പേജുകള്‍‌

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

തമാശ

1.

എന്റെ ടീനേജുകളിൽ ഞാൻ അപകർഷതയുടെ പടുകുഴിയിൽ വീണു കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വരിതെറ്റിയ, വാ നിറയെ ഉണ്ടെന്ന് തോന്നിക്കുന്ന പല്ലുകൾ എന്നെ വാ തുറന്ന് ചിരിക്കുന്നതിൽ നിന്ന് എന്നും വിലക്കുമായിരുന്നു. ചിരിക്കുമ്പോൾ അറിയാതെ വാ മൂടുക എന്നത് ഒരു യാന്ത്രിക രീതിയായി മാറി.
പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ, എന്റെ പല്ലുകളെ സൂചിപ്പിച്ചുകൊണ്ടെഴുതിയ രണ്ട് താളുകൾ ഞാൻ കീറിക്കളഞ്ഞിട്ടുണ്ട്.
പല്ല് നിരപ്പാക്കുവാൻ കമ്പി കെട്ടിയായിരുന്നു പ്രീ ഡിഗ്രിയ്ക്ക് പോയത്. അപ്പോഴും വാ മൂടിയുള്ള ചിരിയ്ക്ക് മാറ്റമില്ലായിരുന്നു.
ആദ്യകാമുകനാണ്‌ "നിന്റെ പല്ലുകൾ വ്യത്യസ്തമാണ്‌, അഴകുള്ളതാണ്‌, എന്തിനാണ്‌ അതൊക്കെ നിരപ്പാക്കിയെടുക്കുന്നത്. അതാണ്‌ നിന്നെ വ്യത്യസ്തയാക്കുന്നത്" എന്ന് പറഞ്ഞത്. ആ വാക്കുകൾ തന്ന ആത്മവിശ്വാസം ചെറുതല്ലായിരുന്നു. പിന്നെ, പല്ല് നിരപ്പാക്കണം എന്ന ചിന്ത ഉപേക്ഷിച്ചു, ഒപ്പം പല്ലിന്മേലുണ്ടായിരുന്ന വേലിക്കെട്ടും എടുത്ത് ദൂരെ കളഞ്ഞു.
എന്റെ പല്ലുകൾ അതിന്റേതായ ഒരു ഭംഗി നല്കുന്നുണ്ട് എന്ന് ഞാൻ തന്നെ എന്നെ വിശ്വസിപ്പിച്ചു. പതിയെ പതിയെ അപകർഷതയുടെ മൂടുപടം ഞാനങ്ങ് വലിച്ചു കീറിക്കളഞ്ഞു. ചിരിക്കുമ്പോൾ വാ പൊത്താനായുന്ന കൈയ്യിനെ ഞാൻ മനഃപ്പൂർവ്വം വിലക്കി.
ഇന്നും മൊത്തം 28 പല്ലേയുള്ളു എങ്കിലും (രണ്ടെണ്ണം പല്ലിന്‌ വേലികെട്ടി നിരപ്പാക്കാനായി പണ്ടേ പറിച്ചു കളഞ്ഞു. രണ്ടെണ്ണം ഇനിയും വരാനുണ്ട്) കണ്ടാൽ വാ മൊത്തം പല്ലുകളാണ്‌! പക്ഷേ ഇപ്പോൾ അതിൽ അപകർഷതയില്ല. തുറന്ന് ചിരിക്കാൻ വിമുഖതയുമില്ല.
പിന്നീട്, ഞാൻ അപകർഷതയോടെ കണ്ടിരുന്ന എന്റെ അതേ പല്ലുകൾ എന്റെ ഐഡന്റിറ്റി ആയി മാറുകയും ചെയ്തിട്ടുണ്ട്. “പല്ലിന്‌ പ്രത്യേകതയുള്ള കുട്ടി” എന്ന്

2.

ബംഗളൂരു വന്ന കാലത്ത് എനിയ്ക്ക് വല്യ ബോധവും പൊക്കണവുമൊന്നും ഇല്ലായിരുന്നു. “ഓ.. ഇപ്പോ കുറേയുണ്ട്!” എന്ന് ചിന്തിക്കാനില്ല. പണ്ടത്തേതിനേക്കാൾ മാറ്റമുണ്ട്. അതിന്‌ ശരിക്കും പറഞ്ഞാൽ ഗൂഗിൾ പ്ലസ്സിനോടാണ്‌ നന്ദി പറയാനുള്ളത്. അവിടത്തെ ഇടപെടലുകൾ, പല കാര്യങ്ങളും ചിന്തിക്കാനും മാറ്റി ചിന്തിക്കാനും സഹായിച്ചിട്ടുണ്ട്.
വിഷയം അതല്ല, പണ്ടത്തെ ബോധക്കുറവാണ്‌. അന്ന് ഒരു തെലുങ്ക് സുഹൃത്തുണ്ടായിരുന്നു. ഒരു ആൺ സുഹൃത്ത്. (പേരൊക്കെ മറന്നു പോയി. അവനിപ്പം എവിടാണോ ന്തൊ!) അല്പം തടി കൂടുതലായിരുന്നു അവന്‌. ഒരിക്കൽ ഞാനും അവനും മാത്രമുള്ള സംഭാഷണ വേളയിൽ, അവന്റെ തടിയെ കുറിച്ച് ഞാനെന്തോ പറഞ്ഞു. “ചുമ്മാതല്ല നീയിങ്ങനെ തടി വെയ്ക്കുന്നത്” എന്നോ മറ്റോ ആരുന്നു. അതവന്‌ കളിയാക്കലായി തോന്നിക്കാണണം. “യു ക്യാൻ ടീസ് മി പേഴ്സണലി, നോട്ട് മൈ പേഴ്സണാലിറ്റി” എന്നവൻ പറഞ്ഞു.
നിന്നെ കളിയാക്കിയതല്ല, പെട്ടന്നങ്ങ് പറഞ്ഞു പോയതാ എന്ന് ഞാൻ പറഞ്ഞെങ്കിലും, അന്നാണ്‌ ഞാൻ പേഴ്സണലും പേഴ്സണാലിറ്റിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. അതിനു ശേഷം വ്യക്തിപരമായി കൂട്ടുകാർക്കിടയിൽ കളിയാക്കൽ നടത്തുമെങ്കിലും (അവർ എന്നെയും. പലപ്പോഴും ഞാൻ തന്നെ എന്നെ കളിയാക്കുന്നതിന്‌ തുടക്കമിട്ടു കൊടുക്കുമായിരുന്നു ) അവരുടെ പേഴ്സണാലിറ്റിയെ കളിയാക്കാൻ ഞാൻ ഒരിക്കലും മുതിർന്നിട്ടില്ല. അവന്റെ വാക്കുകൾ ഒരു പാഠമായിരുന്നു എനിയ്ക്ക്. പിന്നീട് പലർക്കും പറഞ്ഞു കൊടുക്കാൻ സാധിച്ച ഒരു പാഠം.

