പേജുകള്‍‌

2017, നവംബർ 23, വ്യാഴാഴ്‌ച

മനസ് പറയുന്നത്...

ചേച്ചീടെ മോൾക്ക് വിവാഹാലോചന വന്നപ്പോൾ ചേച്ചി എന്നോടാണ്‌ ആവശ്യപ്പെട്ടത് അവൾക്ക് ശരിക്കും ഇഷ്ടമായോ എന്നൊന്നറിയാൻ. ഞാൻ അവരുടെയൊക്കെ 'യൊ യൊ' ഇളയമ്മ ആയതുകൊണ്ട് നേരിട്ട് ചോദിക്കാനുള്ള ഒരു ബന്ധം എനിയ്ക്കവളുമായി ഉണ്ടായിരുന്നു.

“നിനക്കിഷ്ടമായോ മോളേ..?” അവളോട് നേരിട്ട് കാര്യം ചോദിച്ചു ഞാൻ.. 

“കുഴപ്പ...ല്യ” ഞെങ്ങീം നിരങ്ങീം അവളുടെ മറുപടി.

“കുഴപ്പമുണ്ടോ ഇല്ലയോ എന്നല്ല ഞാൻ ചോദിച്ചത്. നിനക്കിഷ്ടായോ എന്നാ ചോദ്യം. യെസ് ഓർ നോ. ആ ഉത്തരമാ എനിയ്ക്ക് വേണ്ടത്” ഞാൻ കുറച്ച ഗൗരവക്കാരി ഇളയമ്മയായി

“ഇഷ്ടായി” അവൾ നേരിട്ട് മറുപടി പറഞ്ഞു.

അത്രയേ എനിയ്ക്കും ആവശ്യമുണ്ടായിരുന്നുള്ളൂ... ആദ്യകാഴ്ചയിലെ ഇഷ്ടത്തിന്‌ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കിയ ആളാണ്‌ ഞാൻ. മനസ് പറയുന്നത് കേൾക്കണമെന്നും... 

******

രണ്ട് കൊല്ലത്തെ കാണാസൗഹൃദത്തിനൊടുവിലെപ്പൊഴോ എന്റെ മനസിലെ സൗഹൃദത്തിനു പ്രണയത്തിന്റെ നിറം വന്നിരുന്നു. ഒരിക്കലും കാണുകയില്ല എന്ന തീരുമാനത്തിൽ നിന്നും മാറിച്ചിന്തിക്കാൻ തുടങ്ങിയത് അപ്പോഴായിരുന്നു. ഒടുവിൽ കാണാൻ തീരുമാനിച്ചപ്പോൾ മനസിൽ ആശങ്കയായിരുന്നു.. നേരിൽ കാണുമ്പോൾ എനിയ്ക്കിഷ്ടമാകുമോ എന്ന്. ഇഷ്ടമാകണേ എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഒരു ഫോട്ടോ പോലും കാണാതെ, ആളെങ്ങനെയുണ്ട് എന്നൊരു സൂചന പോലുമില്ലാതെ...

എന്റെ മനസ്സിലെ സങ്കല്പനായകന്‌  അഞ്ചടി പത്തിഞ്ച് ഉയരവും ഇരുനിറവും ഇത്തിരി ഗൗരവമാർന്ന മുഖവും മിതഭാഷണവുമൊക്കെയായിരുന്നു. പിന്നെ നല്ലൊരു ജോലിയും... ഒരു എഞ്ചിനിയർ ആയിരുന്നാൽ കൂടുതൽ സന്തോഷം. ടീനേജുകളിലെപ്പൊഴോ കയറിക്കൂടിയ സങ്കല്പം.

കാണാനെങ്ങനെയാ എന്ന എന്റെ ചോദ്യങ്ങൾക്കൊക്കെ ആനയുടെ കണ്ണും ഉറുമ്പിന്റെ വലുപ്പവും എന്നായിരുന്നു മറുപടി. എന്തും വളരെ തമാശയോടെ അവതരിപ്പിക്കുന്ന വ്യക്തിയായതുകൊണ്ട്, ഇതും അങ്ങനെയൊക്കെയായിരിക്കും എന്ന് ഞാനും ചിന്തിച്ചു. നല്ല ഉയരമുണ്ടായിരിക്കും എന്ന് എങ്ങനെയോ മനസിൽ ഉറച്ചു. അങ്ങനെ ഒടുവിൽ അയാളെ കാണാൻ തീരുമാനിച്ചു! 

