പേജുകള്‍‌

2012, ഡിസംബർ 26, ബുധനാഴ്‌ച

ക്രിസ്തുമസ് ദിനം

ഒരു ക്രിസ്തുമസ് ദിനം കൂടെ കടന്നു പോയി. വർഷങ്ങൾക്ക് മുൻപ്  കണ്ട കാഴ്ചകളുടെയും കാണാത്ത കാഴ്ചകളുടെയും ഓർമ്മകളിലൂടെ  പതിവുപോലെ തനിച്ചൊരു സഞ്ചാരം... കൈപ്പറ്റാത്ത ഒരു സമ്മാനം കൂടി... മറക്കാൻ ഏറെ ശ്രമിച്ചിട്ടും പരാജയപ്പെടുന്ന ദിനം...

2012, ഡിസംബർ 17, തിങ്കളാഴ്‌ച

അയാൾ...

അയാളെ അറിഞ്ഞപ്പോൾ മുതലേ,    അവളുടെ ഒപ്പം ഉണ്ടായിരുന്നപ്പോഴെല്ലാം അയാൾ അങ്ങിനെയായിരുന്നു! ആദ്യം അയാൾ അയാൾക്ക് എന്നോ നഷ്ടപ്പെട്ട ഒരുവളെ കുറിച്ചാലോചിച്ച് അവളെ മറന്നു.

പിന്നീട് അവൾ കൂടെയുണ്ടായിരുന്നപ്പോൾ, അയാൾക്ക് നഷ്ടപ്പെടാനിടയായേക്കാവുന്ന ഒരുവളെ കുറിച്ചാലോചിച്ച് വീണ്ടും അവളെ മറന്നു. അവൾ ഒരിയ്ക്കലും അയാളുടെ ഓർമ്മകളിൽ ഉണ്ടായിരുന്നില്ല.

എന്നിട്ടും അയാൾ അവളോട് പറഞ്ഞുകൊണ്ടേയിരുന്നു അവളെയാണ് അയാൾ ഏറ്റവും കൂടുതൽ സ്നേഹിയ്ക്കുന്നത് എന്ന്!!

എന്തിനായിരുന്നു അയാൾ അവളുമായി കൂട്ടുചേർന്നത്? അവൾക്ക് അതൊരിയ്ക്കലും മനസിലാക്കുവാൻ സാധിച്ചതേയില്ല. എന്നിട്ടും അവൾ....

2012, ഡിസംബർ 15, ശനിയാഴ്‌ച

2012, ഡിസംബർ 13, വ്യാഴാഴ്‌ച

Truth

People who truly deserve your trust are those who will never have the courage to lie to you... :)

2012, ഡിസംബർ 12, ബുധനാഴ്‌ച

മറുപടികൾ..

'ബി' 'സി'യോടു ചോദിച്ചു "എന്തിന് നീ 'എ'യുമായി വീണ്ടും കൂട്ടുകൂടി? ഇനി എന്ത് പ്രശ്നങ്ങൾ നിന്റെ ജീവിതത്തിൽ ഉണ്ടാക്കുവാനാണ് അവൾ വീണ്ടും വന്നിരിക്കുന്നത്?  "

"ഇല്ല. എയുമായി ഞാൻ സൗഹൃദത്തിലായെന്നേയുള്ളൂ. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. എ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുവാനല്ല കൂട്ടുകൂടിയിരിക്കുന്നത്. നീ നിന്റെ കാര്യം മാത്രം നോക്കുക. നിന്നെ കെട്ടുന്ന കാലത്ത് നിനക്കെന്നെ നിയന്ത്രിക്കാം 'സി' പറഞ്ഞു.

'എ' 'സി'യോട് ചോദിച്ചു, "ഞാനുമായി കൂട്ടുകൂടിയത് ബിയ്ക്ക് ഇഷ്ടപ്പെടുമോ? നീ അവളെ കല്യാണം കഴിയ്ക്കുവാൻ പോകുന്നതല്ലേ? ഞാനിപ്പോൾ മറ്റൊരാളുടെ ജീവിതത്തിലേയ്ക്കല്ലേ കടന്നു വന്നിരിക്കുന്നത്?"

"ബിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത്? ബി എന്നെയാണ് പ്രൊപ്പോസ് ചെയ്തത്. ഞാൻ അവളെയല്ല. അവൾ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. എനിയ്ക്ക് ബിയോട് പ്രണയമൊന്നുമില്ല. പിന്നെ വീട്ടിൽ നിർബന്ധിച്ചപ്പോൾ ബിയുടെ പേര് പറഞ്ഞെന്നു മാത്രം. അല്ലാതെ എനിയ്ക്ക് പ്രത്യേകിച്ച് ബിയോടൊന്നും ഇല്ല. അവൾ പോകുന്നെങ്കിൽ പോകട്ടെ. എനിയ്ക്കൊന്നുമില്ല.  എന്റെ പ്രണയം എന്നും നിന്നോട് മാത്രം. അതുകൊണ്ട്, നീ നിന്റെ കാര്യം മാത്രം നോക്കുക. നിന്റെ ജീവിതത്തിലേയ്ക്കാണ് മറ്റൊരാൾ കടന്നു വന്നത്. അല്ലാതെ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് നീയല്ല കടന്നു വന്നത്." സി പറഞ്ഞു.

2012, ഡിസംബർ 11, ചൊവ്വാഴ്ച

അവൾ...
അവൾ എന്നും മറ്റുള്ളവർക്ക് തെറ്റിദ്ധരിയ്ക്കുവാനും കുറ്റപ്പെടുത്തുവാനുമുള്ള വ്യക്തി മാത്രമായിരുന്നു. അവൾക്ക് മധുര വാക്കുകൾ മൊഴിയുവാനോ കൊഞ്ചിക്കുഴയുവാനോ അറിയില്ല എന്നത് കൊണ്ടുതന്നെ അവളുടെ വ്യക്തിത്വം എന്നും തെറ്റിദ്ധരിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു. അവൾക്ക് വേണ്ടി വാദിയ്ക്കുവാനും ശബ്ദമുയർത്തുവാനും ആരുമുണ്ടായില്ല.


അവൾക്ക് പ്രിയപ്പെട്ടവരും അവർക്ക് പ്രിയപ്പെട്ടവരും അവളെ മാറി മാറി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അവൾ എന്നും ഒരു പ്രശ്നകാരി എന്ന് മുദ്രകുത്തി. കാരണം എന്നും കഥകളിലെ വില്ലത്തി അവളായിരുന്നുവല്ലോ...  അങ്ങിനെയല്ല എന്ന് പറയുവാൻ അവളെ ഏറെ അറിയുന്നവർ പോലും മുതിർന്നതേയില്ല. ആരും അവൾ ആരെന്ന്, അവളുടെ മനസെന്തെന്ന് അറിയാൻ ശ്രമിച്ചില്ല. ഓരോരുത്തരും അവനവനു വേണ്ടി അവളെ വില്ലത്തിയാക്കി. സ്വന്തം ഭാഗം ന്യായീകരിയ്ക്കുവാൻ മാത്രം അവളെ കുറ്റപ്പെടുത്തി.

