പേജുകള്‍‌

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ബാധ

ഞാൻ താമസിയ്ക്കുന്ന വാടക വീടിന് അടുത്ത്പുറത്തായി കുറേ തെരുവു നായ്ക്കളുണ്ട്. വലിയ കുഴപ്പക്കാരൊന്നുമല്ല അവർ. രാത്രി കാലങ്ങളിൽ ദ്വേഷ്യം പിടിപ്പിക്കുന്ന വിധത്തിൽ കുരച്ച് ബഹളമുണ്ടാക്കും എന്ന ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ അടുത്ത് കൂടെ വല്ലതും വാങ്ങാനായി കടയിലേയ്ക്ക് പോകുമ്പോൾ വിശ്രമിയ്ക്കുന്ന അവർ ചുമ്മാ ഒന്ന് തലപൊക്കി നോക്കി 'ഓ.. ഒരു മനുഷ്യജീവി പോകുന്നു' എന്ന ഭാവത്തിൽ വീണ്ടും തല താഴ്ത്തി കിടക്കുകയാണ് പതിവ്.

പക്ഷേ ഇക്കഴിഞ്ഞ തവണ കൊല്ലൂർ പോയി വന്നതിനു ശേഷം എന്താണെന്നറിയില്ല. അവറ്റ എന്നെ കാണുമ്പോഴേയ്ക്കും വന്യമായ മുഖഭാവത്തോടെ ഗർജ്ജിച്ചും ചീറിയും കടിച്ചു കീറാനെന്ന ഭാവേന എന്റെ നേർക്ക് കുരച്ച് പാഞ്ഞ് വരുന്നു. ഞാനും അതുപോലെ തിരിഞ്ഞു നിന്ന് ചീറുന്നതുകൊണ്ട് അവ ഇതുവരെ എന്നെ കടിച്ചിട്ടില്ല. ആദ്യത്തെ തവണ ഇങ്ങനെ അനുഭവപ്പെട്ടപ്പോൾ അവ തെറ്റിദ്ധരിച്ച് വന്നതായിരിക്കും എന്ന് കരുതി. വീണ്ടും വീണ്ടും അത് ആവർത്തിച്ചപ്പോൾ ഞാനാ റൂട്ടങ്ങ് മാറ്റി. അല്ല പിന്നെ!! ഞാനാരാ മോള്!!






പക്ഷേ സംശയം അതല്ല. നായ്ക്കൾക്ക് പൈശാചികശക്തികളെ കാണുവാനുള്ള കണ്ണുണ്ടെന്നാണ് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരിക്കുന്നത്. ഇതു വരെ എന്നെ കണ്ടാൽ തീരെ ഗൗനിയ്ക്കാതിരുന്നിരുന്ന അവ ഇപ്പോൾ ചീറി വരുന്നത് കണ്ടപ്പോൾ മുൻപേ ഉള്ള പിശാചുക്കൾക്ക് പുറമേ ഇനിയിപ്പം ഏതാണാവോ പുതിയ ബാധ എന്നിൽ കയറിയിരിക്കുന്നത് എന്ന് ഞാൻ അതിശയിയ്ക്കുന്നു. ശരിയ്ക്കും ഏതെങ്കിലും പുതിയ ബാധ എന്നിൽ കയറിക്കൂടിയിട്ടുണ്ടാകുമോ? അതാണോ മനസിൽ ചില അനാവശ്യ ചിന്തകൾ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്നത്...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