പേജുകള്‍‌

2013, ജൂലൈ 30, ചൊവ്വാഴ്ച

ഒറ്റയാൾ അഥവാ സിംഗിൾ
ഒറ്റപ്പെട്ട ജീവിതത്തിൽ മൂന്ന് ദിവസങ്ങളിലായി ഉണ്ടായ നാല് അനുഭവമാണിത്. 

കഴിഞ്ഞയാഴ്ച നടത്തിയ കൊല്ലൂർ യാത്രയിൽ. ബൈന്ദൂർ - മൂകാംബിക റോഡിൽ വണ്ടിയിറങ്ങിയതിനുശേഷം കൊല്ലൂരിലേയ്ക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു ഞാൻ. ബസ് സ്റ്റാന്റിൽ ഒരു അപ്പൂപ്പനെ കണ്ടു. വളരെ അവശനായ ഒരു അപ്പൂപ്പൻ. അദ്ദേഹം എന്നോട് കന്നഡത്തിൽ എവിടെ നിന്നാണ് എന്ന് ചോദിച്ചു. മലയാളിയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മലയാളത്തിലായി സംസാരം. അദ്ദേഹവും ഒരു മലയാളിയായിരുന്നു. പാലക്കാടുകാരൻ. ബസ് വരുവാൻ ഇനിയും സമയമെടുക്കും എന്നതിനാൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. 

കൃഷ്ണൻ കുട്ടി എന്നാണ് പേര്. എങ്ങിനെ ഇവിടെയെത്തിപ്പെട്ടു എന്ന് ചോദിച്ചു. അച്ഛനുമമ്മയും ചെറുപ്പത്തിൽ മരിച്ചു. അച്ഛന്റെ ഏട്ടനും അനിയനുമെല്ലാം വഴക്കായിരുന്നതുകൊണ്ട് അനാഥനായ ഈ ബാലനെ ഏറ്റെടുക്കുവാൻ അവർ തയ്യാറായില്ല. ആ ബാലൻ നാട് വിട്ടു. മൈസൂരിലേയ്ക്ക്. പിന്നെ ഹോട്ടലിൽ മേശ തുടച്ചും പാത്രം കഴുകിയും ജീവിതം. കാലങ്ങൾ കഴിഞ്ഞു പോകുന്നതിനിടയ്ക്ക് യുവാവായ അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചു. ഒരുപാട് രക്തം പോയി. ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഹോസ്പിറ്റലിൽ. മയക്കത്തിനിടയിൽ നഴ്സുമാർ പറയുന്നത് കേട്ടത്രേ.. 'ഇത് പോക്കാടീ...' എന്ന്. എന്നിട്ടും ദൈവം ആയുസ്സ് നീട്ടിക്കൊടുത്തു. ഡോക്ടർ നിർദ്ദേശിച്ചത് രക്തം കയറ്റാനാണ്. ഇല്ലെങ്കിൽ നിത്യരോഗിയായി മാറും. രക്തം കയറ്റുന്നോ നിത്യരോഗിയാകണോ.. കാശില്ലാഞ്ഞതുകൊണ്ട് നിത്യരോഗം ഏറ്റ് വാങ്ങി ഹോസ്പിറ്റലിന്റെ പടിയിറങ്ങി. കൂട്ടത്തിൽ ആസ്മയും കൂടി. എന്നെങ്കിലും നാട്ടിൽ പോയി ജീവിതം പച്ചപിടിപ്പിച്ച് ഒരു മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് സ്വസ്ഥമായി ജീവിയ്ക്കണം എന്ന ആഗ്രഹം അപ്പോഴും നിലനിന്നു. പക്ഷേ വിധി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. അന്വേഷിയ്ക്കാനും ശ്രദ്ധിയ്ക്കാനും ആരുമില്ലാതെ രോഗവും  പരാധീനതകളുമായി കാലം കൊഴിഞ്ഞു വീണു. വാർദ്ധക്യം അതിന്റെ എല്ലാ അവസ്ഥയിലും ആക്രമിച്ചു. അമ്പലങ്ങളുടെ നടകളിൽ പോയിരിക്കും. അവിടത്തെ അന്നദാനം കഴിച്ച് ജീവൻ പിടിച്ചു നിർത്തും. ആരെങ്കിലും അറിഞ്ഞു നൽകിയാൽ അത് കൈനീട്ടി വാങ്ങും. അമ്പലനടകളിൽ ഏറെ നിൽക്കാൻ പോലീസ് അനുവദിയ്ക്കില്ല. ഓടിച്ചു വിടും. പോകാൻ ഇടമില്ലാതെ... വാർദ്ധക്യത്തിന്റെ പ്രശ്നങ്ങളുമായി ഇനിയെന്ത് എന്നറിയാതെ ഒരു ജീവിതം. കൂട്ടത്തിൽ പഴുത്ത് വീങ്ങിയ കാൽപാദവും... കഥയെല്ലാം പറഞ്ഞു കഴിഞ്ഞ് എന്നോടദ്ദേഹം ചോദിച്ചു 'മോളെന്തിനാ ഒറ്റയ്ക്ക് വന്നത്? കൂടെ ആരെയെങ്കിലും കൂട്ടാമായിരുന്നില്ലെ? കല്യാണം കഴിഞ്ഞില്ലേ?' 'അങ്ങിനെ കൂടെ കൂട്ടാൻ എനിയ്ക്കാരുമില്ല അപ്പൂപ്പാ... ഒരു അമ്മ മാത്രമേയുള്ളൂ... അമ്മ നാട്ടിലാ...' 'അപ്പോൾ എന്നെ പോലെ തന്നെ...' കുറച്ച് ആത്മഗതവും കുറച്ച് എന്നോടുമായി അദ്ദേഹം പറഞ്ഞു. ഞാനും അപ്പോൾ ആലോചിച്ചു.. ഒരുപക്ഷേ നാളെ എന്റെ സ്ഥിതിയും...

