പേജുകള്‍‌

2017, മേയ് 25, വ്യാഴാഴ്‌ച

ഓർമ്മകളുടെ നെല്ലിക്കാമണികൾ
സ്കൂൾ പഠന കാലത്ത്‌, അമ്മ പഠിപ്പിച്ചു തന്നതും സ്വന്തമായി എന്തൊക്കെയോ കാട്ടിക്കൂട്ടിയതുമൊക്കെ ചേർന്ന് ഡാൻസ്‌ എന്നും പറഞ്ഞ്‌ ഞാൻ സ്കൂൾ സാഹിത്യ സമാജങ്ങളിൽ അവതരിപ്പിക്കുമായിരുന്നു.

സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ  ഒരു ഡാൻസെങ്കിലും എന്റേതായി
ഇല്ലാതിരിക്കില്ല. കലാമൽസരങ്ങൾക്ക്‌ പോകുമ്പോൾ എന്റെ പ്രധാന ഇനം മോണോ ആക്റ്റ്‌ ആണെങ്കിലും ഡാൻസും ഇഷ്ടമായിരുന്നു.

ആ വർഷം ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ്‌ മനസിനെ നൊമ്പരപ്പെടുത്തുന്ന സംഭവം നടക്കുന്നത്‌.

ജില്ലാ കലോൽസവം. സ്കൂളിൽ നിന്നും ഡാൻസിനും പാട്ടിനുമൊക്കെ പങ്കെടുക്കുവാനുള്ളവരെ തിരഞ്ഞെടുക്കുന്നു. ഒരു സിംഗിൾ ഡാൻസ്‌ സെലെക്ഷൻ ഞാൻ പ്രതീക്ഷിച്ചു.

പക്ഷാഭേദത്തിന്റെ ആദ്യ രൂപം ഞാനാദ്യമായി കാണുന്നത് അവിടന്നായിരുന്നു.

തിരഞ്ഞെടുക്കുന്നത് ലളിത ടീച്ചറാണ്‌. അടുത്ത് തന്നെ കട നടത്തുന്ന ജോസേട്ടന്റെ മകൾ റെയ്ച്ചലിനെയാണ്‌ സിംഗിൾ ഡാൻസിനായി സീനിയർ വിഭാഗത്തിൽ തിരഞ്ഞെടുത്തത്. ജൂനിയർ വിഭാഗത്തിൽ തിരഞ്ഞെടുത്തത് റെയ്ച്ചലിന്റെ അനിയത്തി ബിന്ദുവിനെയും.

റെയ്ച്ചലിനെ തിരഞ്ഞെടുക്കുന്നതിന്‌ കാരണം പറഞ്ഞത് അവരുടെ അവസാന വർഷമാണ്‌ അവിടെ എന്നായിരുന്നു.
നാലിൽ നിന്നും അഞ്ചിലേയ്ക്ക് എത്തിയതിനാൽ ജൂനിയർ വിഭാഗത്തിൽ നിന്നും എന്നെ പുറന്തള്ളി.

സിംഗിൾ ഡാൻസിന്‌ സിലക്ഷൻ കിട്ടില്ലെന്ന് മനസിലായി. എങ്കിൽ ഗ്രൂപ്പ് ഡാൻസിലെ സെന്റർ റോൾ തരും എന്നു പ്രതീക്ഷിച്ചു. അതിനും ലളിത ടീച്ചർ തിരഞ്ഞെടുത്തത് റെയ്ച്ചലിനെ തന്നെ. എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന്‌ ടീച്ചർ ഉരുണ്ടുകളിച്ചു. ജോസേട്ടന്റെ ഭാര്യ മേരിച്ചേച്ചിയുടെ ഇടപെടൽ വേണ്ട വിധം ഉണ്ടായിരുന്നു മക്കളെ തിരഞ്ഞെടുക്കുന്നതിൽ.

 വല്ലാതെ സങ്കടം വന്നു. അതെല്ലാം ചൊരിഞ്ഞത് അമ്മയുടെ അടുത്തായിരുന്നു. എന്റെ സങ്കടമെല്ലാം അമ്മയിൽ ദ്വേഷ്യമായി മാറുകയായിരുന്നു എന്ന് ഞാൻ മനസിലാക്കിയിരുന്നില്ല.

