പേജുകള്‍‌

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

മനസ്സിലെ നൊമ്പരമായ ബിജോയ് അഥവാ അണ്ണാച്ചി

1990 - '92 കാലയളവിലായിരുന്നു എന്റെ പ്രീ ഡിഗ്രി പഠനം. കോളജിൽ പോയി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ എനിയ്ക്കൊരു പ്രണയമുണ്ടായി. വല്ലപ്പോഴുമൊക്കെ കണ്ട് സംസാരിയ്ക്കുന്ന പ്രണയം. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്ന് കൂട്ടുകാർക്ക് പോലും അറിയില്ലായിരുന്നു എന്നതാണ്‌ സത്യം. അവന്റെ പേര്‌ സഞ്ജു.

ക്ലാസ്സിലെ തന്നെ മറ്റ് ആൺകുട്ടികളിൽ ഒരാളായിരുന്നു ബിജോയ്. വല്ലപ്പോഴും ക്ലാസ്സിൽ കയറുന്ന, നല്ല ഡാർക്ക് ചോക്ക്ലേറ്റിന്റെ നിറവും ഉറച്ച ബോഡിയുമുള്ള ഉയരം കൂടിയ ബിജോയ്. കാണാൻ അതിഭയങ്കര സൗന്ദര്യമൊന്നും ഇല്ലായിരുന്നെങ്കിലും, ടീനേജ് പ്രായത്തിൽ എന്നോ മനസിൽ കയറിക്കൂടിയ എന്റെ പരുക്കൻ സൗന്ദര്യസങ്കല്പം അവനിലുണ്ടായിരുന്നു എന്നതാണ്‌ സത്യം.

ഏറ്റവും അവസാനത്തേതിൽ നിന്നും രണ്ടാമത്തെ വരിയിൽ ജനലിനരുകിലായിരുന്നു എന്റെ ഇരിപ്പിടം. ഞാൻ തന്നെ ആദ്യദിവസം തിരഞ്ഞെടുത്ത സ്ഥലം. അവിടേയ്ക്ക് ചില ഉച്ച സമയങ്ങളിൽ ബിജോയും കൂട്ടരും വരുമായിരുന്നു. അവന്റെ കൂട്ടുകാർ വിളിയ്ക്കുന്നത് കേട്ടാണ്‌ അവന്‌ ‘അണ്ണാച്ചി’ എന്നൊരു വട്ടപ്പേരുണ്ടായിരുന്നു എന്ന് ഞാനറിയുന്നത്. പലതവണകളായുള്ള സന്ദർശനത്തിൽ അവൻ എന്നോട് പെട്ടന്നൊരു ദിവസം ‘ഒരു ഉമ്മ തരുമോ’ എന്ന് ചോദിച്ചു! അന്നും ഇന്നും ബോൾഡ്നെസ്സ് ഒരു മുഖം മൂടിയായി കൊണ്ടു നടക്കുന്ന ഞാൻ അന്നും അതേ ധൈര്യത്തിൽ ‘പോഡെർക്കാ’ എന്ന് പറഞ്ഞു. അവൻ പക്ഷേ നിരന്തരം അത് ചോദിച്ചു കൊണ്ടേയിരുന്നു. ഒടുവിലൊടുവിൽ, ‘നീ ഉമ്മ തന്നില്ലെങ്കിൽ, ഞാൻ ബലമായി നിന്നെ ഉമ്മ വെയ്ക്കും’ എന്ന ഭീഷണി വരെയെത്തി കാര്യങ്ങൾ. ‘നീ എന്നെ ബലമായി ഉമ്മ വെച്ചാൽ, എന്റെ കൈ നിന്റെ കരണത്ത് പതിയും. അതാര്‌ ഉണ്ടായാലും ശരി’ എന്ന് ഞാനും തിരിച്ചടിച്ചു. നാലടി പത്തിഞ്ച് പൊക്കമുള്ള ഞാൻ ആറടിയോളം പൊക്കമുള്ള അവന്റെ കരണത്ത് കൈനീട്ടിയടിയ്ക്കണമെങ്കിൽ, ഒന്നുകിൽ അവൻ കുനിഞ്ഞു നിന്നുതരണം അല്ലേൽ ഞാൻ ബഞ്ചിൽ കയറി നിന്നടിയ്ക്കണം എന്നുള്ളത് വേറെ കാര്യം!

