പേജുകള്‍‌

2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഓർമ്മകളുടെ കോശങ്ങൾ

നമ്മുടെ ചിന്തകളിലെ ചില ഓർമ്മകളുടെ കോശങ്ങൾ മാത്രം തിരഞ്ഞെടുത്ത് നശിപ്പിക്കുവാൻ സാധിയ്ക്കുന്ന സാങ്കേതികവിദ്യ ശാസ്ത്രലോകം വികസിപ്പിച്ചെടുക്കുന്നുണ്ടത്രേ...

അത് വ്യാപകമായി എത്രയും വേഗം നടപ്പിൽ വരുകയാണെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എന്റെ ചിന്തകളിലെ ചില പ്രത്യേക ഓർമ്മകളുടെ കോശങ്ങൾ അവ എന്റെ ജീവിതത്തിലെ സുവർണ്ണകാലമാണെങ്കിൽ പോലും അത്രമേൽ ഗാഢമായും ആഴത്തിലും ഇന്നും നീറ്റി നീറ്റി വേദനിപ്പിക്കുന്നവയായതിനാൽ എന്ത് വില കൊടുത്തും ഞാനവയെ എന്നേയ്ക്കുമായി എന്റെ ചിന്തകളിൽ നിന്നും തിരഞ്ഞെടുത്തു നശിപ്പിച്ചു കളഞ്ഞേനെ...


എല്ലാവർക്കും ഇതുപോലെ എന്നേയ്ക്കുമായി മായ്ച്ച് കളയുവാൻ ആഗ്രഹിയ്ക്കുന്ന ഓർമ്മകളുടെ കോശങ്ങൾ ഉണ്ടാകും എന്നറിയാം. എന്നിരുന്നാലും ഇപ്പറഞ്ഞ സാങ്കേതിക വിദ്യ എന്ന് വ്യാപകമാകും എന്നറിയില്ല. ഒരുപക്ഷേ അത് പ്രചാരത്തിൽ വരുമ്പോഴേയ്ക്കും നമ്മളിൽ ആരൊക്കെ വെറും ഓർമകളായി മാറിയിട്ടുണ്ടായിരിക്കാം!!!

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

പെണ്ണുകാണൽ...

 'നാളെ നിന്നെ പെണ്ണുകാണാൻ ആള് വരുന്നുണ്ട്' എന്ന് അമ്മ പറഞ്ഞപ്പോൾ ഒന്ന് ഒരുങ്ങിയിരുന്നേക്കാം എന്ന് കരുതി. പതിവു പോലെ 'എനിയ്ക്ക് ചെക്കനെ ഇഷ്ടമായില്ല' എന്ന് പറയുവാനാണെങ്കിലും എന്നെ ഇഷ്ടപ്പെടാതെ പോകരുത് എന്നൊരു സ്വാർത്ഥത. 

തലേ ദിവസം തന്നെ അമ്മ ബ്രെയിൻ വാഷ് തുടങ്ങി പതിവുപോലെ...  'വരുന്ന ചെക്കന് ഇഷ്ടമായാൽ ജാതകവും ഒത്താൽ എന്തായാലും വിവാഹം നടത്തും. ഇനിയും ഉഴപ്പാൻ സമ്മതിക്കില്ല. എനിയ്ക്ക് വയസായി. കണ്ണടയ്ക്കുമ്പോൾ നിന്നെ ഭൂമിയിൽ ഒറ്റയ്ക്കാക്കിയിട്ടാണ് പോകുന്നത് എന്ന മനഃസ്താപം ഉണ്ടാകരുത് എനിയ്ക്ക്. എന്റെ കണ്ണടഞ്ഞാൽ പിന്നെ നിന്നെ കുറിച്ച് ഓർക്കുവാനും ദുഃഖിക്കുവാനും ആരും ണ്ടാവില്യ. നിനക്ക് ആരും ണ്ടാവില്യ. ഇപ്പോൾ ഓണത്തിന് നാട്ടിൽ വരുമ്പോൾ ഓർക്കുവാൻ നിനക്ക് നിന്റെ അച്ഛയുണ്ട്. എന്റെ കാലം കഴിഞ്ഞാൽ പിന്നെ നീ ആരെ ഓർക്കുവാൻ നാട്ടിൽ വരും..' അങ്ങിനെയങ്ങിനെ പരിഭവങ്ങളും സങ്കടങ്ങളും കെട്ടഴിച്ച് അമ്മ നിരത്തിക്കൊണ്ടേയിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ശരി എന്ന് തലയാട്ടി. 

നരച്ച തലമുടികളൊക്കെ കറുപ്പിച്ചു. ഏറ്റവും നന്നായി ഇണങ്ങും എന്ന് കരുതുന്ന സാരിയുടുത്തണിഞ്ഞു. കണ്ണുകൾ കറുപ്പിച്ചെഴുതി. പൊട്ട് തൊട്ടു. കാണാൻ കുഴപ്പമില്ല എന്ന് സ്വയം ബോധ്യപ്പെടുത്തി. ചെറുക്കൻ വരുന്നത് കാത്തിരുന്നു.

11 മണിയോടെ പെണ്ണുകാണാനുള്ളവർ വന്നെത്തി. മറഞ്ഞ് നിന്നു നോക്കിയപ്പോൾ ചെറുക്കനായി ആരെയും കണ്ടില്ല. ചായയൊക്കെ കുടിച്ച് അവർ പെണ്ണിനെ കാണാൻ (എന്നെ!!) തിടുക്കപ്പെട്ടു. 'മോളേ..' എന്ന് അമ്മ വിളിച്ചപ്പോൾ ഞാൻ ചെന്നു. അമ്മയുടെ മുഖത്തേയ്ക്കൊന്ന് നോക്കിയപ്പോൾ നിറഞ്ഞ ചിരിയുണ്ടെങ്കിലും എന്തോ ഒരു കറുപ്പ് ആ മുഖത്ത് ഒളിഞ്ഞിരിക്കുന്നത് കണ്ടു. വന്നവരിലൊരാൾ പറഞ്ഞു 'ഇതാണ് ചെക്കൻ'.

നോക്കിയപ്പോൾ ആദ്യം കണ്ടത് അയാളുടെ തിളങ്ങുന്ന കഷണ്ടിയാണ്.(കഷണ്ടിക്കാർ ക്ഷമിയ്ക്കുക)  മനസിൽ എന്തോ അപ്പോൾ കടന്ന് വന്നത് ഏതോ സിനിമയിൽ കണ്ട, മരുഭൂമിയിലൂടെ ഏകനായി അലഞ്ഞു നടക്കുന്ന ഒരു വൃദ്ധന്റെ രൂപമാണ്!! വൃദ്ധന് പകരം, ഒന്ന് വിശ്രമിയ്ക്കുവാൻ പോലും ഇടമില്ലാതെ വിഷമിച്ചു നിൽക്കുന്ന ഒരു പേൻ പിന്നാലെ മനസിലെത്തി!! പേനിനിരിക്കുവാൻ പോലും തണലില്ലാത്ത ഒരു തല!! അമ്മയുടെ മുഖത്തെ നിറപുഞ്ചിരിയ്ക്ക് പുറകിൽ ഒളിച്ചിരുന്ന കറുപ്പ് എന്തായിരുന്നു എന്ന് ഞൊടിയിടയിൽ മനസിലായി.

പെണ്ണുകണ്ട് ബോധിച്ച് വന്നവർ മടങ്ങി. അവർ പടികടന്നു എന്ന് ബോധ്യമായപ്പോൾ ഞാൻ ചിരി തുടങ്ങി. അമ്മയാണെങ്കിൽ ഞാനെന്തോ അപരാധം ചെയ്ത മട്ടിൽ മുഖം വീർപ്പിച്ചു നടക്കുന്നു!!  ഒന്നും മിണ്ടുന്നില്ല. എനിയ്ക്ക് മുഖവും തരുന്നില്ല!! അത് കണ്ടപ്പോൾ എന്റെ ചിരി പതിന്മടങ്ങായി!!! കൂടുതലൊന്നും എനിയ്ക്ക് പറയേണ്ടി വന്നില്ല. ഒരുപാട് ബ്രെയിൻ വാഷിംഗിനൊടുവിൽ നടന്ന ആ പെണ്ണുകാണലിന്റെ പരിസമാപ്തി എന്തായിരിക്കും എന്ന് 'എനിയ്ക്കിഷ്ടമായില്ല' എന്ന പതിവ് പല്ലവി പ്രയോഗിയ്ക്കാതെ തന്നെ എനിയ്ക്ക് മനസിലായി.

എന്തായാലും ആ ഒരു പ്രഹസനം ഒരു യുദ്ധം കൂടാതെ ഒഴിവായതിൽ ഞാൻ ഹാപ്പി. അമ്മ വീണ്ടും എന്റെ ഒറ്റപ്പെടൽ എന്ന മനഃസ്താപത്തിന്റെ നടുക്കടലിലേയ്ക്കും...

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

കരിവൃംഗം ബാധിച്ച ആൾദൈവങ്ങൾ..