ഒരു സന്ധ്യാനേരത്ത് അയാളുടെ ഓഫീസിന്റവിടെ ചെന്നു. അയാൾ ഓഫീസ് കഴിഞ്ഞ് ഇറങ്ങി വന്നു. അയാളെ കണ്ടപ്പോൾ തന്നെ മനസിൽ ഒരു കല്ലുകടി അനുഭവപ്പെട്ടു. കരുതിയിരുന്ന പോലെയേ അല്ല അയാൾ. കഷ്ടി ഒരു അഞ്ചടി മൂന്നിഞ്ച് കാണും! അഞ്ചടി ആറിഞ്ച് ഉണ്ട് എന്ന് അയാൾ പിന്നീട് വാദിച്ചിരുന്നെങ്കിലും! ആകപ്പാടെ ഒരു ചെറിയ മനുഷ്യൻ. ഇഷ്ടമല്ല,അനിഷ്ടമാണ്‌ മനസിൽ ആദ്യം തോന്നിയ വികാരം!! എങ്കിലും കാണാതെയുണ്ടായ സൗഹൃദത്തിൽ അയാൾ എനിയ്ക്കൊരു നല്ല സുഹൃത്തായിരുന്നു എന്നതും എപ്പോഴോ അയാളോട് എനിയ്ക്ക് പ്രണയം തോന്നി എന്നതിനാലും ആ അനിഷ്ടത്തെ ഞാൻ അവഗണിച്ചു. അതായിരുന്നു ഞാൻ ചെയ്ത തെറ്റും. മനസ് പറയുന്നത് കേൾക്കാതെ പ്രവർത്തിച്ചു. 

അയാൾ ഒട്ടും ഒരു മിതഭാഷിയോ ഗൗരവപ്രകൃതിയോ അല്ലായിരുന്നു. മാത്രമല്ല സ്വയം വലിയ പുലിയാണ്‌ എന്ന രീതിയിലുള്ള ബിൽഡപ്പ് കാണാസൗഹൃദത്തിൽ ഉടനീളമുണ്ടായിരുന്നു. കണ്ട് കഴിഞ്ഞിട്ടും അതിനൊരു കുറവുമില്ലായിരുന്നു. പക്ഷേ പ്രണയത്തിനോടുള്ള ആത്മാർത്ഥതയിൽ ഞാനതെല്ലാം അവഗണിച്ചു. 

നാളുകൾപോകെ പോകെ അയാൾ ഒരു പുലി പോയിട്ട് പൂച്ച പോലുമല്ല എന്ന് ഞാൻ മനസിലാക്കി. എന്നിട്ടും ഞാനതിനെ സാരമില്ല എന്ന് കരുതി. എന്റെ വിധി ഇങ്ങനെയായിരിക്കാം. വിധിച്ചതല്ലേ ലഭിക്കൂ എന്ന് സ്വയം ആശ്വസിച്ചു. അയാളെ കൂടുതൽ കൂടുതൽ പ്രണയിച്ചു. അയാളുടെ കുറ്റങ്ങളും കുറവുകളും എല്ലാം അവഗണിച്ചു. എഞ്ചിനിയറെ ആഗ്രഹിച്ച ഞാൻ വെറുമൊരു ഡിപ്ലോമക്കാരനെ പ്രണയിച്ചു!! 

