പേജുകള്‍‌

2013, മാർച്ച് 31, ഞായറാഴ്‌ച

കഞ്ചാവനുഭൂതി... ഒരു മിഥ്യാനുഭവം!!

 
കഞ്ചാവടിയ്ക്കുക എന്നത് വർഷങ്ങളോളമായി എന്നെ പ്രലോഭിപ്പിച്ചിരുന്ന ഒരു വസ്തുതയാണ്. പലപ്പോഴും പല സുഹൃത്തുക്കളും കഞ്ചാവ് കയ്യിലെടുത്ത് തന്ന് പ്രലോഭിപ്പിച്ചിട്ടുണ്ട്. അന്നെല്ലാം അതിൽ നിന്നും ഒഴിഞ്ഞു മാറാനായിരുന്നു മനസ് പ്രേരിപ്പിച്ചത്. പക്ഷേ അടുത്തകാലത്ത് ഒരു ആഗ്രഹം. വലിയ പാരാവാരങ്ങളൊക്കെ പറഞ്ഞു കേൾക്കുന്ന കഞ്ചാവനുഭൂതി എന്തെന്നറിയണം എന്ന്. വിശ്വസിയ്ക്കാവുന്ന ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞു. അവൻ സംഘടിപ്പിക്കാമെന്ന് സംഗതി ഏറ്റു. സമയവും കാലവും സ്ഥലവും എല്ലാം മുൻകൂർ തീരുമാനിച്ച് പദ്ധതി പ്രകാരം പുറപ്പെട്ടു. ഒരു വെള്ളിയാഴ്ച  ഉച്ചയ്ക്ക്.  എം. മുകുന്ദൻ എന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ 'ഹരിദ്വാരിൽ മണിമുഴങ്ങുന്നു' എന്ന നോവൽ  പണ്ടെങ്ങോ  വായിച്ചപ്പോൾ മുതൽ മനസിൽ മുട്ടി നിന്നിരുന്ന ഒരു മോഹമാണ് സാക്ഷാത്ക്കരിയ്ക്കുവാൻ പോകുന്നത് എന്നതിന്റെ ആവേശവും ഉള്ളിലുണ്ടായിരുന്നു.


മനസിൽ ഒരുപാട് ഭാവനകളായിരുന്നു!! കഞ്ചാവടിച്ച് പറന്നു നടക്കുന്ന ഞാൻ.. അതെങ്ങിനെയായിരിക്കും എന്ന ആകാംക്ഷ, അങ്ങിനെയങ്ങിനെ... പോകുന്ന വഴിയ്ക്ക് വേണ്ടപ്പെട്ട  ഒരു സുഹൃത്തിനെ കണ്ടു. ഞാൻ അദ്ദേഹത്തെ കാണുന്നത് അന്ന് രണ്ടാമത്തെ തവണയായിരുന്നു എങ്കിലും  രണ്ടാമത്തെ തവണ അയാൾ എന്നെ കണ്ടു. അത് മനസിലാക്കിയിട്ടും കാണാത്ത മട്ടിൽ എന്റെ വണ്ടി ഞാൻ നിർത്താതെ യാത്ര തുടർന്നു. ചെയ്തതെല്ലാം ചെയ്തില്ല എന്നും പറഞ്ഞതൊന്നും പറഞ്ഞില്ല എന്നുമൊക്കെ ആരെയൊക്കെയോ ബോധ്യപ്പെടുത്തുവാൻ തത്രപ്പെടുന്ന അദ്ദേഹത്തെ ഞാനായിട്ട് ബുദ്ധിമുട്ടിയ്ക്കണ്ടാ എന്ന് കരുതി

സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴേയ്ക്കും, കൂടിക്കാഴ്ചയെ  തുടർന്ന് ലഭ്യമായ പരിഭവസന്ദേശത്തിൽ  മനസുരുക്കാതെ കൂട്ടുകാരനെ പാചകത്തിൽ സഹായിയ്ക്കുവാൻ ഞാനും കൂടി.  കൂട്ടുകാരൻ പാചകം ചെയ്ത ചോറും കറിയും വയറു നിറയെ കഴിച്ച് സ്റ്റാമിന കൂട്ടി. കഞ്ചാവ് എന്നത് എന്തോ വലിയ ഒരു സംഭവമാണ് എന്ന എന്റെ ചിന്ത ഭക്ഷണം നന്നായി കഴിയ്ക്കുവാൻ പ്രേരിപ്പിച്ചു. ഭക്ഷണം കഴിച്ച് വിശുദ്ധകർമ്മത്തിലേയ്ക്ക് കടന്നു!! 