എന്റെ തറവാട്ടിൽ കുറേ വല്യമ്മമാരും ചെറിയമ്മമാരും ചില ചേട്ടന്മാരും ഉണ്ട്. ദുർമ്മേദസ്സ് മുറ്റിയ ശരീരവും കറുപ്പ് നിറവുമൊക്കെയായി പൂരത്തിന് ആനകൾ എഴുന്നള്ളുന്നതുപോലെയാണ് എന്തെങ്കിലും കുടുംബാഘോഷങ്ങളിൽ അവർ വരുന്നത് കാണുമ്പോൾ മനസിൽ വരുക. എല്ലാവരും അങ്ങിനെയല്ല. പക്ഷേ ഏതാണ്ടൊരു നല്ല സംഖ്യ വരും അവർ. അവരുടെ മുഖത്തിന് ശരീരത്തേക്കാൾ കറുപ്പ് നിറമാണ്. ദശ വന്ന് മുട്ടി കറുപ്പ് ബാധിച്ച മുഖങ്ങൾ. കാൽപാദങ്ങളാണെങ്കിൽ ആമപ്പുറം പോലെ കറുത്ത് വിണ്ടിരിക്കും. കൂട്ടത്തിൽ ഒരു മുശ്ക് നാറ്റവും ഉണ്ടാകും.

'അതെന്താണമ്മേ അവരുടെ മുഖവും കാലുമൊക്കെ ആ നിറവും രൂപവും?' എന്ന് അമ്മയോട് ചോദിച്ചപ്പോൾ 'അത് അവർ മാംസാഹാരം ഒരുപാട് കഴിയ്ക്കുന്നതുകൊണ്ടാണ്' എന്നാണെന്റെ അമ്മ പറഞ്ഞത്. ശരിയായിരിക്കും എന്ന് മനസ് പറഞ്ഞു. അവരുടെ തീന്മേശയിൽ മാംസാഹാരം ഒഴിഞ്ഞ ദിവസങ്ങളില്ലായിരുന്നു. 100 കിലോ ചിക്കൻ വാങ്ങിയാലും നിമിഷനേരം കൊണ്ട് അത് തീർന്നിരിക്കും. എങ്ങിനെ അത് പോലെ കഴിയ്ക്കാൻ പറ്റുന്നു എന്ന് അതിശയിച്ചിട്ടുണ്ട്. കാൽ കിലോ ചിക്കൻ വാങ്ങിയാൽ പോലും നാല് ദിവസമെടുത്തേ തിന്നു തീർക്കുവാൻ എനിയ്ക്ക് സാധിയ്ക്കുകയുള്ളൂ. മീൻ വാങ്ങിയാലും അങ്ങിനെ തന്നെ. ഒന്നോ രണ്ടോ കഷ്ണത്തിലധികം മീൻ ഒരു നേരം കഴിയ്ക്കുവാൻ സാധിയ്ക്കില്ല. ഇപ്പറഞ്ഞവർക്ക് മീനായാലും ഇറച്ചിയായാലും കഴിച്ചു തീർക്കാൻ നിമിഷങ്ങൾ മതി. അതും പലവിധത്തിൽ വെച്ചതും വറുത്തതും പൊരിച്ചതും എല്ലാം. അതുകൊണ്ടുതന്നെ അവരുടെ മുഖത്ത് കവിളുകളിലും കണ്ണിനു കീഴെയായുമൊക്കെ തൊലിക്കടിയിൽ ഒരു തരം ദശ പോലെ വളർന്ന് കറുപ്പ് അധികരിച്ചു കാണാം. കൂടാതെ കറുത്ത കുത്തുകളും മേമ്പൊടിയായി കാണാം. കാൽപാദങ്ങൾ തടിച്ച് മടക്കുകൾ വന്ന് വിണ്ടിരിക്കുന്നുണ്ടാകും. അവരിലൊരാൾ കവിളിലെ  തൊലിക്കടിയിലെ ദശ ബ്‌ളെയ്ഡ് കൊണ്ട് മുറിച്ച് രക്തമൊലിപ്പിച്ച് ഡോക്ടറുടെ അടുത്ത് പോയി ഡോക്ടറെ പേടിപ്പിച്ചിട്ടുണ്ട്!! കാരണം സ്വന്തം പച്ചയിറച്ചി സ്വയം മുറിച്ച് വന്ന ആളെ അദ്ദേഹം ആദ്യമായി കാണുകയായിരുന്നു!!

പറഞ്ഞു വന്നത് അതല്ലല്ലോ.. അത്തരം കറുപ്പ് നിറവും കാല്പാദങ്ങൾക്ക് മുകളിലെ വിള്ളലുമൊക്കെ മാംസാഹാരം ആവശ്യത്തിലധികം കഴിയ്ക്കുന്നവരിലാണ് കണ്ടിട്ടുള്ളത്.  ഡോക്ടർമാരും അത് ശരി വെയ്ക്കുന്നുണ്ട്. (പലരോടും ചോദിച്ചതിൽ നിന്നും ലഭിച്ച അറിവ്). സന്യാസജീവിതം നയിയ്ക്കുന്നവരോ സന്യാസതുല്യമായ ജീവിതം നയിക്കുന്നവരോ മാംസാഹാരികളായിരിക്കില്ല എന്നാണ് വിശ്വാസം. സസ്യാഹാരമായിരിക്കും അവരുടെ പ്രധാന ഭോജ്യം. അതുകൊണ്ട് തന്നെയായിരിക്കാം, ഇത്തരം കരിവൃംഗമോ ദശയോ ഒന്നും അവരുടെ മുഖത്തോ കാൽപാദങ്ങളിലോ കാണുകയില്ല. ദുർമ്മേദസ്സും ഉണ്ടായിരിക്കില്ല അവർക്ക്. മാത്രമല്ല അവരുടെ മുഖത്ത് ഒരു പ്രത്യേക ചൈതന്യവും ശാന്തതയും ഉണ്ടായിരിയ്ക്കും. അത് സന്യാസികളിൽ മാത്രമല്ല ഒരുവിധം മിക്ക സസ്യാഹാരികളിലും ആ ഒരു പ്രശാന്തത നമുക്ക് കാണുവാൻ സാധിയ്ക്കും.

സന്യാസി എന്ന് സ്വയം അവരോധിച്ച അല്ലെങ്കിൽ ഭക്തരാൽ അവരോധിയ്ക്കപ്പെട്ട ചില ആൾദൈവങ്ങളുടെ മുഖത്ത് ഇപ്പറഞ്ഞ കറുപ്പ് നിറവും ദശക്കട്ടിയും കരിവൃംഗവും കാണാം. പാദങ്ങളും ഇപ്പറഞ്ഞതിൽ നിന്നും വ്യത്യസ്തമല്ല. അതെന്താണങ്ങിനെ? സന്യാസികൾ അഥവാ ആൾദൈവങ്ങൾ ആയ അവരുടെ മുഖം അമിതമാംസാഹാരികളുടെ മുഖം പോലെ ആകുന്നതെന്തുകൊണ്ട്? ശരീരമാണെങ്കിൽ ദുർമ്മേദസ്സിന്റെ കൂടാരവും!! ഒരു യഥാർത്ഥ സർവസംഗപരിത്യാഗിയ്ക്ക് ദുർമ്മേദസ്സും ദശക്കട്ടിയും ഉണ്ടാകുമോ? അടുത്ത് ചെല്ലുമ്പോൾ മുശ്ക് നാറ്റം ഉണ്ടോ എന്നറിയില്ല. കാരണം അത്തരക്കാരെ അടുത്ത് കാണുവാൻ പോയിട്ടില്ല ഇതുവരെയും. അഥവാ അടുത്തുപോയാലും ഒരുപക്ഷേ മുശ്ക് നാറ്റം ഉണ്ടാകില്ലായിരിക്കാം. ചന്ദനവും സുഗന്ധലേപനങ്ങളുമൊക്കെ പുരട്ടി അത് മറയ്ക്കുന്നുണ്ടാകും. പക്ഷേ ഫോട്ടോയിലായാലും നേരിട്ടായാലും കാണുവാൻ സാധിയ്ക്കുന്ന പ്രകടമായ തെളിവുകളാണിത്. എല്ലാ സന്യാസികളും അങ്ങിനെയെന്ന് പറയുന്നില്ല. പക്ഷേ ആൾദൈവങ്ങൾ എന്ന് പറഞ്ഞു നടക്കുന്ന ചിലരിലെങ്കിലും ഇവയൊക്കെ പ്രകടമാണ്. അമിതമാംസാഹാരത്തിന്റെ ലക്ഷണങ്ങൾ!!!  അതെന്താണങ്ങിനെ?!!

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

സ്വന്തം കാര്യം വരുമ്പോൾ...

വർഷങ്ങൾക്ക് മുൻപ് ബാംഗ്‌ളൂരിൽ ഉണ്ടായിരുന്ന ഒരു സുഹൃത്ത്. ഇപ്പോൾ അമേരിക്കയിലാണ്. ഒരു അച്ചായൻ.  ബാംഗ്‌ളൂരിൽ അവൻ ഉണ്ടായിരുന്നപ്പോൾ മലയാളി പെൺകുട്ടികളടക്കം ഉള്ള പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വളരെ അവജ്ഞയോടെ സംസാരിയ്ക്കുമായിരുന്നു.