കൊല്ലൂർ എത്തിയതിനുശേഷം താമസിയ്ക്കാനുള്ള മുറിയ്ക്കായി അമ്പലം വക ഗസ്റ്റ് ഹൗസിൽ ചെന്നന്വേഷിച്ചു. സിംഗിൾകാർക്ക് മുറി കൊടുക്കില്ലത്രേ.. വേറെ ഇടത്തിൽ പോയന്വേഷിച്ചു. അവിടെ ഉള്ളവർ മലയാളികളായിരുന്നു. ഒരു അങ്കിളും ഒരു ചേട്ടനും. ഐ.ഡി കാർഡ് വല്ലതുമുണ്ടെങ്കിൽ കൊടുത്താൽ മുറി തരാമെന്ന് പറഞ്ഞു. ആവശ്യം  എനിയ്ക്കായിരുന്നതുകൊണ്ട് ഐ.ഡി.കാർഡ് കൊടുത്തു. എന്റെ ഡ്രൈവിംഗ് ലൈസൻസ്. അങ്ങിനെ മുറി ലഭിച്ചു. ഒറ്റയ്ക്ക് ചെല്ലുന്നവർക്ക് മുറി കൊടുക്കരുതെന്ന പോലീസ് നിർദ്ദേശത്തെ മനസാ ശപിച്ചു. കാരണം അന്വേഷിച്ചറിഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ രണ്ട് ഗസ്റ്റ് ഹൗസുകളിലായി ഒറ്റയ്ക്ക് വന്ന രണ്ട് പേർ ആത്മഹത്യ ചെയ്തുവത്രേ... പറഞ്ഞു കഴിഞ്ഞ് അങ്കിളിന്റെ വക ഒരു ഉപദേശവും.. 'മോളങ്ങിനെയൊന്നും ചെയ്തേക്കരുത് കേട്ടോ...' ആത്മഹത്യ ചെയ്യുവാൻ അതിനേക്കാൾ നല്ല പദ്ധതിയുമായി നടക്കുന്ന ഞാൻ എന്തിന് അമ്പലപരിസരത്ത് പോയി അത് ചെയ്യണം!! എന്തായാലും ആത്മഹത്യ ചെയ്താൽ അമ്പലപരിസരത്തായാലും മോക്ഷമൊന്നും കിട്ടാൻ പോകുന്നില്ല എന്ന് നന്നായറിയാം. പിന്നെന്തിന് അവിടെ പോണം!!! 

അമ്പലത്തിലെ അന്നദാന ഊട്ടുപുരയിൽ വെച്ചാണ് ആ ചേട്ടനെ പരിചയപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുമ്പോൾ എന്തുകൊണ്ടാണ് ഇലയുടെ തല ഇടത്തേയ്ക്കിടുന്നത് എന്നതിനെ കുറിച്ചും ഭക്ഷണം കഴിയ്ക്കുന്നതിനു മുൻപ് പാലിയ്ക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം ആ ചുരുങ്ങിയ നേരം കൊണ്ട് പറഞ്ഞു തന്നു. ഇരുപത്തിയൊന്ന് അമ്പലങ്ങളിലെ വെളിച്ചപ്പാടാണത്രേ അദ്ദേഹം. കൂടാതെ ഒരു നിർദ്ദേശവും. ദേവിയെ കാണാൻ വരുന്നത് വെള്ളിയാഴ്ചയാകരുത്. ചൊവ്വാഴ്ച വന്ന് കാണണം. അന്ന് ദേവി ശാന്തരൂപിയായിരിക്കും. വെള്ളിയാഴ്ചകളിൽ രൗദ്രഭാവമാണത്രേ.. (എനിയ്ക്ക് പറ്റിയ ഭാവം!! രൗദ്രഭാവം തന്നെയാണല്ലോ എന്റെയും മുഖമുദ്ര!!) ചൊവ്വാഴ്ച നിർമാല്യം മുതൽ രാത്രി നടയടയ്ക്കുന്നതിനു മുൻപുള്ള ആരതി വരെ കണ്ട് തൊഴുത് ദേവിയ്ക്ക് മാലയും കുങ്കുമാർച്ചനയും നൽകി പോയാൽ നാല്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ ആഗ്രഹിയ്ക്കുന്ന കാര്യം നടക്കുമത്രേ... 'മോളെ പോലെ ഒറ്റയ്ക്ക് വരുന്ന കുട്ടികൾക്കുള്ള വഴിപാടാണത്' എന്ന് അദ്ദേഹം പറഞ്ഞു നിർത്തി. എന്റെ ആവശ്യം വിവാഹമാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചത്!! ഞാൻ വന്നത് അല്പം മനസമാധാനം ലഭിയ്ക്കുവാനും മനസിലുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഒപ്പം എന്റെ ജീവിതവും ആ നടയിൽ വെച്ച് കയ്യൊഴിഞ്ഞ് നിസ്സംഗയായി പോകുവാനുമാണ് എന്നത് അദ്ദേഹത്തിനറിയില്ലല്ലോ...

