പേജുകള്‍‌

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

എങ്ങിനെയായിരിക്കണം ബ്ലോഗ്..?



ഈയടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് സദുദ്ദേശ്യത്തോടെയാവാം ഒരു ലേഖനം അയച്ചു തന്നു. കൂടെ ഒരു കുറിപ്പും. 'ഇങ്ങിനെയാകണം ബ്ലോഗ് എഴുതാൻ' അദ്ദേഹത്തോടുള്ള സ്നേഹബഹുമാനങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, എഴുത്തിൽ ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ടായിരിക്കും എന്ന് വിശ്വസിയ്ക്കുന്നു. എല്ലാവരും ഒരുപോലെ എഴുതിയാൽ വായനയിൽ എന്ത് വ്യത്യാസം? 

ആ ലേഖനം സരിത നായർ, ശാലു മേനോൻ, നിത്യ മേനോൻ തുടങ്ങി പേരുകളിൽ ജാതിവാൽ വയ്ക്കുന്ന ഒരു കൂട്ടം സ്ത്രീകളെ കുറിച്ച് മാത്രമുള്ളതാണ് എന്ന് പറയുവാൻ സാധിയ്ക്കില്ല. അവരുടെ പേരിലുള്ള വാലിനെ അടിസ്ഥാനമാക്കി കേരളത്തിലെ നായർ സ്ത്രീകൾ, അഭിനേത്രികൾ മുതലായവരെല്ലാം വേശ്യകൾ അല്ലെങ്കിൽ അവർക്ക് തുല്യം എന്ന് പറഞ്ഞു നിർത്തുന്നതാണ് ആ ലേഖനം.

ഏതാനും ചില സ്ത്രീകൾ എന്തൊക്കെയോ ചെയ്തെന്ന് കരുതി ഒരു സമൂഹത്തെ മൊത്തമായി അടച്ചാക്ഷേപിയ്ക്കുന്ന ആ ലേഖനത്തിന്റെ പാത പിന്തുടരുവാൻ എനിയ്ക്കേതായാലും താല്പര്യമില്ല. എനിയ്ക്ക് നേരിട്ടറിയാത്ത, കൂട്ടുകാരിലൂടെ പോലും അറിയുവാൻ സാധ്യതയില്ലാത്ത ആളുകളെ കുറിച്ച് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് എഴുതി വയ്ക്കുന്നതിലും കുറച്ചുകൂടി അഭികാമ്യമായി എനിയ്ക്ക് തോന്നിയിട്ടുള്ളത് കുറച്ചെങ്കിലും ആത്മകഥാംശം കലർന്നിട്ടുള്ള എന്റെ മണ്ടത്തരങ്ങൾ എഴുതുന്നതാണ്.

മണ്മറഞ്ഞ സാഹിത്യകാരി മാധവിക്കുട്ടി എന്ന ആമിയാണ് എന്റെ മാനസഗുരു. അവർ സഞ്ചരിച്ച പാതകളിലൂടെ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണെങ്കിലും ചെറിയ രീതിയിൽ പറ്റാവുന്ന വിധത്തിൽ സഞ്ചരിയ്ക്കുവാനുള്ള ഒരു ശ്രമം.


തുറന്നെഴുതുവാൻ അവർ കാണിച്ചിട്ടുള്ള ആർജ്ജവത്തിന്റെ ലക്ഷത്തിലൊരംശം ഞാൻ കടമായെടുക്കുന്നു. അത്രയേയുള്ളൂ... അതിൽ ആർക്കെങ്കിലും താല്പര്യക്കുറവുണ്ടെങ്കിൽ ക്ഷമിയ്ക്കുക എന്ന് അഭ്യർത്ഥിയ്ക്കുന്നു.

ഞാൻ ഞാനായിരിക്കുന്നതല്ലേ എപ്പോഴും നല്ലത്? അതാണെനിയ്ക്കിഷ്ടവും.

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

വെറുപ്പിന്റെ മുള്ളുകൾ...


എപ്പോൾ മുതലാണ് നമ്മൾ നമ്മുടെ ജീവിതത്തിൽ ഏറെ ഏറെ  എന്ന് പറഞ്ഞാൽ വളരെയേറെ സ്നേഹിയ്ക്കുന്ന ഒരു വ്യക്തിയെ വെറുത്തു തുടങ്ങുക?