ഇറുകിയ വസ്ത്രങ്ങൾ, സ്‌ളീവ്ലെസ്സ് വസ്ത്രങ്ങൾ, കഴുത്തിറക്കമുള്ള വസ്ത്രങ്ങൾ, എന്നിങ്ങനെയുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്ന പെൺകുട്ടികളായിരുന്നു പ്രധാനമായും അവന്റെ അവജ്ഞയ്ക്ക് പാത്രമായിരുന്നത്. 'കുടുംബത്തിരിക്കുന്ന വീട്ടുകാർ ഇതൊന്നും അറിയുന്നുണ്ടാകില്ല.' 'ഇവൾക്കൊന്നും ചോദിയ്ക്കാനും പറയുവാനും അച്ഛനും ആങ്ങളമാരുമൊന്നുമില്ലേ?' 'ഇവളുമാരെയൊക്കെ ഇങ്ങിനെ കയറൂരി വിട്ടിരിക്കുകയാണോ ഇങ്ങിനെ നാണവും മാനവും കെട്ട വിധത്തിൽ വേഷം കെട്ടാൻ?' എന്നിങ്ങനെ പലവിധത്തിൽ പോകുന്നു അവന്റെ കമന്റുകൾ. 'അതൊക്കെ അവരുടെ ഇഷ്ടമല്ലേ' എന്ന് ചോദിയ്ക്കുമ്പോൾ അവൻ രോഷം കൊള്ളാറുണ്ടായിരുന്നു!!

അമേരിക്കയിൽ പോയി നല്ലയൊരു ജോലിയൊക്കെ സമ്പാദിച്ചതിനു ശേഷം അവൻ വിവാഹിതനായി. ഇപ്പോൾ ഫെയ്സ്ബുക്ക് എന്ന സോഷ്യൽ സൈറ്റിൽ സ്വന്തം പ്രൊഫൈൽ ആൽബത്തിൽ വളരെ അഭിമാനപൂർവം സ്വന്തം ഭാര്യ സ്‌ളീവ്ലെസ്സ് വസ്ത്രവും ഇറുകിയ വസ്ത്രവുമൊക്കെ ഇട്ട് പോസ് ചെയ്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നു. അതും സ്വന്തം ക്യാമറയിലെടുത്ത ഫോട്ടോകൾ!! അതിശയം തോന്നുന്നു.

എന്തൊക്കെയായിരുന്നു!!! വൃത്തികെട്ടവളുമാർ, നാണം കെട്ടവളുമാർ, തുടങ്ങിയ ആക്ഷേപങ്ങൾ വസ്ത്രധാരണത്തിന്റെ പേരിൽ പെൺകുട്ടികളെ കുറിച്ച് പറഞ്ഞിരുന്ന അവൻ തന്നെയാണോ ഇതൊക്കെ ഇപ്പോൾ അഭിമാനപൂർവം പ്രസിദ്ധീകരിയ്ക്കുന്നത് എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.

സ്വന്തം ഭാര്യയോ അല്ലെങ്കിൽ വേണ്ടപ്പെട്ട മറ്റ് പെൺകുട്ടികളോ അത്തരം വസ്ത്രധാരണം നടത്തുമ്പോൾ അഭിമാനം! മറ്റ് പെൺകുട്ടികൾ അത് ചെയ്താൽ ആക്ഷേപം, അവജ്ഞ!!! ഇതാണ് സ്ത്രീ - പുരുഷഭേദമെന്യേ ഉള്ള മിക്കവരുടേയും നയം.

സ്വന്തം കാര്യം വരുമ്പോൾ എല്ലാം 'ആഹാ ആഹാ..' മറ്റുള്ളവർ ചെയ്താൽ 'കഷ്ടം കഷ്ടം'.

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

പീഡനങ്ങളുടെ പിന്നിൽ...

പണ്ട് സ്കൂളിലേയ്ക്ക് പോകുമ്പോൾ വിദ്യാലയപരിസരത്തായി ഒരു സ്ത്രീയെ കാണുമായിരുന്നു. മാനസിക വിഭ്രാന്തി ബാധിച്ച ഒരു സ്ത്രീ. ചെറുപ്പക്കാരി. കുളിയ്ക്കാതെയും പല്ലു തേയ്ക്കാതെയും മുഴിഞ്ഞ വസ്ത്രങ്ങളുടുത്തും സ്വയം പിറുപിറുത്തുകൊണ്ട് നടക്കുന്ന ഒരു സ്ത്രീ. അവരെ എന്ന് കാണുമ്പോഴും അവർ ഗർഭിണിയായിട്ടായിരിക്കും കാണുക. അല്ലാത്തപ്പോൾ ഒരു കുഞ്ഞ് ഒക്കത്തുണ്ടായിരിക്കും. പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും അവർ ഗർഭിണിയായിട്ടുണ്ടായിരിക്കും.

