പേജുകള്‍‌

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

വഞ്ചിയ്ക്കുന്നവരും വഞ്ചിയ്ക്കപ്പെടുന്നവരും...

ഒരാളെ വഞ്ചിയ്ക്കുന്നതുകൊണ്ട് എന്താണ് ലഭിയ്ക്കുന്നത്? ഒരാളെ താൽക്കാലികമായി അഭിനയിച്ച് കബളിപ്പിച്ചതിന്റെ ആത്മസുഖം അവർ അനുഭവിയ്ക്കുന്നുണ്ടായിരിക്കാം. പക്ഷേ, വഞ്ചിയ്ക്കുന്നവരും അവഗണിയ്ക്കുന്നവരും കയ്യൊഴിയുന്നവരും മനസിലാക്കുന്നില്ല അവരുടെ ഇരകളായവർക്ക് നഷ്ടപ്പെടുന്നതെന്താണെന്ന്.

ഒരാളെ ആത്മാർത്ഥമായി വിശ്വസിച്ചതുകൊണ്ട് അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ സ്വപ്നങ്ങളാണ്. അവരുടെ പ്രതീക്ഷകളാണ്. ഒരുപക്ഷേ ചിലർക്കെങ്കിലും അവരുടെ ജീവിതം തന്നെയാണ്. മറ്റുള്ളവരെ വിശ്വസിയ്ക്കുവാനുള്ള മനസും നഷ്ടമാകുന്നു! മറ്റുള്ളവർക്ക് നേരെ ഒരു സംശയത്തിന്റെ പാട അവരുടെ മനസിൽ എപ്പോഴും നിഴൽ വിരിയ്ക്കുന്നു.  വഞ്ചിയ്ക്കുന്നവർ തങ്ങളുടെ പ്രവൃത്തി കൊണ്ട് എക്കാലത്തേയ്ക്കും ഇരകളുടെ മനസിൽ നിറയ്ക്കുന്ന വിഷം!!! ആണെന്നോ പെണ്ണെന്നോ അതിൽ വ്യത്യാസമില്ല.

വഞ്ചിയ്ക്കുന്ന ആണിന്നും പെണ്ണിനും നഷ്ടമാകുന്നത് അവർക്ക് ജീവിതത്തിൽ പിന്നീടൊരിയ്ക്കലും ലഭിയ്ക്കാത്ത ആത്മാർത്ഥതയും വിശ്വാസവുമാണ്. തങ്ങളുടെ അഭിനയം കൊണ്ട് തങ്ങൾക്ക് നഷ്ടമായതെന്തെന്ന് അവർ മനസിലാക്കുന്നത് ജീവിതസായാഹ്നത്തിൽ  മാത്രമായിരിക്കും.
ജീവിതസായാഹ്നത്തിൽ മന:സാക്ഷിക്കുത്തോടെയും കുറ്റബോധത്തോടെയും നഷ്ടബോധത്തോടെയും മാത്രം അവർക്ക് ചിന്തിക്കുവാൻ സാധിയ്ക്കുന്ന അവർക്ക് നഷ്ടപ്പെട്ട ആത്മാർത്ഥസ്നേഹം.

ഇരകൾക്ക് നഷ്ടപ്പെടുന്നത് അവരെ സ്നേഹിയ്ക്കാത്ത ഒരു വികലവ്യക്തിത്വത്തെയാണ്.  എങ്കിലും അവരെ കാത്ത് ശോഭനമായ ഒരു ഭാവിയുണ്ടായിരിക്കും. മന:സാക്ഷിക്കുത്തില്ലാത്ത, നഷ്ടബോധവും കുറ്റബോധവുമില്ലാത്ത ഒരു ഭാവി.  വഞ്ചനയുടെ ഇരകൾക്ക് ജീവിതസായാഹ്നത്തിൽ  കുറ്റബോധത്തോടെ, തന്നെ വഞ്ചിച്ച വ്യക്തിയെ കുറിച്ച് ആലോചിയ്ക്കേണ്ടി വരുകയേയില്ല. കാരണം സ്വന്തം മന:സാക്ഷിയുടെ മുന്നിൽ അവർ സ്വയം ഒരു തെറ്റുകാരനോ തെറ്റുകാരിയോ ആകുന്നില്ല. ആത്മാർത്ഥതയും വിശ്വാസവും നൂറ് ശതമാനം നൽകി എന്നതുകൊണ്ട് മാത്രം ഇരകളാകേണ്ടി വന്നവരാണല്ലോ അവർ.

ദൈവം എന്നും അവരുടെ കൂടെ തന്നെയുണ്ടായിരിക്കും. വഞ്ചകർക്ക് ദൈവം പിന്നീട് അവരുടെ ജീവിതത്തിൽ നൽകുന്ന പ്രതിഫലം എത്രമാത്രം വേദനാജനകമാണെന്ന് പല അനുഭവങ്ങളും കണ്മുന്നിൽ തെളിയിച്ചു തരുന്നു.

അത് തുടർന്ന് കൊണ്ടേയിരിക്കുന്നു. വഞ്ചിച്ചവരും വഞ്ചിയ്ക്കപ്പെടുന്നവരും നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു...