പേജുകള്‍‌

2021, ഡിസംബർ 25, ശനിയാഴ്‌ച

സ്പോട്ടി

 ഇവിടെ താമസത്തിന് വന്ന സമയത്ത് താഴത്തെ വീടായിരുന്നു എടുത്തത്. രാത്രികാലങ്ങളിൽ ഒരു നായ വരുമായിരുന്നു. വയ്ക്കുന്ന ഭക്ഷണത്തിന്റെ ഒരു ഷെയർ റോഡരുകിൽ മതിലിനോട് ചേർന്ന് ഞാൻ വയ്ക്കുമായിരുന്നു. വിശന്ന് നടക്കുന്ന പട്ടിയോ പൂച്ചയോ പെരുച്ചാഴിയോ ആരെങ്കിലുമൊക്കെ കഴിച്ചോട്ടെ എന്ന് വച്ച്. പിറ്റേന്ന് നോക്കുമ്പോൾ ഒന്നും ബാക്കിയുണ്ടാവാറില്ല. ആരാണിത് കഴിക്കുന്നത് എന്ന ആകാംക്ഷയിൽ കണ്ടെത്തിയത് ഈ നായയെയാണ്. കറുപ്പിൽ വെള്ള കുത്തുകളുള്ള നായ.

പിന്നെ പിന്നെ പകലും അവൻ വരാൻ തുടങ്ങി. വെള്ളം ആവശ്യപ്പെട്ടുള്ള വരവുകളായിരുന്നു അത്. വേറെയെങ്ങും ചോദിക്കാതെ നേരെ എന്റെ ഗെയ്റ്റിൽ വരും. സ്ടീറ്റിൽ എപ്പോഴും തുറന്ന് കിടക്കുന്ന വാതിലുള്ള വീട് എന്റേത് മാത്രമാണെന്ന് തോന്നുന്നു. അവന്റെ വരവ് വെള്ളത്തിനാണെന്ന് എന്തുകൊണ്ടോ, ആദ്യ വരവിൽ തന്നെ എനിയ്ക്ക് മനസിലായി. കപ്പിൽ വെള്ളം കൊടുത്താൽ കുടിച്ച് ഇടം വലം നോക്കാതെ ഒറ്റ പോക്കാണ്.
പിന്നെ ഞാൻ ഒന്നാം നിലയിലേയ്ക്ക് താമസം മാറ്റി. അവനതറിഞ്ഞില്ല എന്ന് തോന്നുന്നു. എന്നാലും ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ അവൻ തേടിയെത്തി. വീടിന്റെ വാതിക്കൽ കിടക്കും. അവന് വേണ്ടി ഞാനും രാജീവും ഭക്ഷണം മാറ്റിവെയ്ക്കും. അവന്റെ വിശ്വാസമാണ്, ഇവിടെ വന്നാൽ ഭക്ഷണം ണ്ടാകും എന്ന്. അവന് ഞങ്ങൾ സ്പോട്ടി എന്ന് പേരിട്ടു.
കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടൽ കേട്ട് ഇറങ്ങി പോയതാണവൻ. പിന്നെ ഇന്നുവരെ അവനെ കണ്ടിട്ടില്ല. റോഡിൽ നടക്കുമ്പഴൊക്കെയും ഞാൻ കണ്ണുകൾ കൊണ്ട് പരതും. അവൻ എവിടെയെങ്കിലും ഉണ്ടോ എന്ന്. ഇന്നിതു വരെ കണ്ട് കിട്ടിയില്ല.
ഈയിടെയായി അവന്റെ സ്ഥാനത്ത് ഒരു പൂച്ചയാണ് വരുന്നത്. വല്ലപ്പോഴും വരും. വന്നാൽ എന്തെങ്കിലും ഭക്ഷണം കിട്ടും എന്നൊരു വിശ്വാസം ഉണ്ടെന്ന് തോന്നുന്നു. സ്പോട്ടിയ്ക്കായി വെച്ച പാത്രം ഇപ്പോഴും ഉമ്മറത്തുണ്ട്. അതിൽ വന്ന് നോക്കും. അവളെ കാണുമ്പഴേ അടുക്കളയിൽ നിന്ന് എന്തെങ്കിലും ഞാൻ എടുത്ത് കൊടുക്കും. ആദ്യമൊക്കെ അവൾക്ക് ഭയമായിരുന്നു. എന്നാലും " നിക്കടീ " എന്നും പറഞ്ഞ് ഞാൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ അവൾ സുരക്ഷിതമായ ഒരു ദൂരത്ത് ഉമ്മറത്ത് കാത്തിരിക്കും. ഇപ്പോൾ കുറച്ചുകൂടി ഭയരഹിതയായി ഭക്ഷണം വെയ്ക്കുന്ന പാത്രത്തിന്റരുകിൽ ഇരിക്കാറായി. ഇവളും എന്നാണ് സ്പോട്ടിയെ പോലെ ഒരു നാൾ വരാതാകുക എന്നറിയില്ല. എന്നാലും എപ്പോൾ വന്നാലും ഞാനിവിടെയുള്ളിടത്തോളം അവരുടെ വിശ്വാസം കാത്ത് സൂക്ഷിക്കും. എവിടെയൊക്കെ പോയാലും എപ്പോൾ വേണമെങ്കിലും ചോദിക്കാതെ വന്ന് കയറാനുള്ള ഇടമായി ഞാനും ഞാനിവിടെയുള്ളിടത്തോളം എന്റെ വീടും അവർക്കായി കാത്തിരിക്കും.

