പേജുകള്‍‌

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഞണ്ട് കറി

 വർഷങ്ങൾക്ക് മുൻപ്, എന്റെ അയല്പക്കത്തെ കുട്ടിയോട് സംഭാഷണ മധ്യേ എനിയ്ക്ക് ഞണ്ട് കറി കഴിയ്ക്കുവാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞു. എന്റെ വീട്ടിൽ ഞണ്ട് കറി വയ്ക്കില്ല. അമ്മയ്ക്കിഷ്ടമില്ലാത്തതുകൊണ്ട് അത് ഒരു ആഗ്രഹം മാത്രമായി അവശേഷിച്ചു. എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞു "ചേച്ചീ.. ഞങ്ങളുടെ വീട്ടിൽ ഞണ്ട് കറി വെയ്ക്കാറുണ്ട്. ഇനിയുണ്ടാക്കുമ്പോൾ ചേച്ചിയ്ക്ക് ഈ ഞാൻ ഞണ്ട് കറി കൊണ്ടുതരും." കേട്ടപ്പോൾ സന്തോഷം തോന്നി. ഒടുവിൽ എന്റെ ആഗ്രഹം സഫലമാകുമല്ലോ.. അന്ന് അങ്ങിനെ പറഞ്ഞ് പോയ അവനെ വർഷം 10 കഴിഞ്ഞിട്ടും പിന്നീട് കണ്ടിട്ടില്ല!! 

ആഗ്രഹം ആഗ്രഹമായി തന്നെ അവശേഷിച്ചു! ഈയടുത്ത കാലത്ത് പഴയ ഒരു സുഹൃത്തിനോട് അതേ കുറിച്ച് സംസാരിച്ചു. എന്തൊക്കെയോ പറഞ്ഞു വന്നപ്പോൾ ഞണ്ട് കറിയും വിഷയമായി. ഇന്നുവരെ അത് കഴിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞണ്ട് കറി ഉണ്ടാക്കിയും കഴിച്ചും പരിചയമുള്ള സുഹൃത്ത് പറഞ്ഞു, 'ഇന്ന് അത്താഴത്തിന് നമുക്ക് ഞണ്ട് കറി ഉണ്ടാക്കാം' എന്ന്. 

ഞങ്ങൾ ഒരുമിച്ച് പോയി സൂപ്പർ മാർക്കറ്റിൽ നിന്നും ഞണ്ടിനെ തിരഞ്ഞെടുത്തു. നീല ഞണ്ട്. തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ നോക്കി വേണം തിരഞ്ഞെടുക്കുവാൻ എന്ന് അവൻ ക്ലാസെടുക്കുന്നുണ്ടായിരുന്നു. വീട്ടിൽ വന്ന് ഞണ്ടിനെ സുഹൃത്ത് തന്നെ വൃത്തിയാക്കി മസാലയെല്ലാം പുരട്ടി വെച്ചു. ഞണ്ടിനെ കുറിച്ചും അതിന്റെ ഗുണഗണങ്ങളെ കുറിച്ചുമുള്ള വിവരണം ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു. എനിയ്ക്കിത് ആദ്യാനുഭവമാണല്ലോ... അനുഭവമുള്ളവർ പറയുമ്പോൾ അഭിപ്രായം പറയാതെ കേട്ടിരിക്കുക തന്നെ! 


ഒടുവിൽ ഞണ്ട് രുചികരമായ ഫ്രൈ ആയി മാറി. ഒരു ബിയറിന്റെ അകമ്പടിയോടെ കഴിച്ചും കഴിപ്പിച്ചും ഞണ്ട് ഫ്രൈ ഒരു വിധം തീർത്തു. ആദ്യാനുഭവമായതുകൊണ്ട് ഒരു വിധം നന്നായി തന്നെ ഞാനത് ആസ്വദിച്ചു. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. 

ഒരു ഉറക്കം കഴിഞ്ഞെണീറ്റപ്പോൾ എന്റെ സുഹൃത്തിനെന്തോ അസ്വസ്ഥത. കാര്യമന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ ദേഹത്തൊക്കെ തടിച്ചു ചുവന്നിരിക്കുന്നു. എന്താണ് കാര്യം എന്നതിന് അലർജിയെന്ന് മറുപടി. ഞണ്ട് വാങ്ങിയ കൂട്ടത്തിൽ ഞങ്ങൾ നെയ്മീനും വാങ്ങിയിരുന്നു. അതുകൊണ്ട് ഞണ്ടിന്റെയാണോ നെയ്മീന്റെയാണോ അലർജി എന്ന് മനസിലായില്ല. 

ഞണ്ട് സ്ഥിരമായി കഴിയ്ക്കുന്ന എന്റെ സുഹൃത്തിന് അത് മൂലം അലർജി വരില്ല എന്നൊരു വിശ്വാസം. പിറ്റേന്ന് നേരം വെളുത്തപ്പോഴേയ്ക്കും ചുവപ്പും തടിപ്പും സുഹൃത്തിന്റെ ദേഹമാസകലം നിറഞ്ഞിരുന്നു! ഉടൻ പോയി അയാൾ നിർദ്ദേശിച്ച അലർജി ടാബ്ലറ്റ് വാങ്ങിക്കൊടുത്തു. 

ഉടൻ പോയി വരാം എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് പോയ സുഹൃത്ത് പിന്നീട് വിളിച്ചില്ല. അലർജിയുടെ അസ്കിതകളുമായി പോയ വ്യക്തിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അന്വേഷിച്ചു പോയി. അദ്ദേഹം ക്ഷീണിതനായി കിടക്കുകയായിരുന്നു. ടാബ്ലറ്റ് കഴിച്ച് തടിപ്പ് അമർന്നെങ്കിലും അതിന്റെ ബാക്കിയായുണ്ടായ ക്ഷീണത്തിൽ അദ്ദേഹം തളർന്നു.  പാവം എന്റെ സുഹൃത്ത്.

അപ്പോഴും എന്റെ മനസിൽ സംശയം ബാക്കി വന്നു.., അലർജി ഞണ്ടിന്റെയോ നെയ്മീന്റെയോ..? പിന്നീട് അയാൾ പറഞ്ഞു അലർജി ഞണ്ടിന്റെ തന്നെയായിരുന്നു, കാരണം പിന്നീട് നെയ്മീൻ കഴിച്ചിട്ടും യാതൊരു കുഴപ്പവുമുണ്ടായില്ല എന്ന്.

പിന്നീട് അദ്ദേഹം ഞണ്ട് കറി കഴിയ്ക്കുവാൻ ധൈര്യപ്പെട്ടുവോ എന്നറിയില്ല. എങ്കിലും ഒരു കാര്യം മനസിലായി. ഞണ്ട് അലർജിയ്ക്ക് കാരണമാകും!!!