പക്ഷേ അന്നത്തെ ആ സാഹചര്യത്തിൽ അങ്ങനെ പറയേണ്ടത് അനിവാര്യമായിരുന്നു. ‘എങ്കിൽ എന്റെ ജീവിതത്തിൽ എന്നെ ആദ്യമായി തല്ലുന്ന പെണ്ണ്‌ നീയായിരിക്കും’ എന്നവൻ മറുപടി പറഞ്ഞു.

പിന്നീടൊരിയ്ക്കൽ വന്നപ്പോൾ അവൻ പറഞ്ഞത് ഒരു നോട്ട് ബുക്കെടുത്ത് അവന്റെ കവിളത്ത് വെയ്ക്കാം, അതിന്റെ മുകളിലൂടെ ഒരു ഉമ്മ ഞാൻ കൊടുത്താൽ മതി എന്നായിരുന്നു. പലതവണ ഇത് ആവർത്തിച്ചപ്പോൾ സഹികെട്ട് ‘എനിയ്ക്ക് നിന്നെ പേടിയും വെറുപ്പുമാണ്‌’ എന്ന് എന്റെ മനസിന്‌ വിരുദ്ധമായി അവനോട് പറയേണ്ടി വന്നു എന്നതാണ്‌ ഖേദകരമായ കാര്യം. അതിനു ശേഷം അവൻ എന്റടുത്തേയ്ക്ക് വന്നിട്ടില്ല. ഞങ്ങൾ തമ്മിൽ പിന്നീട് സംസാരിച്ചിട്ടുമില്ല.

പ്രീ ഡിഗ്രി കഴിഞ്ഞു, പിന്നെയും വർഷങ്ങൾ ഏറെ കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് അണ്ണാച്ചിയോട് അങ്ങനെ പറഞ്ഞതിന്റെ കുറ്റബോധം മനസിനെ അലട്ടിക്കൊണ്ടേയിരുന്നു. എന്നെങ്കിലും അവനെ കാണുകയാണെങ്കിൽ അവനോട് മനസറിഞ്ഞൊരു സോറി പറയണം എന്ന് തീരുമാനിച്ചു വെച്ചിരുന്നു. കണ്ടിരുന്നെങ്കിൽ എന്ന് അദമ്യമായി ആഗ്രഹിയ്ക്കുകയും ചെയ്തിരുന്നു. പലരോടും അന്വേഷിച്ചെങ്കിലും അവനെ കുറിച്ച് യാതൊരു വിവരവും ആരും തന്നില്ല.

2013 -ഇൽ ഒരിയ്ക്കൽ അമ്മയുമായി കൊടുങ്ങല്ലൂരിലൂടെ നടക്കുമ്പോൾ “അനുമോളേ...” എന്നൊരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ബിജോയിയെയാരുന്നു. “ഓർമ്മയുണ്ടോ?” എന്ന് ചിരിച്ചു കൊണ്ട് നില്ക്കുന്ന ബിജോയ്. അറിയാതെ വായിൽ വന്നത് “അണ്ണാച്ചീ​‍ീ...” എന്ന വിളിപ്പേരായിരുന്നു. പണ്ട് അങ്ങനെ വിളിയ്ക്കുമ്പോൾ ദ്വേഷ്യപ്പെട്ടിരുന്നവൻ യാതൊരു പ്രശ്നവുമില്ലാതെ കേട്ടു നില്ക്കുന്നു!.
അന്ന് ഫോൺ നമ്പറൊക്കെ കൊടുത്ത് ഞാൻ പോന്നു. പിന്നീട് ഇടയ്ക്കിടെ അവൻ വിളിയ്ക്കും. ഇല്ലെങ്കിൽ ഞാൻ വിളിയ്ക്കും. അതിനിടയിൽ ഞാൻ തീരുമാനിച്ചിരുന്നതുപോലെ അന്ന് അങ്ങനെ പറഞ്ഞതിൽ ആത്മാർത്ഥമായ സോറിയും പറഞ്ഞു. ‘ഹേയ്.. അതൊക്കെ  വിടടീ... അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങളല്ലേ.. എനിയ്ക്കതൊക്കെ ഓർമ്മയുണ്ട്. അതിലൊന്നും കാര്യമില്ല“ എന്നവൻ എന്നെ ആശ്വസിപ്പിച്ചു.