കൊല്ലൂർ വാസം കഴിഞ്ഞ് തിരിച്ച് പോരാൻ ഒരുങ്ങുമ്പോഴാണ് റൂമിന്റെ ജനലരികിൽ അങ്കിളിന്റെ മുഖം കണ്ടത്. ഹോട്ടലിലെ സൂക്ഷിപ്പുകാരൻ അങ്കിൾ. അദ്ദേഹത്തോട് തലേ ദിവസം സംസാരിച്ചിരുന്നപ്പോൾ അറിഞ്ഞിരുന്നു ഭാര്യ നാട്ടിൽ ഉണ്ട്. ഒരു മകനും മകളും. അവർ വിവാഹിതരാണ്. എങ്കിലും അവനവനുള്ളത് വാർദ്ധക്യത്തിലും നയിച്ചുണ്ടാക്കുന്നു. ഒരു അടുപ്പം അദ്ദേഹത്തോട് തോന്നിയിരുന്നതുകൊണ്ട് പോരുന്നതിനു മുൻപ് യാത്ര പറയണം എന്ന് തീരുമാനിച്ചിരുന്നു. അന്നേരമാണ് അദ്ദേഹത്തെ ജനലരികിൽ കണ്ടത്. 'അങ്കിളേ, ഞാനിപ്പോൾ ഇറങ്ങും കേട്ടോ.. ഇനി വരുമ്പോൾ കാണാം' എന്ന് പറഞ്ഞു ഞാൻ. അങ്കിൾ അന്നേരം എന്നോട് ഒരു മുഖവുര. 'എനിയ്ക്കൊരു കാര്യം ചോദിയ്ക്കാനുണ്ട്. ചോദിച്ചാൽ മോള് ദ്വേഷ്യപ്പെടുമോ?' 'ദ്വേഷ്യപ്പെടേണ്ടതാണെങ്കിൽ ദ്വേഷ്യപ്പെടും അങ്കിളേ.. അത്തരം കാര്യങ്ങൾ ചോദിയ്ക്കാതിരുന്നാൽ പോരെ? എന്നാലും എന്താണിത്ര വലിയ കാര്യം?' എന്ന് ഞാൻ തിരിച്ചു ചോദിച്ചു.  എന്റെ മനസിൽ വന്നത് പലരും ചോദിച്ചിട്ടുള്ള ചോദ്യം തന്നെയായിരിക്കും അങ്കിളിനും ചോദിയ്ക്കാനുള്ളത് എന്നാണ്. 'എന്തേ ഇതുവരെയായിട്ടും വിവാഹം കഴിയ്ക്കാഞ്ഞത്?' എന്ന്. ഇതേ മുഖവുര തന്നെ പലരും എന്നോട് പറഞ്ഞിട്ടുമുണ്ട്. അങ്കിൾ വീണ്ടും തുടർന്നു. 'ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മോള് ബഹളമൊന്നും ഉണ്ടാക്കരുത്.' ശരി എന്ന ഭാവത്തിൽ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കി. ' വാണ്ട് എ കിസ്സ് ഫ്രം യു'. അങ്ങിനെയൊന്ന് ഒട്ടും പ്രതീക്ഷിക്കാഞ്ഞ ഞാൻ ഞെട്ടിപ്പോയി! അതും ഇത്രയും പ്രായമായ ഒരാളുടെ വായിൽ നിന്നും!!! കേട്ടപ്പോൾ ശരിയ്ക്കും സങ്കടമാണ് തോന്നിയത്...

'ഇല്യ അങ്കിളേ.. അങ്കിളിനോട് എനിയ്ക്കൊരു ബഹുമാനമുണ്ടായിരുന്നു ഇതു വരെ..' അത്രയും ഞാൻ പറഞ്ഞു വന്നപ്പോഴേയ്ക്കും 'ഇനിയൊന്നും പറയണ്ട. ഞാനങ്ങിനെ ഒന്ന് ചോദിച്ചിട്ടില്ല. മോളത് മറന്നേക്കൂ' എന്നും പറഞ്ഞ് അദ്ദേഹം വേഗം അവിടെ നിന്ന് പോയി. ഒറ്റയ്ക്കാവുന്ന പെൺകുട്ടികൾ മറ്റൊരു തരക്കാരാണെന്ന് അദ്ദേഹം കരുതുന്നുവോ? അറിയില്ല.  


ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയത് എന്റെ തെറ്റല്ല. അത് ദൈവവിധിയാണ്. എന്ന് വെച്ച് ഒരു കോണിൽ അടിഞ്ഞുകൂടി ജീവിയ്ക്കണം എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഒറ്റപ്പെട്ടവർക്കും സ്വാഭീഷ്ടങ്ങൾ സാധിയ്ക്കണ്ടേ..? ഞാൻ ഇഷ്ടപ്പെടുന്നത് യാത്രകളാണ്. ഒരാൾ കൂടെ ഉണ്ടാകുമ്പോൾ യാത്രകൾ എന്ന എന്റെ മോഹം നടത്താം എന്ന് കുറേ കാത്തിരുന്നു. കാത്തിരുപ്പ് നീളുന്നതല്ലാതെ ആരും വരുവാനില്ല എന്ന് മനസിലായപ്പോൾ തനിയെ ഇറങ്ങുവാൻ തീരുമാനിച്ചു. അത് തെറ്റാണോ? ഇങ്ങിനെയൊരു ചോദ്യം നേരിടുവാൻ മാത്രം തെറ്റാണോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്?!!

ഒറ്റപ്പെടണം എന്ന് ആഗ്രഹിച്ചിട്ടല്ല ആരും ജീവിതത്തിൽ തനിച്ചാകുന്നത്. ആദ്യം പറഞ്ഞ അപ്പൂപ്പന്റെ കാര്യം പോലെ ജീവിതം അങ്ങിനെ ഒക്കെയായിപ്പോകുന്നതാണ്...

2013, ജൂലൈ 29, തിങ്കളാഴ്‌ച

ഈ ആണുങ്ങളുടെ ഒരു കാര്യം!!!ആണുങ്ങളുടെ ഒരു കാര്യം!!! പാവങ്ങളാണ് പല ആണുങ്ങളെന്നും ചിലരുടെയൊക്കെ കഥകൾ കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട്

ഒരു പെൺകുട്ടി ഒന്നോ രണ്ടോ മിണ്ടിയതിനു ശേഷം ഒരു പ്രണയാഭ്യർത്ഥന നടത്തിയാ ദാ കിടക്കുന്നു മൂക്കും കുത്തി!! രണ്ട് പഞ്ചാര വാക്കുകളും കൂടെയായാൽ പൂർത്തിയായി. പിന്നെ അവളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളാണ്. അവൾക്ക് ഐസ്ക്രീം, അവൾക്ക് വസ്ത്രങ്ങൾ, അവൾക്ക് സമ്മാനങ്ങൾ.. അങ്ങിനെയങ്ങിനെ താൻ ചത്തും അവളെ  സന്തോഷിപ്പിക്കാനുള്ള പരാക്രമങ്ങൾ. ഒടുവിൽ അവൾ തന്ത്രപൂർവം മുങ്ങുമ്പോൾമാനസ മൈന…’ പാടി കുറച്ചുനാൾ...കുറച്ചുനാൾ എന്ന് പറഞ്ഞാൽ ഏതാനും മാസങ്ങൾ. ‘ദൈവം എന്നോടെന്തിനീ അനീതി ചെയ്തു’ എന്ന് പരാതി

പിന്നെ അടുത്ത ആളുടെ ഊഴം!! അതേ പ്രീണനങ്ങളും പരാക്രമങ്ങളും!!! 'ഇതെങ്കിലുമൊന്ന് ക്ലച്ച് പിടിയ്ക്കണേ...' എന്നുള്ള ചിന്തയായിരിക്കാം ഒരുപക്ഷേ ഇത്തരം പ്രവൃത്തികളുടെ പിന്നിൽ.

ആണുങ്ങൾ മനസിലാക്കുന്നില്ല, ഒന്നോ രണ്ടോ മിണ്ടി പ്രണയാഭ്യർത്ഥന നടത്തി മൊത്തത്തിൽ ഊറ്റുന്ന പെൺകുട്ടികൾക്ക് ഉള്ളിൽ ഇവരോട് യാതൊരു ആത്മാർത്ഥതയുമില്ല എന്ന്. ആത്മാർത്ഥത ഉള്ളവർക്ക് പരിചയപ്പെട്ട ഉടൻ തന്നെ സമ്മാനങ്ങൾ കൈപ്പറ്റാൻ ഉള്ളിൽ ഒരു മടി തീർച്ചയായും ഉണ്ടാകും, മാത്രമല്ല അവർക്ക് സമ്മാനങ്ങളേക്കാൾ പ്രിയം സ്നേഹം തന്നെയായിരിക്കും. അതിവർ മനസിലാക്കുകയേയില്ല. എല്ലാ ആണുങ്ങളും അങ്ങിനെയാണെന്നല്ല പറയുന്നത്