ഒരുത്തി അയാൾക്ക് വേണ്ടി മെനഞ്ഞ കുതന്ത്രത്തിൽ മറ്റൊരുവളുടെ ജീവിതം നശിപ്പിക്കപ്പെട്ടു (എന്ന് ഭാഷ്യം) എന്ന ചിന്തയിൽ ആ മറ്റൊരുവളോട് തോന്നിയ സഹതാപമോ പരിഗണനയോ അയാൾക്ക് തന്റെ പ്രവൃത്തികൊണ്ട് മാത്രം ജീവിതം നഷ്ടപ്പെടുന്ന, നഷ്ടപ്പെട്ട  അവളുടെ ജീവിതത്തിനു നേർക്ക് ഒരിയ്ക്കലും തോന്നിയില്ല. അത്രമാത്രം നിദ്രയിലായിരുന്നു അയാൾ. ആ നിദ്രയിൽ നിന്നും, നുണകളിൽ മറ്റുള്ളവർ മെനഞ്ഞ ചീട്ടുകൊട്ടാരത്തിൽ നിന്നും പുറത്ത് കടക്കുവാൻ അയാൾക്ക് ഒരിയ്ക്കലും സാധിച്ചിരുന്നില്ല. അവരാണ് സത്യം, അവർ മാത്രമാണ് സത്യം എന്ന് അയാൾ വിശ്വസിച്ചു. അങ്ങിനെയല്ല എന്ന് അവൾ അറിയിച്ചപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ആശയക്കുഴപ്പത്തിൽ അയാൾ ഉഴറി.

അവരെ ന്യായീകരിയ്ക്കാനുള്ള ശ്രമത്തിനൊപ്പം തന്നെ അവളെ കുറ്റപ്പെടുത്തുവാനും അയാൾ ശ്രമിച്ചു. ഒടുവിൽ, അയാളുടെ പ്രിയപ്പെട്ടവർ മെനഞ്ഞ കെണിയിൽ അയാളും അവളും ഒരുപോലെ അകപ്പെട്ടു. കെണിയിൽ അകപ്പെട്ടു കിടക്കുമ്പോഴും അവളെ കുറ്റപ്പെടുത്തുവാനും കള്ളിയാക്കാനും അയാൾ ശ്രമിയ്ക്കുകയായിരുന്നു.

തനിയ്ക്ക് വേണ്ടി ശബ്ദമുയർത്തുവാൻ ആരുമില്ല എന്ന തിരിച്ചറിവ് അവളിൽ വേദനയായി കിനിഞ്ഞിറങ്ങി... അപ്പോഴും അയാൾക്ക് പ്രിയപ്പെട്ടവർ അവളെ 'പ്രശ്നകാരി' എന്ന് ആക്രോശിച്ചു കൊണ്ടേയിരുന്നു. സ്വന്തം വേദനയിൽ ചവുട്ടി നിന്നുകൊണ്ട് ഉയിർത്തെഴുന്നേൽക്കുവാനുള്ള അവളുടെ ശ്രമം പ്രശ്നകാരി എന്ന് ആക്രോശിയ്ക്കുന്നവരുടെ മുഖം_മൂടി കീറിയെറിയുവാൻ പോന്നതായിരുന്നു. കണ്ടതും അനുഭവിച്ചതുമായ സത്യങ്ങൾ ഒട്ടും മായം കലർത്താതെ  അവൾ വിളിച്ചു പറഞ്ഞു. അതുകൊണ്ട് മാത്രം അവൾ മറ്റുള്ളവർക്ക് പ്രശ്നകാരിയായി തീർന്നു...

പറഞ്ഞ നുണകളിൽ പിടിച്ചു നിൽക്കുവാനുള്ള ആത്മവിശ്വാസം കൈമുതലായുള്ളവർ, പലവട്ടം അത് തെളിയിച്ചിട്ടുള്ളവർ അതേ ആത്മവിശ്വാസത്തോടെ വീണ്ടും വീണ്ടും നുണകളിൽ ചീട്ടുകൊട്ടാരം പടുത്തുയർത്തുന്നു. ഒപ്പം ആക്രോശിയ്ക്കുന്നു; 'അവൾ പ്രശ്നകാരി' എന്ന്...

കള്ളക്കഥകൾ മെനയുവാനോ അതാണ് സത്യം എന്ന് വാദിയ്ക്കുവാനോ അവൾക്കൊരിയ്ക്കലും അറിയില്ലായിരുന്നു. അവൾ പഠിച്ച പാഠം 'തലപോയാലും സത്യം പറയുക' എന്നതായിരുന്നു. അതുകൊണ്ടുതന്നെ പരമാവധി സത്യത്തിൽ തന്നെ അവൾ നിലകൊണ്ടു. മനസിലുള്ളത് ഉറക്കെ വിളിച്ചുപറയുവാനും പറയുന്നത് പ്രവർത്തിയ്ക്കുവാനും അവൾ ശ്രമിച്ചു. മനസിൽ ഒന്നു വച്ച് പുറമേ മറ്റൊന്നു നടിയ്ക്കുവാൻ അവൾക്കില്ലാത്ത സിദ്ധി മറ്റുള്ളവർക്കുണ്ടായത് ഒരിയ്ക്കലും അവളുടെ തെറ്റല്ലാലൊ... അത്തരം ഒരു സിദ്ധി ഇനിയും അവൾക്ക് നേടിയെടുക്കുവാൻ സാധ്യമല്ല. കാരണം അവൾക്ക് അവളാകുവാനല്ലേ സാധിയ്ക്കൂ...

ആത്മാർത്ഥത മാത്രമാണ് എന്നും അവൾക്ക് കൈമുതൽ. ആത്മാർത്ഥത എന്ന വാക്കിനു ഈ കാലത്ത് യാതൊരു വിലയുമില്ലെങ്കിലും!!! കാപട്യമാണ്, കള്ളങ്ങളിൽ നിലനിൽക്കുവാനുള്ള സാമർത്ഥ്യമാണ് ഇന്നത്തെ ലോകത്തെ യോഗ്യത. അവ കൈമുതലായുള്ളവരെ ലോകം രണ്ടുകയ്യും നീട്ടി സ്വീകരിയ്ക്കും, കണ്ണടച്ച് വിശ്വസിയ്ക്കും. അവരാണ് ശരി എന്ന് സ്ഥാപിയ്ക്കും. അതാണ് ലോകം.