വെറുക്കാൻ പല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ അവയെയെല്ലാം മന:പൂർവം മനസിൽ നിന്ന് മായ്ച്ചു കളഞ്ഞ് മുൻപത്തേക്കാൾ കൂടുതൽ സ്നേഹിയ്ക്കുവാൻ ശ്രമിയ്ക്കും. ശരിയല്ലേ? അയാളുടെ ഒരുവിധം എല്ലാ ചീത്തക്കാര്യങ്ങൾക്കും മനസിൽ ഒരു ന്യായീകരണം നൽകുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപാട് തവണ. ഒരുപാട് കാലം.

പക്ഷേ അപ്രതീക്ഷിതമായി അവരറിയാതെ തന്നെ അവരുടെ മുഖദാവിൽ നിന്നും നമ്മളെ കുറിച്ച്, നമ്മുടെ സ്നേഹത്തെ കുറിച്ച്, നമ്മുടെ ആത്മാർത്ഥതയെ കുറിച്ച് അവരുടെ മനസിലുള്ള ചില പ്രവണതകൾ,  ആശയങ്ങൾ, ചില തീരുമാനങ്ങൾ അതും നമ്മളോട് അതുവരെയും സ്നേഹം നടിച്ച്, നമ്മളെ അതുവരെയും അറിയിക്കാതെ കൊണ്ട് നടന്നിരുന്നവ പുറത്ത് വരുമ്പോൾ... എത്ര ന്യായീകരണങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചാലും നമ്മൾ പരാജയപ്പെട്ടു പോകുന്നു.



ആ നിമിഷം മുതൽ നമ്മുടെ മനസിൽ അറിയാതെ വെറുപ്പിന്റെ വിത്ത് മുളപൊട്ടിത്തുടരുന്നു. എത്ര പിഴുതെറിയാൻ ശ്രമിച്ചാലും പറിഞ്ഞു പോകാതെ കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ച് അത് വളരുന്നു.  അവരോട് വെറുപ്പ് തോന്നുന്നതിനൊപ്പം തന്നെ അറിയാതെ സ്വയവും വെറുപ്പ് ഉള്ളിൽ തോന്നുന്നു.. അവരെ സ്നേഹിച്ചതിൽ, വിശ്വസിച്ചതിൽ, എല്ലാം..


വെറുപ്പ് എന്ന വിത്ത് നമ്മുടെ മനസിൽ വളർന്ന് പന്തലിയ്ക്കുന്നത് നിസ്സഹായതയോടെയും അതിലേറെ വേദനയോടെയും കണ്ട് നിൽക്കുവാനേ നമുക്ക് സാധിയ്ക്കൂ പിന്നീട്...

വഞ്ചിയ്ക്കുന്നവരും വഞ്ചിയ്ക്കപ്പെടുന്നവരും...

ഒരാളെ വഞ്ചിയ്ക്കുന്നതുകൊണ്ട് എന്താണ് ലഭിയ്ക്കുന്നത്? ഒരാളെ താൽക്കാലികമായി അഭിനയിച്ച് കബളിപ്പിച്ചതിന്റെ ആത്മസുഖം അവർ അനുഭവിയ്ക്കുന്നുണ്ടായിരിക്കാം. പക്ഷേ, വഞ്ചിയ്ക്കുന്നവരും അവഗണിയ്ക്കുന്നവരും കയ്യൊഴിയുന്നവരും മനസിലാക്കുന്നില്ല അവരുടെ ഇരകളായവർക്ക് നഷ്ടപ്പെടുന്നതെന്താണെന്ന്.

ഒരാളെ ആത്മാർത്ഥമായി വിശ്വസിച്ചതുകൊണ്ട് അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ സ്വപ്നങ്ങളാണ്. അവരുടെ പ്രതീക്ഷകളാണ്. ഒരുപക്ഷേ ചിലർക്കെങ്കിലും അവരുടെ ജീവിതം തന്നെയാണ്. മറ്റുള്ളവരെ വിശ്വസിയ്ക്കുവാനുള്ള മനസും നഷ്ടമാകുന്നു! മറ്റുള്ളവർക്ക് നേരെ ഒരു സംശയത്തിന്റെ പാട അവരുടെ മനസിൽ എപ്പോഴും നിഴൽ വിരിയ്ക്കുന്നു.  വഞ്ചിയ്ക്കുന്നവർ തങ്ങളുടെ പ്രവൃത്തി കൊണ്ട് എക്കാലത്തേയ്ക്കും ഇരകളുടെ മനസിൽ നിറയ്ക്കുന്ന വിഷം!!! ആണെന്നോ പെണ്ണെന്നോ അതിൽ വ്യത്യാസമില്ല.