എനിയ്ക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഇപ്പോൾ അവൾ കുടുംബമൊക്കെയായി ജീവിയ്ക്കുന്നു. അവൾ പറയുംചെയ്യാൻ അവർ തയ്യാറാണെങ്കിൽ നമ്മളെന്തിന് വേണ്ടെന്ന് വെയ്ക്കണം? പരമാവധി ഊറ്റുക’ എന്ന്!! വളരെ വർഷങ്ങൾക്ക് മുൻപ്, അതായത് 15 വർഷം മുൻപ് പറഞ്ഞ് കേട്ടതാണിത്. അതാണിപ്പോഴത്തെ ഒരു നല്ല വിഭാഗം പെൺകുട്ടികളെങ്കിലും പ്രാവർത്തികമാക്കുന്നത്

എന്റെ ഒരു ആൺ സുഹൃത്തിന്, തന്നെ ഒരുത്തി പറഞ്ഞു പറ്റിച്ചത് മനസിലാക്കുവാൻ നാലിലധികം വർഷമെടുത്തു. അവൾ പറഞ്ഞ കഥകളെല്ലാം തന്നെ, പ്രാരാബ്ധങ്ങളും പരിദേവനങ്ങളും, തൊണ്ട തൊടാതെ വിഴുങ്ങി പിന്നെ അവളെ നന്നാക്കുവാനായി ജീവിതം. ഒടുവിൽ തനിയ്ക്കാവശ്യമുള്ളതെല്ലാം നേടിയെടുത്തതിനു ശേഷം വളരെ വൃത്തിയുള്ള ഒരു കാരണം കണ്ടെത്തി അവൾ ഒഴിഞ്ഞു പോയി!!  അയാൾ കടക്കെണിയിലും!!!

ഇത്തരക്കാർക്ക്, ആവശ്യമുള്ള സമയങ്ങളിൽ സംശയം ലേശം പോലും ജനിപ്പിക്കുവാൻ പറ്റാത്ത വിധത്തിൽ പെരുമാറുവാനും കാരണങ്ങൾ കണ്ടെത്തുവാനും കഴിയും എന്നതാണ് അതിശയവും അവരുടെ ഭാഗ്യവും

പ്രണയിയ്ക്കുന്നു എന്ന് പറയുന്ന ആളുടെ കാര്യത്തിൽ ശ്രദ്ധയോ അസൂയയോ ഒന്നും ഇക്കൂട്ടർക്ക് ഉണ്ടാവില്ല എന്നത് അവരുടെ ആത്മാർത്ഥതയില്ലായ്മയുടെ  വ്യക്തമായ സൂചനയാണ്. ‘അയാൾക്കെന്തായാൽ എനിയ്ക്കെന്ത്, എനിയ്ക്കെന്റെ കാര്യം’  എന്നൊരു രീതി അവരുടെ പ്രവൃത്തികളിൽ തെളിഞ്ഞു നിൽക്കും ഓരോ ഇഞ്ചിലും. പക്ഷേ പാവം ആണുങ്ങൾ അത് മനസിലാക്കുകയേയില്ല!! 

മറ്റൊരു സുഹൃത്തിന്  മലയാളിയാണെന്ന് ധരിച്ച് (അവൾ നൽകിയ അറിവുകളനുസരിച്ച്) താൻ പ്രണയിയ്ക്കുന്ന പെൺകുട്ടി മലയാളിയല്ല തമിഴത്തിയാണ് എന്ന് തിരിച്ചറിയുവാൻ രണ്ട് വർഷമെടുത്തു!! ഒടുവിൽ അവൾ കാരണങ്ങളൊന്നും തന്നെ ഇല്ലാതെ ഒഴിഞ്ഞു പോയി. പ്രണയം വിവാഹത്തിലേയ്ക്ക് എത്തിയ്ക്കാൻ അയാൾ ശ്രമിച്ചു എന്നതാണ് കുറ്റം!!!

പക്ഷേ ഇത്തരം പെൺകുട്ടികൾക്ക് എപ്പോഴും ലഭിയ്ക്കുന്ന ഒരു വസ്തുതയുണ്ട്. ഒരു ഭാഗ്യം..  താൻ കബളിപ്പിയ്ക്കുന്ന പുരുഷന്റെ ആത്മാർത്ഥസ്നേഹവും അന്ധമായ വിശ്വാസവും. അവർ കയ്യൊഴിഞ്ഞു പോയാലും പുരുഷന്മാരുടെ മനസ് സമ്മതിയ്ക്കില്ല 'അവൾ തന്നെ കബളിപ്പിയ്ക്കുകയായിരുന്നു ഇതു വരെ' എന്ന്!!! അതാണ് അവരുടെ കഴിവ്. പുരുഷൻ മനസിലാക്കാത്ത കഴിവ്!!!

പാവം ആണുങ്ങൾ...!!!

