പേജുകള്‍‌

2011, മേയ് 30, തിങ്കളാഴ്‌ച

എന്റെ കൂബി അഥവാ സ്കൂബികഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഉച്ചയ്ക്ക് ശേഷമാണു അവൻ എന്റെയടുത്ത് വരുന്നത്. വളരെ അവശനായി നേരെ നടക്കുവാൻ ത്രാണിയില്ലാതെ ആടിയാടി വന്ന ഒരു കുഞ്ഞു പട്ടിക്കുട്ടി. അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന കുറച്ച് മീൻ‍ചാറിൽ ചോറിട്ടിളക്കി ഞാൻ അവൻ കൊണ്ടുകൊടുത്തു. റോഡ് സൈഡിൽ ഒരു കല്ലിന്മേൽ ചോറു കൊണ്ടിട്ടു കൊടുത്തപ്പോൾ അവനെന്നെ തല ചരിച്ചൊന്ന് നോക്കി. കണ്ണുകളിൽ നിറയെ നിഷ്കളങ്കത മുറ്റി നിൽ‍ക്കുന്ന നന്ദിപ്രകാശനമായിരുന്നു.
പതിവു പോലെ (സാധാരണ ഇത്തരം അവസരങ്ങൾ എനിയ്ക്കുണ്ടാകാറുണ്ട്. ഭക്ഷണം കഴിഞ്ഞാൽ അവറ്റ അവയുറ്റെ പാട് നോക്കി പോകാറാണു പതിവ്) അവനും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എങ്ങോട്ടെങ്കിലും പൊയ്ക്കോളുമെന്ന് കരുതി ഞാൻ എന്റെ മുറിയിലേയ്ക്ക് കയറി പോന്നു.

പക്ഷെ എന്റെ കണക്ക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ പടിക്കെട്ടുകൾ കയറി (എന്റെ മുറി ഒന്നാം നിലയിലാണു) മുകളിൽ എന്റെ മുറിയ്ക്ക് മുന്നിൽ എത്തി. നായ്ക്കുട്ടികളെ അകലെ നിന്ന് സ്നേഹിക്കാനേ എനിക്കിഷ്ടമുള്ളൂ എന്നതിനാൽ ബഹളം വച്ച് അതിനെ ഓടിച്ചു വിടാൻ ഞാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്തെന്നറിയാതെ വളരെ നിഷ്ക്കളങ്കമായി അവൻ എന്നെ നോക്കി നിന്നു. 'ഇവളിതെന്തിനാ കെടന്ന് കീറുന്നെ?' എന്നൊരു ഭാവം അവന്റെ മുഖത്ത്.
ഒപ്പം മുഖത്തൊരു ദാരുണഭാവവും. അത് കണ്ടപ്പോൾ എനിയ്ക്ക് അലിവ് തോന്നി. വരാന്തയിൽ ഉള്ള കട്ടിലിന്റെ കീഴിൽ അവൻ കിടന്നോട്ടെ എന്ന് ഞാൻ കരുതി. ഞാൻ അങ്ങിനെ ചിന്തിക്കുന്നതിനും മുൻപ് തന്നെ അവൻ അവിടെ സ്ഥാനം പിടിച്ചിരുന്നു. വാങ്ങുന്ന പാലിന്റെ ഒരു പങ്ക് ഞാൻ അവനും നൽ‍കി. 