ആദ്യമായി കഞ്ചാവ് വലിയ്ക്കുന്നവർ 'ഭം ഭം മഹാദേവ!!' എന്ന് പ്രാർത്ഥിയ്ക്കണം എന്ന സുഹൃത്തിന്റെ ഉപദേശം ശിരസ്സാവഹിച്ചു. അവനിത് രണ്ടാമത്തെ അനുഭവമായിരുന്നു. എങ്ങാനും കഞ്ചാവടിച്ച് ഞാനെന്ന തുടക്കക്കാരി കിറുങ്ങുകയാണെങ്കിൽ കെട്ട് വിടുവിക്കാൻ വേണ്ടി തൈര്, ചെറുനാരങ്ങ തുടങ്ങിയ സാമഗ്രികൾ അവൻ സൂക്ഷിച്ചിരുന്നു. അങ്ങിനെ സുഹൃത്തിന്റെ ഉപദേശപ്രകാരം 'ഭം ഭം മഹാദേവ!!' എന്ന് പ്രാർത്ഥിച്ച് അവൻ നീട്ടിയ കഞ്ചാവ് ബീഡി വലിയ്ക്കുവാൻ തുടങ്ങി, ഭയഭക്തി ബഹുമാനപുരസ്സരം!

വലിച്ചപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇനി വലിയ്ക്കുന്നതു ശരിയാവാത്തതുകൊണ്ടായിരിക്കാം എന്ന ചിന്തയിൽ ആഞ്ഞാഞ്ഞ് വലിച്ചു. അവന്റെ കണ്ണുകളിൽ കലക്കത്തിന്റെ ചുവപ്പുരാശി തെളിഞ്ഞു തുടങ്ങിയിരുന്നു

'എടാ.. നിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നു' എന്ന് ഞാൻ ഓർമ്മിപ്പിച്ചു.
'എനിയ്ക്ക് ഏതാണ്ട് പോലെയൊക്കെ തോന്നുന്നുണ്ട്' എന്ന് അവൻ. ഒരേയൊരു കഞ്ചാവ് ബീഡിയുണ്ടായിരുന്നത് തീർന്നപ്പോഴേയ്ക്കും അവൻ കിറുങ്ങി തുടങ്ങിയിരുന്നു. ഞാനപ്പോഴും ഒരു കുഴപ്പവുമില്ലാതെ പയറുമണി പോലെ ഒന്നും തോന്നാതെ ഇരുന്നു. അവൻ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഉടൻ തന്നെ സ്വീകരണമുറിയിലെ സോഫയിൽ കിടന്നു. ഞാൻ അടുത്തിരുന്ന കസേരയിലിരുന്ന് അവനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു

'എടാ.. നിനക്ക് ഇപ്പോൾ എന്താ തോന്നുന്നത്?' ഞാൻ ചോദിച്ചു. അവൻ ചിരിച്ചു. ഒരുമാതിരി റിലേ വിട്ട ചിരി!

'അധികം ചിരിയ്ക്കണ്ടാ. നിർത്താൻ പറ്റില്ല എന്നാ കേട്ടിരിക്കുന്നത്' ഞാൻ പറഞ്ഞു

'എനിയ്ക്ക് ചിരിയുടെ ഞരമ്പുകളിൽ എന്തൊക്കെയോ തോന്നുന്നു' എന്നവൻ.
'എന്ത് തോന്നുന്നു?' 

'എന്തോ തോന്നുന്നു.' (പിന്നീടവൻ പറഞ്ഞു എന്തോ തോന്നലിന്റെ പേര് ഇക്കിളി എന്നായിരുന്നു എന്ന്!!) 

'എങ്കിൽ നീ ഇനി ചിരിക്കണ്ടാ, നിർത്താൻ പറ്റിയില്ലെങ്കിലോ..?' 

