പേജുകള്‍‌

2013, ഏപ്രിൽ 27, ശനിയാഴ്‌ച

"ദൈവത്തിന്റെ പദ്ധതി - THE PLAN OF ALMIGHTY..."

ഇന്ന് എന്റെ പിറന്നാളാണ്.  ജന്മനക്ഷത്രവും ജന്മദിവസവും ഒന്നിച്ചു വരുന്ന  ഏപ്രിൽ 27. മനുഷ്യന്റെ പദ്ധതി അതുപോലെ നടന്നിരുന്നെങ്കിൽ ഇപ്പോൾ (7.30 P.M.) ഞാൻ രാമേശ്വരത്ത് ആത്മബലി എല്ലാം നടത്തി സായൂജ്യമടയേണ്ടതാണ്. 

പക്ഷേ ദൈവത്തിന്റെ പദ്ധതി ആരറിഞ്ഞു... മൂന്നുമാസം മുൻപേ, ജന്മനക്ഷത്രവും ജന്മദിവസവും ഒന്നിച്ചു വരുന്ന 2013 ഏപ്രിൽ 27 - ന് രാമേശ്വരത്ത് പോയി, 'പും എന്ന നരകത്തിൽ നിന്നും ത്രാണനം ചെയ്യുവാൻ പുത്രനോ പുത്രിയോ' ഇല്ലാത്തതിനാൽ സ്വയം ബലിയിടണം എന്ന് തീരുമാനിച്ച് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തു.  

പ്രിയപ്പെട്ട കൂട്ടുകാരനും വരാം എന്ന് പറഞ്ഞതിനാൽ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവിൽ ആ ദിനമണയുവാറായി. സുഹൃത്തിനോട് ചോദിച്ചു, 'അന്ന് നീ പറഞ്ഞതു പ്രകാരം നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് രാമേശ്വരത്തിലേയ്ക്ക്. വരില്ലേ?' 'നിനക്ക് ബലിയിടാനായി ഞാൻ വരില്ല' അവന്റെ മറുപടി. കൂടുതൽ നിർബന്ധിച്ചില്ല. കാരണം രാമേശ്വരം എന്നത് എനിയ്ക്കാ ലക്ഷ്യത്തിനുമാത്രമായിരുന്നു. ആത്മബലിയിടുക, രാമന്റെ ഈശ്വരനായ പരമശിവനെ കണ്ട് 'പുനർജ്ജനി' എന്ന എന്റെ ട്രസ്റ്റിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി പ്രാർത്ഥിയ്ക്കുക. അത്രമാത്രമാണ് ലക്ഷ്യം. 

ഒടുവിൽ, യാത്രയുടെ ദിനം വന്നെത്തി. ഏപ്രിൽ 26. രാത്രി വണ്ടി, സമയം 10.30. പകൽ എന്തുകൊണ്ടൊക്കെയോ കണ്ണുകൾ നിറഞ്ഞൊഴുകി. അകാരണമായൊരു സങ്കടം മനസിൽ തിക്കിമുട്ടുന്നു... കണ്ണുകളിലെ പ്രവാഹത്തെ തടസപ്പെടുത്തിയില്ല. മനസിലെ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം ഒലിച്ചു പോകുന്നതു പോലെ ഒരു തോന്നൽ... ഇനി ഒന്നും വേണ്ട, പുനർജ്ജനിയുടെ ഉന്നമനമല്ലാതെ എന്ന് ആരോ മന്ത്രിയ്ക്കുന്നു. 

യാത്രയ്ക്ക് പുറപ്പെടേണ്ട സമയമായി. 9.30 നു തന്നെ ബാഗുമെടുത്ത് പുറത്തിറങ്ങി. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഇറങ്ങി. യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപേ കൂട്ടുകാരൻ ഒരിയ്ക്കൽ കൂടി ആവശ്യപ്പെട്ടു.. 'ആത്മബലിയിടല്ലേ.. നിന്റെ ഭാവിയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്തെന്ന് നിനക്കറിയില്ല.' മറുപടി പറഞ്ഞില്ല. ദൈവത്തിന്റെ പദ്ധതി എന്താണെന്ന് അറിയാഞ്ഞതിനാലോ ദൈവത്തിന്റെ പദ്ധതി ഇതായിരിക്കാം എന്ന ചിന്തയിലോ മൗനം പാലിയ്ക്കുവാനാണ് തോന്നിയത്. 