2013, ജൂലൈ 24, ബുധനാഴ്‌ച

ചില ബന്ധങ്ങൾ

ചില ബന്ധങ്ങൾ അങ്ങിനെയാണ്... വഴക്കിട്ടിട്ടും വഴക്കില്ലാതെ... പിണങ്ങിയിട്ടും പിണങ്ങാതെ... അകന്നിട്ടും അകലാതെ... പരസ്പരം സ്നേഹിച്ചുകൊണ്ട് വെറുക്കുകയോ അതോ വെറുത്തുകൊണ്ട് സ്നേഹിയ്ക്കുകയോ...??

ആസുരമായ പ്രണയവും ആസുരമായ വൈരവും ചേർന്ന് സമ്മിശ്രഭാവത്തോടെ പ്രണയിയ്ക്കുകയും ദ്വേഷിയ്ക്കുകയും ചെയ്യുന്ന ബന്ധം...

2013, ജൂലൈ 22, തിങ്കളാഴ്‌ച

അരക്ഷിതാവസ്ഥയും നിരാശയും

അരക്ഷിതാവസ്ഥയും നിരാശയും ഭരിയ്ക്കുന്നു... എന്തുകൊണ്ടെന്നറിയില്ല... :( വാക്ദേവിയും പിണങ്ങി നിൽക്കുന്നു...

2013, ജൂലൈ 20, ശനിയാഴ്‌ച

ആ കുഞ്ഞ്...

(ഒരു പഴയ കുറിപ്പിന്റെ അനന്തരം എന്തായി എന്നുള്ളതാണ് ഈ കുറിപ്പ്)

അച്ഛനുമമ്മയ്ക്കും വേണ്ടാത്ത ആ കുഞ്ഞ് ഭൂമിയിൽ അധികകാലം വാണില്ല. രണ്ടേ രണ്ടു ദിവസം മാത്രം. അച്ഛനുമമ്മയ്ക്കും വേണ്ട എങ്കിലും ഏറ്റെടുക്കുവാൻ തയ്യാറായി ഒരുപാട് പേരുണ്ടായിരുന്നു, ഞാനടക്കം. അതിനൊന്നും അവൻ (അതൊരു ആൺകുഞ്ഞായിരുന്നു) കാത്തു നിന്നില്ല. 


ദൈവം തന്റെ സ്വന്തം മടിയിലിരുത്തി ലാളിയ്ക്കുവാൻ അവനെ തിരിച്ചെടുത്തു. അതിൽ സങ്കടവും ഒപ്പം സന്തോഷവും... 

ആ കുഞ്ഞിന്റെ ഹൃദയത്തിനെന്തോ കുഴപ്പമുണ്ടായിരുന്നു പോലും. ശരിയായ രക്ഷ കിട്ടാതെ വളരുന്ന കുഞ്ഞിനുണ്ടാകുന്ന ദുരവസ്ഥയായിരുന്നിരിക്കാം അത്. ശരിയായ ഗർഭസംരക്ഷണം കിട്ടാഞ്ഞതു മൂലമുണ്ടായ ആ ശാപവും വഹിച്ച് ഭൂമിയിൽ ദുരിതങ്ങൾ അനുഭവിയ്ക്കുവാൻ അവനിടവന്നില്ല... ദൈവത്തിന്റെ മടിയിൽ അവൻ സന്തുഷ്ടനായിരിക്കട്ടെ... 

 മുൻപ് വായിക്കാത്തവർക്ക് വായിയ്ക്കുവാനായി.. സുഹൃത്തേ...

താങ്കളാരാണെന്ന് എനിയ്ക്കറിയില്ല. ഞാൻ താങ്കളെ കണ്ടിട്ടില്ല. താങ്കളോട് സംസാരിച്ചിട്ടില്ല. ഉള്ളത് കുറച്ച് കേട്ടറിവുകൾ മാത്രം. ഞാൻ ആരെന്ന് സ്വയം പരിചയപ്പെടുത്താം. താങ്കളുടെ കപടപ്രണയത്തിൽ വിശ്വസിച്ച് വഞ്ചിയ്ക്കപ്പെട്ട് താങ്കളുടെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന പെൺകുട്ടി പ്രസവിയ്ക്കുന്ന അതാങ്കളുടെ കുഞ്ഞിനെ ഏറ്റെടുത്ത് വളർത്തുവാൻ ഉദ്ദേശിയ്ക്കുന്ന ഒരു സ്ത്രീയാണ് ഞാൻ