2019, ജൂലൈ 10, ബുധനാഴ്‌ച

രണ്ട് സൗഹൃദക്കൂടിക്കാഴ്ചകൾഒരിക്കൽ, വർഷങ്ങൾക്ക് മുൻപ് എന്റെ ആദ്യപ്രണയത്തിന്റെയൊപ്പം അവന്റെ കൂട്ടുകാരനും കൂടി വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ കാണാൻ വീട്ടിൽ വന്നു. അമ്മയെ കാണാൻ അകത്തുകയറിവന്ന അവരെ “അമ്മേ.. ഇത് സഞ്ജു. ഇത് സുന്ദരൻ. എനിയ്ക്ക് ജീവിതം തരാമെന്ന് പറഞ്ഞ് പറ്റിച്ച കശ്മലൻ” എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സഞ്ജുവിന്‌ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലായിരുന്നു. ഞാൻ തന്നെ പറഞ്ഞ്, എന്റെ ആദ്യപ്രണയത്തെ കുറിച്ച് അമ്മയ്ക്ക് നല്ല അറിവാണ്‌!! ആദ്യപ്രണയത്തെ കുറിച്ച് അത്രമേൽ ലളിതമായി അമ്മയോട് പറയാനുള്ള ധൈര്യം കിട്ടാൻ വർഷങ്ങളൊരുപാട് വേണ്ടി വന്നു എന്നതാണ്‌ സത്യം. എന്നും പ്രണയിക്കുന്ന ആളെ കുറിച്ച് അമ്മയോട് അത്ര ലാഘവത്തോടെ പറയുവാൻ എനിയ്ക്കാവില്ലായിരുന്നു. പ്രണയിക്കുന്ന ആളുടെ പേര്‌ പോലും പറയാൻ ഇപ്പോഴും എന്തോ ഒരു വൈക്ലബ്യമാണ്‌. അതെന്താന്നറിയില്ല.

പറഞ്ഞ് വന്നത് അതല്ലല്ലോ.. വിഷയത്തിൽ നിന്നും അറിയാതെ വഴുതിപ്പോയി! സുന്ദരനെ അങ്ങനെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അമ്മ അന്തം വിട്ടു. കൂട്ടത്തിൽ സുന്ദരനും. അവൻ എന്റെ ഭാഗത്ത് നിന്നും അങ്ങനൊരു പ്രവൃത്തി പ്രതീക്ഷിച്ചതല്ലായിരുന്നു! എന്നോ ഒരു വാരാന്ത്യത്തിൽ, കുടിച്ച് ബോധം പോയപ്പോൾ, ഇഷ്ടകൂട്ടുകാരൻ പ്രണയിച്ച്, പിന്നീട് കാലത്തിന്റെ കളികളിൽ കൈവിട്ടു പോയ, ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്ന ആ സ്ത്രീയോടുള്ള സഹതാപം മനസിൽ വഴിഞ്ഞൊഴുകിയപ്പോൾ അവൻ അറിയാതെ ചോദിച്ചു പോയ ചോദ്യമായിരുന്നു “അനൂ.., നിനക്ക് ഞാനൊരു ജീവിതം തരട്ടെ?” എന്ന്! ഭാര്യയും കുഞ്ഞുങ്ങളുമുള്ള ആളാണെന്നതും അവനെനിയ്ക്ക് കൂട്ടുകാരൻ മാത്രമാണെന്നതുമൊക്കെ വെള്ളപ്പുറത്ത് അവൻ മറന്നു പോയിരുന്നു!

അമ്മയോട് ഞാനിക്കാര്യം പറഞ്ഞിരുന്നു. എങ്കിലും അവനെ ഇരുത്തിക്കൊണ്ട് ഒന്ന് ‘ആക്കാൻ’ ഒരു അവസരം കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. അവനങ്ങനെ അവിടെയിരുന്ന് വളയുന്നത് കണ്ടപ്പോൾ ഞങ്ങളെല്ലാം കൂട്ടത്തോടെ ചിരിച്ചു. ‘എന്നാലും, ഇമ്മാതിരിയൊരു ചെയ്ത്ത് എന്നോട് വേണ്ടായിരുന്നു അനൂ... വെള്ളപ്പുറത്ത് പറഞ്ഞ ഒരു അബദ്ധമല്ലായിരുന്നോ അത്?’ എന്നവൻ പിന്നീട് ഞങ്ങൾ മൂന്ന് പേർ മാത്രമായപ്പോൾ ചോദിച്ചു. ‘ഇനി നീ വെള്ളപ്പുറത്തങ്ങനെ പറയരുത്. അതിനിത് ഓർമ്മയുണ്ടായിരിക്കണം’ എന്ന് പറഞ്ഞ് ഞാനത് ലഘൂകരിച്ചു. അമ്മ് എന്ത് പറഞ്ഞു എന്ന് അവൻ അഭിപ്രായമൊന്നും ചോദിച്ചില്ല എങ്കിലും പിന്നീട് അവൻ വിളിച്ചപ്പോൾ അമ്മയുടെ അഭിപ്രായം അതേ പടി ഞാനവനോട് പറഞ്ഞു. ഒട്ടും വെള്ളം ചേർക്കാതെ.

പക്ഷേ വെള്ളം ചേർത്ത് ഒരാളോട് അമ്മയുടെ അഭിപ്രായത്തെ കുറിച്ച് പറയേണ്ടി വന്നു. പിന്നീടൊരു സുഹൃത്ത് അമ്മയെ കാണാൻ വീട്ടിൽ വന്ന സന്ദർഭത്തിൽ. അയാളും വന്നത് അസുഖമായി കിടക്കുന്ന അമ്മയെ കാണാനായിരുന്നു. കൂട്ടുകാരനൊപ്പം. അയാൾ ആദ്യമായി എന്നെ നേരിൽ കാണുന്നു എന്ന കാര്യവുമുണ്ടായിരുന്നു അതിൽ. വയ്യാത്ത അമ്മയെ ആശുപത്രിയിൽ ഏല്പ്പിച്ച് അയാളെ കാണാൻ ഒരു രാത്രിയോളം ട്രെയിൻ യാത്രാദൂരമുള്ള ഇടത്തേയ്ക്ക് അയാളെ കാണാൻ ചെല്ലാൻ അയാൾ നിർബന്ധിച്ചതായിരുന്നു. ‘താങ്കളെ കാണാൻ എനിയ്ക്കത്ര മുട്ടില്ല. എന്റെ അമ്മയെ വല്ലോരേം ഏല്പ്പിച്ച് ഞാനെന്റെ കാമുകനാണെങ്കിൽ പോലും പോകില്ല. പിന്നെയല്ലേ നിങ്ങൾ?!’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. ഏതൊക്കെയോ ‘അടുക്കള’ക്കൂട്ടങ്ങളിൽ, അയാൾ എന്റെ കാമുകനാണെന്ന ഒരു കഥ പരക്കുന്നുണ്ടായിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു അന്നൊക്കെ. അണുവിട തെറ്റാതെ ഇതൊക്കെ ഞാനെന്റെ അമ്മയോടും പറയുന്നുണ്ടായിരുന്നു.