പലപ്പോഴും അപ്പന്റെ വാക്കുകളിൽ വിറച്ചു നില്ക്കുന്ന അയാളെ കണ്ട് ഞാൻ അതിശയം കൂറി. ഓർമ്മ വെച്ച കാലം മുതൽ അഭിപ്രായസ്വാതന്ത്ര്യം - അത് അച്ഛനോടായാലും അമ്മയോടായാലും ആങ്ങളമാരോടായാലും - അനുഭവിച്ചിരുന്ന എനിയ്ക്ക് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന വ്യക്തിയ്ക്ക് അപ്പന്‌ മുന്നിൽ അഭിപ്രായസ്വാതന്ത്ര്യമില്ലായിരുന്നു എന്നതൊക്കെ സത്യത്തിൽ അത്ഭുതം തന്നെയായിരുന്നു. പുലി പൂച്ചയും പൂച്ച പിന്നെ എലിയും ആകുന്നത് കണ്ടപ്പോഴും മനസ് പറഞ്ഞു ‘നിന്റെ തിരഞ്ഞെടുപ്പ് തെറ്റായിരുന്നു’ എന്ന്. പക്ഷേ ഏറെ ദൂരം പോയതുകൊണ്ടും ഞാനൊരുപാട് വൈകി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടും എല്ലാം അവഗണിച്ച് സ്വീകരിക്കാൻ മനസിനെ സ്വയമൊരുക്കി. എങ്കിലും എന്റെ പ്രണയത്തിൽ ഒട്ടും കുറവ് വരുവാൻ ഞാൻ എന്നെ അനുവദിച്ചില്ലായിരുന്നു. ആത്മാർത്ഥമായിത്തന്നെ, അയാളെ അയാളായിത്തന്നെ കണ്ട് ഞാൻ അഗാധമായി പ്രണയിച്ചു. ഞാൻ ചെയ്ത അടുത്ത തെറ്റ്!!

എങ്കിലും ഒരു ഘട്ടത്തിൽ പിന്തിരിഞ്ഞ് നടക്കേണ്ടി വന്നു. അത് മറ്റൊരു ബന്ധം സമാന്തരമായി കൊണ്ടുപോകുന്നു എന്ന് തെളിവോടെ മുന്നിൽ വന്നപ്പോഴായിരുന്നു. ബാക്കി എന്തും സഹിക്കാമായിരുന്നു ക്ഷമിക്കാമായിരുന്നു അവഗണിയ്ക്കാമായിരുന്നു. പക്ഷേ മറ്റൊരു ബന്ധം... അതെന്നെ പരിഹസിക്കലും അപമാനിക്കലുമാണെന്ന് എനിയ്ക്ക് തോന്നി. ഒരു നവംബറിൽ, “ഇത് ഇവിടെ അവസാനിപ്പിക്കാം” എന്നെനിയ്ക്ക് പറയേണ്ടി വന്നു. കണ്ട്, പ്രണയിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം! 

ഇത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നൈസായി വഞ്ചിക്കപ്പെട്ടതിലെ ഡിപ്രഷൻ ഉണ്ടായിരുന്നു ഏറെക്കാലം. ഒരു കുഞ്ഞ് ആത്മഹത്യാശ്രമവും ഓർത്തെടുക്കാൻ ഇനിയും കഴിയാത്ത രണ്ടാഴ്ചകളും ജീവിതത്തിലുണ്ടായിരുന്നു എന്നതിലപ്പുറം അന്നത് പറഞ്ഞതിൽ ഇന്നും ഖേദമില്ല. രക്ഷപ്പെട്ടതിന്റെ ആശ്വാസമാണ്‌ മുന്നിട്ട് നില്ക്കുന്നതും. 

പക്ഷേ അതെനിയ്ക്കൊരു പാഠമായിരുന്നു. മനസ് പറയുന്നത് മാത്രമേ കേൾക്കാവൂ എന്ന് എന്നിൽ ഊട്ടിയുറപ്പിച്ച പാഠം. എന്തിന്റെ പേരിലായാലും, അതൊരുപക്ഷേ കടപ്പാടായിരിക്കാം, പ്രണയമായിരിക്കാം മറ്റെന്തുമായിരിക്കാം, മനസിനെ അവഗണിച്ച് തുടരാൻ പാടില്ല എന്നത് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠമാണ്‌. 