തിരഞ്ഞെടുത്തിരുന്നില്ലെങ്കിലും എന്തിനോ വേണ്ടി ഡാൻസ് പ്രാക്റ്റീസ് നടക്കുന്നിടത്ത് വന്നിരിക്കണം എന്ന് ലളിത ടീച്ചർ കല്പന നല്കി. ഉള്ളിൽ പിന്നെയും ഒരു പ്രതീക്ഷ മുള പൊട്ടി. ക്ലാസുകളെല്ലാം കളഞ്ഞ് ഡാൻസ് പഠനം നടത്തുന്നിടത്ത് ഞാനും ചെന്നിരുന്നു. എല്ലാം കണ്ടു പഠിച്ചു. അമ്മയോട് പറഞ്ഞു ടീച്ചർ അവിടെ ചെന്നിരിക്കാൻ പറഞ്ഞിട്ടുണ്ട് എന്ന്.

ഒരു കുഞ്ഞിന്റെ മനസിനെയാണ്‌ മുതിർന്നവർ അമ്മാനമാടുന്നത് എന്ന് മനസിലാക്കിയിരുന്നില്ല. എന്നും വീട്ടിൽ വന്ന്, കണ്ടുപഠിച്ച ഡാൻസ് സ്റ്റെപ്പുകൾ തന്നെ പാടി കളിച്ചു ഹൃദിസ്ഥമാക്കി.

“തിരകളേ... തീരങ്ങളെ....” എന്ന സിംഗിൾ ഡാൻസ് പാട്ടും “പുത്തങ്കായലിൽ താലോലമാടും തോണീ... ” എന്ന ഗ്രൂപ്പ് ഡാൻസ് പാട്ടും പാടി ഞാൻ വീട്ടിലെ എന്റെ വൈകുന്നേരങ്ങൾ ശബ്ദമുഖരിതവും നൃത്തമയവുമാക്കിത്തീർത്തു.

എന്റെ ഡാൻസ് പ്രാക്റ്റീസ് കണ്ട് അമ്മയും സന്തോഷിച്ചു. പക്ഷേ....

കലോൽസവ ദിവസം, തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെല്ലാവരും ഒരുങ്ങിയിറങ്ങി വണ്ടിയിൽ കയറാൻ പോകുമ്പോൾ... എന്നെ മാത്രം ആരും വിളിച്ചില്ല. വിഷണ്ണയായി... അതിലേറെ സങ്കടത്തോടെ ഞാനും അവരുടെ കൂടെ പുറപ്പെട്ടു. മൽസരയിനം ഡാൻസായിരുന്നില്ല മാപ്പിളപ്പാട്ടും മോണോ ആക്റ്റും ആയിരുന്നെന്നു മാത്രം.

എന്നെ പങ്കെടുപ്പിക്കുന്നില്ലായിരുന്നെങ്കിൽ, എന്തിനെന്റെ ക്ലാസ്സുകൾ കളയിച്ച് എന്നെ നൃത്താഭ്യാസം നടക്കുന്നിടത്ത് ദിനവും കൊണ്ടിരുത്തി എനിയ്ക്ക് പ്രതീക്ഷ തന്നു എന്നെനിയ്ക്ക് ഇന്നും മനസിലാകുന്നില്ല.

എന്തായാലും, എന്റെ മനസിന്റെ വേദനയായിരിക്കാം, ഒരു നൃത്തമൽസരത്തിനും സമ്മാനം കിട്ടിയില്ല. മോണോ ആക്റ്റിന്‌ എനിയ്ക്ക് സമ്മാനം കിട്ടുകയും ചെയ്തു. ആ വർഷത്തെ കലോൽസവം അങ്ങനെ അവസാനിച്ചു.

അടുത്ത വർഷം. ആറാം ക്ലാസ്. ഞാനെന്റെ പതിവു ഡാൻസുമ്പാട്ടുമൊക്കെയായി ഞങ്ങടെ സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ മാത്രം നിറഞ്ഞു നിന്നു. അക്കൊല്ലത്തെ കലോൽസവം തിരഞ്ഞെടുപ്പ് വന്നു. പതിവുപോലെ ലളിത ടീച്ചർ എന്നെ വിളിപ്പിച്ചു.
“അനുമോൾ പരിപാടിയിൽ പങ്കെടുക്കണം. അമ്മയോട് പറഞ്ഞിട്ട് വരണം നാളെ”

സന്തോഷം. അന്ന് വൈകുന്നേരം വീട്ടിൽ ചെന്നതും അവതരിപ്പിച്ചത് ടീച്ചറുടെ ആവശ്യമായിരുന്നു.