നുണ പറയണം എന്ന് പ്രിയപ്പെട്ടവർ പ്രേരിപ്പിയ്ക്കുമ്പോഴും 'എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചാൽ ഞാൻ സത്യം പറഞ്ഞുപോകും' എന്നവൾ ആവർത്തിച്ചു. അതായിരുന്നു അവളുടെ അയോഗ്യത. മറ്റുള്ളവർ മെനഞ്ഞ കള്ളക്കഥകൾ സത്യം എന്ന് വിശ്വസിയ്ക്കുവാനേ അവൾക്കറിയുമായിരുന്നുള്ളൂ... അവളുടെ ജീവിതം ഇരുളടഞ്ഞതിനും കാരണം ആ വിശ്വാസമായിരുന്നു. അതങ്ങിനെയല്ല എന്ന് അവളെ തിരുത്തുവാൻ അവൾ പ്രിയപ്പെട്ടവർ എന്ന് കരുതിയവരും തുനിഞ്ഞില്ല. അതിനു മാത്രം അവർ അവളെ സ്നേഹിച്ചില്ലായിരിക്കാം... അവളുടെ ജീവിതം നഷ്ടപ്പെടുന്നതിൽ അവർ ആകുലരല്ലായിരുന്നിരിക്കാം.. അവൾ തീർത്തും അവൾ മാത്രമായി തീർന്നു...

കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിയ്ക്കുന്നതു പോലെ മറ്റുള്ളവർ, അതിൽ അവൾക്ക് പ്രിയപ്പെട്ടവരും അവർക്ക് പ്രിയപ്പെട്ടവരും ഉൾപ്പെട്ടിരുന്നു, അവളെക്കൊണ്ട് ഓരോന്നും പ്രവൃത്തിപ്പിച്ചു. വേദനിച്ചപ്പോൾ ആ വേദന അവളുടെ മാത്രമായി. മറ്റ് മേച്ചിൽ പുറങ്ങൾ തേടി കൂടെയുണ്ടായവർ പോയി. അവർ സൗകര്യപൂർവം അവളെ മറന്നു!!!

'വിശ്വാസം'(ഫെയ്ത്ത്) വേണം എന്ന് പറഞ്ഞവർ തന്നെ അവളിൽ വിശ്വാസമർപ്പിച്ചില്ല, ഒരിയ്ക്കലും. അവളുടെ ഭാഗം വന്നപ്പോൾ അവർ തെളിവുകൾ തേടി... അവളെ വിശ്വസിയ്ക്കുവാൻ!! വിശ്വാസം അവൾക്ക് മറ്റുള്ളവരോടേ ആവശ്യമുണ്ടായിരുന്നുള്ളൂ, അവളുടെ നേർക്ക് ആവശ്യമില്ലായിരുന്നു ആർക്കും!!!

പക്ഷേ സ്വന്തം സത്യത്തിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ തുടർന്നും അന്തസ്സായി ജീവിയ്ക്കുവാനാണ് അവളുടെ തീരുമാനം. ആർക്ക് അവളെ വേണ്ട എങ്കിലും വേണം എങ്കിലും....

ഈ 'അവൾ' ആരാണ്? ആരോ ഒരുവൾ. ഈ ലോകത്ത് സത്യവും ആത്മാർത്ഥതയും കൈമുതലായുള്ള ആരുമാകാം അവൾ... അവർക്കെല്ലാം ഒരേ ജീവിതാനുഭവമായിരിക്കാം...

2012, ഡിസംബർ 10, തിങ്കളാഴ്‌ച

ഏറിയാൽ ഇനി ആറ് മാസം കൂടി...

http://www.youtube.com/watch?v=NGTi7T3rcCs

:(

സമർപ്പണം : എന്നോ മറവിയിലേയ്ക്ക് കൂപ്പുകുത്തിയ ഒരു സുഹൃത്തിന്...

2012, ഡിസംബർ 8, ശനിയാഴ്‌ച

നുണകൾ, പിന്നെ വാഗ്ദാനങ്ങൾ...


ചിലർ അങ്ങിനെയാണ്!! സ്വന്തം നുണകൾ മറ്റുള്ളവർ മനസിലാക്കി എന്നറിയുമ്പോൾ അതിനു കാരണക്കാരായവരെ കുറ്റപ്പെടുത്തും. എന്നാൽ ഇവർ പ്രിയപ്പെട്ടവരോട് നുണകൾ പറയാതിരിയ്ക്കുവാൻ ശ്രമിയ്ക്കുന്നില്ല. നുണകൾക്ക് മീതെ നുണകൾ കെട്ടിപ്പടുത്ത് അവർ സാമ്രാജ്യം സൃഷ്ടിയ്ക്കും.

ഒരിയ്ക്കലും ആരും അറിയില്ല എന്ന തെറ്റിദ്ധാരണയിൽ നുണകളിലൂടെ അവർ ജീവിതം മെനയാനുള്ള ശ്രമങ്ങൾ നടത്തും. അത് ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുമ്പോൾ അതിനു കാരണക്കാരായവരിൽ കുറ്റം ചാർത്തി സ്വന്തം മുഖം രക്ഷിയ്ക്കുവാൻ വീണ്ടും നുണക്കഥകൾ മെനയും. ലോകം ഇങ്ങിനെയാണ്, ഈ ലോകത്തെ ചിലരും...

പക്ഷേ നുണകൾക്ക് ഒരു പ്രത്യേകതയുണ്ട്, അത് എന്ന് ഓർത്തു വെയ്ക്കണം. സത്യത്തെ പോലെ ഒരിയ്ക്കൽ പറഞ്ഞാൽ പിന്നീടത് മറന്ന് കളയുവാൻ സാധ്യമല്ല. കാരണം, കേൾക്കുന്നവർ ഓർത്ത് വെയ്ക്കും അവൾ/അവൻ പറഞ്ഞ നുണകൾ. അതുകൊണ്ടാണ് ചിലസന്ദർഭങ്ങളിൽ അറിയുക പോലുമില്ല എന്ന് പറയുന്ന ആളെ ചേർത്ത് കളിയാക്കാറുണ്ടായിരുന്നു എന്ന് അബദ്ധം പറയേണ്ടി വരുന്നത്!!

നുണ പറയുന്നവർ, സത്യം പറയുന്നവരെ നുണ പറയുന്നവർ എന്ന് മുദ്ര കുത്തും. സത്യം പറയുന്നവരെ കുറ്റപ്പെടുത്തുവാൻ എപ്പോഴും അവരുടെ ചൂണ്ടുവിരൽ നീളും. നുണ പറയുന്നവരെ മാത്രം അവർ എന്നും ന്യായീകരിയ്ക്കും. കാരണം അവരും നുണകളിന്മേലാണല്ലോ നിലനിൽക്കുന്നത്!!!