അവൻ ചിരി നിയന്ത്രിച്ചു. എന്നിട്ടും ഒരു പുഞ്ചിരി അവന്റെ മുഖത്ത് തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു

'ഇപ്പോൾ നിനക്കെന്ത് തോന്നുന്നെടാ? നീ കിറുങ്ങിയോ?' 

'ഉവ്വ്. ഞാൻ കിറുങ്ങി. എന്റെ തലയുടെ ഭാരം ഇല്ലാതായിരിക്കുന്നു

'ഓഹോ.. കിറുങ്ങാൻ വന്ന ഞാനപ്പോ ശശിണിയായിലേ? ദാ അവൻ കിറുങ്ങിക്കെടക്കുന്നു!!' അവൻ മായാത്ത പുഞ്ചിരിയുമായി കിടന്നതേയുള്ളൂ

'എടാ നിനക്കിപ്പോൾ എന്ത് തോന്നുന്നു?' വീണ്ടും എന്റെ ചോദ്യം

'എന്റെ ദേഹത്തിന്റെ ഭാരം പോയി.' അവന്റെ മറുപടി

കുറച്ച് കഴിഞ്ഞു വീണ്ടും എന്റെ ചോദ്യം

'എന്റെ കാലിന്റെ ഭാരം പോയി.' 

അല്പസമയത്തിനുശേഷം വീണ്ടും ചോദ്യം

'ഇപ്പോൾ ഞാൻ പറന്നു നടക്കുകയാ... എന്തൊരു സുഖം

കേട്ടപ്പോൾ കൊതിതോന്നിപ്പോയി!! പറന്നു നടക്കാൻ വന്നത് ഞാൻ!! പറന്നു നടന്നത് അവൻ!!! ഞാനങ്ങിനെ മിഴുങ്ങസ്യാന്ന് അവനെയും നോക്കിയിരുന്നു. അവന്റെ കൺപോളകളിൽ ഉറക്കം തത്തിക്കളിയ്ക്കുന്നത് ഞാൻ കണ്ടു.
'ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോടാ' എന്ന് ഞാൻ പറഞ്ഞു. അപ്പോഴും മുഖത്തെ മായാത്ത പുഞ്ചിരിയുമായി അവൻ കിടന്നു.

കുറച്ചുനേരം ഞാൻ പുറത്തു പോയി നിന്നു. തലയ്ക്ക് പിടിയ്ക്കാനായി തല കുടഞ്ഞു നോക്കി. കുനിഞ്ഞിരുന്നപ്പോൾ അവന് തലയ്ക്ക് എന്തോ തോന്നുന്നു എന്ന് പറഞ്ഞ ഓർമ്മ വെച്ച് ഞാനും തല കുനിച്ചിരുന്നു. ഒരു രക്ഷയുമില്ല!!
ആകെ തോന്നിയത് എന്റെ കൺപോളകളിൽ ഘനം വെച്ചുവരുന്ന ഉറക്കഭാരമാണ്. വന്നുനോക്കിയപ്പോൾ അവൻ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നു. മുൻ_വശത്തെ വാതിലടച്ച് വെളിച്ചവും കെടുത്തി ഞാൻ അകത്തെ മുറിയിൽ പോയി കിടന്നു. കിടന്നതേ ഓർമ്മയുണ്ടായുള്ളൂ. പിന്നെ എണീറ്റപ്പോൾ സന്ധ്യയായിരുന്നു. ഒന്നുമറിയാതെ തുടർച്ചയായി രണ്ട് മണിക്കൂർ ഉറങ്ങി

എപ്പോൾ ഉറങ്ങിയാലും, അതെത്ര കുറഞ്ഞ നേരത്തേയ്ക്കാണെങ്കിൽ പോലും ഒരുപാട് സ്വപ്നം കാണുന്നവളാണ് ഞാൻ. മാത്രമല്ല കാണുന്ന സ്വപ്നങ്ങളൊക്കെ ഉണർന്നാൽ വ്യക്തമായി ഓർക്കുകയും ചെയ്യും. പക്ഷേ അന്ന് ഞാൻ യാതൊരു സ്വപ്നങ്ങളുമില്ലാതെ ശാന്തമായും സമാധാനത്തോടെയും ഉറങ്ങി