'പാവം'!! എന്ന് ഞാൻ മനസിൽ ചിന്തിക്കുകയും ചെയ്തു. അന്നു രാത്രി ഒരു ഞീളിക്കരച്ചിൽ കേട്ടുകൊണ്ട് ഞാൻ ഞെട്ടിയുണർന്നു. അത് പുറത്ത് കട്ടിലിൻ ചുവട്ടിൽ നിന്നാണെന്ന് മനസിലായപ്പോൾ ഞാൻ ചെന്ന് നോക്കി. കുഞ്ഞൻ പട്ടി തണുപ്പ് സഹിക്കാതെ ഞീളുകയാണു. ഒരു പഴയ ടി-ഷർട്ട് ഞാൻ അവനിട്ടു കൊടുത്തു. അവൻ ഹാപ്പി, ഞാനും. പിന്നെ യാതൊരു പ്രശ്നവുമില്ലാതെ അവൻ കിടന്നുറങ്ങി. രാവിലെ അവനു പാലൊക്കെ കൊടുത്ത് ഞാൻ എന്റെ ജോലികളുമായി തിരക്കിലായി.കുഞ്ഞനെ ശ്രദ്ധിക്കാനേ ഞാൻ മറന്ന് പോയി. വാതിലിൽ ഒരു മുട്ട് കേട്ടിട്ടാണു പിന്നെ ഞാൻ വാതിൽ തുറക്കുന്നത്. അപ്പൊഴതാ വീട്ടുടമസ്ഥൻ അങ്കിൾ മുന്നിൽ. കാര്യം തിരക്കിയപ്പോൾ അങ്കിൾ പറഞ്ഞു 'അമ്മാ നീങ്ക അന്ത പട്ടിയെ കെട്ടിയിടുങ്കോ. ഇത് പാരു, അവൻ അന്ത അടുത്ത വീട് വാസൽ മുന്നാടി രണ്ട് പോട്ടിരുക്കേ. നീങ്ക അവനെ വളർത്തത്ക്ക് മുടിവ് പണ്ണിയിറിക്കേനാൽ കെട്ടിയിടുങ്കോ. ഇല്ലേനാൽ എങ്കെയാവത് കളയുങ്കോ'. അങ്കിളിന്റെ തമിഴ് എങ്ങിനെയൊക്കെയൊ മനസിലാക്കി ഞാൻ അടുത്ത വീടിനു മുന്നിൽ ചെന്നു നോക്കി. അവിടെ ശ്രീമാൻ കുശാലായി് 'രണ്ടും' തീർത്ത് 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ കട്ടിലിന്റെ കീഴിൽ കിടന്നുറക്കമാണു. അവനെ വളർത്താൻ എനിക്ക് പ്ലാൻ ഇല്ലാത്തതിനാൽ ഞാൻ അവനെ തൂക്കിയെറ്റുത്ത് നടന്നു വല്ലയിടത്തും കൊണ്ട് കളയുവാൻ പറ്റുമോ എന്നും നോക്കി.


റോഡിലെത്തിയപ്പോൾ ഞാൻ അവനെ താഴെയിറക്കി. ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്റെ പിന്നാലെ കുണുങ്ങി കുണുങ്ങി അവനും. കുറച്ച് നടന്നപ്പോൾ ഞാൻ നടപ്പിനു വേഗം കൂട്ടി. എന്റെയൊപ്പം നടന്നെത്താൻ പാടുപെട്ടുകൊണ്ട് അവനും. തിരിഞ്ഞു നോക്കാതെ ഞാൻ നടക്കുമ്പോൾ പിന്നിലായി അവന്റെ രോദനം, ഒപ്പം കുറെ പട്ടികളുടെ കുരയും. ഞാൻ നോക്കുമ്പോൾ അവനെ പന്ത് തട്ടുകയാണു കുറെ കില്ലപ്പട്ടികൾ. അവരുടെ അതിർത്തിയിൽ അതിക്രമിച്ചുകടന്ന കുഞ്ഞനെ കൈകാര്യം ചെയ്യുകയാണവർ. ഞാൻ ഓടിച്ചെന്ന് അവനെ തൂക്കിയെടുത്തു. (അന്ന് അവനെ കൈകാര്യം ചെയ്തപ്പോൾ ഞാൻ തടസ്സം പിടിച്ചതിലുള്ള കലി അവരിലൊരു പട്ടിയ്ക്ക് ഇന്നും എന്നോടുണ്ട്. പള്ളിമുറ്റത്തുള്ള പട്ടിയെ പേടിച്ച് ഇപ്പോൾ പള്ളിയിൽ പോലും പോകാൻ എനിയ്ക്കൊരു ധൈര്യക്കുറവാണു!!)