ഒരാൾ പറഞ്ഞത് നുണയായിരുന്നു എന്ന് അവരുടെ പ്രിയപ്പെട്ടവർ മനസിലാക്കുമ്പോൾ അയാളിലുള്ള വിശ്വാസം നഷ്ടമാകുന്നു. പിന്നീടെന്ത് സത്യം പറഞ്ഞാലും നുണ പറയുന്ന ആൾ എന്ന കണ്ണിലൂടെ കാണുന്നു, അവരോട് അത് നേരിട്ട് പറഞ്ഞില്ലെങ്കിലും. നല്ല ബന്ധങ്ങൾ നിലനിർത്തുന്നതിൽ സത്യത്തിന് വളരെയധികം സ്ഥാനമുണ്ട്. ഒരിയ്ക്കൽ നുണ പറഞ്ഞയാൾ വീണ്ടും നുണ പറയും എന്നത് ഒരു യാഥാർത്ഥ്യം മാത്രം. എന്ത് തെറ്റ് ചെയ്താലും അത് പ്രിയപ്പെട്ടവർ അറിയാതിരുന്നാൽ മാത്രം മതി എന്ന് കരുതുന്നവരും സമൂഹത്തിൽ ഏറെ. പക്ഷേ 'പലനാൾ കള്ളൻ ഒരുനാൾ പിടിയ്ക്കപ്പെടും' എന്നത് സത്യം മാത്രം. ആർക്കും ആരെയും ഏറെ കാലം കള്ളങ്ങളിലൂടെ നിലനിർത്തുവാൻ സാധ്യമല്ല...

നുണകളിലൂടെ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ നിലനിൽക്കുമോ? സത്യം അറിയാവുന്നവർ എന്നെങ്കിലും പറഞ്ഞ നുണകളെ വെളിച്ചത്ത് കൊണ്ടുവരില്ലേ? അപ്പോൾ പറഞ്ഞ നുണകളുടേയും അതിൽ കെട്ടിപ്പടുത്ത ബന്ധങ്ങളുടേയും ആയുസ്സിന്, ആധികാരികതയ്ക്ക് കോട്ടം തട്ടുകയില്ലേ? നുണ പറയുന്നവർക്ക് മന:സാക്ഷിക്കുത്ത് എന്ന് പറയുന്ന മാനസികവ്യാപാരം ഇല്ലേ?

സത്യം പറയുന്നത് കൊണ്ട് ബന്ധങ്ങൾ നഷ്ടമാകുകയാണെങ്കിൽ., അത്തരം ബന്ധങ്ങൾ ഇല്ലാതിരിക്കുന്നതല്ലേ നല്ലത്? നുണകളിൽ കെട്ടിപ്പടുത്ത ബന്ധങ്ങളിൽ മറ്റുള്ളവർ പണിയും എന്ന ആശങ്ക എന്നും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അങ്ങിനെ പണിയാൻ സാധ്യതയുള്ളവരെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുവാനും കുറ്റപ്പെടുത്തുവാനുമുള്ള ശ്രമം നിരന്തരം നടത്തേണ്ടി വരുന്നു.. സത്യം പറയുന്നവരെ അകറ്റി നിർത്തേണ്ടി വരുന്നു.. താൻ നല്ലവളാണ്/നല്ലവനാണ് എന്ന് ബന്ധപ്പെട്ടവരെ ബോധിപ്പിക്കുവാൻ...

നുണകൾ പോലെ തന്നെയാണ് വാഗ്ദാനങ്ങളും.  നൽകുന്ന വാഗ്ദാനങ്ങൾ പുറത്തേയ്ക്ക് തുപ്പിക്കളയുന്ന വെറും വാക്കുകൾ മാത്രമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെ വാഗ്ദാനങ്ങൾ പ്രവഹിച്ചുകൊണ്ടേയിരിക്കും...  മുൻപ് പറഞ്ഞ വാക്കുകൾ ഒരിയ്ക്കലും പാലിയ്ക്കപ്പെടാതിരുന്നാൽ പിന്നീട് എത്ര വാഗ്ദാനങ്ങൾ നൽകിയാലും കേൾക്കുന്ന ആൾ അത് കണക്കിലെടുക്കുകയില്ല. എപ്പോൾ വേണമെങ്കിലും പറയുന്നയാൾക്ക് മാറ്റുവാൻ സാധിയ്ക്കുന്ന വെറും വാക്കുകളായി മാത്രം അവയെ കേൾവിക്കാർ കണക്കാക്കുന്നു. പറഞ്ഞത് മാറ്റുവാൻ സാധിയ്ക്കുന്ന വാക്കുകൾ മാത്രമായിരുന്നു എന്ന് പറഞ്ഞയാൾ വീണ്ടും വീണ്ടും തെളിയിക്കുമ്പോൾ അവരുടെ വാക്കുകളിലുള്ള വിശ്വാസം അത്രമേൽ ലോപിച്ചു വരുന്നു.  വാക്കുകൾക്ക് രൂപമില്ല എന്ന ധാരണയിൽ മാത്രം അവയെ അനിയന്ത്രിതം പ്രയോഗിയ്ക്കുന്നവർ ധാരാളം...  പറഞ്ഞവരുടെ കണക്കുപുസ്തകത്തിൽ പാലിച്ച വാക്കുകൾ എണ്ണി നോക്കുമ്പോൾ ബാലൻസ് ഷീറ്റിൽ പൂജ്യം മാത്രം ബാക്കിയാവുന്നു...  അതിന് ആരെ കുറ്റപ്പെടുത്തുവാൻ സാധിയ്ക്കും? പാലിയ്ക്കുവാൻ സാധിയ്ക്കാത്ത വാക്കുകൾ വായുവിലേയ്ക്ക് എറിഞ്ഞു കളഞ്ഞ അവനവനെ തന്നെയോ?

പാലിയ്ക്കപ്പെടാത്ത വാഗ്ദാനങ്ങൾ അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പോലെ കേൾവിക്കാരുടെ മനസിൽ അനാഥമായി, ഒരു തേങ്ങലായി തീരുന്നു...  വീണ്ടും വൃഥാവാഗ്ദാനങ്ങളിൽ തളച്ചിടപ്പെട്ടല്ലോ എന്ന തിരിച്ചറിവ് അവരുടെ മനസിൽ വിങ്ങലുളവാക്കുന്നു, എന്നേയ്ക്കുമായി...

2012, ഡിസംബർ 1, ശനിയാഴ്‌ച

കടുത്ത വിമർശനങ്ങൾക്ക് ഒരു അനുബന്ധം...