“അനുമോൾ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല എന്ന് നീ ലളിതയോട് പറഞ്ഞേക്കൂ” എന്നായിരുന്നു അമ്മയുടെ മറുപടി. അതെന്തേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല.

പിറ്റേന്ന് ടീച്ചറുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു.
“അതെന്തേ?” എന്ന് ടീച്ചർ ചോദിച്ചെങ്കിലും “അറിയില്ല” എന്ന് മറുപടി പറയാനേ എനിയ്ക്കറിയുമായിരുന്നുള്ളൂ.
“അമ്മയോട് ചോദിച്ചിട്ടു വരൂ” എന്ന് ടീച്ചർ.

അമ്മയോട് ചോദിച്ചു.
“കഴിഞ്ഞ കൊല്ലം, എന്റെ മോളെ കുറേ കൊതിപ്പിച്ചില്ലേ ടീച്ചർ.എന്നിട്ട് മോളെ പങ്കെടുപ്പിച്ചോ? ഇല്ലല്ലോ? അതുകൊണ്ട് ഇക്കൊല്ലം എന്റെ മോള്‌ ഒന്നിലും പങ്കെടുക്കണ്ട. കളിക്കാൻ ആരേം കിട്ടാഞ്ഞതുകൊണ്ട് അന്വേഷിച്ച് വന്നിരിക്ക്യാ എന്റെ മോളെ. അങ്ങനിപ്പം ആരും ല്യാത്തപ്പോ തിരഞ്ഞെടുക്കാനുള്ളതല്ല എന്റെ മോള്‌“
അമ്മ പ്രസ്താവിച്ചു.

അത് പിറ്റേന്ന് അതേ പടി ടീച്ചറോടും പറഞ്ഞു ഞാൻ. പിള്ള മനസിൽ കള്ളമില്ലല്ലോ.

”ഇത്രയ്ക്ക് വാശി പാടില്ല“ എന്ന് ടീച്ചർമാരുടെയിടയിൽ പിറുപിറുക്കലുകൾ ഉയർന്നെങ്കിലും നമുക്കതൊന്നും ഗൗരവമായി കാണാനുള്ള പ്രായമില്ലല്ലോ. ഞാനെന്റെ പാട്ടിന്‌ പോന്നു.

അത്തവണയും കലോൽസവത്തിന്‌ നൃത്ത മൽസരങ്ങളിൽ ആർക്കും
 ഒന്നും കിട്ടിയില്ല. ദേശീയ ഗാന മൽസരത്തിനു മാത്രം നാലാം സമ്മാനം കിട്ടി!

ഞാനെന്റെ പതിവു സാഹിത്യ സമാജത്തിലെ സിംഗിൾ ഡാൻസും ഗ്രൂപ്പ് ഡാൻസും തിരുവാതിരക്കളികളും പാട്ടും കൂട്ടത്തിൽ കുറച്ച് പഠിത്തവുമൊക്കെയായി നടന്നു.

ദിവസങ്ങളെന്നും അതിവേഗത്തിലാണല്ലോ യാത്ര! ആറാം ക്ലാസും കഴിഞ്ഞ് ഏഴാം ക്ലാസിലെത്തി. എസ്.ആർ.വി.സ്കൂളിലെ അവസാന വർഷമാണത്.

പതിവുപോലെ കലോൽസവം വീണ്ടുമെത്തി. തിരഞ്ഞെടുപ്പുകളും. ലളിത ടീച്ചർ വീണ്ടും എന്നെ വിളിപ്പിച്ചു.
“ഇത്തവണ മൽസരത്തിൽ പങ്കെടുക്കാൻ അമ്മ സമ്മതിക്കുമോന്ന് ചോദിച്ചിട്ട് വരൂ” എന്നെന്നോട്.