ജിജി

 2001- അവസാനത്തിലാണ് ഞാൻ ഹോസ്റ്റലിൽ ചേരുന്നത്. ഒരു കന്യാസ്ത്രീ മഠത്തിന്റെ മുകളിൽ ഡോർമിറ്ററി പോലെ രണ്ട് വലിയ ഹാൾ. ഇടത് ഹാളിൽ ഒൻപത് കട്ടിലുകൾ. വലത് ഹാളിൽ പത്ത് കട്ടിലുകൾ. അവയിലെല്ലാം അത്ര തന്നെ ഞാനക്കമുള്ള പെൺകുട്ടികൾ. ചെന്ന് കയറുന്ന ഒരു ചെറിയ മുറിയുടെ ഇരുവശത്തുമാണ് ഈ മുറികൾ. ചെന്ന് കയറുന്ന മുറിയിൽ നീളത്തിൽ രണ്ട് മേശകളും അവയുടെ അപ്പുറമിപ്പുറമായി ഈരണ്ട് ബെഞ്ചുകൾ വീതവും. അതാണ് ഞങ്ങളുടെ ഭക്ഷണമുറി. ഇടതുവശത്തെ മുറിയുടെ വാതിലിന് നേരെ ചുമരിനടുത്തായി എന്റെ കട്ടിൽ. അവിടെ കിടന്നാൽ ഇങ്ങോട്ടും അപ്പുറത്തെ മുറിയിലേയ്ക്കും ആര് വന്നാലും പോയാലും കാണാം.

വാതിലിന്റെ പുറകിൽ ചുമരിനടുത്തായി ഒരു ഒറ്റക്കട്ടിലുണ്ട്. എന്റെ തന്നെ അപ്പുറത്തേന്റെ അപ്പുറത്തെ കട്ടിൽ. അതിൽ എനിയ്ക്കും ഒരാഴ്ചയോ മറ്റോ മുൻപ് വന്ന ജിജി. ഞങ്ങൾ രണ്ടു പേർക്കും നടുക്കുള്ള കട്ടിലിൽ ഞാൻ ലക്ഷ്മി എന്ന് വിളിച്ചിരുന്ന സിന്ധു. അവളെന്നെ നീലി എന്ന് വിളിച്ചു. ഈ വിളികളൊക്കെ വന്ന് കുറച്ചു നാളുകൾക്ക് ശേഷമാണ് ഉണ്ടായത്.
ഞാൻ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്രിസ്തുമസ് വന്നു. അതിരാവിലെ ഒമ്പത് ഒമ്പതരയ്ക്ക് ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഓരോരുത്തരും ജിജിയുടെ അടുത്ത് ചെന്ന് ബെർത്ഡേ വിഷ് ചെയ്യുന്നു. സമ്മാനം കൊടുക്കുന്നു. എനിയ്ക്കീ കക്ഷിയെ വല്യ പരിചയമൊന്നും ആയിട്ടില്ല. ചിരിക്കും. അത്രമാത്രം. ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഞാനാണേൽ അന്ന് ഇതിനേക്കാൾ മൂശേട്ടയും ഇൻട്രോവർട്ടും ആയിരുന്നു. എന്നാലും എന്തോ അവൾക്ക് വിഷ് ചെയ്യണം എന്ന് തോന്നി. നോക്കുമ്പോൾ എന്റെ കയ്യിൽ ആകെയുള്ളത് 10 രൂപ! അന്നും ഇന്നും കയ്യിൽ തീരെയില്ലാത്തത് അതു മാത്രമായിരുന്നു, സാമ്പത്തികം! 😂
എല്ലാരും സമ്മാനം കൊടുത്ത് വിഷ് ചെയ്യുമ്പോ ഞാനെങ്ങനെ ചുമ്മാ...
ജീൻസും ടീഷർട്ടുമിട്ട് ഇറങ്ങി. അന്നെനിയ്ക്ക് ജീൻസ് മേരി എന്നൊരു ഇരട്ടപ്പേര് കൂടിയുണ്ടായിരുന്നു. ജീൻസിലല്ലാതെ മറ്റൊരു വേഷത്തിലും ഞാൻ നടക്കില്ലാരുന്നു. കയ്യിലുള്ള 10 രൂപയ്ക്ക് എന്ത് സമ്മാനം വാങ്ങാൻ?! ആലോചിച്ചു. ഒരു റോസാപ്പൂവിന് 10 രൂപ. അത് വാങ്ങി. ഒരു മഞ്ഞ റോസാപ്പൂവായിരുന്നു അത് എന്നോർമ്മ. തിരികെ മഠത്തിൽ വന്ന് തോട്ടത്തിൽ നിന്ന് രണ്ട് എവർഗ്രീനിന്റെ ഇല പൊട്ടിച്ചു. ഈ പൂവിനെ നടുക്കാക്കി നൂല് വെച്ച് കെട്ടി. ഇപ്പോ അവളെ വിഷ് ചെയ്യാൻ ഒരു കോൺഫിഡൻസൊക്കെ വന്നു. നേരെ കയറി ചെന്നു.
വാതിൽക്കലെത്തി ഒരു കാലെടുത്ത് അകത്ത് വെച്ച് നോക്കിയപ്പോൾ കണ്ടു, ആരൊക്കെയോ ജിജിക്ക് സമ്മാനം കൊടുത്ത് വിഷ് ചെയ്യുന്നു. ഒരു വിധം കയറ്റിയ കോൺഫിഡൻസൊക്കെ ആവിയായി. വേണ്ട, ഇത് കൊടുക്കണ്ട എന്ന് മനസ് പറഞ്ഞു. അകത്തേയ്ക്ക് വെച്ച കാൽ തിരികെയെടുത്ത് അവിടെ നിന്നൊന്ന് പരുങ്ങി. അത് ജിജി കണ്ടു.
