പേജുകള്‍‌

2020, ജനുവരി 26, ഞായറാഴ്‌ച

എന്റെ ഏട്ടൻ...




എന്റെ ഏട്ടൻ... പറയാതെ പോയ ഒരു ‘മാപ്പ്’ ആണ്‌ എനിയ്ക്ക് ഏട്ടൻ...
സോഷ്യൽ മീഡിയയും ഗൂഗിൽ പ്ലസ്സും എന്തിന്‌?, ചുപ്ലയെ പോലും വെറുത്ത ദിവസമായിരുന്നു ഇന്നലെ കടന്ന് പോയത്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ, അയാൾക്ക് അസൂയയാണ്‌. നല്ല മനുഷ്യരോട്, നല്ല ദമ്പതികളോട്, എല്ലാവരാലും സ്നേഹിക്കപ്പെടുന്നവരോട്... എന്ന് ഇന്നലെ മുഴുവൻ പറഞ്ഞോണ്ട് നടന്നു. മനസടക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പാഞ്ഞു നടന്നു. ആ സമയമത്രയും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരുന്നു...
അമ്മയുടെ അസുഖമെല്ലാം ഭേദമായി ഞാൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന സമയത്തായിരുന്നു ഗൂഗിൾ പ്ലസ്സിൽ, ‘അപകടത്തിൽ ഗുരുതരമായി പരിക്കു പറ്റിയ അനന്തരവനെ കുറിച്ചും മകന്റെ സ്ഥാനത്ത് നിർത്തിയിരിക്കുന്ന അവൻ തനിയ്ക്ക് മുൻപേ ലോകം വിട്ടു പോകുമോ’ എന്നുള്ള ആശങ്കയെല്ലാം പങ്ക് വെച്ചുകൊണ്ട് ഏട്ടന്റെ പോസ്റ്റ് കാണുന്നത്. അന്നുവരെ ഏട്ടന്റെ പോസ്റ്റുകൾ കാണുമെങ്കിലും പ്ലസ് കൊടുത്ത് പോകുമെന്നല്ലാതെ മറ്റൊരു ഇന്ററാക്ഷനും ഉണ്ടായിരുന്നില്ല. പക്ഷേ, ആ പോസ്റ്റ് കണ്ടപ്പോൾ, അവിടെ ആർക്കോ കൊടുത്ത ഏട്ടന്റെ നമ്പറിൽ വിളിക്കണമെന്ന് തോന്നി. ‘ജയറാമേട്ടാ.. അനാമികയാണ്‌“ എന്ന് പരിചയപ്പെടുത്തി മനസിനെ ബലപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും പോസിറ്റീവ് ആയി ചിന്തിക്കേണ്ടതിനെ കുറിച്ചും എല്ലാം സംസാരിച്ച് അവൻ തിരികെ വരും, ഓർമ്മ നഷ്ടപ്പെട്ട അവന്‌ എല്ലാം തിരികെ കിട്ടും എന്നെല്ലാം ആശ്വസിപ്പിച്ചായിരുന്നു അന്ന് ഫോൺ വെച്ചത്. സംസാരം തുടങ്ങിയപ്പോൾ മുതൽ അവസാനിപ്പിക്കുന്നത് വരെയും യാതൊരു അപരിചിതത്വവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഏട്ടൻ പറഞ്ഞു, ”നീ അന്ന് തന്ന ധൈര്യം എന്നിൽ വല്ലാത്ത ഊർജ്ജവും ആത്മവിശ്വാസവും തന്നു“ എന്ന്. അനന്തരവന്റെ മാറ്റങ്ങൾ എല്ലാം സമയാസമയം ഏട്ടൻ അറിയിച്ചുകൊണ്ടേയിരുന്നു.
പോകെ പോകെ ഏട്ടനെ സ്ഥിരം വിളിക്കുന്ന അത്രയും അടുപ്പത്തിലെത്തി. ഏട്ടനോടൊപ്പം ഭാമേടത്തിയോടും സംസാരിച്ചു തുടങ്ങി. രണ്ട് പേരും അത്രമേൽ നല്ലവരാണ്‌ എന്ന് ഓരോ വിളിയിലും ഉറച്ചു കൊണ്ടേയിരുന്നു.
എന്നിട്ടും ഞാൻ ഏട്ടനിൽ നിന്നും ഭാമേടത്തിയിൽ നിന്നും മുങ്ങി നടന്നു. എന്നോടുള്ള സ്നേഹം, എന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല, പിടിച്ച് കെട്ടിക്കണം എന്നിടം വരെയെത്തിയപ്പോൾ ഞാൻ പതുക്കെ സ്കൂട്ടാവാൻ തുടങ്ങി.
ഒരു അറേഞ്ച്ഡ് മാര്യേജിനോട് എനിയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ ഇവരുടെ സ്നേഹപൂർവമായ ആവശ്യത്തിനു മുൻപിൽ ഞാൻ വഴങ്ങിയാലോ എന്നെനിയ്ക്ക് തോന്നിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ പതുക്കെ മുങ്ങി നടക്കാൻ തുടങ്ങി. അവരുടെ ആവശ്യത്തെ നിരസിക്കാനോ ഒഴിഞ്ഞു മാറുവാനോ എനിയ്ക്ക് കഴിയില്ല എന്നുള്ള തിരിച്ചറിവായിരുന്നു കാരണം.