('ചിലർ എന്തുകൊണ്ടിങ്ങനെ'.. എന്നതിന്റെ തുടർച്ച)

"ഇതാര്!!! കുറേ നാളായല്ലോ കണ്ടിട്ട്! താനിവിടെ ഇല്ലായിരുന്നോ? എവിടെയാടോ താൻ? സുഖമായിരിക്കുന്നോ?"
"ഞാനിവിടെയൊക്കെത്തന്നെയുണ്ട് സർ. സുഖമായിരിക്കുന്നു. സാർ സുഖമായിരിക്കുന്നോ?"
"കുഴപ്പമില്ല. താനീ വഴിയും ഞങ്ങളെയുമൊക്കെ മറന്നു എന്നു കരുതി. എന്താ ഇപ്പോൾ വിശേഷിച്ച്? തന്റെ പ്രസിദ്ധീകരണങ്ങളൊക്കെ എങ്ങിനെ പോകുന്നു?"
"അതൊക്കെ നിർത്തി സർ. ഇപ്പോൾ സ്വന്തമായി ഒരു ഏജൻസി നടത്തുന്നു. സ്വസ്ഥം. സാമ്പത്തികമായിട്ടും മാനസികമായിട്ടും വലിയ ടെൻഷനൊന്നുമില്ലാതെ സ്മൂത്തായി പോകുന്നു ജീവിതം."
"അത് തന്നെ കാണുമ്പോഴേ അറിയാം. അന്നത്തേതിനേക്കാൾ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. വണ്ണമൊക്കെ വച്ചു."
"അതാണെന്ന് തോന്നുന്നു മോഹനേട്ടന് എന്നെ മനസിലായില്ല. ഒരു അപരിചിതയോട് ചിരിക്കുന്നതു പോലെ എന്നൊടും ചിരിച്ചു. പോകുമ്പോൾ ഒന്നു കാണണം അദ്ദേഹത്തെ."
"ഊം. എന്തെ ഇപ്പോൾ പ്രത്യേകിച്ച്?"
"അതു പിന്നെ.., സർ.. എനിയ്ക്കിവിടെ ജോലി ചെയ്തിരുന്ന ഒരു സ്മര്യ കറിയാച്ചനെ കുറിച്ച് അറിയാനായിരുന്നു."
"അതെന്തെ?"
"എന്റെ ഒരു സുഹൃത്തിന് മാട്രിമോണിയൽ വഴി ഈ കുട്ടിയുടെ പ്രൊപ്പോസൽ വന്നു. അവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ നോക്കിയപ്പോൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ ജോലി ചെയ്തിരുന്നു എന്നു കണ്ടു. എനിയ്ക്കിവിടെ നേരത്തേ പരിചയമുള്ളതുകൊണ്ട് എന്നോടൊന്നു അന്വേഷിയ്ക്കാൻ പറഞ്ഞു എന്റെ സുഹൃത്ത്. സാറൊക്കെ ഇവിടെയുള്ളതു കൊണ്ട് നോക്കാം എന്ന് ഞാനും പറഞ്ഞു. അതാ.."
""സ്മര്യ ഇവിടെ ജോലി ചെയ്തിരുന്നു രണ്ട് വർഷം മുൻപ്. ആ കുട്ടി നല്ല സ്മാർട്ട് ഏന്റ് എന്തൂസിയാസ്റ്റിക് ആയിട്ടുള്ള കുട്ടിയാണ്."
"സർ എന്റെ മൊബൈലിൽ ആ കുട്ടിയുടെ ഫോട്ടോ ഉണ്ട്. ഈ കുട്ടി തന്നെയാണോ എന്നൊന്നു നോക്കാമോ..?"
"കുട്ടി ഇതു തന്നെ. പിന്നെ, തന്റെ കാര്യങ്ങളൊക്കെ എങ്ങിനെ പോകുന്നു? വിവാഹമൊക്കെ?"
"ഇല്ല സർ. വിവാഹമൊന്നും ആയില്ല. ഒന്നും ശരിയായി വന്നില്ല. പിന്നെ, ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തണം എന്നൊക്കെ മോഹമുണ്ട്.  നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി സാമ്പത്തികം കുറച്ചുകൂടി മെച്ചപ്പെട്ടിട്ട് അതിനായി ഫുൾടൈം മാറ്റി വെയ്ക്കണം.  അതുകൊണ്ട് വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല."
"ഓഹോ.. അത് നല്ല കാര്യമാ.. പിന്നെ,  തനിയ്ക്ക് ഈ സുഹൃത്തിനെ എത്ര കാലമായിട്ടറിയാം?"
"ഒരു ഒൻപത് വർഷത്തോളമായി അറിയാം സർ. വളരെ അടുത്ത സുഹൃത്താണ്. കുറേ നാളായി കണ്ടിട്ട്; എങ്കിലും സ്ഥിരമായി മെയിൽ ചെയ്യാറുണ്ട്. അന്നേരമാ ഈ കാര്യം പറഞ്ഞത്. എന്നോട് അന്വേഷിയ്ക്കാനും പറഞ്ഞു."
"ഒൻപത് വർഷമായി അറിയാവുന്ന റിലേഷൻ ആകുമ്പോൾ വളരെ അടുത്ത ബന്ധമാണ്. ഫ്രെന്റിനോട് താൻ കള്ളം പറയരുത്."
"അതെന്താ സർ അങ്ങിനെ പറഞ്ഞത്?"
"അല്ല. ഞാൻ പറഞ്ഞല്ലോ സ്മര്യയെ കുറിച്ച്. ആ കുട്ടിയേക്കാൾ തനിയ്ക്ക് അടുപ്പം തന്റെ ഫ്രെന്റിനോടായിരിക്കുമല്ലോ. അതുകൊണ്ടാണല്ലോ താനിത്രയും ദൂരം വന്ന് എന്നെ കണ്ടതും ചോദിച്ചതും. അതുകൊണ്ട് പറയുന്നതാ. ആ കുട്ടി ഇവിടെ നിന്ന് രാജി വെച്ചത് ചില സാമ്പത്തിക തിരിമറി നടത്തി പിടിയ്ക്കപ്പെട്ടതിനു ശേഷമാണ്. തന്റെ ഫ്രെന്റിനുള്ള ആലോചനയാണെന്ന് പറഞ്ഞതു കൊണ്ടാണ് പറയുന്നത്. ആ കുട്ടി ഇവിടെ ക്യാഷിലിരുന്നിരുന്നു. അത് കൃത്യമായി കണക്കിൽ കാണിയ്ക്കാതെ വേറെ കണക്കിൽ കാണിച്ചു. ഒടുവിൽ ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിംഗിനു വന്നപ്പൊഴാ അറിഞ്ഞത്."
"അപ്പോൾ ഇവിടെ ഉള്ളവർ അറിഞ്ഞിരുന്നില്ലെ?"
"ഇവിടെ അത്ര സ്ട്രിക്റ്റ് ആയി ചെക്ക് ചെയ്യാറില്ല. മൂന്നു മാസത്തിലൊരിക്കൽ ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിംഗ് ഉണ്ടാവും. ഇതും അങ്ങിനെയാണ് കണ്ടെത്തിയത്. മുപ്പത്തയ്യായിരം രൂപയോളമായിരുന്നു തിരിമറി നടത്തിയത്."
"അതെങ്ങിനെ സർ? ഒറ്റയടിയ്ക്ക് അത്രയൊക്കെ തിരിമറി നടത്താൻ പറ്റുമോ?"
"ഒറ്റയടിയ്ക്കല്ലായിരിക്കാം. മൂന്ന് മാസം കൊണ്ടായിരിക്കാം. ഒറ്റയടിയ്ക്കാണെങ്കിൽ ഞങ്ങൾ അറിയില്ലേ.. ഇത് ചെറിയ ചെറിയ തുകകൾ മാറ്റി മാറ്റി അത്രയായതാണ് മൊത്തം. ആ കുട്ടിയ്ക്കെതിരെ ആക്ഷൻ എടുക്കാനായി ഞങ്ങൾ അവരുടെ നാട്ടിൽ പോയി അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ നിന്നും മനസിലായി ആ കുട്ടിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല എന്ന്. ഒരു അമ്മയും അനിയനും മാത്രമേയുള്ളൂ. അച്ഛനാണെങ്കിൽ കുറേ വർഷങ്ങളായി നാട് വിട്ടതാണ്. എവിടെയാണെന്ന് ഒരറിവുമില്ല. അതൊക്കെ അറിഞ്ഞപ്പോൾ പിന്നെ ആ കുട്ടിയ്ക്ക് നേരെ മറ്റ് നടപടികളൊന്നും എടുക്കണ്ട എന്ന് തീരുമാനിച്ചു. പിന്നെ ഒരു പെൺകുട്ടിയല്ലേ... എടുത്ത പൈസ ശമ്പളത്തിൽ നിന്നും പി.എഫിൽ നിന്നുമൊക്കെയായി തിരിച്ചു പിടിച്ചു. അതു കഴിഞ്ഞപ്പോൾ ആ കുട്ടിയ്ക്ക് ഇവിടെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നിരിക്കില്ല. മാത്രമല്ല കൂടെ ജോലി ചെയ്തിരുന്നവരുടെയൊക്കെ മുന്നിൽ ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടായിരിക്കാം. അതുകൊണ്ടാണെന്ന് തോന്നുന്നു ആ കുട്ടി രാജി വെച്ചു. ഇപ്പോൾ എവിടെയാണ് എന്നൊന്നും അറിയില്ല."
"ഇത് ഞാൻ നേരത്തേ കേട്ടിരുന്നു സർ. അതുകൊണ്ടാണ് സാറിനോട് നേരിട്ട് അന്വേഷിയ്ക്കാം എന്ന് കരുതിയത്. സർ ഒന്നും പറയാതെ ഞാൻ ചോദിയ്ക്കുന്നത് ശരിയല്ലാലോ എന്ന് കരുതി."
"തന്റെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാനത് പറഞ്ഞത്. തന്നെ എനിയ്ക്കറിയാമല്ലൊ. നാളെ ഇതൊക്കെ അയാളറിഞ്ഞാൽ തന്നോട് തീർച്ചയായും ചോദിയ്ക്കും എന്തേ ഇതൊന്നും അറിഞ്ഞില്ല എന്ന്. അതാ പറഞ്ഞത്."
"സത്യത്തിൽ അതൊരു ഗോസിപ്പ് ആണെന്നാണ് ഞാൻ കരുതിയത്. പിന്നെ വേറെ ചിലരും പറഞ്ഞു ഇതേ കഥ. പക്ഷേ തുകയിൽ മാറ്റമുണ്ടായിരുന്നു. ചിലർ പറഞ്ഞു മുപ്പത്തയ്യായിരം എന്ന്. ചിലർ അറുപതിനായിരം, ചിലർ ലക്ഷം. പിന്നെ, ആ കുട്ടി തന്നെ പറഞ്ഞിരിക്കുന്നത് സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തപ്പോൾ ഉണ്ടായ മിസ്റ്റെയ്ക്ക് മനസിലാക്കാതെ ആ കുട്ടിയുടെ കണക്കിൽ പെടുത്തിയതാണെന്നാണ്.  അതാണ് നേരിട്ട് ഇവിടെ വന്ന് അന്വേഷിയ്ക്കാം എന്ന് കരുതിയത്."
"അറുപതും ലക്ഷവുമൊന്നുമില്ല. മുപ്പത്തയ്യായിരമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കിൽ ഞങ്ങൾ പിടിയ്ക്കുകയും ചെയ്തു. പിന്നെ ആ കുട്ടിയെ കുറിച്ച് അങ്ങിനെയൊന്നും പറയേണ്ട ആവശ്യം നമുക്കില്ലാലോ. മാത്രമല്ല, താല്പര്യമെങ്കിൽ തുടർന്നും ജോലി ചെയ്യാം എന്നും പറഞ്ഞു. പക്ഷേ ആ കുട്ടിയ്ക്ക ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടായിരിക്കാം. രാജി വെച്ചു.  പിന്നെ  സിസ്റ്റത്തിൽ പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മിസ്റ്റെയ്ക്ക് വന്നാൽ ഇവിടത്തെ ഐ.ടി. സ്റ്റാഫുകൾ അത്ര കഴിവില്ലാത്തവരാണോ അതറിയാതിരിക്കാൻ? നമ്മുടെ സ്ഥാപനം അത്ര ചെറിയതൊന്നുമല്ല എന്നറിഞ്ഞൂടെ. ഏറ്റവും നല്ല പ്രൊഫഷനലുകളാണ് നമ്മുടെ ഐ.ടി. സ്റ്റാഫുകൾ. അവർക്കത് മനസിലാക്കാനും റെക്റ്റിഫൈ ചെയ്യാനും കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ. എന്താടോ..!! മാത്രമല്ല ഒരു സോഫ്റ്റ്‌വെയറും പെട്ടന്ന് ഇംപ്ലിമെന്റ് ചെയ്യാറില്ല. സാവകാശമേ അത് ചെയ്യൂ.    ഒന്ന് മനസിലാക്കുക. ആർക്കും ആരെയും ഒരുപാട് നാൾ തട്ടിച്ചോ പറ്റിച്ചോ ജീവിയ്ക്കാൻ സാധിയ്ക്കില്ല.  കാരണം,  അയാളെ തട്ടിയ്ക്കാൻ മറ്റൊരാൾ എവിടെയെങ്കിലും രൂപം കൊള്ളുന്നുണ്ടാകും. അതാണ് സത്യം. ദൈവം എന്നൊരാൾ മുകളിലുണ്ടല്ലോ."
"സർ.. ആ കുട്ടിയുടെ മോറൽ സൈഡിനെ കുറിച്ച് എന്തെങ്കിലും...?"
"അത്... അത് ഞാൻ പറയാൻ പാടില്ല. അത് താനും പറയണ്ട. വേണമെങ്കിൽ അതൊക്കെ അയാൾ നേരിട്ട് അന്വേഷിച്ചറിയട്ടെ. അതല്ലേ നല്ലത്?"
"ശരി സർ."
"വേറെ എന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ? ഇടയ്ക്കൊക്കെ ഇങ്ങോട്ടിറങ്ങിക്കൂടെ?"
"വേറെ വിശേഷമൊന്നുമില്ല സർ. സത്യം പറഞ്ഞാൽ പുറത്തേയ്ക്കിറങ്ങാൻ മടിയാ. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പണ്ട് കുറേ കറങ്ങി നടന്നതു കൊണ്ടായിരിക്കാം ഇപ്പോൾ അധികം ഇറങ്ങേണ്ടി വരാറില്ല. വർക്ക് ഫ്രം ഹോം. അതാ."
"പ്രസിദ്ധീകരണം തീർത്തും ഉപേക്ഷിയ്ക്കണ്ട കേട്ടോ. തനിയ്ക്ക് നല്ല ടാലന്റുള്ള ആളാണ്. അല്ലെങ്കിൽ അതൊക്കെ കൈകാര്യം ചെയ്യാൻ തന്നെ കൊണ്ട് സാധിയ്ക്കില്ലായിരുന്നു. സോ, അതൊന്നും ഉപേക്ഷിയ്ക്കണ്ട."
"ഉപേക്ഷിയ്ക്കില്ല സർ. അന്ന് അത് സീറോയിൽ തുടങ്ങിയതിന്റെ കുറേ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുമൂലമുണ്ടായ കടങ്ങളൊക്കെ ഈയടുത്ത കാലത്താണ് വീട്ടിയത്. തിരിച്ചു വേണ്ടാ എന്ന് പറഞ്ഞാണ് തന്നത്. പക്ഷേ അങ്ങിനെയല്ലാലൊ. പലിശയടക്കം രണ്ടേകാൽ ലക്ഷം. ഇനി ഒരു സംരംഭം തുടങ്ങുമ്പോൾ ആവശ്യത്തിന് പൈസയുമായിട്ടേ തുടങ്ങൂ. അതുവരെ അത് റിന്യൂ ചെയ്തുകൊണ്ടിരിക്കും."
"അത് വേണം. ആരോടും സാമ്പത്തികമായി കടപ്പെട്ടിരിയ്ക്കരുത്. അത് എത്ര അടുത്ത സുഹൃത്തായാലും. പ്രത്യേകിച്ചും പെൺകുട്ടികൾ. പിന്നെ തന്റെ ഉള്ളിലെ തിരി അണയാതെ സൂക്ഷിയ്ക്കണം. പ്രത്യേകിച്ചും തന്നെപ്പോലെ കഴിവുള്ളവർ. ഇടയ്ക്കൊക്കെ ഇറങ്ങൂ"
"ശരി സർ. എങ്കിൽ ഞാനിപ്പോൾ പൊയ്ക്കോട്ടെ?"
"അങ്ങിനെയാവട്ടെ. താൻ കൂടുതൽ കാര്യങ്ങളൊന്നും ആ കുട്ടിയെ കുറിച്ച് അന്വേഷിച്ചറിയാൻ നിൽക്കണ്ട കേട്ടോ.. ഒടുവിൽ താൻ പറഞ്ഞു എന്ന് പറയും. അയാൾക്ക് വേണമെങ്കിൽ അയാൾ അന്വേഷിച്ചറിയട്ടെ."
"ശരി സർ. അപ്പോൾ വീണ്ടും കാണാം സർ.."