അന്ന് എന്റെ ഉറക്കത്തിൽ നിന്നും എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ സ്വപ്നങ്ങൾ ഇതുവരെയും തിരിച്ചു കിട്ടിയിട്ടില്ല എന്നതാണ് കഞ്ചാവടിയിൽ നിന്നും എനിയ്ക്കുണ്ടായ ഫലം. പറഞ്ഞു കേട്ടതു പോലെ മറ്റൊരു അനുഭൂതിയും എനിയ്ക്കതിൽ നിന്നും കിട്ടിയില്ല!!! ഇതാണോ ഒരുപാട് കൊട്ടിഘോഷിയ്ക്കപ്പെട്ട കഞ്ചാവനുഭൂതി??!!!

ഒരു തുറന്ന കത്ത്...


സുഹൃത്തേ...

താങ്കളാരാണെന്ന് എനിയ്ക്കറിയില്ല. ഞാൻ താങ്കളെ കണ്ടിട്ടില്ല. താങ്കളോട് സംസാരിച്ചിട്ടില്ല. ഉള്ളത് കുറച്ച് കേട്ടറിവുകൾ മാത്രം. ഞാൻ ആരെന്ന് സ്വയം പരിചയപ്പെടുത്താം. താങ്കളുടെ കപടപ്രണയത്തിൽ വിശ്വസിച്ച് വഞ്ചിയ്ക്കപ്പെട്ട് താങ്കളുടെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന പെൺകുട്ടി പ്രസവിയ്ക്കുന്ന അതാങ്കളുടെ കുഞ്ഞിനെ ഏറ്റെടുത്ത് വളർത്തുവാൻ ഉദ്ദേശിയ്ക്കുന്ന ഒരു സ്ത്രീയാണ് ഞാൻ

പെൺകുട്ടിയും കുഞ്ഞും എന്റെ മനസിൽ സൃഷ്ടിച്ച നീറ്റലിന്റെ ഫലമാണ് തുറന്ന കത്ത്. താങ്കൾ എന്തുകൊണ്ടാണ് പെൺകുട്ടിയെ ഉപേക്ഷിയ്ക്കുവാൻ മുതിരുന്നത് എന്നെനിയ്ക്കറിയില്ല. താങ്കളെ ഗാഢമായി സ്നേഹിച്ചിരുന്ന, വിശ്വസിച്ചിരുന്ന പെൺകുട്ടിയ്ക്ക് പോലും അറിയാത്ത വസ്തുത എനിയ്ക്കെങ്ങിനെ അറിയുവാൻ!! എങ്കിലും പെൺകുട്ടി മനസലിവുള്ളവളാണെന്ന് അവളുടെ പ്രവൃത്തിയിൽ നിന്നും മനസിലായതുകൊണ്ട് അറിയാതെ അവൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു പോകുന്നു. താങ്കൾ ഉപേക്ഷിച്ച് കഴിഞ്ഞാൽ തന്റെ ഭാവി ജീവിതത്തിനു പോലും ദോഷകരമായേക്കാമെന്ന് അറിഞ്ഞിട്ടും ഉദരത്തിൽ കുരുത്ത കുഞ്ഞിനെ കൊല്ലാൻ സമ്മതിയ്ക്കാതെ 'ആരെങ്കിലും വളർത്തുവാനുണ്ടെങ്കിൽ ഞാൻ കുഞ്ഞിനെ പ്രസവിച്ചു കൊള്ളാം ഡോക്ടർ' എന്ന് പറഞ്ഞ പെൺകുട്ടി മനസലിവുള്ളവളാണ് എന്നത് തീർച്ച. മനസലിവുള്ളതുകൊണ്ടാണല്ലോ അവൾ താങ്കളെ അന്ധമായി പ്രണയിച്ചതും വിശ്വസിച്ചതും.!! 