വഞ്ചിയ്ക്കുന്ന ആണിന്നും പെണ്ണിനും നഷ്ടമാകുന്നത് അവർക്ക് ജീവിതത്തിൽ പിന്നീടൊരിയ്ക്കലും ലഭിയ്ക്കാത്ത ആത്മാർത്ഥതയും വിശ്വാസവുമാണ്. തങ്ങളുടെ അഭിനയം കൊണ്ട് തങ്ങൾക്ക് നഷ്ടമായതെന്തെന്ന് അവർ മനസിലാക്കുന്നത് ജീവിതസായാഹ്നത്തിൽ  മാത്രമായിരിക്കും.
ജീവിതസായാഹ്നത്തിൽ മന:സാക്ഷിക്കുത്തോടെയും കുറ്റബോധത്തോടെയും നഷ്ടബോധത്തോടെയും മാത്രം അവർക്ക് ചിന്തിക്കുവാൻ സാധിയ്ക്കുന്ന അവർക്ക് നഷ്ടപ്പെട്ട ആത്മാർത്ഥസ്നേഹം.

ഇരകൾക്ക് നഷ്ടപ്പെടുന്നത് അവരെ സ്നേഹിയ്ക്കാത്ത ഒരു വികലവ്യക്തിത്വത്തെയാണ്.  എങ്കിലും അവരെ കാത്ത് ശോഭനമായ ഒരു ഭാവിയുണ്ടായിരിക്കും. മന:സാക്ഷിക്കുത്തില്ലാത്ത, നഷ്ടബോധവും കുറ്റബോധവുമില്ലാത്ത ഒരു ഭാവി.  വഞ്ചനയുടെ ഇരകൾക്ക് ജീവിതസായാഹ്നത്തിൽ  കുറ്റബോധത്തോടെ, തന്നെ വഞ്ചിച്ച വ്യക്തിയെ കുറിച്ച് ആലോചിയ്ക്കേണ്ടി വരുകയേയില്ല. കാരണം സ്വന്തം മന:സാക്ഷിയുടെ മുന്നിൽ അവർ സ്വയം ഒരു തെറ്റുകാരനോ തെറ്റുകാരിയോ ആകുന്നില്ല. ആത്മാർത്ഥതയും വിശ്വാസവും നൂറ് ശതമാനം നൽകി എന്നതുകൊണ്ട് മാത്രം ഇരകളാകേണ്ടി വന്നവരാണല്ലോ അവർ.

ദൈവം എന്നും അവരുടെ കൂടെ തന്നെയുണ്ടായിരിക്കും. വഞ്ചകർക്ക് ദൈവം പിന്നീട് അവരുടെ ജീവിതത്തിൽ നൽകുന്ന പ്രതിഫലം എത്രമാത്രം വേദനാജനകമാണെന്ന് പല അനുഭവങ്ങളും കണ്മുന്നിൽ തെളിയിച്ചു തരുന്നു.

അത് തുടർന്ന് കൊണ്ടേയിരിക്കുന്നു. വഞ്ചിച്ചവരും വഞ്ചിയ്ക്കപ്പെടുന്നവരും നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു...

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ബാധ

ഞാൻ താമസിയ്ക്കുന്ന വാടക വീടിന് അടുത്ത്പുറത്തായി കുറേ തെരുവു നായ്ക്കളുണ്ട്. വലിയ കുഴപ്പക്കാരൊന്നുമല്ല അവർ. രാത്രി കാലങ്ങളിൽ ദ്വേഷ്യം പിടിപ്പിക്കുന്ന വിധത്തിൽ കുരച്ച് ബഹളമുണ്ടാക്കും എന്ന ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ അടുത്ത് കൂടെ വല്ലതും വാങ്ങാനായി കടയിലേയ്ക്ക് പോകുമ്പോൾ വിശ്രമിയ്ക്കുന്ന അവർ ചുമ്മാ ഒന്ന് തലപൊക്കി നോക്കി 'ഓ.. ഒരു മനുഷ്യജീവി പോകുന്നു' എന്ന ഭാവത്തിൽ വീണ്ടും തല താഴ്ത്തി കിടക്കുകയാണ് പതിവ്.