അതിനിടയിൽ നമ്പർ മാറി. പുതിയ നമ്പർ ഞാൻ ഏട്ടന്‌ കൊടുത്തതേയില്ല. ഏടത്തി ചോദിച്ചിരിക്കാം ഏട്ടനോട്, അനു എവിടെ എന്ന്... അവൾ അവിടെയൊക്കെ സുഖമായിരിക്കുന്നു എന്ന് ഏട്ടൻ മറുപടിയും പറഞ്ഞിരിക്കാം. എങ്കിലും ഒരിക്കൽ പോലും ഏട്ടൻ എന്നോട് നമ്പർ ചോദിച്ചിട്ടില്ല. ഞാൻ എന്തോ കാരണം കൊണ്ട് ഒഴിഞ്ഞു നടക്കുകയാണെന്ന് ഏട്ടനും മനസിലാക്കിയിരിക്കാം. പോസ്റ്റുകളിലൂടെ, കമന്റുകളിലൂടെ ഞങ്ങൾ പരസ്പരം ഇടപെടുന്നുണ്ടായിരുന്നു.
പലപ്പോഴും ഏട്ടനെ വിളിച്ച് എന്റെ മുങ്ങി നടപ്പിൽ മാപ്പ് പറയണമെന്നും കാരണം പറയണമെന്നും ഒക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, പിന്നെയാവട്ടെ എന്ന് കരുതി മാറ്റി വെച്ചു.. ഇനി എന്ന്... ഇനിയൊരിക്കലും അതിന്‌ സാധിക്കില്ലല്ലോ എന്ന് മനസ് വിങ്ങുകയാണ്‌...
എന്റെ സങ്കടത്തെ, എന്റെ വാക്കുകളിൽ നിന്നും എന്റെ എഴുത്തുകളിൽ നിന്നും ഒരല്പം പോലും മാറ്റമില്ലാതെ മനസിലാക്കിയ ആളായിരുന്നു ഏട്ടൻ. “അനൂ.. നിനക്ക് ആങ്ങളമാരുടെ സ്നേഹവും കരുതലും വല്ലാതെ മിസ്സാകുന്നുണ്ടല്ലേ? എന്തിനാടീ നീ വിഷമിക്കുന്നത്? നിനക്ക് ഞാനില്ലേടീ ഏട്ടനായി?” എന്ന് ഏട്ടൻ ചോദിച്ച ദിവസം, എന്റെ മനസിൽ രൂപപ്പെട്ട ആത്മവിശ്വാസം.. അന്ന് മുതലാണ്‌ ‘ജയരാമേട്ടൻ’ എന്ന വിളിയെ ഞാൻ “ഏട്ടൻ” എന്നാക്കി ചുരുക്കിയത്. ഓരോ തവണ, "ഏട്ടാ​‍ാ .." എന്ന് വിളിക്കുമ്പോഴും ഞാനത് ഹൃദയത്തിൽ തട്ടി, എന്റെ ഏട്ടനായി തന്നെയായിരുന്നു വിളിച്ചിരുന്നത്... രക്തത്തേക്കാൾ കട്ടി സ്നേഹത്തിനുണ്ട് എന്ന് ആ വാക്കുകളിലൂടെ ഞാൻ മനസിലാക്കി.
എന്നെങ്കിലും ഞാൻ കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ ആങ്ങളയുടെ സ്ഥാനത്ത് ഏട്ടനായിരിക്കുമെന്നും എന്റെ ആദ്യത്തെ വിരുത്തൂണ്‌ ഏട്ടന്റെയും ഏടത്തിയുടെയും കൂടെയായിരിക്കും എന്നും ഞാൻ തീരുമാനിച്ചിരുന്നു... ഇനി...? ഓർക്കും തോറും കണ്ണുകൾ തോരുന്നില്ലല്ലോ...
പലവട്ടം ഏട്ടനെ വിളിച്ചാലോ എന്ന് ചിന്തിച്ചിട്ടും വിളിക്കാഞ്ഞ നിമിഷങ്ങളെ ഞാനിപ്പോൾ ശപിക്കുന്നു. സാമ്പത്തികം ഒന്ന് മെച്ചപ്പെട്ടിട്ട് കൊല്ലൂർക്ക് പോകണമെന്നും ഏട്ടനെ അവിടെ ചെന്ന് വിളിച്ച് സർപ്രൈസ് ആക്കണമെന്നും അന്ന് എന്തുകൊണ്ടാണ്‌ ഞാൻ മുങ്ങി നടന്നിരുന്നത് എന്ന് വിശദീകരിക്കണമെന്നും ഒരു രാത്രി ഏട്ടന്റെയും ഏടത്തിയുടെയും കൂടെ കഴിയണമെന്നുമൊക്കെ ഞാൻ പ്ലാൻ ചെയ്തിരുന്നു. പക്ഷേ ഇനി..?
ഇനി ആ വിളികളൊന്നും ഞാൻ നടത്തില്ല. ഇനി ഞാൻ എന്ത് പറഞ്ഞ് ഏടത്തിയെ വിളിക്കും..? ഇനി ഞാൻ ആരോട് എന്ത് വിശദീകരണം നടത്തും? എന്ത് പറഞ്ഞ് ഞാൻ അങ്ങോട്ട് കയറിച്ചെല്ലും...?
വല്ലാതെ സങ്കടം വരുന്നു... വീണ്ടും ഒറ്റപ്പെട്ടതു പോലെ...
മിണ്ടിയില്ലെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും മനസിൽ ‘എനിയ്ക്കൊരു ഏട്ടനുണ്ട്..’ എന്നൊരു ബലം ഉണ്ടായിരുന്നു. ബംഗളൂരിൽ ഉണ്ടെന്ന് ഏട്ടൻ ഓരോ തവണ പോസ്റ്റിടുമ്പോഴും ഞാൻ നാട്ടിലായിരിക്കും. ഇനി അങ്ങനൊരു പോസ്റ്റ് വരുമ്പോൾ ഞാൻ ബംഗ്ലൂരിൽ ഉണ്ടെങ്കിൽ തീർച്ചയായും ഏട്ടനെ പോയി കാണും എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞാൻ അങ്ങനെയൊരു പോസ്റ്റ് കണ്ടിട്ടേയില്ല. ഇനി.. ഇനി കാണുകയുമില്ല.
“പറയാതെ പോയ ഒരു ‘മാപ്പ്’ ആണ്‌ എനിയ്ക്ക് ഏട്ടൻ...” ഇനിയൊരിക്കലും പറയാൻ സാധിക്കാത്തതും....
വല്ലാതെ നഷ്ടബോധവും കുറ്റബോധവും തോന്നുന്നു... വിളിക്കാതെ പോയ, കാണാതെ പോയ ആ സന്ദർഭങ്ങൾ.. ഇനിയൊരു തിരുത്തലിന്‌ അവസരം തരാനാകാത്ത വിധം പറ്റിച്ചു കളഞ്ഞല്ലോ ഏട്ടാ....