താങ്കൾ സ്വാർത്ഥനായതുകൊണ്ടാണ് അവൾക്കിപ്പോൾ ഇങ്ങിനെയൊരു അവസ്ഥ വന്നിരിക്കുന്നത്. അഭ്യസ്ഥവിദ്യനായ താങ്കൾക്ക് ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുവാൻ സാധിയ്ക്കുമായിരുന്നില്ലേ? എത്രയെല്ലാം മുൻകരുതലുകൾ ഇക്കാലത്ത് ലഭ്യമാണ്. എന്നിട്ടും താങ്കൾ താങ്കളുടെ സുഖത്തിനുമാത്രം സ്ഥാനം നൽകി.  

ഒരു പക്ഷേ വിവാഹത്തിനു മുൻപേ ഒരുത്തന്റെ കൂടെ ജീവിച്ച് അവിഹിതഗർഭം സമ്പാദിച്ചു എന്നതായിരിക്കാം താങ്കൾ അവളിൽ കണ്ട തെറ്റ്. ഒന്നു ചോദിച്ചോട്ടെ...? താങ്കളുടെ പ്രണയത്തിൽ, വാഗ്ദാനങ്ങളിൽ, താങ്കളിൽ വിശ്വാസമർപ്പിച്ചതുകൊണ്ടായിരിക്കില്ലേ അവൾ താങ്കളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയത്? താങ്കളുടേത് കപടസ്നേഹമാണെന്ന് തിരിച്ചറിയുവാൻ ഒരിയ്ക്കലെങ്കിലും അവൾക്ക് സാധിച്ചിട്ടുണ്ടാവില്ല. അത് താങ്കളുടെ കഴിവും അവളുടെ ബലഹീനതയും.

സ്വന്തമായി വ്യക്തിത്വമുള്ള ഒരു പുരുഷനും ഇത്തരം പ്രവൃത്തി ചെയ്യില്ല. വ്യക്തിത്വം കുടുംബത്തിൽ നിന്നും ലഭിയ്ക്കേണ്ട സദ്ഗുണങ്ങളിൽ ഒന്നാണ്. കാപട്യം മനസിൽ വെച്ച് പ്രണയത്തെ വികലമാക്കുന്ന പുരുഷൻ, അവനെത്ര ഉന്നത സ്ഥാനത്തിരിക്കുന്നവനായാലും പുരുഷനെന്ന് വിളിയ്ക്കപ്പെടുവാൻ അർഹതയില്ലാത്തവനാണ്. നപുംസകതുല്യമായ മനുഷ്യജന്മം എന്നേ അത്തരക്കാരെ വിളിയ്ക്കുവാൻ സാധിയ്ക്കൂ... സ്വന്തം സുഖവും സന്തോഷവും ആവോളം കപടപ്രണയം നടിച്ച് നേടിയെടുത്ത് ആത്മാർത്ഥമായി തന്നെ പ്രണയിച്ച പെൺകുട്ടിയെ ഉപേക്ഷിച്ച് മറ്റുള്ളവരെ തേടി പോകുന്ന പുരുഷൻ.. അവനെ മറ്റെന്ത് വിളിയ്ക്കുവാൻ!! താങ്കളും അതേ സ്ഥാനത്താണെന്ന് താങ്കളുടെ പ്രവൃത്തികൊണ്ട് തെളിയിച്ചിരിക്കുന്നു.

ഒരുപക്ഷേ താങ്കളുടെ വാർദ്ധക്യകാലത്ത് താങ്കൾക്ക് താങ്ങും തണലുമായിരിക്കാവുന്ന താങ്കളുടെ കുഞ്ഞിനെയായിരിക്കാം താങ്കൾ ഇപ്പോൾ ഉപേക്ഷിയ്ക്കുവാൻ തയ്യാറാകുന്നത്. ഒരുകാര്യം ഉറപ്പാണ്. പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ കണ്ണുനീർ താങ്കളുടെ ഭാവി ജീവിതത്തെ പൊള്ളിയ്ക്കും. അവൾ താങ്കളെ മനസറിഞ്ഞ് ശപിയ്ക്കില്ലായിരിക്കാം. കാരണം ആത്മാർത്ഥമായി ഒരിയ്ക്കൽ പ്രണയിച്ച പുരുഷനെ മനസറിഞ്ഞ് ശപിയ്ക്കുവാൻ ഒരു സ്ത്രീയ്ക്കും സാധിയ്ക്കില്ല. അറിയാതെ എന്തെങ്കിലും വാക്കുകൾ പുറത്തേയ്ക്ക് വന്നുപോയാൽ തന്നെ പിന്നീട് അവൾ അതേ ചൊല്ലി ദൈവത്തിനോട് മാപ്പ് ചോദിയ്ക്കും. അനുഭവമാണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്.