പിന്നീടുള്ള എന്റെ ശ്രമം അവനെ ദൂരെയെവിടെയെങ്കിലും കൊണ്ട് കളയുവാനായിരുന്നു. വണ്ടിയുമെടുത്ത് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ അവനെ ഒരിടത്ത് കൊണ്ടിട്ടു പോന്നു. പോരുമ്പോൾ പാവം എന്നൊരു ചിന്ത എന്റെ മനസിൽ കടന്നുപോയെങ്കിലും ഞാൻ തിരിഞ്ഞു നോക്കാതെ വണ്ടിയോടിച്ച് പോയി. അവനെ കളഞ്ഞതിലുള്ള വിഷമം മറക്കുവാനായി ഞാൻ എന്റെ സുഹൃത്തിന്റെയൊപ്പം ചുമ്മാ ഒന്നുകറങ്ങിയടിച്ച് മുറിയിലെത്തി. മുറിയുടെ മുന്നിലെത്തിയപ്പോളതാ 'പറ്റിച്ചേയ്..!!' എന്ന ഭാവത്തിൽ വാലുമാട്ടി കുഞ്ഞൻ!!


എനിയ്ക്ക് ചിരിയ്ക്കണോ കരയണോ എന്നറിയാത്ത ഭാവം. ഇത് കണ്ട് എന്റെ സുഹൃത്ത് ചിരിയോ ചിരി. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ ഞാൻ വീണ്ടും അവനെയും തൂക്കിയെടുത്ത് നടപ്പ് തുടങ്ങി. മതിൽ കെട്ടി തിരിച്ച ഒരു ഒഴിഞ്ഞ പറമ്പിൽ അവനെ ഞാൻ കൊണ്ടിട്ടു. മതിൽ ചാടി വരുവാൻ അവനു കഴിയില്ല എന്ന വിശ്വാസവും എനിയ്ക്കുണ്ടായിരുന്നു.

കുറച്ച് ബ്രെഡ് കഷ്ണം അവനു തിന്നാൻ ഇട്ടുകൊടുത്ത് ഞാൻ എന്റെ മുറിയിലേയ്ക്ക് പോന്നു. എനിക്ക് വരാന്തയിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരമെയുള്ളൂ ഒഴിഞ്ഞ പറമ്പിനു. അവന്റെ കരച്ചിൽ എനിയ്ക്ക് കേൾക്കാമായിരുന്നു. രാത്രി മുഴുവൻ ഞാൻ അത് കേട്ടു. ഉറങ്ങാൻ സാധിയ്ക്കാത്തത്ര ഒരു കുറ്റബോധം എന്നെ ത്രസിച്ചു. നേരം വെളുത്തപ്പോൾ ഞാൻ അവിടെ ചെന്ന് നോക്കി. അവൻ ഒരു വള്ളിയിൽ തൂങ്ങിക്കിടക്കുന്നു. എന്തോ ഭാഗ്യത്തിനു അന്ന് പറമ്പിൽ പണിയെടുക്കാൻ ഒരാൾ വന്നിരുന്നു. അയാളോട് ഞാൻ പറഞ്ഞു വള്ളിയിൽ നിന്നും അവനെ താഴെയിറക്കൂ എന്ന്. അയാൾ അവനെ എടുത്ത് റോഡിലേയ്ക്കിട്ടു. വീണ്ടും അവൻ എന്റെയടുത്ത്!!! മനസാക്ഷി സമ്മതിയ്ക്കാഞ്ഞതുകൊണ്ട് അവനെ കളയാതെ ഞാൻ എന്റെ കൂടെ കൂട്ടി. ഒരു മുണ്ടിന്റെ തല കീറി അവനു ഞാൻ കഴുത്തിൽ ബെൽറ്റ് കെട്ടി. മുണ്ടിന്റെ കഷ്ണം കൊണ്ടു തന്നെ അവനു ചങ്ങലയും ഉണ്ടാക്കി കട്ടിലിൻ കാലിന്മേൽ കെട്ടിയിട്ടു. അതിനു ശേഷം അവൻ എന്നോടൊപ്പമുണ്ട്.