2020, ജനുവരി 19, ഞായറാഴ്‌ച

ആദ്യപ്രണയം

പ്രീ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴാണ്‌ ഞാനവനെ ആദ്യമായി കാണുന്നത്. ഗംഗാധരൻ സർ വന്ന് ക്ലാസ് തുടങ്ങിയതിനു ശേഷമാണ്‌ അവൻ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വലിയ കണ്ണുകളും മുഖത്തേയ്ക്ക് അലസമായി വീണ്ടുകിടക്കുന്ന മുടിയുമായി മഞ്ഞക്കോല്‌ പോലെ ഒരു ചെറുക്കൻ. മെയ്നെ പ്യാർ കിയാ കണ്ട് സൽമാൻ ഖാനോട് കടുത്ത ആരാധനയുമായി നടക്കുന്ന പ്രായം! അതുപോലെ ഹെയർ സ്റ്റൈലുമായി കയറി വന്ന ആ ചെറുക്കനെ ഞാൻ ശ്രദ്ധിച്ചു. അന്നവൻ അവനേപോലെ ഒരാളെ കൂടി കയറ്റാവുന്നത്രയും വലുപ്പമുള്ള ഒരു കറുത്ത ഷർട്ടും കസവ് മുണ്ടുമായിരുന്നു ഉടുത്തിരുന്നത്. വിടർന്ന ചിരിയുമായി വാതില്ക്കൽ വന്ന് നിന്ന അവൻ കയറിയിരുന്നത് ഞാനിരിക്കുന്നതിനു നേരെ ഉള്ള ബെഞ്ചിലായിരുന്നു. ചിരിയ്ക്കുമ്പോൾ തെളിഞ്ഞു വരുന്ന ഡ്രാക്കുള പല്ലുകൾ എനിയ്ക്ക് ഏറെ ഇഷ്ടമായി. ക്ലാസ്സിൽ കലമ്പലുണ്ടാക്കിയതിന്‌ ഗംഗാധരൻ സർ അവനോട് “ഗെറ്റൗട്ട്” അടിച്ചപ്പോൾ “താങ്ക് യു സർ” എന്നും പറഞ്ഞ് അതേ വിടർന്ന ചിരിയോടെ പുറത്തേക്കിറങ്ങി പോകാനുണ്ടായ അവന്റെ കുസൃതിയും അന്ന് ഏറെ ഇഷ്ടമായി! അവന്റെ സന്തോഷവും പോക്കും കണ്ടപ്പോൾ അവനെ പോകാനനുവദിക്കാതെ സർ അവനെ പിടിച്ച് മുൻ ബെഞ്ചിലിരുത്തി!


പക്ഷേ ഇന്നത്തെ പോലെ പരിചയപ്പെടാനും സംസാരിക്കാനുമൊക്കെയുള്ള സാമൂഹികസാഹചര്യമൊന്നും അന്നുണ്ടായിരുന്നില്ലല്ലോ... എപ്പോഴോ അവൻ അവന്റെ കൂട്ടുകാരന്‌ കൂട്ടായി എന്റെ കൂട്ടുകാരിയുടെ അടുത്ത് വരുമ്പോഴൊക്കെ ഞങ്ങൾ അടുത്ത് കണ്ടു. ഇടയ്ക്കൊക്കെ സംസാരിച്ചു. പിന്നെ അവനും കൂട്ടുകാരനും എന്നും ഞങ്ങളിരിക്കുന്ന ഇടത്ത് വരും വർത്തമാനം പറഞ്ഞിരിക്കും. കൂട്ടുകാരനും കൂട്ടുകാരിയ്ക്കും വേണ്ടി ഞാൻ എന്റെ ഇടം ഒഴിഞ്ഞുകൊടുക്കുമ്പോൾ ഇവനുമായി സംസാരിച്ചിരിക്കും. എന്തൊക്കെയോ സംസാരിച്ചും ഇണപ്പക്ഷികളെ പുറകിലിരുന്ന് കളിയാക്കിയും ഞങ്ങൾ സമയം കളയും. ഒരിക്കൽ ഒരു പരീക്ഷാക്കാലത്താണ്‌ അപ്രതീക്ഷിതമായി അവനെന്നോട് പറയുന്നത്
“--അനൂനോട് എനിയ്ക്കൊരു കാര്യം പറയാനുണ്ട്” എന്ന്!
അന്നും ഇന്നും പരുക്കനായതുകൊണ്ട് ‘എന്തായിരിക്കുമ്പറയാനുള്ളത്’ എന്നതായിരുന്നു എന്റെ ചിന്ത. കാരണം, പ്രണയം എന്നത് ഒട്ടും പ്രതീക്ഷിക്കുന്നില്ലല്ലോ. ഉള്ളിൽ അവനോട് എനിയ്ക്കൊരു ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും... (കപട) ബുദ്ധിജീവിയ്ക്ക് പ്രണയമന്യമല്ലോ...!
ഇടയ്ക്കിടെ അവനിങ്ങനെ “ഒരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞ് പോകുകയായിരുന്നു പതിവ്. ഒടുവിൽ പിടിച്ചു നിർത്തി എന്താണെന്ന് ചോദിച്ചപ്പോൾ അവൻ “ഇഷ്ടം” തുറന്നുപറഞ്ഞു. “ഞാനൊന്ന് ആലോചിക്കട്ടെ” എന്ന് ഗൗരവത്തിൽ എന്റെ മറുപടി! (എന്താലോചിക്കാൻ! ഇവനെ ആദ്യ നോട്ടത്തിൽ തന്നെ ഞാൻ കുറിയിട്ട് വെച്ചിരുന്നതായിരുന്നു എന്നെനിയ്ക്കല്ലേ അറിയൂ!!
അതിനു ശേഷം പിന്നെ ഞാനൊരു സ്വപ്നലോകത്തായിരുന്നു!! എപ്പോഴും ഒരേ ആലോചന. മുഖത്ത് എപ്പോഴും അറിയാതെ തന്നെ തങ്ങി നില്ക്കുന്ന ഒരു ചെറുപുഞ്ചിരി. അമ്മ പറയുന്നതൊന്നും പലപ്പോഴും ചെവിയിൽ കയറാതെയായി! “ഇപ്പെണ്ണിനിതെന്ത് പറ്റി?” എന്ന് അമ്മ.