---------------------------------------


"ആദർശ്... ഞാനാടാ.. സുഖമാണോ..?"
"ആഹാ.. എവിടെയായിരുന്നെടീ ഇത്ര നാൾ?  ഒരു വിവരവുമില്ലായിരുന്നല്ലോ.. ഞാനൊക്കെ കരുതി നീ തട്ടിപ്പോയിക്കാണും എന്ന്."
"അയ്യട മോനേ... അത്ര പെട്ടന്നൊന്നും തട്ടിപ്പോകുന്ന ജനുസ്സല്ല ഞാൻ. മുടിഞ്ഞ ആയുസ്സാ.. കാലനും കൂടെ വേണ്ട എന്നും പറഞ്ഞ് ഓടി രക്ഷപ്പെട്ടതാ."
"എന്താടീ നിന്റെ വിശേഷങ്ങൾ? നിന്റെ പ്രസിദ്ധീകരണം എങ്ങിനെയുണ്ടിപ്പോൾ? ക്ലച്ച് പിടിച്ചോ?"
"ഓ.. അതൊക്കെ ഞാൻ എന്നേ വിട്ടു. ഇപ്പോൾ ഒരു ഏജൻസി നടത്തുന്നു. സുഖം സ്വസ്ഥം. മനസമാധാനമുണ്ട്. അത്യാവശ്യം പണവും."
"എന്തേ നീയിപ്പോൾ പതിവില്ലാതെ വിളിച്ചത്?"
"ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാടാ... നീയൊരു സ്മര്യ കറിയാച്ചനെ അറിയുമോ..?"
"അറിയാം. ഞങ്ങൾടെ ഫ്രെന്റ് ധീരജിന്റെ ഗേൾ ഫ്രന്റ് ആയിരുന്നു. എന്തേ ചോദിയ്ക്കാൻ.."
"അല്ല, ഞാൻ ഒരു കാര്യം അറിഞ്ഞു ആ കുട്ടിയെ കുറിച്ച്. എന്റെ സുഹൃത്തിന് ആ കുട്ടിയുടെ ഒരു പ്രൊപ്പോസൽ. ഒന്ന് അന്വേഷിയ്ക്കാൻ പറഞ്ഞു. അന്നേരം ഇങ്ങിനെയൊരു ഗോസിപ്പ് കേട്ടു. നീയൊക്കെ ആ സമയം ആ സ്ഥാപനവുമായി ബന്ധപ്പെട്ട് വർക്ക് ചെയ്തിരുന്നതല്ലെ. സത്യം വല്ലോം ഉണ്ടോ എന്നറിയാം എന്ന് കരുതി. ചുമ്മാ പെമ്പിള്ളേരെ കുറിച്ച് വേണ്ടാതീനം പറയരുതല്ലോ.. മാത്രമല്ല ആ കുട്ടി ഇതേ പറ്റി പറഞ്ഞതായിട്ടറിവ് ധീരജിനെ മുഖ പരിചയം പോലുമില്ലെന്നാ. അങ്ങിനെയാകുമ്പോൾ അത് അപവാദമല്ലേ"
"ഓഹോ.. അവൾ അങ്ങിനെ പറഞ്ഞോ..? എങ്കിൽ അതങ്ങിനെയല്ല എന്ന് തെളിയിക്കണമല്ലോ.. എന്തായാലും നീ നല്ല നേരത്താ വിളിച്ചത്. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ ഒരു ഗെറ്റ് ടുഗദർ വെച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച. അന്ന് ഞങ്ങൾ എല്ലാവരും കാണും. മുഖപരിചയം പോലുമില്ല എന്ന് പറഞ്ഞല്ലേ... അത് കാണിച്ചു തരാം. റോജന്റെയോ മനോജിന്റെയോ കയ്യിൽ ഉണ്ടാകും ഒരു ഫോട്ടൊ എങ്കിലും. മനോജ് ഫോട്ടോഗ്രാഫറാണ്. അപ്പോൾ തീർച്ചയായും ഉണ്ടാകും. ധീരജിന്റെ റൂം മെയ്റ്റ്സ് ആയിരുന്നു ഇവരൊക്കെ ഒരുപാട് കാലം. ഞാൻ നിന്നെ വിളിയ്ക്കാമെടീ അത് കഴിഞ്ഞ്."
"എടാ.. ഒരു പെങ്കൊച്ചിന്റെ കാര്യമാ.. വെറുതെ ഗോസിപ്പ് പറയരുത് എന്ന് പറയണം കേട്ടോ.."
"ഇല്ലടീ.. നീ ബേജാറാകാതെ. നിനക്ക് എന്നെ ഇത്ര വർഷങ്ങളായി അറിഞ്ഞൂടെ? ഞാനിതു വരെ ആരെയെങ്കിലും ഗോസിപ്പ് പറയുന്നത് നീ കേട്ടിട്ടുണ്ടോ?"
"അതില്ല. അതുകൊണ്ടാ നിന്നെ വിളിച്ചത്.  പിന്നെ, നിന്റെ വിശേഷങ്ങളെന്തൊക്കെ? ഭാര്യയും കുട്ടികളുമൊക്കെ സുഖമായിരിക്കുന്നോ?"
"ഭാര്യ സുഖമായിരിക്കുന്നു. കുട്ടികളില്ല. കുട്ടി മാത്രമേയുള്ളൂ.. അവനും സുഖമായിരിക്കുന്നു. നീയെന്താ കല്യാണമൊന്നും കഴിയ്ക്കാൻ പ്ലാനില്ലേ?"
"ഇല്ല. ഞാൻ മന:സമാധാനത്തോടെ ജീവിയ്ക്കുന്നത് കാണുമ്പോൾ സഹിയ്ക്കുന്നില്ലാലേ..? അസൂയ അസൂയ."
"അതും ശരിയാ.. കല്യാണം കഴിയ്ക്കാതെ ജീവിയ്ക്കുന്നതാ ഒരുവിധത്തിൽ പറഞ്ഞാൽ നല്ലത്. സ്വസ്ഥമായി ജീവിയ്ക്കാമല്ലൊ. എങ്കിലും വയസാകുമ്പോൾ..."
"ഓ... വയസാകുമ്പോൾ ഈ കെട്ടിയ ആൾ കൂടെയുണ്ടാകും എന്ന് എന്താ ഉറപ്പ്? എന്തായാലും നമ്മൾ മരിച്ചുകഴിഞ്ഞാൽ ആരും ശവം സൂക്ഷിച്ചു വെയ്ക്കില്ല. വല്ല മുനിസിപ്പാലിറ്റി വണ്ടിയിലെങ്കിലും എടുത്തോണ്ടു പോയി കുഴിച്ചിട്ടോളും. ചത്ത് കഴിഞ്ഞ് എന്തായാലും എങ്ങിനെയായാലും എന്ത്!!"
"നീ പറയുന്നതിലും കാര്യമുണ്ട്."
"ഞാൻ കൂടുതൽ പറഞ്ഞ് കുളമാക്കുന്നില്ല. നിന്നെ ഞാൻ നിങ്ങൾടെ ഗെറ്റ് ടുഗദർ കഴിഞ്ഞ് വിളിയ്ക്കാം കേട്ടോ.."