പക്ഷേ ഇക്കഴിഞ്ഞ തവണ കൊല്ലൂർ പോയി വന്നതിനു ശേഷം എന്താണെന്നറിയില്ല. അവറ്റ എന്നെ കാണുമ്പോഴേയ്ക്കും വന്യമായ മുഖഭാവത്തോടെ ഗർജ്ജിച്ചും ചീറിയും കടിച്ചു കീറാനെന്ന ഭാവേന എന്റെ നേർക്ക് കുരച്ച് പാഞ്ഞ് വരുന്നു. ഞാനും അതുപോലെ തിരിഞ്ഞു നിന്ന് ചീറുന്നതുകൊണ്ട് അവ ഇതുവരെ എന്നെ കടിച്ചിട്ടില്ല. ആദ്യത്തെ തവണ ഇങ്ങനെ അനുഭവപ്പെട്ടപ്പോൾ അവ തെറ്റിദ്ധരിച്ച് വന്നതായിരിക്കും എന്ന് കരുതി. വീണ്ടും വീണ്ടും അത് ആവർത്തിച്ചപ്പോൾ ഞാനാ റൂട്ടങ്ങ് മാറ്റി. അല്ല പിന്നെ!! ഞാനാരാ മോള്!!






പക്ഷേ സംശയം അതല്ല. നായ്ക്കൾക്ക് പൈശാചികശക്തികളെ കാണുവാനുള്ള കണ്ണുണ്ടെന്നാണ് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരിക്കുന്നത്. ഇതു വരെ എന്നെ കണ്ടാൽ തീരെ ഗൗനിയ്ക്കാതിരുന്നിരുന്ന അവ ഇപ്പോൾ ചീറി വരുന്നത് കണ്ടപ്പോൾ മുൻപേ ഉള്ള പിശാചുക്കൾക്ക് പുറമേ ഇനിയിപ്പം ഏതാണാവോ പുതിയ ബാധ എന്നിൽ കയറിയിരിക്കുന്നത് എന്ന് ഞാൻ അതിശയിയ്ക്കുന്നു. ശരിയ്ക്കും ഏതെങ്കിലും പുതിയ ബാധ എന്നിൽ കയറിക്കൂടിയിട്ടുണ്ടാകുമോ? അതാണോ മനസിൽ ചില അനാവശ്യ ചിന്തകൾ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്നത്...?

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

എന്റെ ചെല്ലപ്പേരുകളും വിളിപ്പേരുകളും വട്ടപ്പേരുകളും...




എന്നെ ആദ്യമായി എന്റേതല്ലാത്ത പേരിൽ വിളിച്ചതാരാണ്? അമ്മ പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്. എന്റെ വല്യച്ഛനായിരുന്നത്രേ ആദ്യമായി 'കനകദുർഗ്ഗ' എന്നും പറഞ്ഞെന്നെ വിളിച്ചിരുന്നത്. ഇത്തിരി കറുമ്പിയായ എനിയ്ക്ക് കനകദുർഗ്ഗ എന്നു പേരുള്ള പഴയകാല മാദകനടിയുടെ ഛായയായിരുന്നത്രേ!!

അമ്മയും അച്ഛയും 'മോൾ' എന്നാണ് വിളിച്ചിരുന്നത്. അച്ഛ 'അമ്മു' എന്നും വിളിയ്ക്കാറുണ്ടായിരുന്നു. പിന്നീടെപ്പൊഴൊക്കെയോ 'പാറു' എന്ന വിളിയും അച്ഛയുടെ വകയുണ്ടായിരുന്നു.  ഏട്ടന്മാർ സ്നേഹത്തോടെ 'ഉണ്ണി' എന്നാണ് വിളിച്ചിരുന്നത്. വീട്ടിലെ ആരും എന്നെ പേരെടുത്തു വിളിച്ചിട്ടില്ല. അന്നും ഇന്നും.. അന്നൊക്കെ എനിയ്ക്കതായിരുന്നു സങ്കടം. എന്നെ എന്റെ സ്വന്തം പേര് വീട്ടിൽ വിളിയ്ക്കുന്നില്ല എന്ന്!!