സാധാരണ മനുഷ്യൻ അടുക്കാൻ ഒന്നറയ്ക്കുന്ന വിധത്തിലായിരുന്നു ആ സ്ത്രീയുടെ രൂപം. മാത്രമല്ല അവർ അടുത്തുകൂടെ പോകുമ്പോൾ മനമ്പുരട്ടലുണ്ടാക്കുന്ന ഒരു നാറ്റവും ഉണ്ടായിരുന്നു. എന്നിട്ടും അവർ വർഷാവർഷം ഗർഭിണിയായി!! അതെങ്ങിനെ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്. വളർന്നപ്പോൾ അതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. പകൽ മാന്യന്മാർ എന്ന് സമൂഹത്തിൽ അംഗീകരിച്ചിരുന്നവരാണ് ആ കുഞ്ഞുങ്ങളുടെ പിതൃസ്ഥാനീയർ എന്ന് അറിയുവാൻ സാധിച്ചു.

ഇപ്പോഴത്തെ സാമൂഹികാവസ്ഥയും അഭിപ്രായങ്ങളുമായി ചിന്തിച്ചു നോക്കിയാൽ.. അവർ ഗർഭിണിയാകുവാൻ കാരണം അവർ സ്ത്രീ ആയതുകൊണ്ടു മാത്രമല്ലായിരിക്കാം. പുരുഷന്മാരെ ആകർഷിയ്ക്കുന്ന വിധത്തിൽ പ്രലോഭനീയമായ വസ്ത്രധാരണം കൊണ്ടുമായിരിക്കാം!!!


സർപ്പശാപത്താൽ എന്ന് വിശ്വസിയ്ക്കുന്ന, ദേഹം മുഴുവൻ ചെതുമ്പലും അടുക്കുവാൻ സാധിക്കാത്ത വിധത്തിൽ ദുർഗന്ധവും ചലം വമിയ്ക്കുന്ന ദേഹവുമുള്ള ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് ഒരു ടി.വി. പരിപാടി കണ്ടു. ആ പെൺകുട്ടിയുടെ മാതപിതാക്കൾ വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു ആ പെൺകുട്ടി. പകൽ വെളിച്ചത്തിൽ ആ കുട്ടിയെ ആരും സമീപിക്കാറില്ല പോലും. അത്രയ്ക്ക് ദുർഗന്ധമാണെന്നാണ്. എന്നിട്ടു പോലും, ആ കുട്ടി താമസിയ്ക്കുന്ന സ്ഥലത്തേയ്ക്ക് രാത്രിയിൽ ആളുകൾ ചെല്ലുന്നു. അവളിലെ സ്ത്രീശരീരം തേടി. നല്ലവരായ ചില നാട്ടുകാരുടെ സംരക്ഷണത്താൽ ആ കുട്ടി അത്തരം അപകടങ്ങളെ തരണം ചെയ്യുന്നു. അത് പറയുംപ്പൊഴത്തെ ആ പെൺകുട്ടിയുടെ കണ്ണുകളിലെ ദൈന്യത ഇപ്പോഴും മനസിൽ നിന്ന് മാഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് അത്തരത്തിൽ ഉള്ള ഒരു പെൺകുട്ടിയ്ക്ക് പോലും ഇങ്ങിനെയുള്ള അനുഭവങ്ങൾ? ആ പെൺകുട്ടിയും പ്രലോഭനീയമായ രീതിയിൽ വസ്ത്രധാരണം നടത്തുന്നതുകൊണ്ടായിരിക്കുമോ? അതോ കാമവെറിയന്മാരുടെ കണ്ണുകളിൽ അവളുടെ സ്ത്രീശരീരം മാത്രം പെടുന്നതുകൊണ്ടോ?

ഒരുവയസു തികയാത്ത പെൺകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത നരാധമന്മാരുണ്ട്. എന്തുകൊണ്ട്? അവർ പെൺശരീരമുള്ളവരായി എന്നതാണോ അതോ മുട്ടിറങ്ങാത്ത കുഞ്ഞുടുപ്പുകൾ ധരിച്ച് പ്രലോഭിപ്പിച്ചു എന്നതുകൊണ്ടൊ? എഴുപത് കടന്ന വൃദ്ധകളും പീഡിപ്പിക്കപ്പെടുന്നു. എന്തുകൊണ്ട്? അവരും പ്രലോഭിപ്പിക്കുന്നുവോ അവരുടെ വസ്ത്രധാരണത്തിലൂടെ? ജീവിത രീതികളിലൂടെ..? 