ഒടുവിൽ ഒരു പരീക്ഷയുടെ അന്ന് അവനെന്നെ പിടിച്ചു നിർത്തി. പറഞ്ഞേ തീരൂ. യെസ് ഓർ നോ? അന്നവൻ ഓഫ് വൈറ്റ് ഷർട്ടും പതിവുപോലെ കസവ് കര മുണ്ടുമായിരുന്നു വേഷം. അതിനു മുൻപെപ്പൊഴോ ഒരു പരീക്ഷാ ദിവസം, പരീക്ഷ തുടങ്ങുന്നതിനു തൊട്ട് മുൻപ്, മടക്കിയ ഒരു കടലാസും കൂടെയൊരു കുഞ്ഞ് ഗ്രീറ്റിങ്ങ് കാർഡും തന്നു. ആദ്യത്തെ പ്രണയലേഖനം! പരീക്ഷാ ദിവസം പരീക്ഷയ്ക്ക് തൊട്ടുമുൻപ് കിട്ടിയ കത്ത് വായിച്ചു നോക്കാനോ പരീക്ഷയിൽ ശ്രദ്ധിക്കാനോ കഴിയാതെ മൊത്തം ഒരു എരിപൊരി സഞ്ചാരം. എങ്ങനെയോ പരീക്ഷ എഴുതിയെന്ന് വരുത്തി ഓടിപ്പോയി കത്ത് വായിക്കുകയായിരുന്നു ചെയ്തത്. എത്ര തവണ വായിച്ചു എന്നറിയില്ല. അതുകൊണ്ടാണല്ലോ, ഇന്നും ഓർമ്മയിൽ കുറച്ചെങ്കിലും അതിലെ വാക്കുകൾ നിലനില്ക്കുന്നത്. അതിന്റെ ഒരു ലഹരിയിൽ പിന്നീടുള്ള ദിവസങ്ങൾ!

 “പ്രിയപ്പെട്ട പെൺകുട്ടീ... പോരുന്നോ എന്റെ ഗ്രാമത്തിലേയ്ക്ക്... നിനക്കായി ഒന്നും തന്നെ ഞാൻ ഒരുക്കിയിട്ടില്ല. വെള്ളം വറ്റിയ തോടും പുഴകളുമല്ലാതെ....” എന്ന് തുടങ്ങുന്ന ആ കത്ത് അവസാനിക്കുന്നത് “എന്ന് നിന്റെ മുയൽ കുട്ടി” എന്നായിരുന്നു. ഇടയ്ക്കുള്ളതൊന്നും ഇപ്പോൾ ഓർമ്മയില്ല. ഭദ്രമായി സൂക്ഷിച്ചു വെച്ച ആ കത്ത് അമ്മയും ആങ്ങളയും ചേർന്ന് കത്തിച്ചു കളഞ്ഞു. ഗ്രീറ്റിംഗ് കാർഡ് പോലും ബാക്കി വെച്ചില്ല! ഗ്രീറ്റിംഗ് കാർഡിലെ വാക്ക് ജീവിതത്തിൽ അന്വർത്ഥമായി “ലൗ ഇസ് എ ലോംഗ് സൈ ബിഹൈന്റ് ദി സ്റ്റെപ്സ്”  അതെ... അതിന്നും ഒരു ദീർഘ നിശ്വാസമാണ്‌.

ഓ... പറഞ്ഞ് വന്നതെന്തായിരുന്നു, പറഞ്ഞെത്തിയത് എവിടെയായിരുന്നു!! അവിടെ ഞാനും അവനും ആ കോളജ് വരാന്തയുടെ അടുത്തുള്ള മരച്ചുവട്ടിൽ മരം ചുറ്റി നടക്കാൻ തുടങ്ങിയിട്ട് നേരമേറെയായല്ലേ...


യെസ് ഓർ നോ പറയേണ്ട ദിവസം, കൂട്ടുകാരനും കൂട്ടുകാരിയും അവരുടെ പ്രണയസല്ലാപത്തിൽ കുറച്ചകലെയായി ഇരിപ്പുണ്ട്. ഞങ്ങളാണെങ്കിൽ ചോദ്യവും ഉത്തരവുമായി ഇരിക്കുന്നു. ഞാനപ്പോഴും യെസ് ഓർ നോ പറഞ്ഞിട്ടില്ല! മറ്റെന്തൊക്കെയോ പറഞ്ഞ്, ഇടയ്ക്ക് കൂട്ടുകാരിയേയും കൂട്ടുകാരനേയും വിഷയമാക്കി സംസാരിച്ച്.. അങ്ങനെയങ്ങനെ സമയം പോകുന്നതറിയാതെ... ഒടുവിൽ, കൂട്ടുകാരി അടുത്ത് വന്ന് സമയം ആറാകാറായി എന്ന് ഓർമിപ്പിക്കുന്നു.

“എങ്കിൽ ശരി. നമുക്ക് പിന്നെ കാണാം” എന്ന് പറഞ്ഞ് പോകാനൊരുങ്ങുന്ന എന്നോട് “പറഞ്ഞിട്ട് പോകൂ.. യെസ് ഓർ നോ?” എന്ന് പ്രതീക്ഷയോടെ എന്നെ നോക്കുന്ന ആ കണ്ണുകൾ ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. നടന്നകലാൻ തുടങ്ങുന്ന ഞാൻ നാടകീയമായി തിരിഞ്ഞ് “യെസ്” എന്ന് അവന്‌ കേൾക്കാൻ മാത്രം പാകത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞ് നടന്നകന്നു. ഏതാനും സ്റ്റെപ്പുകൾ നടന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ,  കേട്ടത് സത്യമോ മിഥ്യയോ എന്ന് മനസിലാകാത്ത ഭാവത്തിൽ നിർന്നിമേഷനായിരിക്കുന്ന അവനെയാണ്‌ ഞാൻ കണ്ടത്! പിന്നെ പത്ത് ദിവസം അവധിയായിരുന്നു.
     