‘നിങ്ങൾക്ക് എന്നെ കാണണമെന്നുണ്ടെങ്കിൽ വേണേൽ എന്റെ വീട്ടിലോട്ട് പോരെ. അവിടെ എന്റെ അമ്മയും ഞാനുമുണ്ട്.’ എന്ന് പറഞ്ഞു ഞാൻ.

അങ്ങനെയൊരു ദിവസം അയാളും കൂട്ടുകാരനും ചേർന്ന് വീട്ടിലെത്തി. “അമ്മേ... ഇതാണ്‌ ... എന്റെ ഹാമുഹൻ” എന്ന് പറഞ്ഞ് അമ്മയ്ക്ക് ഞാൻ പരിചയപ്പെടുത്തി. അമ്മ അയാളോട് സൗഹൃദത്തോടെ സംസാരിച്ചു. കുറച്ചുസമയം കഴിഞ്ഞ് അയാൾ പോയി.

വൈകീട്ട് അയാൾ എന്നെ വിളിച്ചു ചോദിച്ചു “അമ്മ എന്നെ കുറിച്ച് എന്ത് പറഞ്ഞു?”

“അമ്മ നല്ലതാ പറഞ്ഞത്. നല്ല പെരുമാറ്റമുള്ള ആൾ എന്ന് പറഞ്ഞു” ഞാനയാൾക്ക് മറുപടി കൊടുത്തു.

എന്നാൽ സത്യം അങ്ങനല്ലായിരുന്നു എന്ന് ഇപ്പോഴെങ്കിലും പറയണം എന്നൊരു തോന്നൽ. ഇപ്പോൾ അയാൾ എന്റെ സൗഹൃദവൃത്തത്തിലില്ല. അതുകൊണ്ട് തന്നെ പറയാമെന്ന് തോന്നുന്നു. അയാളറിയില്ല എന്നൊരു തോന്നലിൽ.

ചിലരെ സന്തോഷിപ്പിക്കാൻ ചില കുഞ്ഞു നുണകൾക്കാകുമെങ്കിൽ, നുണ പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളായതുകൊണ്ട് മാത്രമാണ്‌ ഞാനന്ന് അയാളോടങ്ങനെ പറഞ്ഞത്. ഇന്നും അതിൽ മനഃസാക്ഷിക്കുത്തൊന്നുമില്ല. പക്ഷേ ചെറിയൊരു കുറ്റബോധണ്ടോ​‍ാന്നൊരു.. 

“മേലാൽ ഇത്തരം ആൾക്കാരെ വീട്ടിൽ കേറ്റിയേക്കരുത്. നിന്റെ സുഹൃത്തായതുകൊണ്ട് മാത്രമാ ഞാനിന്ന് ക്ഷമിച്ചത്. പക്ഷേ ഇനി അങ്ങനൊന്നുണ്ടാകുമെന്ന് നീ പ്രതീക്ഷിക്കണ്ട. കുറുക്കന്റെ മുഖഭാവമാ അയാൾക്ക്” അരിശത്തോടെ അമ്മ പറഞ്ഞു നിർത്തിയത് ഇങ്ങനെയായിരുന്നു. പക്ഷേ എനിയ്ക്കത് അയാളോട് എങ്ങനെ പറയാനൊക്കും?! അതുകൊണ്ട് ഞാൻ ചെറുതായൊരു നുണ പറഞ്ഞു. അതിന്റെ പുറകെ പിന്നെ വന്ന പുകിലുകൾ ധാരാളമായിരുന്നു എങ്കിലും ഇതായിരുന്നു എന്റെ അമ്മയുടെ മനസ് എന്നത് എനിയ്ക്കറിയാവുന്നതുകൊണ്ട് ഒന്നും എന്നെ ബാധിച്ചില്ല.ആർത്തവം

സസ്തനികളായ ജീവികൾക്കെല്ലാം ആർത്തവം ഉണ്ടാകും എന്ന് വായിച്ചറിവുണ്ട്. പണ്ട്, കുട്ടിക്കാലത്ത്, വീട്ടിൽ പൂച്ചകളുണ്ടായിരുന്നപ്പോൾ അതൊന്നും ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. അതിനുള്ള ബോധവും വിവരവും ഒന്നുമില്ലായിരുന്നു എന്ന് പറയുന്നതാണ്‌ ശരി.
കഴിഞ്ഞകൊല്ലം, ബംഗളൂരുവിലെ വാടക വീട്ടിൽ ഒരു പൂച്ചപ്പെണ്ണ്‌ വന്നുകയറി. ആദ്യമാദ്യമൊന്നും പ്രത്യേകിച്ചൊരു ശ്രദ്ധയും കൊടുത്തിരുന്നില്ല. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി, അവൾക്ക് എല്ലാ മാസവും ഒരു രണ്ട് മൂന്ന് ദിവസം വല്ലാത്ത ക്ഷീണവും ഉറക്കവും ശ്രദ്ധയിൽ പെട്ടു. ആ ദിവസങ്ങളിൽ അവൾ അന്തം വിട്ടുറങ്ങും. ഒരു ചെറിയ ശബ്ദം കേട്ടാൽ പോലും ഉണരുന്നവയാണ്‌ പൂച്ചകൾ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഈ ദിവസങ്ങളിൽ അവളുടെ ‘പൂച്ചയുറക്കത്തിന്റെ’ ഒരു വസ്തുതയും കണ്ടില്ലായിരുന്നു. എത്ര വലിയ ശബ്ദം കേട്ടാലും ഉണരാതെ അവൾ ആഴത്തിൽ, അത്രമേൽ ക്ഷീണിതയായി ഉറങ്ങി!
കഴിഞ്ഞ മാസമാണ്‌ തറയിൽ അവിടവിടെയായി രക്തത്തുള്ളികൾ ശ്രദ്ധിച്ചത്. കഴിഞ്ഞ മാസം 14-15-നായിരുന്നു അത്. ആ ദിവസം ഞാൻ ഓർത്തുവെച്ചു. അടുത്ത മാസവും ഇങ്ങനെയുണ്ടാകുമോ, പൂച്ചകളുടെ ആർത്തവചക്രം എത്ര ദിവസമായിരിക്കും എന്നൊക്കെയുള്ള സംശയങ്ങളോടെ.
ഈ മാസം നാലാം തിയതി മുതൽ അവൾക്ക് ക്ഷീണം തുടങ്ങി. ഉറക്കത്തോടുറക്കം. എട്ടാം തിയതി മുതൽ അവളിരിക്കുന്നിടത്ത് രക്തത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഏകദേശം, മനുഷ്യന്റെ പോലെ തന്നെയാണ്‌ പൂച്ചയുടെയും ആർത്തവചക്രം എന്ന് മനസിലായിത്തുടങ്ങി. ഇന്നലെ, തറയിൽ കൊഴുത്ത രക്തം കണ്ടപ്പോൾ ഞാനവളെ പരിശോധിച്ചു. ആർത്തവം തന്നെയാണോ അതോ മറ്റ് വല്ല അസുഖവുമാനോ എന്നറിയുകയായിരുന്നു ഉദ്ദേശം. അവളുടെ യോനിയിൽ നിന്നും രക്തമൊഴുകുന്നത് ഞാൻ കണ്ടു.
ഇന്ന് രാവിലെ നോക്കിയപ്പോൾ രക്തമൊഴുക്ക് കൂടുതലാണ്‌. ഇന്നോ നാളെയോ കൂടി അതുണ്ടാകും എന്നാണ്‌ നിഗമനം.