പെൺകുട്ടികളുടെ വസ്ത്രധാരണവും ജീവിത രീതിയുമാണ് പീഡനങ്ങൾക്ക് കാരണം എന്ന് ആവശ്യത്തിനും അനാവശ്യത്തിനും മുറവിളി കൂട്ടുന്ന പുരുഷകേസരികൾ എന്തുകൊണ്ട് ഇത്തരം കാര്യങ്ങളെ തമസ്കരിയ്ക്കുന്നു?

പെൺകുട്ടികളുടെ നേർക്ക് എന്നതിനുപരി, അവരുടെ വസ്ത്രധാരണരീതികൾക്ക് നേർക്ക് എന്നതിലുപരി സ്വന്തം കാമവെറിയെ നിയന്ത്രിക്കുവാൻ കഴിയാത്ത നരാധമന്മാർക്ക് നേരെയല്ലേ വിരൽ ചൂണ്ടേണ്ടത്? ഓർക്കുക, സ്ത്രീകൾ വെറും ഒറ്റമുണ്ടും  റൗക്കയും മാത്രം ഇട്ടു നടന്നിരുന്ന കാലത്ത് ഇത്രയും വെറി ഉണ്ടായിട്ടില്ല.

2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

സ്നേഹം...

വെറുത്തുകൊണ്ട് സ്നേഹിയ്ക്കുന്നു. സ്നേഹിച്ചുകൊണ്ട് വെറുക്കുന്നു... ഇതെന്താണിങ്ങനെ? എവിടെയാണിതിന്റെ അന്ത്യം...? എന്നാണിതിന് തിരശീല വീഴുക..? അതോ ഇതൊരു അന്ത്യരംഗമില്ലാത്ത തുടർനാടകമോ..?

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പൂൂഹ്ഹ്ഹ.. പൂൂഹ്ഹ്ഹ... എന്ന് കരയുന്ന പക്ഷി


ഫോട്ടോ കടപ്പാട്: മലയാളം വിക്കിപീഡിയ

പൂൂഹ്ഹ്ഹ.. പൂൂഹ്ഹ്ഹ... എന്ന് കരയുന്ന ഒരു പക്ഷിയുണ്ട്. അതിന്റെ പേരെന്താണെന്നൊന്നും അറിയില്ല. രാത്രികാലങ്ങളിൽ അതിങ്ങനെ കരഞ്ഞുകൊണ്ട് പറന്ന് പോകും.

കുത്തിച്ചൂടാൻ എന്നോ കാലൻ കോഴിയെന്നോ ഒക്കെ അതിനെ വിളിയ്ക്കുമെന്ന് തോന്നുന്നു. അതിന്റെ കരച്ചിൽ മരണം വിളിച്ചുവരുത്തുന്നു എന്നാണ് വിശ്വാസം. അർദ്ധരാത്രിയ്ക്ക് ശേഷമായിരിക്കും മിക്കവാറും അതിങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിൽ കരഞ്ഞുകൊണ്ട് പറന്ന് പോകുക. 

കുട്ടിയായിരുന്ന നാളുകളിൽ പല രാത്രികളിലും ഗാഢമായ ഉറക്കത്തിൽ നിന്ന് ആ പക്ഷിയുടെ പൂൂഹ്ഹ്ഹ ശബ്ദം കേട്ട് ഭയന്ന് കണ്ണ് മിഴിയ്ക്കുമ്പോൾ, ദ്വാരങ്ങൾ വീണ് സുതാര്യമായ ഓലപ്പുരയുടെ മുകളിലൂടെ ഒരു വലിയ പക്ഷിയുടെ അവ്യക്തമായ രൂപം കാണാറുണ്ടായിരുന്നു. മനസിൽ ഉയർന്നുയർന്ന് വരുന്ന ഭയത്തെ അടക്കി അമ്മയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് കണ്ണടച്ച് കിടക്കും.

എന്തുകൊണ്ടെന്താണെന്നറിയില്ല, പിറ്റേന്ന് അടുത്തെവിടെയെങ്കിലും ഒരു മരണം നടന്നിട്ടുണ്ടായിരിക്കും. വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്നറിയില്ല എങ്കിലും അന്നൊക്കെ അതിന്റെ ആ കരച്ചിൽ വളരെയധികം ഭയപ്പെടുത്തുമായിരുന്നു. മരണം വിളിച്ചുവരുത്തുന്ന പക്ഷി എന്ന ഭയം...