സ്കൂളിൽ പഠിയ്ക്കുമ്പോഴാണ് എനിയ്ക്കിഷ്ടമല്ലാത്ത ആ വിളിപ്പേര് കിട്ടിയത്. അന്ന് എൽ.പി.ക്ലാസിലോ യു.പി. ക്ലാസിലോ എന്നോർമയില്ല. കൂടെ പഠിച്ചിരുന്ന കുട്ടിയാണ് വിളിച്ചത്. ഓരോ ക്ലാസിലും വർഷങ്ങളോളം തോറ്റ് വലുതായ ഒരു കുട്ടി. എന്തോ വഴക്കുണ്ടായപ്പോൾ 'നീ പോടീ പീക്കിർണി' എന്നൊരു പറച്ചിലാണ്!! ഹൗ!!! അതോടെ എന്റെ ശബ്ദം നിന്നു! വീട്ടിൽ പോയി അമ്മയോട് പരാതി. 'ഓമന എന്നെ പീക്കിർണി എന്ന് വിളിച്ചൂൂൂ...' 'സാരല്യ, പോട്ടെ' എന്ന് അമ്മ ആശ്വസിപ്പിച്ചു. അമ്മയോട് അന്നത് പറയുന്നത് ഏട്ടന്മാർ കേട്ടിരുന്നു. പിന്നെ അവരുമായി വഴക്കുണ്ടാക്കുമ്പോൾ എനിയ്ക്കെതിരെയുള്ള ആയുധമായി മാറി 'പീക്കിർണി' വിളി. അവളോട് ഇപ്പോൾ ഒരു വിഷമവും തോന്നണില്യ അതൊക്കെ ഓർക്കുമ്പോൾ...  ഇത്ര വർഷങ്ങൾക്ക് ശേഷവും എനിയ്ക്ക് നാലടി പത്തിഞ്ച് പൊക്കമേയുള്ളൂ.., അഹങ്കാരമാണെങ്കിൽ പത്തടിയിലേറെയും!! അപ്പോൾ അന്ന് എത്ര മാത്രം പൊക്കമുണ്ടായിരിക്കണം! അന്ന് അവൾ അങ്ങിനെ വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

എൽ.പി. - യു.പി സ്കൂൾ കാലയളവിൽ പിന്നെയും വിളിപ്പേരുകളുണ്ടായിരുന്നു. 'മത്തക്കണ്ണി' 'ഉണ്ടക്കണ്ണി' എന്നിങ്ങനെ. അതെല്ലാം ക്ലാസിലെ ആൺകുട്ടികൾ ചാർത്തി തന്നിരുന്നതാണ്.


വീട്ടുകാരും ബന്ധുക്കളും 'കുഞ്ഞു', 'കുഞ്ഞോൾ' എന്നിങ്ങനെ വിളിയ്ക്കുമായിരുന്നു. ഇപ്പോഴും അങ്ങിനെ വിളിയ്ക്കുന്ന കുറച്ചുപേരുണ്ട്. അവരിൽ ആരെങ്കിലും പ്രായത്തിന്റെ ബഹുമാനം നൽകി എന്നെ എന്റെ സ്വന്തം പേര് വിളിയ്ക്കുമ്പോൾ ഞാൻ തിരുത്തും 'കുഞ്ഞോൾ' അല്ലെങ്കിൽ 'കുഞ്ഞു' എന്ന് വിളിച്ചാൽ മതിയെന്ന്.  കാരണം വിളിപ്പേർ എന്നെ എപ്പോഴും എന്റെ ബാല്യത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ഞാൻ പഴയ കുഞ്ഞ് കുട്ടിയാകുന്നു ഇപ്പോഴും... 

ടീനേജ്കാരിയായിരുന്നപ്പോൾ എന്റെ ഒരേയൊരമ്മാവന്റെ ഒരേയൊരു മകൻ 'അനുരാധ' 'സിൽക് സ്മിത' എന്നീ മാദകനടികളുടെ പേരുകളായിരുന്നു ചാർത്തി തന്നിരുന്നത്! മനസിൽ ഒരു ഗൂഢസ്മിതം ഉണ്ടാകുമായിരുന്നെങ്കിലും കണ്ണുകളിൽ അഗ്നിയെടുത്തണിയുമായിരുന്നു അന്നൊക്കെ.