ഞാൻ അന്ന് വൈകുന്നേരം അമ്മയോട് ചോദിച്ചു.
“ഇല്ല” ഉത്തരം ഒറ്റ വാക്കിലായിരുന്നു. അഞ്ചാം ക്ലാസ്സിൽ അമ്മയുടെ മോളെ ടീച്ചർമാർ പ്രതീക്ഷ നല്കി അവഗണിച്ചത് അമ്മയുടെ മനസിൽ വാശിയായി ഉറച്ചിരുന്നു.ആ വാശിയിൽ ഒരയവ് വരുത്തുവാൻ അമ്മ തയ്യാറുമല്ലായിരുന്നു.

ടീച്ചറോട് ചെന്ന് പറഞ്ഞപ്പോൾ ടീച്ചർ പിന്നെയും നിർബന്ധിച്ചു കൊണ്ടേയിരുന്നു. അതേ പടി ഞാൻ വീട്ടിലും നിർബന്ധിച്ചുകൊണ്ടിരുന്നു.
“കുഞ്ഞോളേ... ഇല്ല എന്ന് പറഞ്ഞാൽ ഇല്ല എന്നാണെന്ന് നിനക്കറിഞ്ഞൂടെ? പിന്നെയും പിന്നെയും ചോദിച്ചോണ്ടിരുന്നാൽ അത് മാറില്ല” അമ്മയുടെ അന്ത്യശാസനം.

മനസിൽ വല്ലാത്ത സങ്കടം. ഇളം മനസിലെ വേദന ആര്‌ കാണാൻ... ആരോട് പറയാൻ... ആരുമറിയാതെ കരഞ്ഞു.

മുതിർന്നവരുടെ വാശികൾക്കും പക്ഷാഭേദത്തിനും ഇടയിൽ മുറിപ്പെടുന്നത് ഒരു ഇളം മനസാണെന്ന് ആരും മനസിലാക്കിയില്ല. ആരും അന്വേഷിച്ചുമില്ല.

സ്കൂളിൽ നിന്ന്‌ അത്തവണ നൃത്തയിനങ്ങളൊന്നും ഇല്ലായിരുന്നു. ലളിത ടീച്ചറുടെ ആവശ്യം എന്റെ വക മോണോ ആക്റ്റ് ആണ്‌. പിന്നെ മാപ്പിളപ്പാട്ടും.

രണ്ടിനും ചേരണ്ട എന്ന് അമ്മയുടെ ഉഗ്രശാസന.

എന്റെ മനസിലെ പ്രതീക്ഷയെല്ലാം മങ്ങി. ഇനി അമ്മയോട് ചോദിച്ചിട്ട് കാര്യമില്ല. അമ്മ സമ്മതിക്കില്ല. അമ്മയ്ക്ക് വലുത് അമ്മയുടെ വാശിയാണ്‌. അതിൽ എന്റെ ഇഷ്ടങ്ങൾക്ക് സ്ഥാനമില്ല.

ഞാൻ പ്രതീക്ഷ വിട്ടു. കലോൽസവത്തിന്‌ പോകേണ്ടതിന്റെ തലേന്റെ തലേ ദിവസം ലളിത ടീച്ചർ വീട്ടിൽ വന്നു. അമ്മയോട് സംസാരിക്കാൻ. അവരുടെ സംസാരത്തിലൊന്നും ഇടപെടാതെ ഞാൻ എന്റെ വഴിയ്ക്ക് നടന്നു. എനിയ്ക്ക് പ്രതീക്ഷയില്ലാലോ.. ടീച്ചറുടെ നിർബന്ധത്തിനാണോ അതോ എന്റെ ആഗ്രഹത്തിനോടുള്ള ദയവിലാണോ അമ്മ സമ്മതിച്ചത് എന്നറിയില്ല, ഒടുവിൽ അമ്മ സമ്മതിച്ചു. ടീച്ചർ ആശ്വാസത്തോടെ വീട്ടിൽ പോയി.

ഇനിയിപ്പോൾ എപ്പോൾ എന്ത് പഠിക്കാനാ?! ഒരുദിവസം മാത്രമാണ്‌ ബാക്കിയുള്ളത്. അതിനിടയിൽ മാപ്പിളപ്പാട്ടും മോണോ ആക്റ്റും പഠിക്കണം.

പിറ്റേന്ന് ടീച്ചർ ഒരു ക്യാസറ്റ് തന്നു വിട്ടു. വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. അതിൽ ഏതോ മിമിക്രിക്കാർ അവതരിപ്പിച്ച ഒരു സ്കിറ്റ് ഉണ്ടായിരുന്നു. പിന്നെ ഒരു മാപ്പിളപ്പാട്ടും.