                                                                       ----------------

"ടീ.. ഞാനാടി ആദർശ്."
"എന്തായെടാ..? അതൊള്ളതാണൊ?"
"ഉള്ളതാണെന്ന് ഞാനന്നേ പറഞ്ഞില്ലേ..? പ്രകാശും റോയിയും മധുവും റോജനും മനോജും സിബുവും എല്ലാവരും ഉണ്ടായിരുന്നു.  പിന്നെ ഫോട്ടോ വല്ലതും ഉണ്ടോ എന്ന് ഞങ്ങൾ നോക്കി. റോജന്റെ സിസ്റ്റത്തിൽ നിന്നും ധീരജ് കല്യാണത്തിനു മുൻപേ വന്ന് ഒക്കെ ഡിലീറ്റ് ചെയ്തു എന്നാ പറഞ്ഞേ.. മനോജിന്റെ കയ്യിലും ഒന്നുമില്ലാ പോലും.  സത്യത്തിൽ   ഇല്ലാഞ്ഞിട്ടൊന്നുമല്ല. എന്താന്നു വെച്ചാൽ ധീരജ് പെണ്ണൊക്കെ കെട്ടി സ്വസ്ഥമായി ജീവിയ്ക്കുകയാ. നാളെ ഇതിന്റെ പേരിൽ അവന്റെ ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ.., ഞങ്ങളൊക്കെ അതിനുത്തരം പറയേണ്ടി വരും. അതുകൊണ്ട്... നീ നിന്റെ ഫ്രെന്റിനോട് കാര്യം പറയൂ. അവൻ ഇഷ്ടമുണ്ടേൽ വിശ്വസിയ്ക്കട്ടെ. ഇല്ലേൽ പോകാൻ പറ. നിന്നെ വിശ്വസിയ്ക്കാത്ത നിന്റെ ഫ്രെന്റിനെ കുറിച്ച് നീ കൂടുതൽ തല പുണ്ണാക്കണ്ട. അവന് കാലം തെളിയിച്ചു കൊടുത്തോളും എന്താണ് സത്യമെന്ന്. 
എടീ നമുക്കൊരു പ്രസിദ്ധീകരണം തുടങ്ങിയാലോ? ഒരു വൺ ടൈം പ്രസിദ്ധീകരണം? കുറച്ച് പൈസയുണ്ടാക്കാം. നീ എഡിറ്റോറിയൽ ചെയ്തോളൂ.. ഞാൻ മാർക്കറ്റിംഗും ഡിസൈനിംഗും ചെയ്യാം. ഫിഫ്റ്റി ഫിഫ്റ്റി പ്രോഫിറ്റ് ഷെയറിംഗ്. എന്താ നിന്റെ അഭിപ്രായം?"
"ഊം... നീ പറഞ്ഞത് ഞാൻ കേൾക്കാം. അവനോട് ഞാൻ കാര്യം പറയാം. വേണേൽ വിശ്വസിയ്ക്കട്ടെ. ഇല്ലേൽ വേണ്ട. കാലം തെളിയിക്കട്ടെ എല്ലാം.. പിന്നെ നിന്റെ ഐഡിയ ഈസ് ഗുഡ്. നമുക്കത് കാര്യമായി ആലോചിയ്ക്കാമെടാ... എന്റെ മനസിൽ ഒരു സബ്ജക്റ്റ് ഉണ്ട്. അത് വെച്ച് നമുക്ക് ചെയ്യാം.. ഞാൻ നിന്നെ കുറച്ചു കഴിഞ്ഞ് വിളിയ്ക്കാമെടാ. എനിയ്ക്കൊരു കാൾ വരുന്നു."
"ഓക്കേടീ.. സീ യു."