ആ ഒരു അനുഭവത്തിനു ശേഷം പിന്നീട് ഞാൻ മനസ് പറയുന്നതേ കേൾക്കാറുള്ളൂ. പിന്നെയും പ്രണയാഭ്യർത്ഥനകൾ വന്നു. മനസിൽ സ്പെസിമെനായി അയാളുണ്ടായിരുന്നതുകൊണ്ട് കുറച്ച്, വളരെ കുറച്ച് മാത്രം മുന്നോട്ട് പോകുമ്പോഴേയ്ക്കും അയാളിൽ കണ്ട, അയാൾ പറഞ്ഞ, അയാൾ പ്രവർത്തിച്ച കാര്യങ്ങൾ ഇയാളും ആവർത്തിക്കുന്നത് കാണുമ്പോൾ മനസ് മുന്നറിയിപ്പ് തരുകയായി. “അനൂ.. ഇയാളല്ല നിന്റെ ആൾ....” കാര്യകാരണസഹിതം വസ്തുതകൾ പറഞ്ഞ് മനസ്സിലാക്കി ഞാൻ തന്നെ തിരിഞ്ഞു നടക്കും അന്നേരം. അതിനെ വായനക്കാർ തേപ്പ് എന്നൊക്കെ പറഞ്ഞാലും എനിയ്ക്ക് വിരോധമില്ല. കാരണം ജീവിതത്തിൽ ഡിപ്രഷന്റെ അങ്ങേയറ്റത്തേയ്ക്കും പിന്നീട് ആത്മഹത്യാശ്രമത്തിലേയ്ക്കും എന്നെ നയിച്ച, എനിയ്ക്ക് കിട്ടിയ തേപ്പിനേക്കാൾ വലുതായിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല. മറ്റൊരാൾക്ക് വേണ്ടി ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല.  തുടർന്ന് പോകാൻ സാധിക്കുന്നതല്ല എന്നും അതിനുള്ള കാരണങ്ങളും പറഞ്ഞ് മനസിലാക്കി തന്നെയേ തിരിഞ്ഞു നടന്നിട്ടുള്ളൂ. അവരാരും “മാനസമൈന” പാടി നടക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. 

ഇതിനെല്ലാം ഞാനയാളോടാണ്‌ കടപ്പെട്ടിരിക്കുന്നത്. നന്ദിയുണ്ട് നൈജിൽ...  എങ്ങനെയുള്ള വാക്കുകളിൽ വശംവദയാകരുതെന്ന് മനസിലാക്കി തന്നതിൽ... എങ്ങനെയുള്ള പ്രവൃത്തികളിൽ മോഹിതയാകരുതെന്ന് മനസിലാക്കി തന്നതിൽ... എങ്ങനെയുള്ള വാഗ്ദാനങ്ങളിൽ പ്രലോഭിതയാകരുതെന്ന് മനസിലാക്കി തന്നതിൽ... എല്ലാത്തിലുമുപരി.., എങ്ങനെയുള്ള ഒരാളെ പ്രണയിക്കരുത് എന്ന് മനസിലാക്കി തന്നതിൽ... കൂടാതെ, മനസിന്റെ മുന്നറിയിപ്പുകളെ അവഗണിയ്ക്കരുതെന്ന് ബോധ്യപ്പെടുത്തി തന്നതിൽ നന്ദിയുണ്ട്.., ഏറെ...

ഞാൻ കാത്തിരിക്കുന്നു... എന്റെ സങ്കല്പത്തിലെ പുരുഷനെ... അഞ്ചടി പത്തിഞ്ച് ഉയരവും ഇരുനിറവും ഇത്തിരി ഗൗരവമാർന്ന മുഖവും മിതഭാഷണവും എഞ്ചിനിയറുമായ എന്റെ പുരുഷനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. 

അതിലിനി വിട്ടുവീഴ്ചയില്ല. ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും വിട്ടുവീഴ്ചയില്ല. എന്റെ മനസ് പറയുന്നത് കാത്തിരിക്കാനാണ്‌... അതുകൊണ്ടുതന്നെ, എന്റെ മനസ് പറയുന്നത് ഞാൻ അനുസരിക്കുകയാണ്‌... കാത്തിരിക്കും എത്രനാൾ വേണമെങ്കിലും...