                                  xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പ്രണയം ഉണങ്ങിയ കറിവേപ്പില പോലെയാണ്‌. മണമില്ലെന്ന് കരുതി നമ്മൾ കളയാനെടുക്കുമ്പോഴുള്ള ഒരു ചെറു സ്പർശം മതി പൂർവ്വാധികം ശക്തിയോടെ മണം കുതിച്ചു ചാടാൻ. ആദ്യപ്രണയത്തിന്‌ എന്നും സുഗന്ധം കൂടും. അതൊരിക്കലും അർദ്ധവിരാമത്തിൽ അവസാനിക്കില്ല, അത് മധുരമനോജ്ഞമായിരുന്നെങ്കിൽ. അതിനെ കുറിച്ചാലോചിക്കുമ്പോൾ നമ്മളിലെ പ്രണയി അതേ പ്രായത്തിലേയ്ക്ക് തിരികെ പോകും. ഞാനിപ്പോൾ ആ പതിനേഴുകാരിയുടെ മനസ്സോടെയാണിരിക്കുന്നത്.

ദാ.. എനിയ്ക്ക് ചുറ്റും വർണ്ണശബളമായ പ്രണയശലഭങ്ങൾ പറന്നു കളിയ്ക്കുന്നത് കാണാം. മുറ്റമടിയ്ക്കുമ്പോഴും അടുക്കളയിൽ അമ്മയെ സഹായിക്കുമ്പോഴും ആ പാവാടക്കാരിയുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ചെറുപുഞ്ചിരി എനിയ്ക്ക് കാണാനാവുന്നുണ്ട്. പറയുന്നത് കേൾക്കാത്തതിൽ അമ്മയുടെ ആവർത്തിച്ചുള്ള വിളിയിൽ ഏതോ സ്വപ്നലോകത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്ന് അവൾ വിളി കേൾക്കുന്നത് എനിയ്ക്ക് കാണാം. അവളുടെ കണ്ണുകളിൽ പ്രണയം മയങ്ങിക്കിടക്കുന്നതെനിയ്ക്ക് കാണാം.. അവധിദിനങ്ങൾ ഓരോന്നും ഓരോ യുഗങ്ങളായി അനുഭവിക്കുന്നതിന്റെ വ്യഥ എനിയ്ക്കിപ്പോഴും അവളിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും ഞാനവളായി രൂപാന്തരം പ്രാപിക്കുന്നത് എനിയ്ക്ക് മനസിലാവുന്നു. ഞാൻ തുടരുകയാണ്‌...

അവധി കഴിഞ്ഞ ഞാൻ കോളജിലേയ്ക്ക് ചെന്നത് അവനെ കാണാമല്ലോ എന്ന സന്തോഷത്തിലാണ്‌. പ്രതീക്ഷിച്ചതുപോലെ അവനെ ഒരു നോക്ക് കണ്ടു. ചിരിച്ചു. നടന്നകന്നു. പ്രണയിച്ച കാലം മുഴുവനും അതങ്ങനെ തന്നെയായിരുന്നു! 

ക്ലാസ്സിൽ നിന്നാൽ, അവൻ നടന്നുവരുന്ന വഴി കാണാമായിരുന്നു. രാവിലെ ക്ലാസ്സിലെത്തിയാൽ പിന്നെ ഞാൻ അവൻ നടന്ന് വരുന്ന വഴിയിലേയ്ക്ക് നോക്കിയിരിക്കും. പച്ചപ്പിനാൽ മൂടിയ ഒരു ഇടവഴിയിലൂടെ അവൻ നടന്ന് വരുന്നത് കാണാം. അതാണ്‌ ഞാൻ അവനെ കാണുന്ന കാഴ്ച! ഇടയ്ക്ക് അവൻ കൂട്ടുകാരന്റെ കൂടെ എന്റെ അടുത്ത് വരും. കുറച്ച് നേരം സംസാരിച്ചിരിക്കും. അതും ഞങ്ങളുടെ കൂടെയുള്ളവനോട് “അവനെവിടെ?” എന്ന് ഞാൻ ചോദിക്കുമ്പോൾ “പാറു (അന്നവൻ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു) എന്നെ അന്വേഷിച്ചോ?” എന്നും ചോദിച്ച് അവൻ വരും. “ഒന്നുമില്ല. കാണാതായപ്പോൾ ചോദിച്ചതാണെന്ന്” ഞാൻ മറുപടി പറയും. ഇടയ്ക്ക് എന്റെ കൂട്ടുകാരിയ്ക്ക് പോലും സംശയമായി, ഞങ്ങൾ തമ്മിൽ ശരിയ്ക്കും പ്രണയിക്കുന്നുണ്ടോ എന്ന്! കാരണം, അവളും കാമുകനും ഇണപ്രാവുകളായിരുന്നു. ചിലദിവസം വൈകുന്നേരങ്ങളിൽ ഒരുപറ്റം ആൺസുഹൃത്തുക്കൾക്കിടയിൽ അവനും കൂടും ബസ് സ്റ്റാന്റിലേയ്ക്ക്. അപ്പോഴും ഞങ്ങളെല്ലാവരും ചേർന്ന് സംസാരിച്ച് നടക്കും. ഇണക്കുരുവികൾ പ്രത്യേകമായി നടക്കും. അഞ്ച്‌ ആൺകുട്ടികളും ഞാനും മുൻപിൽ തമാശയൊക്കെ പറഞ്ഞ്, സ്കിറ്റും മോണോ ആക്റ്റും വഴിനീളെ കാണിച്ച് പരിസരം പോലും മറന്ന് രസിച്ച് നടക്കും.