മാപ്പിളപ്പാട്ടിന്റെ കാര്യം പ്രശ്നമല്ലായിരുന്നു. കേട്ട് പഠിച്ചാൽ പോരെ. പക്ഷേ മോണോ ആക്റ്റ്... എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം എന്നാരും പറഞ്ഞു തരാനില്ല.
“നീ അത് കേട്ട് നിന്റെ മനോധർമ്മം പോലെ ചെയ്യൂ” എന്ന് ടീച്ചർ. ആ ഒരു ദിവസം എനിയ്ക്ക് മാത്രം അവധിയും തന്നു. മോണോ ആക്റ്റ് ചെയ്ത് പഠിയ്ക്കാൻ.

അന്ന് മുഴുവൻ വടക്കേ പറമ്പിലെ കശുമാവിൻ ചുവട്ടിൽ നിന്ന് എന്റെ മോണോ ആക്റ്റ് പഠനം. ഇടയ്ക്കിടെ അമ്മ വന്ന് തിരുത്തിത്തരും. അതുപ്രകാരം മാറ്റം വരുത്തി പിന്നെയും പ്രാക്റ്റീസ്. പിറ്റേന്നത്തേയ്ക്ക് ഏകദേശം ശരിയായി എന്ന് ഒരു ബോധ്യം.

കലോൽസവത്തിന്‌ സ്കൂളിൽ ചെന്ന് നേരെ ടീച്ചറുടെ കൂടെ പുറപ്പെട്ടു. ടീച്ചറുടെ മുന്നിൽ ഒന്ന് അവതരിപ്പിച്ച് അഭിപ്രായം ചോദിയ്ക്കാൻ പോലും സാധിച്ചില്ല.

കലോൽസവ വേദിയിൽ പങ്കെടുക്കാനുള്ള ചെസ്റ്റ് നമ്പർ കിട്ടി. വേദിയ്ക്ക് പുറകിൽ നമ്പർ കാത്തു നില്ക്കുന്ന നേരത്താണ്‌ ടീച്ചറുടെ മുന്നിൽ അത് ആദ്യമായും അവസാനമായും അവതരിപ്പിച്ചത്. ഒരു ഉപ്പയുടെയും മകന്റെയും കഥയായിരുന്നു.

ടീച്ചറിൽ നിന്നും അഭിപ്രായം ലഭിക്കുന്നതിനു മുൻപേ എന്റെ ചെസ്റ്റ് നമ്പർ വിളിച്ചു. ഞാൻ തിരക്കിട്ട് സ്റ്റേജിലേയ്ക്ക്. എന്തെങ്കിലും പറയുന്നതിനും തിരുത്തുന്നതിനും മുൻപ് തന്നെ എനിയ്ക്ക് ഓടി പോകേണ്ടി വന്നതിൽ ടീച്ചറുടെ അന്ധാളിച്ച മുഖം ഇന്നും മനസിലുണ്ട്.

ബോധം വല്യ കാര്യായിട്ട് അന്നും ഇന്നും എനിയ്ക്കില്ലാത്തത് ഒരു വിധത്തിൽ ഉപകാരമായി. ബോധമുണ്ടാകുന്നിടത്താണല്ലോ പേടിയുണ്ടാകുക. ബോധമില്ലാത്തിടത്ത് എന്ത് പേടി!! രണ്ടും കല്പിച്ച് സ്റ്റേജിൽ കയറി. പഠിച്ചുവെച്ചതെല്ലാം ഒന്നൂടെ അപ്പോഴത്തെ മനോധർമ്മം കൂടി ചേർത്ത് അവതരിപ്പിച്ച് മോണൊ ആക്റ്റിന്റെ ഭാഗമായി തന്നെ സദസ്സിനോട് റ്റാറ്റ പറഞ്ഞ് വേദിയുടെ പുറകിലേയ്ക്ക്.

അതുകഴിഞ്ഞ് മാപ്പിളപ്പാട്ടിന്റെ മൽസാരാർത്ഥിയായി വേഷം കെട്ടൽ. അറബ് മാഷായ ജമാലുമാഷ് എവിടന്നോ സംഘടിപ്പിച്ച തട്ടമൊക്കെയിട്ട് “ആരംഭ പൂത്തിരി വന്നല്ലോ അതിലായിരമാശകൾ പൂത്തല്ലോ...” എന്ന് മാപ്പിളക്കുട്ടിയായി പാട്ടും പാടി ഇറങ്ങി.