ഇപ്പോൾ.., ആ പക്ഷിയെ ഒന്ന് കാണണമെന്നും ആ കരച്ചിൽ കേൾക്കണമെന്നും ആഗ്രഹിയ്ക്കാറുണ്ട്. പക്ഷേ വളരെയധികം വർഷങ്ങളായി അതിന്റെ കരച്ചിൽ കേൾക്കാറില്ല. ഞങ്ങളുടെ വീട്ട്പറമ്പിലെ ആഞ്ഞിലിയിന്മേലായിരുന്നു പണ്ട് അത് താമസിച്ചിരുന്നത്. അതിനെ ഓടിച്ചു കളയുവാൻ പലരും അന്ന് ശ്രമിച്ചു എങ്കിലും അത് അവിടം വിട്ട് പോകാൻ തയ്യാറായില്ലായിരുന്നു.

പക്ഷേ ഇപ്പോൾ അത് അവിടെ ഇല്ല. ചത്ത് പോയിരിക്കാം ഒരുപക്ഷേ. അതല്ല എങ്കിൽ അതിനെ ആർക്കും പേടിയില്ല എന്ന് മനസിലാക്കി പറന്ന് പോയിരിക്കാം മറ്റെവിടേയ്ക്കെങ്കിലും.

എങ്കിലും, കുഞ്ഞുനാളുകളിൽ ഒരുപാട് ഭയപ്പെടുത്തിയ ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കുവാൻ തോന്നുന്നു... വെറുതെ...

എഴുത്തിലെ കണ്ടറിവുകളും കേട്ടറിവുകളും പിന്നെ അനുഭവങ്ങളും...

കഴിഞ്ഞ രണ്ട് പോസ്റ്റുകളാണ് ഈ കുറിപ്പിനാധാരം.

എഴുതുന്നവയെല്ലാം സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളുമാണോ എന്ന് ചോദിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യുന്നു ചിലരൊക്കെ!! എഴുതുന്നവർ സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളും മാത്രമേ എഴുതാവൂ എന്നൊരു അലിഖിത നിയമം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. എല്ലാം അനുഭവിച്ചറിഞ്ഞ ആളാണെങ്കിൽ അവർ ദൈവത്തിനു തുല്യമാകില്ലേ??!!
ഇക്കണക്കിന് മരണത്തെ കുറിച്ചെഴുതിയവരെല്ലാം മരണം അനുഭവിച്ചറിഞ്ഞവരാണെന്ന് പറയുമല്ലോ ഇക്കൂട്ടർ!!!

എഴുത്തിൽ ആത്മാംശം ഉണ്ടാകില്ല എന്ന് പറയുവാൻ സാധിയ്ക്കില്ല. ഒരു കേൾവിക്കാരിയുടെ ഭാഗമെങ്കിലും സ്വന്തമായി എഴുത്തുകാർക്കുണ്ടാകും എന്ന് വായനക്കാരിൽ ചിലർ ചിന്തിക്കുന്നില്ല എന്നതാണ്. കേട്ടറിവുകൾക്കും കണ്ടറിവുകൾക്കും എഴുത്തിൽ സ്ഥാനമുണ്ട് എന്ന് പലരും മനസിലാക്കുന്നില്ല. പലരും പറയുവാൻ മടിയ്ക്കുന്നത് എഴുതുന്നതുകൊണ്ട് അവയെല്ലാം എഴുതുന്നവരുടെ സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളുമാണെന്ന് കരുതുന്നത് വിഢ്ഢിത്തമാണെന്നേ ചിന്തിക്കുവാൻ സാധിയ്ക്കൂ.

വായനയുടെ തുടക്കത്തിൽ അങ്ങിനെ ഒരു ആശയക്കുഴപ്പം അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. പിന്നെ, ഭാവനകൾക്കും കണ്ടറിവുകൾക്കും കേട്ടുകേൾവികൾക്കും അനുഭവങ്ങൾക്കും എല്ലാം എഴുത്തിൽ വളരെയധികം പ്രാധാന്യമുണ്ട് എന്ന് മനസിലാക്കി. എങ്കിലും ചിലപ്പോഴൊക്കെ, എഴുതുന്നത് സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളുമാണെന്ന് ഉറച്ച് വിശ്വസിച്ച് മറ്റുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ... അവരുടെ അജ്ഞതയിൽ സഹതാപം തോന്നുന്നു. വിഢ്ഢിക്കുശ്മാണ്ഡങ്ങൾ എന്ന് പറയുന്നത് അത്തരക്കാരാണോ എന്തോ..??!!

കടപ്പാട്: വായിച്ചതെല്ലാം എഴുതിയ ആളുടെ സ്വാനുഭവങ്ങളും തീരുമാനങ്ങളുമാണെന്ന് വിശ്വസിയ്ക്കുന്ന അജ്ഞരായ വായനക്കാരോട്...