പെൺകുട്ടിയും കുഞ്ഞും എന്റെ മനസിൽ സൃഷ്ടിച്ച നീറ്റലിന്റെ ഫലമാണ് തുറന്ന കത്ത്. താങ്കൾ എന്തുകൊണ്ടാണ് പെൺകുട്ടിയെ ഉപേക്ഷിയ്ക്കുവാൻ മുതിരുന്നത് എന്നെനിയ്ക്കറിയില്ല. താങ്കളെ ഗാഢമായി സ്നേഹിച്ചിരുന്ന, വിശ്വസിച്ചിരുന്ന പെൺകുട്ടിയ്ക്ക് പോലും അറിയാത്ത വസ്തുത എനിയ്ക്കെങ്ങിനെ അറിയുവാൻ!! എങ്കിലും പെൺകുട്ടി മനസലിവുള്ളവളാണെന്ന് അവളുടെ പ്രവൃത്തിയിൽ നിന്നും മനസിലായതുകൊണ്ട് അറിയാതെ അവൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു പോകുന്നു. താങ്കൾ ഉപേക്ഷിച്ച് കഴിഞ്ഞാൽ തന്റെ ഭാവി ജീവിതത്തിനു പോലും ദോഷകരമായേക്കാമെന്ന് അറിഞ്ഞിട്ടും ഉദരത്തിൽ കുരുത്ത കുഞ്ഞിനെ കൊല്ലാൻ സമ്മതിയ്ക്കാതെ 'ആരെങ്കിലും വളർത്തുവാനുണ്ടെങ്കിൽ ഞാൻ കുഞ്ഞിനെ പ്രസവിച്ചു കൊള്ളാം ഡോക്ടർ' എന്ന് പറഞ്ഞ പെൺകുട്ടി മനസലിവുള്ളവളാണ് എന്നത് തീർച്ച. മനസലിവുള്ളതുകൊണ്ടാണല്ലോ അവൾ താങ്കളെ അന്ധമായി പ്രണയിച്ചതും വിശ്വസിച്ചതും.!! 

താങ്കൾ സ്വാർത്ഥനായതുകൊണ്ടാണ് അവൾക്കിപ്പോൾ ഇങ്ങിനെയൊരു അവസ്ഥ വന്നിരിക്കുന്നത്. അഭ്യസ്ഥവിദ്യനായ താങ്കൾക്ക് ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുവാൻ സാധിയ്ക്കുമായിരുന്നില്ലേ? എത്രയെല്ലാം മുൻകരുതലുകൾ ഇക്കാലത്ത് ലഭ്യമാണ്. എന്നിട്ടും താങ്കൾ താങ്കളുടെ സുഖത്തിനുമാത്രം സ്ഥാനം നൽകി.  

ഒരു പക്ഷേ വിവാഹത്തിനു മുൻപേ ഒരുത്തന്റെ കൂടെ ജീവിച്ച് അവിഹിതഗർഭം സമ്പാദിച്ചു എന്നതായിരിക്കാം താങ്കൾ അവളിൽ കണ്ട തെറ്റ്. ഒന്നു ചോദിച്ചോട്ടെ...? താങ്കളുടെ പ്രണയത്തിൽ, വാഗ്ദാനങ്ങളിൽ, താങ്കളിൽ വിശ്വാസമർപ്പിച്ചതുകൊണ്ടായിരിക്കില്ലേ അവൾ താങ്കളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയത്? താങ്കളുടേത് കപടസ്നേഹമാണെന്ന് തിരിച്ചറിയുവാൻ ഒരിയ്ക്കലെങ്കിലും അവൾക്ക് സാധിച്ചിട്ടുണ്ടാവില്ല. അത് താങ്കളുടെ കഴിവും അവളുടെ ബലഹീനതയും.

സ്വന്തമായി വ്യക്തിത്വമുള്ള ഒരു പുരുഷനും ഇത്തരം പ്രവൃത്തി ചെയ്യില്ല. വ്യക്തിത്വം കുടുംബത്തിൽ നിന്നും ലഭിയ്ക്കേണ്ട സദ്ഗുണങ്ങളിൽ ഒന്നാണ്. കാപട്യം മനസിൽ വെച്ച് പ്രണയത്തെ വികലമാക്കുന്ന പുരുഷൻ, അവനെത്ര ഉന്നത സ്ഥാനത്തിരിക്കുന്നവനായാലും പുരുഷനെന്ന് വിളിയ്ക്കപ്പെടുവാൻ അർഹതയില്ലാത്തവനാണ്. നപുംസകതുല്യമായ മനുഷ്യജന്മം എന്നേ അത്തരക്കാരെ വിളിയ്ക്കുവാൻ സാധിയ്ക്കൂ... സ്വന്തം സുഖവും സന്തോഷവും ആവോളം കപടപ്രണയം നടിച്ച് നേടിയെടുത്ത് ആത്മാർത്ഥമായി തന്നെ പ്രണയിച്ച പെൺകുട്ടിയെ ഉപേക്ഷിച്ച് മറ്റുള്ളവരെ തേടി പോകുന്ന പുരുഷൻ.. അവനെ മറ്റെന്ത് വിളിയ്ക്കുവാൻ!! താങ്കളും അതേ സ്ഥാനത്താണെന്ന് താങ്കളുടെ പ്രവൃത്തികൊണ്ട് തെളിയിച്ചിരിക്കുന്നു.