ഫലപ്രഖ്യാപനം എന്റെ തലവേദനയേ ആയിരുന്നില്ല. സമ്മാനം എന്നത് ഒരിക്കലും ലക്ഷ്യവും ആയിരുന്നില്ല. ചെയ്യേണ്ടത് ചെയ്യുക. അത് തീർന്നാൽ പിന്നെ എനിയ്ക്ക് പങ്കില്ല. സമ്മാനം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഒന്നും ചെയ്യരുത് എന്നായിരുന്നു എന്നും അമ്മ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. നിരാശ ഒഴിവാക്കുന്നതിനുള്ള ആദ്യ ബാലപാഠം. അതുകൊണ്ടുതന്നെ തോൽവികളും ജയങ്ങളും അന്നും ഇന്നും ഒരുപോലെ... ഒന്നിനുവേണ്ടിയും ആവശ്യത്തിൽ കൂടുതൽ ആഗ്രഹിക്കാറില്ല.

സമ്മാനം പ്രഖ്യാപിച്ചപ്പോൾ എന്റെ മാപ്പിളപ്പാട്ട് ഏത് വഴിയ്ക്ക് പോയെന്നറിയില്ല!!! പക്ഷേ, മോണോ ആക്റ്റിന്‌ സമ്മാനമുണ്ട്!ഒന്നാം സമ്മാനം!!  അവിടന്ന് അതിന്റെ സർട്ടിഫിക്കറ്റും വാങ്ങി പോന്നു.

പിറ്റേന്ന് അസംബ്ലിയിൽ വിജയൻ മാഷ് അടുത്തേയ്ക്ക് വിളിച്ച് ചേർത്ത് നിർത്തി, “ എസ്.ആർ.വി.യുടെ മാനം കാക്കാൻ ഇവളേയുണ്ടായുള്ളൂ... മിടുക്കി! എല്ലാവരും ഒന്ന് കയ്യടിച്ചേ” എന്ന് പറഞ്ഞത് ഇന്നും ഓർമ്മയിൽ മങ്ങാതെ...

അന്നും ഇന്നും കളിക്കൂട്ടുകാരിയായ സ്വർണ്ണയാണ്‌ പറഞ്ഞത്, അന്നത്തെ പത്രത്തിൽ എന്റെ പേരുണ്ടായിരുന്നു എന്ന്. അനുമോൾ കെ.എം. (എസ്.ആർ.വി. യു.പി. സ്കൂൾ, ചെന്ത്രാപ്പിന്നി).

വീട്ടിൽ പത്രം വാങ്ങാനുള്ള സാമ്പത്തികമൊന്നും ഇല്ലാതിരുന്നതുകൊണ്ട് പത്രത്തിൽ ആദ്യമായി അച്ചടിച്ചു വന്ന എന്റെ പേര്‌ ഞാൻ കണ്ടിട്ടില്ല.

വർഷങ്ങൾക്കിപ്പുറം, അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമത്തിലും ലേഖിക, സമന്വയം എന്നതിന്റെയൊക്കെ ലേബലിൽ എന്റെ പേരെഴുതി കണ്ടിട്ടുണ്ടെങ്കിലും അന്ന്... വർഷങ്ങൾക്ക് മുൻപ്... എന്റെ കലയുടെ അംഗീകാരമായി അച്ചടി മഷി പുരണ്ട എന്റെ പേര്‌ കാണുവാൻ സാധിക്കാഞ്ഞതിൽ ഇന്നും നഷ്ടബോധമുണ്ട്... ഇനി ഒരിക്കലും അത് സാധിക്കില്ല എന്നറിയാവുന്നതുകൊണ്ട് തന്നെ ആ നഷ്ട ബോധത്തിന്റെ ആഴവും കൂടുന്നു...


നന്ദി: സ്കൂൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഉണർവ്വുണ്ടാക്കുവാനായി പഴയ സ്കൂൾ ഓർമ്മകൾ ചികഞ്ഞെടുത്തെഴുതാൻ എന്നെ പ്രേരിപ്പിച്ച രഘുമാഷ് എന്ന ഞങ്ങളുടെ സ്വന്തം രഘുവിന്‌.