എലിയും അണ്ണാറക്കണ്ണനുമടക്കം സസ്തനികളായ സകലമാന പെൺ ജീവികൾക്കും ആർത്തവം എന്നത് ഉണ്ട്. അണ്ണാനും എലിയും പൂച്ചയുമൊക്കെ അമ്പലങ്ങളിലും കയറിയിറങ്ങുന്നുണ്ടാകാം. (ബംഗളൂരുവിൽ പട്ടിയടക്കം അമ്പലത്തിൽ കയറും. ആർക്കും അതിൽ പരാതിയില്ല. അവറ്റയും ദൈവത്തിന്റെ സൃഷ്ടികൾ എന്നാണിവിടെയുള്ളവർ ചിന്തിക്കുന്നത്). ചുരുങ്ങിയത്, അമ്പലപരിസരത്തുള്ള എലിയെങ്കിലും അതിന്റെ ഭക്ഷണാവശ്യത്തിനായി അമ്പലത്തിനകത്ത് കയറുന്നുണ്ടാകാം. അതിപ്പം, ലോക്കൽ അമ്പലമാണെങ്കിലും ശബരിമലയാണെങ്കിലും ഗുരുവായൂരാണെങ്കിലും! ദൈവം എന്നൊന്നുണ്ടെങ്കിൽ, അതൊക്കെ മൂപ്പര്‌ അറിയുന്നുമുണ്ടാകും!
ഈ ജീവികൾക്കൊന്നുമില്ലാത്ത അശുദ്ധി എങ്ങനെ മനുഷ്യകുലത്തിലെ സ്ത്രീജന്മങ്ങൾക്ക് മാത്രം വന്നു?! ആരാണത് കല്പ്പിച്ചു നല്കിയത്? എന്നുമുതലാണ്‌ മനുഷ്യകുലത്തിലെ സ്ത്രീ ജന്മങ്ങളുടെ ആർത്തവം അശുദ്ധിയായത്? ഏത് ദൈവമാണ്‌ ആർത്തവം അശുദ്ധിയാണെന്നും ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്നും പറഞ്ഞത്?
മനുഷ്യസ്ത്രീകളുടെ ആർത്തവരക്തത്താൽ അശുദ്ധരാകുന്ന ദൈവങ്ങൾ മൃഗങ്ങളിലെ ആർത്തവരക്തത്താൽ അശുദ്ധരാക്കപ്പെടുന്നില്ലേ? പിന്നെന്ത് കണ്ടിട്ടാണീ മനുഷ്യക്കോമരങ്ങൾ തുള്ളുന്നത്?!!

