാണ് എന്നാണോ ഇവരുടെ ധാരണ? ജീവൻ നിലനിർത്തുവാൻ വേണ്ടി അത് തൊഴിലാക്കിയവർ ഉണ്ട്. അവർ പോലും കണ്ണിക്കണ്ടവന്റെയൊക്കെ കൂടെ കിടക്കുവാനുള്ള മാനസികാവസ്ഥ കൊണ്ടല്ല അത് ചെയ്യുന്നത്. നിവൃത്തികേടു കൊണ്ടുമാത്രമാണ്. അവർക്കും ഒരു മനസുണ്ട്. അവർക്കും മറ്റ് സ്ത്രീകളെ പോലെ സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ വിധിവൈപരീത്യം അവരെ അഴുക്കുചാലിൽ എത്തിച്ചതുകൊണ്ട് മാത്രം അവർ അങ്ങിനെ ആകുന്നതാണ്.


ഏതൊരു സ്ത്രീയ്ക്കും, ഒരുപുരുഷനോട് ഉള്ളിന്റെയുള്ളിൽ ഒരു ഇഷ്ടം തോന്നാതെ കൂടെ കിടക്കുവാൻ തയ്യാറാവില്ല. 'എല്ലാ സ്ത്രീകൾക്കും എന്റെ കൂടെ കിടക്കുവാൻ ഇഷ്ടമാണ്' എന്ന് അമിത ആത്മവിശ്വാസത്തോടെ തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്ന പുരുഷന്മാരായിരിക്കാം ഒരുപക്ഷേ ഇത്തരം ചോദ്യങ്ങൾ രണ്ടോ മൂന്നോ ചാറ്റ് കഴിയുമ്പോഴേയ്ക്കും എവിടെയോ ഉള്ള അപരിചിതകളോട് ചോദിയ്ക്കുവാൻ ഒരുമ്പെടുന്നത്.

അഥവാ കന്യകയായാലും അല്ലെങ്കിലും ഇവരിങ്ങനെ ചോദിയ്ക്കുമ്പോഴേയ്ക്കും സ്ത്രീകൾ ഉള്ളത് പറയുമെന്നാണോ ഇവർ ചിന്തിച്ചു വെച്ചിരിക്കുന്നത്??!! സ്ത്രീയായാലും പുരുഷനായാലും ഓരോരുത്തരുടെയും സ്വകാര്യമാണത്. സ്ത്രീസംസർഗ്ഗത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ ഗീർവാണം നടത്തുന്ന പുരുഷന്മാരുണ്ടായിരിക്കാം. പക്ഷേ സാധാരണയായി സ്ത്രീകൾ... അടുത്ത സുഹൃത്തിനോട് പോലും തനിയ്ക്കുണ്ടായ പുരുഷസംസർഗ്ഗത്തെ കുറിച്ച് പറയാൻ വളരെയധികം മടിയ്ക്കും. പിന്നെയാണോ ഇങ്ങിനെ ചോദ്യം ചോദിയ്ക്കുന്ന രണ്ടോ മൂന്നോ നാളത്തെ ചാറ്റ് ബന്ധം മാത്രമുള്ള ഇത്തരം വിവരദോഷികളോട്!!! ഇത്തിരി പക്വതയുള്ളവർ ഇത്തരം വിവരം കെട്ട ചോദ്യങ്ങൾ ചോദിയ്ക്കാറില്ല എന്നത് ശ്രദ്ധേയമാണ്.

കന്യകയാണ് എന്നെങ്ങാൻ പറഞ്ഞാൽ ചിലർ ഉപദേശിയ്ക്കുവാൻ തുടങ്ങും 'കന്യകയായി മരിയ്ക്കരുതേ...' എന്ന്. സ്ത്രീകൾ കന്യകയായോ അല്ലാതെയോ മരിച്ചാൽ ഇവർക്കെന്ത്? അതും മനസിലാകുന്നില്ല. ജീവിത സുഖങ്ങൾ അറിയാതെ മരിയ്ക്കരുത് എന്നാണോ അവർ ഉദ്ദേശിയ്ക്കുന്നത്? അതോ അത് മാത്രമാണ് ജീവിതസുഖം എന്നാണോ..? എങ്ങിനെയായാലും അത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ? കന്യകയായോ അല്ലാതെയോ മരിയ്ക്കുന്നതോ ജീവിയ്ക്കുന്നതോ എല്ലാം...  ഇത്തരത്തിൽ സ്ത്രീകളെ ഉപദേശിയ്ക്കുവാൻ അവരെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്?!!! 

ഇനി കന്യകയല്ലെന്ന് പറഞ്ഞാലോ... പിന്നീടുള്ള സംസാരത്തിൽ മഞ്ഞയും നീലയുമൊക്കെ തരാതരം വരുകയായി!! പല സ്ത്രീ സുഹൃത്തുക്കളും പറഞ്ഞറിഞ്ഞിട്ടുള്ളതാണിത്.

പുറമേ മാന്യത നടിയ്ക്കുമെങ്കിലും യഥാർത്ഥത്തിൽ മാന്യതയുടെ ഒരംശം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നപുംസകങ്ങളാണ് ഇത്തരം ചോദ്യങ്ങൾ ചോദിയ്ക്കുവാനും ഇത്തരം ഉപദേശങ്ങൾ നൽകുവാനും ഒരുമ്പെടുന്നത് എന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത്. അങ്ങിനെയുള്ളവരെ അകറ്റി നിർത്തേണ്ടത് അനിവാര്യമാണ് എന്ന ഒരു അപകടസന്ദേശം അന്നേരം മനസ് നൽകുന്നു.

ഇത്തരക്കാർ മനസിലാക്കുന്നില്ല, അങ്ങിനെയൊരു ചോദ്യം അല്ലെങ്കിൽ ഉപദേശം അവരിൽ നിന്നും കേൾക്കുന്ന ആ നിമിഷം ഒട്ടുമിക്ക സ്ത്രീകളും അവരെ മനസിലെ ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയുന്നു എന്ന്. അന്നേ വരെ അവർക്ക് മനസിൽ നൽകിയ സ്ഥാനം, അത് പാവനമോ മാന്യമോ എന്തുമാകട്ടെ, പിന്നീട് അത് ചവറ്റുകുട്ടയിലായിരിക്കും എന്ന്. പുറമേയ്ക്ക് പ്രകടിപ്പിച്ചില്ല എങ്കിലും അത്തരക്കാരിൽ നിന്നും ഒരു അകലം സൂക്ഷിയ്ക്കുവാൻ ഒരുമാതിരിപ്പെട്ട സ്ത്രീകളും പെൺകുട്ടികളും മുൻകരുതലുകളെടുക്കും.

അത്തരക്കാരെ ലക്ഷ്യം വെയ്ക്കുന്ന സ്ത്രീകൾ അത്തരം ചോദ്യങ്ങളെയും ഉപദേശങ്ങളെയും പ്രോൽസാഹിപ്പിക്കും എന്നത് മറക്കുന്നില്ല. അതുതന്നെയായിരിക്കാം ഒരുപക്ഷേ ഇവർ അങ്ങിനെ ഒരു ചോദ്യം ആളും തരവും നോക്കാതെ ഉന്നയിയ്ക്കുന്നതിന്റെ ഉദ്ദേശ്യം. കാടടച്ച് വെടിവെയ്ക്കുമ്പോൾ ഒരുപക്ഷേ ഒരു ഇരയെയെങ്കിലും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