10 മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. വണ്ടി വരാനായുള്ള കാത്തിരുപ്പ്. 10.30 ആയിട്ടും വണ്ടി വന്നില്ല. 10.45 ആയപ്പോൾ എതിർദിശയിലേയ്ക്ക് ഒരു വണ്ടി പോയി. പ്രതീക്ഷിയ്ക്കുന്ന വണ്ടി ഏത് ദിശയിലേയ്ക്കാണ് പോകുക എന്നറിയാത്തതിനാൽ ഒരു ആശയക്കുഴപ്പം മനസിൽ... 11 മണിയായിട്ടും വണ്ടി വരുന്നില്ല. ഒടുവിൽ പ്ലാറ്റ്ഫോമിലുള്ള ഒരു കടക്കാരനോട് ചോദിച്ചു. 
'മുംബൈ - നാഗർകോവിൽ' വണ്ടി പോയോ ചേട്ടാ?' 
'മുംബൈ - നാഗർകോവിൽ വണ്ടി ഒരെണ്ണം എതിർദിശയിലേയ്ക്ക് പോയല്ലോ 9.30 - ന്' കേട്ടപ്പോൾ ആശയക്കുഴപ്പം വീണ്ടും അധികരിച്ചു. 
'10.30-ന് ഒരു വണ്ടിയില്ലേ?' 
'അത് രാവിലെ 10.30-നാണ്. അത് രാവിലെ പോയി.' 
'രാവിലെ 10.30-നോ?' 
'അതെ.' 
ടിക്കറ്റ് എടുത്ത് വിശദമായി പരിശോധിയ്ക്കുവാൻ എന്തുകൊണ്ടോ അപ്പോഴാണ് ബോധം വന്നത്. സത്യം. രാവിലെ വണ്ടിയ്ക്കാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്!! കഴിഞ്ഞ മൂന്ന് മാസവും അതേകുറിച്ച് ഞാൻ ബോധവതിയായിരുന്നില്ല!! എന്താലോചിച്ചാണ് ഞാൻ ആ വണ്ടിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നോർത്ത് അതിശയിച്ചു. പതുക്കെ തിരിച്ചു നടന്നു. വീട്ടിലേയ്ക്ക്. മനസിൽ ആശ്വസിച്ചു, പരമേശ്വരന് എന്നെ കാണുവാനുള്ള മനസായിട്ടുണ്ടാവില്ല അതാണ്. ഏതാനും ദിവസം മുൻപ് കണ്ട ഒരു സ്വപ്നം ഓർത്തു പോയി.  (സ്വപ്നം കേട്ട് ചിരിയ്ക്കരുത് എന്ന് അഭ്യർത്ഥന)

എന്റെ വീടിന്റെ കിണറ്റ് കരയിലിരുന്ന്(!!!) ഭഗവാൻ പരമശിവൻ ഞങ്ങൾ ബ്രാൽ എന്ന് വിളിയ്ക്കുന്ന വരാല് മീനിനെ തൊലികളഞ്ഞ് നല്ല ചുവന്ന് രുചികരമായ (അതിന്റെ നിറം കണ്ടാലേ അറിയാം രുചികരമാണെന്ന്!!) മീൻ കറി വെച്ച് പാർവതീദേവിയ്ക്ക് കൊടുക്കുന്നു. 

എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുന്ന പാർവതീ ദേവിയെ പ്രീണിപ്പെടുത്താനുള്ള പരമശിവന്റെ അടവായിരുനു ആ മീൻ കറി. പക്ഷേ അത് കൊണ്ടുകൊടുത്തപ്പോൾ പാർവതി ദേവി അതിലെ കയിലെടുത്ത് (തവി) കോപത്തോടെ ഒറ്റയേറ്!! അത് കണ്ടു നിന്ന എനിയ്ക്ക് അതിലും അരിശം. ഇത്ര സ്നേഹത്തോടെ ഭഗവാൻ പരമശിവൻ നല്ല രുചികരമായ ചൂടു മീൻ കറി കൊണ്ടുകൊടുത്തപ്പോൾ ദേവി പാർവതിയ്ക്ക് ജാഡ. കണ്ടുനിന്ന ഞാൻ അന്നേരം പരമശിവനോട് പറയുന്നു 'കൊടുക്കണ്ടെ മോന്തയ്ക്കിട്ട്  ഒന്ന്' എന്ന്!!(സ്വപ്നങ്ങളൊക്കെ പോകുന്ന പോക്കേയ്...) 