ഒരുപക്ഷേ താങ്കളുടെ വാർദ്ധക്യകാലത്ത് താങ്കൾക്ക് താങ്ങും തണലുമായിരിക്കാവുന്ന താങ്കളുടെ കുഞ്ഞിനെയായിരിക്കാം താങ്കൾ ഇപ്പോൾ ഉപേക്ഷിയ്ക്കുവാൻ തയ്യാറാകുന്നത്. ഒരുകാര്യം ഉറപ്പാണ്. പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ കണ്ണുനീർ താങ്കളുടെ ഭാവി ജീവിതത്തെ പൊള്ളിയ്ക്കും. അവൾ താങ്കളെ മനസറിഞ്ഞ് ശപിയ്ക്കില്ലായിരിക്കാം. കാരണം ആത്മാർത്ഥമായി ഒരിയ്ക്കൽ പ്രണയിച്ച പുരുഷനെ മനസറിഞ്ഞ് ശപിയ്ക്കുവാൻ ഒരു സ്ത്രീയ്ക്കും സാധിയ്ക്കില്ല. അറിയാതെ എന്തെങ്കിലും വാക്കുകൾ പുറത്തേയ്ക്ക് വന്നുപോയാൽ തന്നെ പിന്നീട് അവൾ അതേ ചൊല്ലി ദൈവത്തിനോട് മാപ്പ് ചോദിയ്ക്കും. അനുഭവമാണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്.

പുരുഷൻ.. അവന് എല്ലാം പെട്ടന്ന് മറക്കുവാനും മറ്റൊരാളെ തേടി പോകുവാനും എളുപ്പം സാധിയ്ക്കും. പക്ഷേ, മറവിയിലാണ്ടതെല്ലാം ഒരിയ്ക്കൽ ഓർമ്മയിലേയ്ക്ക് കയറിവരുന്ന ഒരു നാൾ ഉണ്ടാകും. തീർച്ചയായും അങ്ങിനെ ഒരു നാൾ വരും. അന്ന് അവർക്ക് ഇപ്പറയുന്ന രക്തത്തിളപ്പോ ആരോഗ്യമോ മന:ക്കട്ടിയോ ഉണ്ടാവില്ല. അന്ന് പക്ഷെ കണ്ണുകളിൽ നിന്നും ഉറവ പൊട്ടുന്ന കണ്ണുനീർ ഒന്നിനും പരിഹാരമാവില്ല എന്നുകൂടി ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

ആരോ പ്രസവിച്ച കുഞ്ഞിനെ സ്വീകരിച്ച് വളർത്തുവാൻ വേണ്ടി കാത്തിരിക്കുന്ന എന്റെ മനസിൽ എത്രയോ പദ്ധതികളാണ് കുഞ്ഞിനു വേണ്ടിയുള്ളത്!! കുഞ്ഞിനെ ഞാൻ ഇപ്പോഴേ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അപ്പോൾ അതിനെ ഗർഭം ധരിച്ച പെൺകുട്ടിയുടെ മനസിൽ അതിനോട് എത്ര സ്നേഹമുണ്ടായിരിക്കണം. തന്റെ നിസ്സഹായതകൊണ്ട് മാത്രം അതിനെ ഉപേക്ഷിയ്ക്കേണ്ടി വരുന്ന അമ്മമനസിന്റെ നീറ്റൽ താങ്കൾ ഏത് ജന്മത്തിൽ തീർക്കും?  

ഒന്നുറപ്പാണ്. ജനിയ്ക്കുന്ന കുഞ്ഞ് ആൺകുട്ടിയാകുകയാണെങ്കിൽ, അവന് ഞാൻ പറഞ്ഞുപഠിപ്പിക്കുന്ന ആദ്യപാഠം, അവന്റെ അച്ഛനെ പോലെ സ്ത്രീകളെ കപടസ്നേഹത്തിലൂടെ വഞ്ചിക്കുന്ന ഒരുവനായി മാറരുത് അവൻ എന്നായിരിക്കും. ഊരും പേരും അറിയാത്ത അവന്റെ അച്ഛന്റെ വൃത്തികെട്ട വഞ്ചനയുടെ കഥയും അയാളെ അന്ധമായി പ്രണയിച്ച അവന്റെ അമ്മയുടെ നിസ്സഹായതയും പറഞ്ഞുകൊടുത്തേ ഞാൻ അവനെ വളർത്തൂ... അവന്റെ അച്ഛനെ പോലെ ലോകത്തെ മലീമസമാക്കുന്ന ഒരു പുരുഷപ്രജയായി അവൻ വളരുകയില്ല.

എന്റെ ഈ തുറന്ന കത്ത് താങ്കളുടെ കപടമനസിൽ എള്ളോളമെങ്കിലും ആത്മാർത്ഥത നിറയ്ക്കുവാൻ സഹായിച്ചിരുന്നെങ്കിൽ...  താങ്കളെ സ്നേഹിച്ച പെൺകുട്ടിയേയും അവളിൽ താങ്കൾക്ക് പിറക്കുവാൻ പോകുന്ന ആ കുഞ്ഞിനേയും സ്വന്തം തെറ്റ് മനസിലാക്കി, പൂർണ്ണ മനസോടെ താങ്കൾ സ്വീകരിച്ചെങ്കിൽ എന്ന പ്രാർത്ഥനയോടെ