പുരുഷൻ.. അവന് എല്ലാം പെട്ടന്ന് മറക്കുവാനും മറ്റൊരാളെ തേടി പോകുവാനും എളുപ്പം സാധിയ്ക്കും. പക്ഷേ, മറവിയിലാണ്ടതെല്ലാം ഒരിയ്ക്കൽ ഓർമ്മയിലേയ്ക്ക് കയറിവരുന്ന ഒരു നാൾ ഉണ്ടാകും. തീർച്ചയായും അങ്ങിനെ ഒരു നാൾ വരും. അന്ന് അവർക്ക് ഇപ്പറയുന്ന രക്തത്തിളപ്പോ ആരോഗ്യമോ മന:ക്കട്ടിയോ ഉണ്ടാവില്ല. അന്ന് പക്ഷെ കണ്ണുകളിൽ നിന്നും ഉറവ പൊട്ടുന്ന കണ്ണുനീർ ഒന്നിനും പരിഹാരമാവില്ല എന്നുകൂടി ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

ആരോ പ്രസവിച്ച കുഞ്ഞിനെ സ്വീകരിച്ച് വളർത്തുവാൻ വേണ്ടി കാത്തിരിക്കുന്ന എന്റെ മനസിൽ എത്രയോ പദ്ധതികളാണ് കുഞ്ഞിനു വേണ്ടിയുള്ളത്!! കുഞ്ഞിനെ ഞാൻ ഇപ്പോഴേ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അപ്പോൾ അതിനെ ഗർഭം ധരിച്ച പെൺകുട്ടിയുടെ മനസിൽ അതിനോട് എത്ര സ്നേഹമുണ്ടായിരിക്കണം. തന്റെ നിസ്സഹായതകൊണ്ട് മാത്രം അതിനെ ഉപേക്ഷിയ്ക്കേണ്ടി വരുന്ന അമ്മമനസിന്റെ നീറ്റൽ താങ്കൾ ഏത് ജന്മത്തിൽ തീർക്കും?  

ഒന്നുറപ്പാണ്. ജനിയ്ക്കുന്ന കുഞ്ഞ് ആൺകുട്ടിയാകുകയാണെങ്കിൽ, അവന് ഞാൻ പറഞ്ഞുപഠിപ്പിക്കുന്ന ആദ്യപാഠം, അവന്റെ അച്ഛനെ പോലെ സ്ത്രീകളെ കപടസ്നേഹത്തിലൂടെ വഞ്ചിക്കുന്ന ഒരുവനായി മാറരുത് അവൻ എന്നായിരിക്കും. ഊരും പേരും അറിയാത്ത അവന്റെ അച്ഛന്റെ വൃത്തികെട്ട വഞ്ചനയുടെ കഥയും അയാളെ അന്ധമായി പ്രണയിച്ച അവന്റെ അമ്മയുടെ നിസ്സഹായതയും പറഞ്ഞുകൊടുത്തേ ഞാൻ അവനെ വളർത്തൂ... അവന്റെ അച്ഛനെ പോലെ ലോകത്തെ മലീമസമാക്കുന്ന ഒരു പുരുഷപ്രജയായി അവൻ വളരുകയില്ല.

എന്റെ ഈ തുറന്ന കത്ത് താങ്കളുടെ കപടമനസിൽ എള്ളോളമെങ്കിലും ആത്മാർത്ഥത നിറയ്ക്കുവാൻ സഹായിച്ചിരുന്നെങ്കിൽ...  താങ്കളെ സ്നേഹിച്ച പെൺകുട്ടിയേയും അവളിൽ താങ്കൾക്ക് പിറക്കുവാൻ പോകുന്ന ആ കുഞ്ഞിനേയും സ്വന്തം തെറ്റ് മനസിലാക്കി, പൂർണ്ണ മനസോടെ താങ്കൾ സ്വീകരിച്ചെങ്കിൽ എന്ന പ്രാർത്ഥനയോടെ