"എന്താ അനു? എന്താ അവിടെ നിക്കുന്നേ?" എന്നൊരു ചോദ്യം. ആ ഒരൊറ്റ നിമിഷത്തിന്റെ ധൈര്യത്തിൽ ഇടം വലം നോക്കാതെ നേരെ അവൾടടുത്ത് ചെന്ന് " മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ" എന്നും പറഞ്ഞ് ആ പൂവ് നീട്ടി. തിരിഞ്ഞു നടന്നു. ഒരു നിമിഷം പോലുമെടുത്തില്ല അതിനിടയിൽ. അവളുടെ മുഖത്ത് അത്ഭുതമോ അങ്ങനെ ഏതാണ്ടൊക്കെയോ നിറഞ്ഞ ഒരു ഭാവം കണ്ടു. ഒന്നും മിണ്ടാത്ത എന്നിൽ നിന്നും ഒരു വിഷ് പോലും അവൾ പ്രതീക്ഷിച്ചിരുന്നില്ല പോലും. അതിന്റെ ഒരമ്പരപ്പായിരുന്നു അവൾക്കുണ്ടായതത്രേ. അതും കഴിഞ്ഞ്, ഒരു താങ്ക്സ് പോലും പറയാൻ അവസരം നൽകാതെയുള്ള എന്റെ തിരിച്ച് നടത്തം അതിലേറെ അമ്പരപ്പുണ്ടാക്കിയെന്ന്! അവൾ പറഞ്ഞുള്ള അറിവാണ്.
പിന്നീട് അവൾ എന്റെ നല്ല സുഹൃത്തുക്കളിലൊരാളായി. ഹോസ്റ്റൽ മാറിയിട്ടും അവളെ അന്നേ ദിവസം വിഷ് ചെയ്യുന്ന പതിവ് തെറ്റിച്ചില്ല. ഒരു കൊല്ലമൊഴികെ- 2017-ൽ. അക്കൊല്ലം പനി പിടിച്ച് എഴുന്നേൽക്കാൻ പോലുമാകാതെ ആരുമില്ലാതെ കിടക്കുകയായിരുന്നു. ആവത് വന്നപ്പോൾ ആദ്യം ചെയ്തതും വൈകിയ ഒരു പിറന്നാൾ ആശംസ അറിയിക്കുകയായിരുന്നു. അന്നേരം അവൾ പറഞ്ഞു " ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ജീവനോടെയുണ്ടെങ്കിൽ അന്നേ ദിവസം നീയെന്നെ വിളിക്കും എന്നൊരു വിശ്വാസം എനിയ്ക്കുണ്ട്. നിന്റെ വിളി കാണാതായപ്പോൾ ഞാൻ പേടിച്ചു. അത് ഞാൻ അയലത്തെ ചേച്ചിയോട് പറയുകയും ചെയ്തു " എന്ന്. ഇതും ഒരു വിശ്വാസം. ഞാനത് തെറ്റിച്ചുമില്ല. ജീവനുള്ളിടത്തോളം അത് തെറ്റിയ്ക്കുകയുമില്ല. തെറ്റിച്ചാൽ.., പിന്നെ ഞാൻ ഞാനല്ലാതെയാകുമല്ലോ...
ഇന്ന്, ക്രിസ്തുമസ് ദിനത്തിൽ ഉറക്കമുണർന്ന് ആദ്യം ചെയ്തതും അവളെ വിളിക്കലായിരുന്നു. ഫോണെടുത്തതേ അവൾ പറഞ്ഞു "നീയൊന്നും പറയണ്ട. നീ പതിവ് തെറ്റിക്കില്ല എന്നറിയാമായിരുന്നതുകൊണ്ട് കാത്തിരിക്കുകയായിരുന്നു. നീ മാത്രമേ അത് ഓർക്കുള്ളൂ എന്നെനിയ്ക്കറിയാം."
രണ്ട് പേരുടെ മനസിലൂടെയും ആദ്യവിഷ് ചെയ്യൽ പതിവു പോലെ കടന്നുപോയി. വർഷത്തിൽ ഒരു തവണയെങ്കിലും ഞങ്ങൾ സംസാരിക്കാറുണ്ടോ എന്ന് സംശയമാണ്. വിഷ് ചെയ്യാൻ മാത്രം വിളിച്ച വർഷങ്ങൾ ഉണ്ടായിട്ടുണ്ട്. അവളെ അവസാനമായി കണ്ടത് 2008-ലാണ്. വിവാഹം ക്ഷണിയ്ക്കാൻ വീട്ടിലേയ്ക്ക് കയറി വന്ന അവൾ കണ്ടത്, സമനില തെറ്റി എന്തൊക്കെയോ കാട്ടിക്കൂട്ടി മുറിയുടെ മൂലയിൽ പേടിച്ചരണ്ടിരിക്കുന്ന എന്നെയാണ്. അതാണ് അവൾടെ മനസിൽ എന്റെ അവസാനരൂപവും. ആ രൂപം മനസിൽ നിന്നും മാറ്റാൻ അവളെന്നെ വിളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ പോകാനൊത്തില്ല. എന്റെ സ്വപ്ന യാത്രയിലെ ഒരു രാത്രി അവളുടെ വീട്ടിലായിരിക്കും. അതെന്ന് എന്നറിയില്ല. എന്നെങ്കിലും നടക്കുമായിരിക്കും.