അങ്ങനെയിരിക്കെ യൂണിയൻ ഡേ വന്നു. ക്ലാസ്സുണ്ടായിരുന്നില്ല. പരിപാടിയൊക്കെ കഴിഞ്ഞ് ആളുകൾ ഏകദേശം ഒഴിഞ്ഞു എങ്കിലും ഞങ്ങൾ വീട്ടിലേയ്ക്ക് പോയിട്ടില്ല. ഉച്ചയ്ക്ക് ട്യൂഷൻ ക്ലാസുണ്ട്. അതുവരെ സമയം പോക്കണം. ഇണക്കുരുവികൾ ഒരു ഭാഗത്ത് മാറി നിന്ന് സംസാരിക്കുന്നു. ഞാൻ കട്ടുറുമ്പായി സൈഡിൽ! അന്നേരമാണ്‌ അവൻ വന്നത്. ഇണക്കുരുവികളിൽ നിന്നും അകലം പാലിച്ച് ഞങ്ങളും എന്തൊക്കെയോ സംസാരിച്ച് നില്ക്കുന്നു. അപ്പോഴാണവൻ ആ ആവശ്യം എന്നോട് പറയുന്നത്. “ഉമ്മ” വേണം! അതൊന്നും ഇപ്പോൾ പറ്റില്ലെന്ന് ഞാൻ! അതിനെക്കുറിച്ച് കുറേ നേരം ഞങ്ങൾ തമ്മിൽ തർക്കം. ഒടുവിൽ, “തന്നില്ലെങ്കിൽ ഞാനെടുക്കും” എന്നവൻ! അതും പറഞ്ഞ് അവൻ എന്റടുത്തേയ്ക്ക് ആഞ്ഞപ്പോൾ ഞാനോടി. കോളജ് ക്യാമ്പസ്സിന്റെ തുറസ്സായ പച്ചപ്പിലൂടെ പച്ചപ്പട്ട് പാവാടയും ബ്ലൗസുമിട്ട ഞാൻ ഓടി. ചിരിച്ചുകൊണ്ടോടുന്ന എന്റെ പിന്നാലെ അവൻ! 

എനിയ്ക്കെഴുതാൻ പറ്റുന്നില്ലല്ലോ... ഞാൻ ഓടുകയാണല്ലോ... മനസ്സിൽ പൂത്തിരി കത്തിച്ച്, പൊട്ടിച്ചിരിച്ചുകൊണ്ട്.., ഞാനെന്ന പതിനേഴുകാരി അതാ ആ പച്ചപ്പിലൂടെ ഓടുന്നു. പുറകെ അവനും...

ഞാനാ നിമിഷം ഒന്നുകൂടി കണ്ണടച്ചിരുന്ന് ആസ്വദിയ്ക്കട്ടെ... ഇനി പിന്നെ എഴുതാം. പുറത്ത് മഴ പെയ്യുന്നു. എന്റെ ഉള്ളിൽ പ്രണയമഴയും പൊഴിയുന്നു...

                                 xxxxxxxxxxxxxxxxxxxxxxxxxxxxxxx

ഞങ്ങൾ പരിസരം മറന്ന് ഓടുകയാണ്‌! രണ്ട് മരമൊക്കെ ചുറ്റി ഓട്ടം തന്നെ. “ഡാ.. വല്ലവരും കാണും” എന്ന് അതിനിടയിൽ ഞാൻ വിളിച്ചുപറയുന്നുണ്ട്. ഞങ്ങൾ ഓടി വീണ്ടും ഇണക്കുരുവികളുടെ അടുത്തെത്തി. അന്നേരം അവർ അസൂയയോടെ പറയുന്നുണ്ട് “നോക്ക്, നമ്മൾ ഫുൾടൈം കുറുങ്ങിയിട്ടും അവർ ദാ മരം ചുറ്റിയോടി പ്രണയിക്കുന്നു” എന്ന്!

ഉമ്മയൊന്നും കൊടുത്തുമില്ല കിട്ടിയുമില്ല! പക്ഷേ, അതൊരു പാരയുടെ വരവായിരുന്നു! ഞങ്ങൾ ഓടുന്നത് ആരോ കണ്ടു. എന്റെ ‘അഭ്യുദയകാക്ഷികളായ’ ബന്ധുവിന്റെ വീട്ടിൽ കൊളുത്തിക്കൊടുത്തു! വല്യ തറവാട്ടിൽ ഞാനും അമ്മയും ചെന്നപ്പോൾ അമ്മയെ മാറ്റി നിർത്തി സംസാരം. വീട്ടിൽ വന്ന് അമ്മയുടെ വക ചോദ്യം ചെയ്യൽ! ഞാനറിയാതെ അമ്മയും ആങ്ങളയും പരിശോധന. പ്രണയലേഖനവും ഗ്രീറ്റിംഗ് കാർഡും അവരെടുത്ത് തീയിട്ടു! :(

ഞാൻ സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമത്തിലും. പ്രണയലേ ഖനത്തെക്കുറിച്ച് ചോദിച്ചപ്പോൾ “അത് വാങ്ങിയെന്നേയുള്ളു, മറ്റൊന്നുമില്ല” എന്ന് പറഞ്ഞൊഴിഞ്ഞു. “നീയും അവനും പച്ചത്തുരുത്തിലൂടെ ഓടുന്നത് കണ്ടെന്ന് പറഞ്ഞല്ലോ?” എന്നതിന്‌ “ഇക്കണ്ട ആളുകൾ ഉള്ളപ്പോൾ അങ്ങനൊക്കെ ചെയ്യും എന്ന് തോന്നുന്നുണ്ടോ?” എന്ന് നിഷ്ക്കളങ്കയായി അഭിനയിച്ച് ഞാൻ മറുചോദ്യം ചെയ്തു. “അത് ശരിയാണല്ലോ!!” എന്ന് അമ്മ. “ആരോ വെറുതെ കരുതിക്കൂട്ടി ഉണ്ടാക്കി പറഞ്ഞതാണ്‌” എന്ന് ഞാൻ. അതങ്ങനെ അവിടെ അവസാനിച്ചു.