ഓർമ്മകൾ

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ കാര്യം വായിച്ചപ്പോഴാണ്‌ പണ്ട് എനിയ്ക്കുണ്ടായ അനുഭവം ഓർമ്മ വന്നത്.
അന്ന് എനിയ്ക്ക് ഏഴോ എട്ടോ വയസ്സേ ഉണ്ടാകൂ. കയ്യിലുണ്ടായിരുന്ന ഗോലിക്കായ (അരീസ് കായ) വായിലിട്ട് ഉഴറ്റി നടക്കുന്നതിനിടയിൽ അത് തെരുപ്പിൽ കയറി. ശ്വാസം കിട്ടാതെ അമ്മയെ കെട്ടിപ്പിടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന അരീസ് കായ കാണാതായപ്പോ തന്നെ അമ്മയ്ക്ക് കാര്യം മനസിലായി. പക്ഷേ അമ്മ എന്ത് ചെയ്യാൻ?! ഒരു പറമ്പിനപ്പുറത്തുള്ള പുഷ്പേച്ചിയെ ഉറക്കെ വിളിച്ചു അമ്മ. എനിയ്ക്കാണെങ്കിൽ വാ തുറന്ന പടി, ശ്വാസം കിട്ടാതെ കണ്ണൊക്കെ തള്ളി തള്ളി വരുന്നു. ആ അവസ്ഥ ഇന്നും എനിയ്ക്കോർമ്മയുണ്ട്. കണ്ണിൽ നിന്നും കുടുകുടാ വെള്ളം ചാടുന്നുണ്ട്. അതിനൊപ്പം തന്നെ എന്റെ കണ്ണുകൾ തുറിച്ചു വരുന്നതും ശ്വാസം കിട്ടാതെയുള്ള ആ പിടച്ചിൽ നെഞ്ചിൽ ഏറിവരുന്നതും...
പുഷ്പേച്ചി വിളി കേട്ട് ഓടി വരുന്ന സമയമാകുമ്പോഴേക്കും എന്റെ കാറ്റങ്ങ് മേലോട്ട് പോകും എന്നതുറപ്പാണ്‌.
എന്തുകൊണ്ടോ, എന്റെ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് എന്റെ നെറുകം തലയിൽ അധികം ശക്തമല്ലാതെ, എന്നാൽ തീരെ ദുർബലമല്ലാതെ, കൈപ്പത്തി കുമ്പിളു പോലെയാക്കി തട്ടാൻ തോന്നി. തുറന്നു വെച്ച വായിൽ നിന്നും അരീസ് കായ പുറത്തേയ്ക്ക് തെറിച്ചു.
ഹൊ! അപ്പോൾ കിട്ടിയ ഒരാശ്വാസം! പക്ഷേ ഇന്ന് ചിലപ്പോഴൊക്കെ ഓർക്കും, അന്നങ്ങ് തട്ടിപ്പോയാൽ മതിയാരുന്നു എന്ന്!
അതുപോലെ തന്നെ മറ്റൊരു അനുഭവമുണ്ടായതിലെ കഥാപാത്രവും ഞാൻ തന്നെ. പക്ഷേ വില്ലത്തിയായിരുന്നു എന്ന് മാത്രം. അമ്മ തറവാട്ടിൽ പോയിരിക്കുന്നു. കൂടെ ഞാനും രണ്ടാമത്തെ ഏട്ടനും ഉണ്ട്. കൂട്ടം കൂടി വർത്തമാനം പറയുന്ന അമ്മയുടെ മടിയിൽ ഏട്ടൻ കിടക്കുന്നു. അഞ്ചോ ആറോ വയസ്സായ ഞാൻ നിലത്തൊക്കെ ചുമ്മാ പരതി നടക്കുന്നു. എന്തിനെന്ന് ചോദിച്ചാൽ, വെറുതെ. ഒരു രസത്തിന്‌ എന്നേ പറയാനുള്ളു. വല്ല്യവരുടെ സംസാരം ശ്രദ്ധിക്കുന്ന സ്വഭാവം ഇല്ല, അന്നും ഇന്നും. അപ്പോൾ എന്തെങ്കിലുമൊക്കെ ടൈം പാസ് വേണ്ടേ!!
അങ്ങനെ പരതി നടക്കുമ്പോൾ ഒരു ബാൾസ് കിട്ടി. ബെയറിംഗിനൊക്കെ ഉപയോഗിക്കുന്ന ചെറിയ സാധനം. അത് കിട്ടിയ സ്ഥിതിയ്ക്ക് എവിടെയെങ്കിലുമൊക്കെ നിക്ഷേപിക്കണ്ടേ?! അതിനായി നോക്കിയപ്പോൾ കണ്ടത് അമ്മയുടെ മടിയിൽ കിടക്കുന്ന ഏട്ടന്റെ ചെവി! ഒന്നും നോക്കിയില്ല, അവിടെ തന്നെ നിക്ഷേപിച്ചു. ഞാനാരാ മോള്‌!!
ചെവിയിൽ ബോൾസ് പോയ ഏട്ടൻ പരാക്രമമടിക്കാൻ തുടങ്ങി. കിടന്നിടത്ത് കിടന്ന് പിടയുന്ന ഏട്ടനെ കൗതുകത്തോടെ നോക്കി ഞാനും ഇരുന്നു. വർത്തമാനത്തിൽ മുഴുകിയിരുന്ന അമ്മ ഇതൊന്നും അറിയുന്നില്ലായിരുന്നു. ഏട്ടന്റെ പരാക്രമം സംസാരത്തിന്‌ അലോസരമായപ്പോൾ “അടങ്ങിയിരിക്ക്” എന്നും പറഞ്ഞ് അമ്മ ഏട്ടന്റെ തുടയിൽ ഒറ്റയടി! ചെവിയിലെ ബോൾസ് പുറത്തേയ്ക്ക് തെറിച്ചു. അത് തെറിച്ചു വീണപ്പോൾ മാത്രമാണ്‌ ഇങ്ങനെയൊരു സംഭവം കൊണ്ടാണ്‌ ഏട്ടൻ പരാക്രമമടിച്ചിരുന്നത് എന്ന് അമ്മ മനസിലാക്കിയത്. പിന്നെ അതെവിടന്ന് വന്നു എന്ന ചോദ്യമായി, അതിനുള്ള ഉത്തരമായി. വില്ലത്തിയെ കയ്യോടെ പിടി കൂടി. സത്യം പറഞ്ഞാൽ ശിക്ഷയ്ക്ക് ഇളവുണ്ട് എന്ന ഓഫറുള്ളതിനാൽ ശിക്ഷയൊന്നും കിട്ടിയില്ല.

2019, ജനുവരി 21, തിങ്കളാഴ്‌ച

അവളും അവനും

വേണ്ട എന്നവൾ വിലക്കിയപ്പോൾ

വേണം എന്ന് നടന്നടുത്തത് അവനായിരുന്നു.

അകലരുതേ എന്നവൾ ആവശ്യപ്പെട്ടപ്പോൾ

മറുവാക്ക് പോലും മിണ്ടാതെ നടന്നകന്നതും അവനായിരുന്നു...

2019, ജനുവരി 10, വ്യാഴാഴ്‌ച

വീട്ടുകാരിയായ അതിഥി

പുതിയ വീട്ടിലേയ്ക്ക് മാറിയതിനു ശേഷം ആദ്യമായി നാട്ടിൽ പോയി തിരികെ വന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ഞാനന്ന്. നാട്ടിൽ നിന്നും അമ്മയുണ്ടാക്കി തന്നുവിട്ട മീൻ കറിയും കൂട്ടി രുചിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ്‌ പെട്ടന്ന് കിടപ്പു മുറിയുടെ വാതില്ക്കൽ നിന്നും ഒരു ചോദ്യം “നീയേതാടീ പെണ്ണേ.. നിന്നെ ഇവിടെങ്ങും മുൻപ് കണ്ടിട്ടില്ലാലോ?”

പെട്ടന്നുള്ള ചോദ്യമായതുകൊണ്ട് ഒന്നമ്പരന്നു. ആളെ നോക്കിയപ്പോൾ ഒരു പൂച്ചക്കുറുഞ്ഞ്യാരാണ്‌. 

“ഞാൻ... ഞാൻ.. ഇവിടെ പുതുതായി താമസം മാറി വന്നതാ”

“നിന്നെ വിശ്വസിക്കാൻ കൊള്ളാമോ?”

“അതിപ്പോ... ഞാനെന്ത് പറയാനാ?”

“നീയെന്തൂട്ടാ കഴിക്കുന്നെ? ഇത്തിരിയിങ്ങ് തന്നേ.. വിശന്നിട്ട് കണ്ണുകാണാൻ വയ്യ!”

“ഓ.. ശരി. ഇപ്പോ തരാം”

ഞാൻ ഉണ്ണുന്നത് നിർത്തി വേഗം ഒരു പാത്രം തപ്പിയെടുക്കാൻ അടുക്കളയിലേയ്ക്ക് നീങ്ങി. അടുക്കളയുടെ വാതിലും കിടപ്പുമുറിയുടെ വാതിലും അടുത്തടുത്തായതുകൊണ്ട്, എന്റെ വരവ് കണ്ട് മൂപ്പത്ത്യാരൊന്ന് പേടിച്ചെന്ന് തോന്നുന്നു. വേഗം കട്ടിലിന്റെ കീഴിലേയ്ക്ക് മാറി. ഞാൻ ഒരു പാത്രമെടുത്ത് അതിലേക്കിത്തിരി ചോറുമിട്ട് കിടപ്പു മുറിയുടെ വാതില്ക്കലേയ്ക്ക് നീക്കി വെച്ച് തിരികെ വന്നിരുന്ന് എന്റെ ഭക്ഷണം കഴിപ്പ് തുടങ്ങി.