ഉറക്കം തെളിഞ്ഞപ്പോൾ ചിരിയോടൊപ്പം ഞാനപ്പറഞ്ഞത് ദേവി കേട്ടിരിക്കുമോ എന്നൊരു ബാലിശമായ ചിന്തയും വന്നു!! ഇന്ന് ട്രെയിൻ കിട്ടാതെ നിരാശയോടെ തിരിച്ചു പോരുമ്പോൾ മനസ് പറഞ്ഞു, അന്ന് ഞാൻ സ്വപ്നത്തിൽ പറഞ്ഞത് ദേവി കേട്ടിരിക്കുന്നു!! 

'എന്റെ മോന്തയ്ക്കിട്ടടിയ്ക്കാൻ എന്റെ ഭർത്താവിനോട് പറഞ്ഞവളല്ലേ നീ? അങ്ങിനിപ്പം നീയെന്റെ കണവനെ കാണണ്ട' എന്ന് ദേവി ചിന്തിച്ചിരിക്കാം!!

അല്ലെങ്കിൽ 'ഞാനും എന്റെ പത്നിയും തമ്മിലുള്ള വഴക്കിൽ അഭിപ്രായം പറയാൻ നീയാര്? അതുകൊണ്ട് നീയെന്നെ ഇപ്പം കാണണ്ട' എന്ന് ഭഗവാൻ പരമശിവൻ വിചാരിച്ചിരിക്കാം!!!  

എന്റെ ചിന്തകൾ ബാലിശമാണെന്നറിയാം. എങ്കിലും മനസിൽ മറ്റൊന്ന് കൂടി മാറ്റൊലി കൊണ്ടു..'നിന്റെ ഭാവിയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്തെന്ന് നിനക്കറിയില്ല' എന്ന എന്റെ സുഹൃത്തിന്റെ വാക്കുകൾ... അതെ, ദൈവത്തിന്റെ പദ്ധതി.. അതെന്തെന്ന് അറിയില്ല. 

എങ്കിലും ആത്മബലി എന്ന ആശ കൈവിടുന്നില്ല. ജുലായ് 8 എന്ന ദിവസത്തേയ്ക്കായി വീണ്ടും യാത്രയ്ക്കൊരുങ്ങുന്നു... അപ്പോഴും ദൈവത്തിന്റെ പദ്ധതി എന്തെന്ന് അറിയാതെ. പക്ഷേ മനസിൽ ഭാവിയെ കുറിച്ച് ഇപ്പോൾ യാതൊരു പ്രതീക്ഷകളുമില്ല.. പുനർജ്ജനി അല്ലാതെ...

ഇനിയെല്ലാം ഇതുവരെ നടന്നിരുന്നതു പോലെ തന്നെ ദൈവത്തിന്റെ പദ്ധതി പ്രകാരം നടക്കട്ടെ. നല്ലതായാലും ചീത്തയായാലും അതെല്ലാം ശിരസ്സാവഹിയ്ക്കുക എന്നത് മാത്രമല്ലേ നമുക്ക് സാധിയ്ക്കൂ... അല്ലാതെ നമ്മുടെ പദ്ധതികൾക്ക് എന്ത് സ്ഥാനം!!!


അർത്ഥം: മോന്ത = മുഖം

5 അഭിപ്രായങ്ങൾ:

  1. ഇനിയെല്ലാം ഇതുവരെ നടന്നിരുന്നതു പോലെ തന്നെ ദൈവത്തിന്റെ പദ്ധതി പ്രകാരം നടക്കട്ടെ. നല്ലതായാലും ചീത്തയായാലും അതെല്ലാം ശിരസ്സാവഹിയ്ക്കുക എന്നത് മാത്രമല്ലേ നമുക്ക് സാധിയ്ക്കൂ... അല്ലാതെ നമ്മുടെ പദ്ധതികൾക്ക് എന്ത് സ്ഥാനം!!!

    മറുപടിഇല്ലാതാക്കൂ
  2. ഒരു നല്ല അഭിപ്രായം പറയാന്‍ ഒരു നല്ല മനസ്സ് പോലും എനിക്ക് കൈമോശം വന്നിരിക്കുന്നു സോദരീ

    മറുപടിഇല്ലാതാക്കൂ
  3. അതു തന്നെ ഒരു അഭിപ്രായമല്ലേ സോദരാ.... :)

    മറുപടിഇല്ലാതാക്കൂ
  4. സുഷുപ്ത്യാത്‌ ചിന്തയേത്‌ കർമ്മം ഇതി സ്വപ്ന: | ഉറക്കത്തിൽ ചിന്തയാവുന്ന കർമ്മമാണ്‌ സ്വപ്നം | തെറ്റുണ്ടാവാം, കാരണം ഇതെന്റെ വാക്കുകളാണ്‌ :P

    മറുപടിഇല്ലാതാക്കൂ