അവനു ഞാൻ പേരുമിട്ടു, സ്കൂബി. വിളിയ്ക്കാൻ എളുപ്പത്തിനു ഞാൻ അവനെ കൂബി എന്നു വിളിയ്ക്കും. സ്നേഹം കൂടുമ്പോൾ കൂപ്രാണി എന്നും കൂബിക്കുട്ടാ എന്നും വായിൽ തോന്നുന്ന രീതിയിൽ വിളിയ്ക്കും. ഞാൻ എന്ത് വിളിച്ചാലും അവൻ വിളി കേൾക്കും. ഒരേ കെട്ടിടത്തിൽ താമസിയ്ക്കുന്ന സുഹൃത്തിനെ ഏൽ‍പിച്ച് ഞാൻ വല്ലപ്പോഴും നാട്ടിൽ പോയാൽ ഞാൻ തിരിച്ചെത്തുവോളം അവൻ കരഞ്ഞുകൊണ്ടേയിരിക്കും എന്ന് വീട്ടുടമസ്ഥന്റേയും സുഹൃത്തിന്റേയും സാക്ഷ്യപ്പെടുത്തൽ. അതിനാൽ ഞാനിപ്പോൾ നാട്ടിലേയ്ക്ക് അധികമൊന്നും പോകാറില്ല. അഥവാ പോയാൽ തന്നെ രണ്ടോ മൂന്നോ ദിവസത്തിലധികം നിൽ‍ക്കില്ല.
ഉറക്കം വരാത്ത രാത്രികളിൽ പുലർച്ചെ രണ്ടു മണിയ്ക്കും മൂന്നു മണിയ്ക്കുമൊക്കെ വരാന്തയിൽ ഞാൻ ഉലാത്തുമ്പോൾ അവനും എഴുന്നേറ്റ് എനിയ്ക്ക് കൂട്ടിരിക്കും. എന്റെ സംസാരം മുഴുവൻ തല ചരിച്ചു പിടിച്ച് എല്ലാം മനസിലാക്കുന്നുണ്ടെന്ന മട്ടിൽ അവനിരിക്കും. ഇപ്പോൾ അവനാണെന്റെ കൂട്ട്.
പടക്കം പൊട്ടുമ്പോഴും ചെണ്ട കൊട്ട് കേൾക്കുമ്പോഴും മാത്രമേ അവനു എന്റെ കൂട്ടാവശ്യമുള്ളൂ. അതും വാതിൽ തുറന്നിട്ടു കൊടുത്താൽ മതി. അവൻ അകത്ത് വാതിൽക്കൽ തന്നെ ചുരുണ്ടുകൂടിക്കോളും.
രാത്രികാലങ്ങളിലെ എന്റെ അകാരണഭയത്തെ അവനിപ്പോൾ അകറ്റുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ എനിയ്ക്ക് കൂട്ടിരുന്നു കൊണ്ട്. അവനാണിപ്പോൾ എന്റെ നല്ല സുഹൃത്ത്. എന്റെ കൂബി അഥവാ സ്കൂബി.
ബാക്കിപത്രം: ഇപ്പോൾ അവൻ എന്റെ കൂടെയില്ല. ചില നിവൃത്തികേടുകൾ കൊണ്ട് എനിയ്ക്കവനെ മൃഗസംരക്ഷണക്കാരെ ഏൽപ്പിയ്ക്കേണ്ടി വന്നു. പക്ഷേ അതിനു ശേഷം ദുസ്സഹമായ ഏകാന്തതയുടെ തടവിലാണ് ഞാൻ... അവന്റെ ഓർമ്മകൾ എന്നെ എന്നും കരയിയ്ക്കുന്നു... ഒന്നും ആഗ്രഹിയ്ക്കാതെ എന്നെ സ്നേഹിയ്ക്കുക മാത്രം ചെയ്ത എന്റെ കൂബി...