അന്നേരം അവളും പമ്മി പമ്മി വന്ന് കഴിപ്പ് തുടങ്ങി. 

ആസ്വദിച്ചുള്ള ഭക്ഷണം കഴിപ്പിനിടയിൽ, ഇങ്ങനൊരാൾ വന്ന് ചോറുണ്ണുന്ന കാര്യം ഞാൻ  മറന്നിരുന്നു. അവളാണെങ്കിൽ അവൾക്ക് കിട്ടിയതും കഴിച്ചുതീർത്ത് കിടപ്പുമുറിയുടെ വാതില്ക്കൽ തന്നെ വിശ്രമിക്കാനുമിരുന്നു.  ഊണും കഴിഞ്ഞ് ഞാൻ കൈ കഴുകാനെണീറ്റപ്പോൾ മൂപ്പത്ത്യാര്‌ പിന്നേം പേടിച്ചു. പിന്നെ നോക്ക്യപ്പോൾ ആലാ പരിസരത്ത് പോലുമില്ല. കിടപ്പുമുറിയുടെ ജനലു വഴി ചാടിയോടി മറഞ്ഞു. 
അന്നേരമാണ്‌ വന്ന് കുറച്ചുനാൾ മുതൽ എന്റെ മനസിലുണ്ടായിരുന്ന ഒരു സംശയം മാറി കിട്ടിയത്. ജനലിന്റെ താഴെയുള്ള ചുമരിൽ കുഞ്ഞു കൈ കൊണ്ട് വരച്ച പോലെ രണ്ട് മൂന്ന് പാടുകളുണ്ടായിരുന്നു. പൊടിയാൽ വന്ന പാട്. അതെങ്ങനെ വന്നു എന്ന് ഞാൻ കുറേ കാലം ആലോചിച്ചു നടന്നിരുന്നു. എന്റെ തന്നെ കൈവിരൽ പാടായിരിക്കും എന്ന് ഒടുവിൽ ചിന്തിച്ച് ഞാനതങ്ങ് വിട്ടുകളഞ്ഞു. ഇവളുടെ ഓടി മറയൽ കണ്ടപ്പോഴാണ്‌ അതവളുണ്ടാക്കിയ പാടുകളാണെന്ന് മനസിലായത്. രാത്രി ഞാനുറങ്ങുമ്പോഴും പകൽ ഞാൻ വീട്ടിലില്ലാത്തപ്പോഴുമൊക്കെ അവളുടെ പോക്കുവരവുണ്ടായിരുന്നു എന്ന് ഞാനന്ന് മനസിലാക്കി.

അന്നത്തെ പോക്കിനു ശേഷം പിന്നെ ഞാനവളെ കാണുന്നത് ഒരു ദുഃസ്വപ്നത്തിന്റെ പിന്നാലെയാണ്‌. ഏതോ ഒരു ഭീകരസാന്നിധ്യത്തിന്റെ സന്നിവേശം ഒരു രാത്രിയുടെ ഉറക്കത്തിൽ ഞാനനുഭവിച്ചതിന്റെ പിറ്റേന്ന് രാവിലെ അപ്പുറത്തെ മുറിയിൽ നോക്കിയപ്പോളുണ്ട് മൂപ്പത്ത്യാരവിടെ വിരിച്ചിട്ട കിടക്കയിൽ നിന്ന് ആ മുറിയുടെ ജനൽ വഴി ചാടിയോടുന്നു!!

വേഗം തന്നെ ആ മുറിയിലെ കിടക്ക ചുരുട്ടി വെച്ചു. പിന്നെ കുറേ നാളേയ്ക്ക് അവളെ കണ്ടില്ല.

പിന്നൊരു ദിവസം, രാത്രിയിൽ മുറിയിലെന്തോ ശബ്ദം കേട്ടപ്പോൾ കണ്ണ്‌ തുറന്ന് നോക്കിയെങ്കിലും ഒന്നും കാണാനൊത്തില്ല. വീണ്ടും ഞാൻ മയക്കത്തിലേയ്ക്ക് വീണപ്പോൾ പിന്നെയും ശബ്ദം. പ്രേതകഥ എഴുതാനുള്ള ത്വരയുമായി നടക്കുന്ന കാലമായിരുന്നു അത്. ഉള്ളിലൊരു ഭയം അറിയാതെ കയറി. അരണ്ട വെളിച്ചത്തിൽ, ശബ്ദം വന്നതെവിടെ നിന്നെന്ന് നോക്കുന്നതിനിടയിൽ കുറച്ചു തുറന്ന് കിടന്നിരുന്ന അലമാരയുടെ വിടവിൽ രണ്ട് കണ്ണുകൾ. കിടുങ്ങി വിറച്ചുപോയി. പിന്നെയും നോക്കിയപ്പോൾ ഒരു കുഞ്ഞുമുഖം. “ഹൊ!! നീയാരുന്നോ? ഓഡ്രീ​‍ീ​‍ീ...” എന്ന് ഞാൻ പറഞ്ഞതും അവൾ ജനൽ വഴി ചാടിയോടി. 


ഹാളിലെ ജനാലയ്ക്കരികിലുള്ള ഇരിപ്പിടത്തിലിരുന്ന് ജോലി ചെയ്യുമ്പോഴാണ്‌ അപ്പുറത്തെ പണി തീരാത്ത വീടിന്റെ അരമതിലിൽ വന്നിരുന്ന് ഒരു ദിവസം അവളുടെ വിളി. “പെണ്ണേ... വല്ലതും തിന്നാനുണ്ടോടീ? വിശന്നിട്ട് വയ്യ!” 


ഞാൻ വേഗം പോയി അടുക്കളയിൽ നിന്നും ഒരു കഷ്ണം ബ്രഡെടുത്തുകൊണ്ടു കൊടുത്തു. അവളത് വേഗം കഴിച്ച് തീർത്ത് എങ്ങോട്ടൊ പ്പോയി. പിന്നെ കുറച്ചുനാളെയ്ക്ക് അവളെ കണ്ടില്ല. 