എന്റെ ആദ്യപ്രണയത്തിലെ നായകൻ എന്നെ 'ബുഡു' എന്നാണ് വിളിച്ചിരുന്നത്. ഇടയ്ക്കൊക്കെപൊടിഡപ്പി’ എന്നും വിളിയ്ക്കുമായിരുന്നു. എങ്കിലുംബുഡു’ എന്ന വിളിയുടെ അർത്ഥം എന്താണെന്നും എന്തുകൊണ്ടാണ് അങ്ങിനെ വിളിച്ചിരുന്നതെന്നും ഇപ്പോഴും എനിയ്ക്കറിയില്ല. പക്ഷേ ഞാനാ വിളി ഇഷ്ടപ്പെട്ടിരുന്നു.

പ്രീഡിഗ്രി ക്ലാസിലെ ചില ആൺകുട്ടികൾ 'ആനക്കുട്ടി' എന്ന് വിളിച്ചിരുന്നു. അതെന്തുകൊണ്ടാണെന്നും അറിയില്ല. പേരിൽ ഉള്ള അനുവിനെ നീട്ടി വിളിച്ചതായിരിക്കാം!!

എന്റെ അമ്മ വീട്ടുകാർ അനു എന്ന എന്റെ പേരിനെ പരിഹസിച്ചോ പരിഷ്കരിച്ചോ 'അണു' എന്ന് വിളിയ്ക്കുമായിരുന്നു. ഇപ്പോൾ അവർ എന്നെ അനു എന്ന് തന്നെ വിളിയ്ക്കുന്നു. എനിയ്ക്കാ വിളി ഇഷ്ടമില്ലെങ്കിലും.

'പെണ്ണ്' എന്ന് വിളിയ്ക്കുന്ന രണ്ട് സുഹൃത്തുക്കളുണ്ട് എനിയ്ക്ക്. എനിയ്ക്കാ വിളി ഭയങ്കര ഇഷ്ടമാ. അതിലൊരുത്തൻ എന്നെ 'ഉണക്കൽസ്' എന്ന് വിളിയ്ക്കും. ഇപ്പോഴും. അവനെ ഞാൻ 'വെളൂരി' എന്ന് വിളിയ്ക്കും. വെളുവെളെ വെളുത്ത അവന് പേരാണ് ഏറ്റവും യോജിയ്ക്കുക.  അവൻ എന്നെ ആദ്യമായി കാണുന്ന സമയത്ത് ഞാൻ മെലിഞ്ഞുണങ്ങി എല്ലും തോലും മാത്രമായ ഒരു കോലമായിരുന്നു!! അത് കാണണ്ട കോലം തന്നെ. ഏതെങ്കിലും പാടത്ത് നിർത്താൻ പറ്റിയ രൂപം. ഉണക്കൽസ് എന്ന് വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. വഴക്കു കൂടുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ അവൻഉണക്കൽസ്’ എന്നേ വിളിയ്ക്കാറുള്ളൂ... എങ്കിലും എനിയ്ക്കാ വിളി കേൾക്കുമ്പോൾ വലിയ അടുപ്പം തോന്നും...  

എന്റെ അവസാന പ്രണയകഥയിലെ നായകൻ എന്നെ 'അമ്മു' എന്ന് വിളിയ്ക്കുന്നതിനൊപ്പം തന്നെ 'പോത്ത്' എന്നും വിളിയ്ക്കുമായിരുന്നു. പോത്തിന്റെ പോലെ മന്ദബുദ്ധിയും ഉടക്ക് സ്വഭാവവും ഉള്ളതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങിനെയൊരു പേര് ചാർത്തി തന്നത്!! അദ്ദേഹത്തെയും ഒരു ചെല്ലപ്പേർ വിളിയ്ക്കുമായിരുന്നു ഞാൻ. അത് വിളിയ്ക്കുന്ന കാലത്തെ വ്യക്തിത്വത്തിൽ നിന്നും അദ്ദേഹം ഒരുപാട് ദൂരം പോയി എന്ന് തോന്നിയപ്പോൾ പിന്നെ ചെല്ലപ്പേർ അങ്ങിനെ വിളിയ്ക്കാറില്ല. അയാളുമായി വഴക്കുണ്ടായിരിക്കുമ്പോൾ 'അമ്മു' 'പോത്ത്' എന്നീ വിളികൾ എന്നെ വല്ലാതെ അസ്വസ്ഥയും അരിശക്കാരിയുമാക്കും. ഞാൻ കൂടുതൽ പ്രകോപിതയാകും അപ്പോൾ. അല്ലാത്തപ്പോൾ വിളികൾ ഞാൻ ആസ്വദിയ്ക്കാറുണ്ട്.