പക്ഷേ എന്റെ പഠനം അവസാനിപ്പിക്കാനുള്ള ഒരു ചർച്ച നടന്നു. പ്രീ ഡിഗ്രിയ്ക്ക് പകരം ടി ടി സിയ്ക്ക് വിടാം എന്ന് തീരുമാനമായി. അതിനുള്ള അന്വേഷണം. സമ്മതം മൂളിക്കൊണ്ട് ഞാനും. എന്റെ ‘നിഷ്കളങ്കത’ എനിയ്ക്ക് തെളിയിക്കണമല്ലോ!! കുറച്ചകലെയുള്ള ടി ടി സി സെന്ററിൽ പോയി അന്വേഷിച്ചപ്പോൾ അവിടെ ചേരേണ്ട സമയം അതിക്രമിച്ചു എന്ന് അറിയിപ്പ് കിട്ടി. സങ്കടഭാവം മുഖത്ത് വരുത്തി ഞാൻ നിന്നു, മനസ്സിൽ ശിങ്കാരിമേളം നടക്കുകയായിരുന്നെങ്കിലും. പഠിക്കണം, പഠിപ്പിക്കണം എന്നത് അമ്മയുടെ തീരുമാനമായതുകൊണ്ട്, എന്റെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാൻ അമ്മ തയ്യാറല്ലായിരുന്നു. അതിന്‌ കാരണമായത്, നന്നായി പഠിച്ചിട്ടും സ്കെയിലിൽ ഒരു പേര്‌ കണ്ടു എന്നതിന്റെ പേരിൽ കുടുംബത്തിലെ ഒരു അമ്മായിയുടെ പഠനം അവസാനിപ്പിക്കാൻ നടന്ന എന്റെ അച്ഛയുടെ ജ്യേഷ്ഠന്റെ ഭാര്യയായിരുന്നു. അവർ തന്നെയായിരുന്നു എന്റെ പഠനം അവസാനിപ്പിക്കാനായി നടന്നിരുന്നത്.
കൂട്ടുകാരോടെല്ലാം അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന് ഞാൻ തന്നെ പറഞ്ഞറിയിച്ചു. ഒറ്റുകാർ വല്ലവരുമുണ്ടെങ്കിൽ അത് ഒഴിഞ്ഞോട്ടെ എന്ന് കരുതിയായിരുന്നു അങ്ങനെയൊരു നീക്കം.  ഞങ്ങൾ മിണ്ടാതായപ്പോൾ അവരും അതൊക്കെ വിശ്വസിച്ചു.
                                                         xxxxxxxxxxxxxxxxxxxxx
എന്തെന്നും ഏതെന്നും എവിടെയെന്നും അറിയാത്ത ആ പത്ത് വർഷങ്ങൾക്കിടയിൽ  ‘97 - ൽ അവനെ വീണ്ടും  കണ്ടു. “നീയെന്തേ കല്യാണം കഴിക്കാത്തത്?” എന്ന് അവൻ. “ഞാൻ കല്യാണമേ കഴിക്കുന്നില്ല” എന്ന് ഞാൻ! അപ്പോഴും ഞാൻ അവനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞില്ല. മനസിൽ ഒരു വിശ്വാസമുണ്ടായിരുന്നു, വരുന്ന കല്യാണമെല്ലാം മുടക്കിയാൽ, ഒരു പ്രായം കഴിയുമ്പോൾ ഒടുവിൽ അമ്മ തന്നെ എന്നോട് പറയും “നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ അത് പറയൂ” എന്ന്. അന്ന് ഇവനെ പറ്റി പറയാം എന്ന് കരുതി.
2001-ൽ, ഞാൻ കൂട്ടുകാരികളുടെയൊക്കെ സമ്മർദ്ദത്തിൽ അവനൊരു ചെറിയ കത്തെഴുതി. മനസിലുള്ളത് വെളിപ്പെടുത്തിക്കൊണ്ടും എന്നിലെ പ്രണയം അറിയിച്ചുകൊണ്ടും. മറുപടിയൊന്നും വന്നില്ല. പിന്നെ ഞാനവന്‌ എഴുതിയതേയില്ല. 2002-ൽ ഇണക്കുരുവികളിലെ (അവരും വേറെ വിവാഹമായിരുന്നു. കാരണം കൂട്ടുകാരിയെ വീട്ടിൽ പിടിച്ചതും രണ്ടാം വർഷത്തിൽ അവളുടെ പഠിപ്പ് നിർത്തി)  കാമുകൻ എന്നോട് പറഞ്ഞു “അവന്റെ കല്യാണമാണ്‌ ആഗസ്റ്റ് -- ന്‌”. സങ്കടം വന്നു! അവന്റെ വിവാഹരാത്രി മുഴുവൻ ഉറങ്ങാതെ കൂട്ടുകാരിയുടെ വീട്ടിൽ പോയി കരഞ്ഞിരുന്നു!
എന്റെ കണ്ണുകൾ നിറയുന്നുവോ... അതോ കണ്ണിൽ കർപ്പൂരപ്പൊടി വീണുവോ... അക്ഷരങ്ങളെല്ലാം മങ്ങുന്നു...
x



“കുടുംബത്തിന്‌ ചീത്തപ്പേരുണ്ടാക്കരുത്. അന്യജാതിക്കാരൻ ചെക്കനുമായി പ്രേമമാണെന്നൊക്കെ ചീത്തപ്പേരുണ്ടാക്കിയാൽ അതോടെ തീർന്നു നിന്റെ ജീവിതം. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ തറവാടിന്‌ ആദ്യമായി ചീത്തപ്പേരുണ്ടാക്കുന്ന പെണ്ണ്‌ നീയായിരിക്കും” എന്നൊക്കെ അമ്മയുടെ വക മസ്തിഷ്ക്കപ്രക്ഷാളനം! എല്ലാം കേട്ടുനിന്നു. ഇനി അവനോട് മിണ്ടുമോ എന്ന ചോദ്യത്തിന്‌ ഇല്ല എന്ന് മറുപടി നല്കി.

കോളജിലേയ്ക്ക് വീണ്ടും. എന്നെ കാണാൻ വന്ന അവനോട് കാര്യങ്ങൾ പറഞ്ഞു. നമ്മൾ ഇനി സംസാരിക്കില്ല. ക്ലാസ്സിനകത്ത് മാത്രം സംസാരം. അതും ഇതുവരെയുണ്ടായിരുന്നതു പോലെ വല്ലപ്പോഴും. ക്യാമ്പസ്സിലോ പുറത്തോ നമ്മൾ അപരിചിതർ.


പിന്നെയുള്ള ഒരു കൊല്ലം ഗോപ്യമായിരുന്നു എല്ലാം. കോഴ്സ് കഴിഞ്ഞ് ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നീടുണ്ടായിരുന്നത് കാത്തിരിപ്പായിരുന്നു. ഒന്നും പറയാതെ, ഒന്നും അറിയാതെ, കാത്തിരിക്കണം എന്നോ കാത്തിരിക്കുമെന്നോ പറയാതെ, ദീർഘമായ 10 കൊല്ലം!