ഒരു രാത്രി, 12 മണി കഴിഞ്ഞു കാണും. ഞാൻ ചുമ്മാ വരാന്തയിൽ നിന്ന്, താഴത്തേയ്ക്ക് നോക്കി നിൽക്കെ, റോഡിലുണ്ടായിരുന്ന ഒരു നായ പെട്ടന്ന് കുരച്ചുകൊണ്ട് അവിടെയുള്ള ഷീറ്റിട്ട വീടിന്റെ കോമ്പൗണ്ടിലേയ്ക്ക് ഓടി വരുന്നു. നോക്കിയിട്ടാണേൽ ഒന്നും കാണുന്നില്ല. തെരുവു വിളക്കിന്റെ വെളിച്ചമുണ്ടെങ്കിലും നിഴലിനായിരുന്നു ആധിക്യം. നായയാണെങ്കിൽ ഒരു സ്ഥലത്തേയ്ക്ക് തന്നെ നോക്കി നിന്ന് കുരയ്ക്കുകയും അവിടെ തന്നെ നിൽപ്പൊരുങ്ങിയില്ലാതെ ഓടിനടക്കുകയും ചെയ്യുന്നുണ്ട്. എന്റെ ആകാംക്ഷ വർദ്ധിച്ചു. സംഭവം എന്താണെന്നറിയണമല്ലോ. വല്ല പ്രേതമോ മറുതയോ ആണോ എന്നറിയണ്ടേ!! ഞാനും അങ്ങോട്ട് നോക്കി നിൽപ്പായി. ഇരുട്ടിൽ എന്തോ സാവകാശം അനങ്ങുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ, നമ്മുടെ കഥാപാത്രമാണ്‌. അവൾ പതുക്കെ പതുക്കെ അടി വെച്ചടിവെച്ച് ഷീറ്റിന്റെ മുകളിലൂടെ അപ്പുറത്തെ വീടിന്റെ ചുവരിന്റെ ഓരം പറ്റി ഒരിടത്തിരുന്നു. നായയാണെങ്കിൽ കക്ഷി പോയതൊന്നും അറിയാതെ നേരത്തേ നോക്കി കുരച്ച ഭാഗത്ത് തന്നെ കുറേ നേരം മണ്ടി നടന്നു. 

ഞാൻ മേലെ നിന്ന് ‘ശൂ ശൂ’ എന്ന് ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധയാകർഷിച്ചു. അവൾ എന്നോട് ‘മിണ്ടല്ലേ’ എന്ന് ആംഗ്യം കാണിച്ച് കണ്ണടച്ചു കാണിച്ചു. ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഇനിയവൾ എന്ത് ചെയ്യും എന്നറിയാനായി നോക്കി നിൽ പ്പ് തുടർന്നു. നായയാണെങ്കിൽ കുറേ നേരം അവിടെ തന്നെ ചുറ്റിപ്പറ്റി നടന്ന് മടങ്ങിപ്പോയി. നായ പോകുന്നതൊക്കെ സുരക്ഷിതമായ സ്ഥാനത്തിരുന്ന് അവൾ നോക്കിക്കാണുന്നുണ്ടായിരുന്നു. എന്നിട്ടും ഒരുറപ്പിന്‌ പിന്നെയും കുറേ നേരം അവൾ അവിടെ തന്നെയിരുന്നു. ആപത്തുകളൊന്നും ഇല്ല എന്ന് വിശ്വാസമായപ്പോൾ അവളവിടെ നിന്ന് നടന്ന് മറഞ്ഞു. ആശ്വാസത്തോടെ ഞാൻ കിടക്കാനും പോന്നു.പിന്നീട് ഇടയ്ക്കിടെ അവൾ വിശക്കുമ്പോഴൊക്കെ എന്റെ ജനലരുകിൽ വന്ന് ചോദ്യമായി. ഞാൻ അവൾക്കായി കരുതി വെച്ച ബ്രഡ് എടുത്ത് കൊടുക്കുകയും ചെയ്തു. പക്ഷേ രണ്ട് മാസത്തിനു മേലെ കുറേ ദിവസങ്ങൾ അവളെ കാണാതായപ്പോൾ എനിയ്ക്കെന്തോ ഒരു വിഷമം. പണി തീരാത്ത വീട്ടിൽ പണിയെടുക്കാനായി കുറച്ചാളുകൾ അക്കാലമൊക്കെയും അവിടെയുണ്ടായിരുന്നു. അതായിരുന്നു അവളുടെ തിരോധാനത്തിന്റെ കാരണവും. അവളെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു ഞാൻ എന്നതായിരുന്നു സത്യം. പണിയെടുക്കാൻ വന്നവർ പണിയൊക്കെ നിർത്തി പോയിട്ടും അവൾ മാത്രം വന്നില്ല. എന്തുപറ്റിയോ എന്തോ എന്നുള്ള ചോദ്യം മനസിനെ അലട്ടിക്കൊണ്ടേയിരുന്നു. ഇനി വല്ല നായയും പിടിച്ച് കുടഞ്ഞുകാണുമോ, വല്ല വണ്ടിയ്ക്കടിയിലും പെട്ടുകാണുമോ.. എന്നിങ്ങനെ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ കറങ്ങി.

അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ജനലരികിലെ അര മതിലിൽ പ്രത്യക്ഷപ്പെട്ടു. “ഇവിടെ അപ്പ്ടി തിരക്കല്ലാരുന്നോടീ.. അതാ ഞാൻ വരാഞ്ഞെ. വല്ലോം തന്നേ നീ.. വിശക്കുന്നു!” 

വേഗം പോയി ഒരു കഷ്ണം കേക്കെടുത്ത് കൊണ്ടു കൊടുത്തു. അതൊരു ചെറിയ കഷ്ണമായിരുന്നു. വേഗം തിന്നുതീർത്ത് അവൾ വീണ്ടും അരമതിൽ കയറിയിരുന്ന് “ഒരു പീസ് കൂടി താടീ... വയറു നിറഞ്ഞില്ല” എന്ന്.

ഞാൻ പിന്നെയും പോയി ഒരു കഷ്ണം കൂടി എടുത്ത് കൊടുത്തു. അതും കഴിച്ച് അവളങ്ങ് പോയി. പിറ്റേന്നും അതിന്റെ പിറ്റേന്നും അങ്ങനെ എന്നും അവൾ വന്നു. ഒടുവിലൊടുവിലായപ്പോൾ ഞാൻ ജനലരികിലിരുന്ന് പണിയെടുക്കും സിനിമ കാണും ടി വി കാണും, അവൾ അരമതിലിൽ തന്നെ കിടന്ന് നല്ല ഉറക്കവും പാസ്സാക്കും. അഞ്ച് മണിയ്ക്ക് ഞാൻ നടക്കാൻ പോകാനായി ജനലടയ്ക്കുമ്പോൾ അവളും എണീറ്റ് അവൾടെ വഴിക്ക് പോകും. ഉച്ച നേരത്ത് വന്നിരുന്ന അവൾ പിന്നെ രാവിലെയും വന്നിരുപ്പ് തുടങ്ങി. അതിനിടയിൽ അവൾ അരമതിലിൽ നിന്നും ചാടി എന്റെ ജനലരുകിൽ വന്നിരുന്ന് കഴിപ്പ് തുടങ്ങിയിരുന്നു. എങ്കിലും അവൾക്കെന്നെ പൂർണ്ണ വിശ്വാസം വന്നിട്ടില്ലായിരുന്നു. തലയിൽ തൊടാനെങ്ങാൻ ഞാൻ കൈ നീട്ടിയാൽ അവൾ തിരികെ അരമതിലിലേയ്ക്ക് ചാടും. അങ്ങനെ അങ്ങോട്ട് ചാടിയും ഇങ്ങോട്ട് ചാടിയും ഞാൻ കൊടുത്തതൊക്കെ കഴിച്ചും വേണ്ടാന്ന് പറഞ്ഞും രണ്ടാഴ്ചയോളം കടന്നു പോയി.  കൊടുത്ത് കൊടുത്ത് കേക്കും ബ്രഡും അവൾക്ക് മട്ടി. എന്റേലുള്ള സ്റ്റോക്കും തീർന്നു. ഇന്നലെ ബാക്കിയുണ്ടായിരുന്ന ഒരു ബ്രെഡ് കൊടുത്തപ്പോൾ “നഹീന്ന് പറഞ്ഞാ നഹീ” എന്നും പറഞ്ഞ് അവൾ മുഖം തിരിച്ചു. 