അവനും എന്നെ പോലെ തന്നെ ഒറ്റയ്ക്കായിരുന്നു. ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇടയ്ക്കെപ്പോഴോ ’നമുക്ക് ജീവിയ്ക്കണ്ടേടീ... ഇങ്ങനെ ഒറ്റയ്ക്ക് നടന്നാൽ മതിയോ?‘ എന്നൊരു ചോദ്യം അവനെന്നോട് ചോദിച്ചു. അതിനെ ഒരു കാഷ്വൽ ചോദ്യമായേ ഞാൻ കണക്കാക്കിയുള്ളു. ‘നമുക്ക് ഒരു ജീവിതമുണ്ടെങ്കിൽ എന്നെങ്കിലും അത് നമ്മളെ തേടി വരുമെടേയ്’ എന്ന് ഞാൻ മറുപടിയും പറഞ്ഞു.

അന്നവൻ പറഞ്ഞ ‘നമുക്ക്’ എന്നത് ഞാനും അവനും ആയിരുന്നു എന്നെനിയ്ക്ക് മനസിലായില്ലായിരുന്നു. പിന്നീട് അവനും അവന്റെ കൂട്ടുകാരുമൊക്കെ കൂടി മദ്യപിയ്ക്കുന്ന വേളയിൽ അവനെന്നെ വിളിച്ചു. “ഞാനിരിക്കേ ഭയമേ?” എന്ന വാക്കിന്റെ അർത്ഥമെന്താടീ എന്നെന്നോട് ചോദിച്ചു. ‘ഞാനുള്ളപ്പോൾ ഭയമെന്തിനാ?“ എന്ന് ഞാൻ പറഞ്ഞ് കൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ സംസാരിയ്ക്കുന്നതിനിടെ അവന്റെ സുഹൃത്തുക്കളിലൊരാൾക്ക് അവൻ ഫോൺ കൈമാറി. അയാൾ ആ പറഞ്ഞ വാക്കിന്റെ അർത്ഥം എനിയ്ക്കിങ്ങോട്ട് പറഞ്ഞ് തന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചു ”ഇതറിയുന്ന താങ്കൾ കൂടെയുണ്ടായിട്ടെന്തിനാ അവൻ എന്നോടതിന്റെ അർത്ഥം ചോദിച്ചത്“ എന്ന്. അപ്പോഴാണയാൾ പറഞ്ഞത്, ’അവൻ നിങ്ങളോട് അർത്ഥം ചോദിച്ചതല്ല. നിങ്ങളോട് പറഞ്ഞതാണ്‌ അവന്‌ നിന്നെ ഇഷ്ടമാണെന്ന്”!!

ഞാനയാളോട് ഒന്നും മിണ്ടിയില്ല. അവനോട് അതേ കുറിച്ച് സംസാരിച്ചുമില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ  അവൻ പറഞ്ഞ എന്തോ എനിയ്ക്ക് പിടിച്ചില്ല. ഞാനവനെ വിളിയ്ക്കാതെയായി. കൂട്ടത്തിൽ എന്റെ നമ്പറും മാറി. അവനെ പിന്നീട് വിളിച്ച് പുതിയ നമ്പർ കൊടുക്കാൻ ഞാൻ മിനക്കെട്ടതുമില്ല. 2015ഓടെ അവനുമായുള്ള ബന്ധം അങ്ങനെ മുറിഞ്ഞു പോയി.