ഞാനും അവനും കത്തുകളെഴുതി. അതിലെല്ലാം, കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ഞാൻ എന്ന ഇമേജ് അവന്‌ ഞാൻ കൊടുത്തുകൊണ്ടേയിരുന്നു. അവന്റെ മനസിൽ ഞാൻ ഉണ്ടാകും എന്നൊരു മൂഢവിചാരം. എനിയ്ക്ക് വേണ്ടി പറയാതെ തന്നെ അവൻ കാത്തിരിക്കുമെന്ന്... പലവട്ടം അവൻ ചോദിച്ചു “നിന്നെ ഞാൻ പെണ്ണന്വേഷിച്ച് വരട്ടേ?” എന്ന്. ജാതി വ്യത്യാസമുണ്ടായതുകൊണ്ട്, അവൻ അപമാനിക്കപ്പെട്ടാലോ എന്നുള്ള ഭയത്തിൽ, ഞാൻ വിവാഹമേ വിചാരമില്ല എന്ന നിലയിൽ ഉറച്ചു നിന്നു. അപ്പൊഴെങ്കിലും ഒരു വാക്ക് എനിയ്ക്കവനോട് പറഞ്ഞാൽ മതിയായിരുന്നു “സമയമാകുമ്പോൾ ഞാൻ പറയാം. നീ അന്ന് വന്നാൽ മതി” എന്ന്! ചെയ്തില്ല!!

പഠനമെല്ലാം കഴിഞ്ഞ് ഞാൻ നാട് വിട്ടു. ഇടയ്ക്കൊക്കെ അവന്‌ കത്തെഴുതും. ഹോസ്റ്റലിലേയ്ക്ക് അവൻ മറുപടിയയയ്ക്കും. അപ്പോഴും മനസിലെ പദ്ധതിയെന്തെന്ന് ഞാൻ അവനോട് വെളിപ്പെടുത്തിയതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ കത്തെഴുത്തും ഞാൻ നിർത്തി.  വർഷത്തിലൊരു ഗ്രീറ്റിംഗ് കാർഡ് അയയ്ക്കും. അതും എന്റെ അഡ്രസ്സില്ലാതെ. അവന്‌ മറുപടി അയയ്ക്കാൻ സാധിക്കാത്ത വിധം! അത് എന്തിനായിരുന്നു എന്നെനിയ്ക്കിപ്പോഴും അറിയില്ല.


അടുത്ത വർഷം അമ്മ എന്നോട് പറഞ്ഞു “നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറയൂ, ഞങ്ങൾ നടത്തിത്തരാം. അതേത് മതമായാലും ജാതിയായാലും!!” കരഞ്ഞു പോയി ഞാൻ!! ഇത് രണ്ട് വർഷം മുൻപ് പറഞ്ഞിരുന്നെങ്കിൽ... എങ്ങനെയെങ്കിലും ഞാൻ അവനെ അന്വേഷിച്ച് കാര്യം പറഞ്ഞേനെ! അവൻ വിവാഹം ചെയ്തത് ഒരു മറാഠി പെൺകുട്ടിയെയായിരുന്നു. വിധി ഞങ്ങൾ രണ്ടുപേരെയും എങ്ങോട്ടേയ്ക്കോ കൊണ്ടുപോയി! നമ്മൾ ആഗ്രഹിക്കുന്നതും സംഭവിക്കുന്നതും ഒന്നും ഒരു ബന്ധവുമില്ലാതാകുന്നു

അവൻ എന്നെ എന്നെങ്കിലും അന്വേഷിക്കുമെന്ന് എനിയ്ക്കറിയാമായിരുന്നതുകൊണ്ട് ഞാൻ എന്റെ നമ്പർ അവനോ മറ്റാർക്കുമോ കൊടുക്കരുത് എന്ന് പറഞ്ഞുറപ്പിച്ചു. എന്നിട്ടും വർഷങ്ങൾക്കിപ്പുറം, അവനെന്റെ നമ്പർ കോളേജ് റീ-യൂണിയന്റെ പേരും പറഞ്ഞ് മറ്റൊരു സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് അമ്മയിൽ നിന്നും കൈപ്പറ്റി. പിന്നീടായിരുന്നു അവൻ കാര്യമെല്ലാം അറിഞ്ഞത്! ഞാൻ കാത്തിരിക്കുകയായിരുന്നെന്നും കത്തയച്ചിട്ട് അവൻ മറുപടി തന്നില്ലെന്നും! എല്ലാം കേട്ട് അവൻ അന്തം വിട്ടു. കത്ത് അവന്‌ ലഭിച്ചില്ലായിരുന്നു. അവന്റെ അമ്മ അവന്റെ കൂടെ ഉണ്ടായിരുന്ന സമയത്താണത് വന്നിരിക്കുക എന്നും അമ്മ അത് അവന്‌ തരാതെ കീറിക്കളഞ്ഞിരിക്കാമെന്നും അവൻ പറഞ്ഞു. “നീയെന്നെ കാത്തിരിക്കുകയായിരുന്നു എന്ന് എന്നോട് ഒരു വാക്കെങ്കിലും പറയാമായിരുന്നില്ലേ ഗൗരീ (കാതിൽ കാർന്നവർ ചൊല്ലിവിളിച്ച പേരാണത്. ഇവിടെ യഥാർത്ഥപേര്‌ ഉപയോഗിക്കാനൊക്കില്ലല്ലോ!) ഞാൻ എത്ര വർഷങ്ങൾ വേണമെങ്കിലും കാത്തിരിക്കുമായിരുന്നില്ലേ? നിന്നോട് എത്ര തവണ ഞാനത് ചോദിച്ചതാണ്‌“ എന്നവൻ സങ്കടം പറഞ്ഞു. എന്റെ സങ്കടം ഞാൻ മനസ്സിലൊതുക്കി. വിധിച്ചിട്ടില്ലാത്തത് എങ്ങനെ കൈവരാനാണ്‌!.


ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. ഇടയ്ക്കിടയ്ക്ക് മദ്യപിക്കുമ്പോൾ അവന്‌ കുറ്റബോധം ഉണരുമായിരുന്നു. പറഞ്ഞ് പറഞ്ഞ് അത് ഞാനവനിൽ നിന്നും നുള്ളിയെടുത്തു. ഇപ്പോൾ പരിശുദ്ധപ്രണയം പോലെ, പരിശുദ്ധ സൗഹൃദം മാത്രം.