ഇന്ന് രാവിലെ അവൾ വന്നപ്പോൾ “എന്റേലൊന്നുമില്ല തരാൻ. നിനക്ക് ബ്രഡും കേക്കും പിടിക്കൂലാലോ” എന്ന് ഞാൻ പരിഭവം പറഞ്ഞു. 
“എന്നാ ഞാൻ പോകുകാ”ന്നും പറഞ്ഞ് അവൾ പോയി. 

ഒന്ന് രണ്ടാളുകളെ കാണാനുണ്ടായിരുന്നതുകൊണ്ട് ഉച്ചയോടു കൂടെ ഞാനും വീട്ടിൽ നിന്നിറങ്ങി. തിരികെ വന്നത് അഞ്ച് മണി കഴിഞ്ഞിട്ടാണ്‌. ഒരു ഏഴ് മണിയായപ്പോൾ അവൾ അരമതിലിൽ വന്നിരിപ്പായി. ഞാനവൾക്കായി കുറച്ച് പാലെടുത്ത് വെച്ചിരുന്നു. അവളെ കണ്ടതേ വേഗമൊരു പാത്രത്തിൽ അതെടുത്ത് ജനലരികിൽ കൊണ്ടു വെച്ചു. ജനലരികിലേയ്ക്ക് വേഗം ചാടി വന്ന് അവൾ പാല്‌ കുടിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ പാത്രമെടുത്ത് അകത്തേയ്ക്ക് കൊണ്ടു വന്നു. പാലിന്റെ രുചിയിൽ അവൾ പിന്നാലെ വന്നു. പാത്രം വെച്ച് ഞാൻ വീണ്ടും വന്നിരുന്ന് എന്റെ ജോലി ചെയ്തു. അതിനിടയിൽ അവൾ ആ പാലൊക്കെ കുടിച്ചു തീർത്തു. ഞാനിടയ്ക്കെഴുന്നേറ്റ് അകത്തേയ്ക്ക് പോയപ്പോഴൊന്നും മൂപ്പത്ത്യാർക്ക് ഒരു മൈന്റുമില്ല. പിന്നെ ഞാൻ വന്നിരുന്നപ്പോ തുടങ്ങി മുടിഞ്ഞ സ്നേഹം! കാലിന്മേൽ മുഖമിട്ടുരയ്ക്കുന്നു, ദേഹമിട്ടുരയ്ക്കുന്നു. ആകെ ജഗപൊക. മൂപ്പത്ത്യാര്‌ അകത്തു തന്നെ! 

ഭക്ഷണം കഴിക്കുന്ന നേരമായപ്പോൾ ഞാനാ പാത്രം കഴുകി കുറച്ച് ചോറും മീൻ ചാറും കൂട്ടി കൊടുത്തു. മൂപ്പത്ത്യാര്‌ പതിയെ അതൊക്കെ തിന്നുതീർത്തു. പിന്നെ വാതില്ക്കൽ കുറച്ച് നേരം വിശ്രമം. അത് കഴിഞ്ഞ് പിന്നേം പോയി ബാക്കിയുള്ള ചോറുണ്ണൽ. എല്ലാം തീർന്ന് കഴിഞ്ഞപ്പോൾ എന്റടുത്ത് പിന്നേം മുട്ടാനും ഉരസാനും വരൽ. ഞാൻ കാലൊക്കെ കഴുകി വൃത്തിയാക്കിയതിനാൽ അവളുടെ വരവ് കണ്ടപ്പോഴേ കാലൊക്കെ മേശയിലെ തട്ടിൽ കയറ്റി വെച്ചു. പിന്നെ അവളെ നോക്ക്യപ്പോൾ അവളെന്നെയും നോക്കിയിരുന്ന് ഉറക്കം തൂങ്ങുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ അപ്പുറത്തെ കിടപ്പ് മുറിയിലേയ്ക്ക് പോകുന്നത് കണ്ടു. കുറച്ച് കഴിഞ്ഞ് പമ്മിപ്പമ്മി ഞാൻ ചെന്ന് നോക്കുമ്പോൾ പാവം ചൂലിന്മേൽ സ്വന്തം കിടപ്പ് സ്ഥാനം കണ്ടെത്തി. ഞാനാണേൽ കട്ടിലിന്മേൽ അവൾക്ക് കിടക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ടായിരുന്നു. അന്നൊരു ദിവസം ഞാനോടിച്ചപ്പോൾ എനിയ്ക്കത് ഇഷ്ടമായില്ലെന്ന് മനസിലാക്കിയിട്ടാണോ എന്തോ അവൾ ചൂലിന്റെ മുകളിൽ ആർക്കും ഇഷ്ടക്കേടില്ലാത്ത രീതിയിൽ കാര്യം പരിഹരിച്ചു!


നാളെയാവട്ടെ, അവൾക്കായി ഒരു  ചെറിയ പെട്ടി സെറ്റ് ആക്കി വെയ്ക്കണം. അവളിവിടെ നിന്നോട്ടേലേ...? എനിയ്ക്കും ഒരു കൂട്ടാകൂലൊ. കിടപ്പുമുറിയുടെ ജനൽ കുറച്ച് തുറന്നിട്ടിട്ടുണ്ട്. അവളുടെ ആവശ്യങ്ങൾക്ക് അവൾ പുറത്തേയ്ക്ക് പൊയ്ക്കോളും. ഇനി മുറിയ്ക്കകത്തെങ്ങാൻ അവൾ ‘കാര്യം’ സാധിച്ചാൽ... അതോടെ തീരും അവൾടെ ഇവിടെയുള്ള പൊറുപ്പ് എന്നും പറഞ്ഞ് ഞാൻ നിർത്തുകാ. 2019, ജനുവരി 9, ബുധനാഴ്‌ച

കപ്പൽ ഛേദം

ജലപ്രതലത്തിൽ കുറിച്ചിട്ട കവിത

അത് ജീവിതമായിരുന്നു... സ്വപ്നങ്ങളും