ഈയടുത്ത കാലത്ത്, ഇവിടെ അടുത്ത് താമസിയ്ക്കുന്ന ഒരു പയ്യൻ ഞാൻ അയാളുടെ അടുത്ത് കൂടെ പോകുമ്പോൾ 'പാറൂൂൂ...' എന്ന് എനിയ്ക്ക് മാത്രം കേൾക്കുവാൻ പാകത്തിൽ വളരെ കാതരമായി വിളിയ്ക്കാറുണ്ട്. പാവം അവനറിയില്ലല്ലോ എന്റെ പ്രായം എന്താണെന്ന്!! പൊക്കം കമ്മിയായതുകൊണ്ട് പലർക്കും എന്റെ പ്രായത്തിന്റെ കാര്യം കൺഫ്യൂഷനാണ്. അവൻ എന്നെ കാതരമായി 'പാറൂൂ...' എന്ന് വിളിയ്ക്കുമ്പോൾപാവം പയ്യൻ’ എന്ന് മനസാ വിചാരിച്ച് ഞാൻ നീങ്ങും.

ഈയിടെയായി എന്റെ അനുജത്തിയും ചെറിയമ്മയും എന്റെ പേരിനെ ആംഗലേയവൽക്കരിച്ച് 'ആറ്റം ഡോട്ടർ' എന്ന് വിളിച്ചു തുടങ്ങീട്ടുണ്ട്. വിളിയും ഞാനിഷ്ടപ്പെടുന്നു.

എല്ലാം എന്നോടുള്ള സ്നേഹത്തിന്റെയോ ദ്വേഷ്യത്തിന്റെയോ പ്രതീകമാണല്ലോ...

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

പ്രലോഭിപ്പിക്കുന്ന മരണം

ഡോ.മുരളീകൃഷ്ണയുടെ ഒരു പുസ്തകം വായിച്ചു. 'മരണത്തിനപ്പുറം ജീവിതമുണ്ടോ?' വായിച്ചപ്പോൾ കൊതി തോന്നിപ്പോയി മരിയ്ക്കുവാൻ.

പണ്ടേ മരണത്തിനോട് ഒരു ആഭിമുഖ്യമുള്ള എനിയ്ക്ക് ഇത് വായിച്ചപ്പോൾ കൂടുതൽ ആവേശം തോന്നുന്നു. പക്ഷേ.. അനിവാര്യമായ ഒരു കാത്തിരിപ്പ് അതിൽ നിന്നും എന്നെ താൽക്കാലികമായി പിടിച്ചു നിർത്തുന്നു.

കാത്തിരിപ്പിന് അധികം ആയുസ്സുണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു...

ധാരണകളും തെറ്റിദ്ധാരണകളും

പല സുഹൃത്തുക്കൾക്കും ആവശ്യമുള്ളപ്പോൾ നല്ലൊരു ഉപദേഷ്ടാവാണ് ഞാൻ എന്നാണ് ധാരണ. തെറ്റിദ്ധാരണയാണോ അത് എന്നറിയില്ല. അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും ശരിയെന്ന് എനിയ്ക്ക് തോന്നുന്ന അഭിപ്രായങ്ങളും ഉപദേശങ്ങളും നൽകുവാൻ ശ്രമിയ്ക്കാറുണ്ട്.

അതുപോലെ എനിയ്ക്ക് ശരിയായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുവാൻ ഏതാനും ചില സുഹൃത്തുക്കളെ ഞാൻ മനസിൽ മാറ്റി വെച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലും എനിയ്ക്ക് ശരിയായ ഉപദേശങ്ങൾ അവർ നൽകിയിട്ടുമുണ്ട്. പക്ഷേ ചില സമയങ്ങളിൽ അവരിൽ നിന്നും ലഭ്യമാകുന്ന ചില വെളിപ്പെടുത്തലുകൾ.., അവരുടെ വായിൽ നിന്നും വരുന്ന ചില വസ്തുതകൾ മനസ് തകർത്ത് കളയുന്നു...

അവരും എന്തേ ഇങ്ങനെ എന്ന് വേദനയോടെ ചിന്തിച്ചു പോകുന്നു...