ഇക്കഴിഞ്ഞ 2018 ആഗസ്റ്റ് ഒമ്പതിന്‌ സഞ്ജു വിളിച്ചു പറയുന്നു, ബിജോയ് മരിച്ചു എന്ന്!!! കേട്ടപ്പോൾ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞതു പോലെ... എങ്ങനെ എവിടെ എപ്പോൾ എന്നൊരുപാട് ചോദ്യങ്ങൾ ഒറ്റശ്വാസത്തിൽ ചോദിച്ചു ഞാൻ. കൂടുതൽ അന്വേഷിച്ച് പറയാം എന്നവൻ. പിന്നീടവൻ വിളിച്ചു പറഞ്ഞു ആത്മഹത്യ ആയിരുന്നു. കടം കയറി മുടിഞ്ഞപ്പോൾ അവൻ ആത്മഹത്യ ചെയ്തു!! ജീവിയ്ക്കാൻ വേണ്ടി പരക്കം പാഞ്ഞ്, ജീവിതത്തിൽ എന്നെപ്പോലെ ഒറ്റപ്പെട്ടുപോയ അവൻ, ജീവിക്കാൻ വേണ്ടി പലതും ചെയ്തുകൂട്ടി. കൂട്ടത്തിൽ കൂട്ട് ചേർന്നുള്ള മദ്യപാനവും. ആകെയുണ്ടാക്കിയ സ്ഥലവും വിറ്റ് അവൻ അവസാനകളിയും കളിച്ചു നോക്കി. ജീവിക്കാനുള്ള ഞാണിന്മേൽ കളിയിൽ അവന്‌ അടി പതറി.. കടത്തിന്റെ ഭാരം താങ്ങാവുന്നതിലും അധികമായപ്പോൾ അവൻ അഭയം കണ്ടത് ആത്മഹത്യയിലായിരുന്നു... ആ കളിയിൽ അവൻ ജയിച്ചു. അവൻ പോയി...

മനസിൽ അവനെ കുറിച്ചുള്ള വേദന ഒരു നീറ്റലായി എന്നിൽ അവശേഷിച്ചു. ഇക്കഴിഞ്ഞ ദിവസം അവൻ എന്റെ സ്വപ്നത്തിൽ വന്നിരിക്കുന്നു. അവന്റെ ഇഷ്ടം പറയാൻ...!! മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരോട് സ്വപ്നത്തിൽ സംസാരിയ്ക്കുവാൻ കഴിയും എന്നൊരു അന്ധവിശ്വാസം എന്റെ ഉള്ളിൽ എങ്ങനെയോ കടന്നു കൂടിയിരുന്നു...

അവൻ സ്വപ്നത്തിൽ വന്നപ്പോഴും എനിയ്ക്കതാണ്‌ തോന്നിയത്. അതോടെ ചിന്തയിൽ ഇടയ്ക്കിടെ അവൻ വരുന്നു. അന്ന്.. സഞ്ജുവിനെ ഞാൻ പ്രണയിച്ചില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷേ ഞാൻ ബിജോയിയെ പ്രണയിയ്ക്കുമായിരുന്നു... ഡാർക്ക് ചോക്ലേറ്റിന്റെ നിറമുള്ള, പരുക്കൻ മുഖമുള്ള, ഉറച്ച ശരീരമുള്ള അവനെ എനിയ്ക്ക് ഉള്ളിന്റെയുള്ളിൽ ഇഷ്ടമായിരുന്നു.

വർഷങ്ങൾക്കിപ്പുറം, അവന്റെ സുഹൃത്ത് എന്നോട് അവന്റെ ഇഷ്ടം പറഞ്ഞപ്പോഴും ഞാനത് തള്ളിക്കളയരുതായിരുന്നു... എങ്കിൽ ഒരുപക്ഷേ അവന്റെ പ്രശ്നങ്ങളിൽ പരിഹാരങ്ങൾ നിർദ്ദേശിച്ചും പിന്താങ്ങായും എനിയ്ക്ക് നില്ക്കുവാൻ സാധിയ്ക്കുമായിരുന്നേനെ... അവന്റെ കള്ളുകുടി കൂട്ടുകാരിൽ നിന്നെല്ലാം മാറ്റിയെടുത്ത് ജീവിതത്തിൽ അവനെ കൈപിടിച്ചുയർത്തുവാൻ സാധിക്കുമായിരുന്നേനെ...  അവനെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചെടുക്കാമായിരുന്നു...


ഉള്ളിൽ കുറ്റബോധം വല്ലാതെ അലട്ടുന്നു... വർഷങ്ങൾക്കിപ്പുറമെങ്കിലും എനിയ്ക്കവനെ സ്നേഹിയ്ക്കാമായിരുന്നു... ജീവിതത്തിൽ കൂടെ കൂട്ടാമായിരുന്നു...

പക്ഷേ... ആയിരുന്നുകൾക്ക് ജീവിതത്തിൽ ഒരിയ്ക്കലും സ്ഥാനമില്ലല്ലോ...