പേജുകള്‍‌

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

എന്റെ ചെല്ലപ്പേരുകളും വിളിപ്പേരുകളും വട്ടപ്പേരുകളും...




എന്നെ ആദ്യമായി എന്റേതല്ലാത്ത പേരിൽ വിളിച്ചതാരാണ്? അമ്മ പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്. എന്റെ വല്യച്ഛനായിരുന്നത്രേ ആദ്യമായി 'കനകദുർഗ്ഗ' എന്നും പറഞ്ഞെന്നെ വിളിച്ചിരുന്നത്. ഇത്തിരി കറുമ്പിയായ എനിയ്ക്ക് കനകദുർഗ്ഗ എന്നു പേരുള്ള പഴയകാല മാദകനടിയുടെ ഛായയായിരുന്നത്രേ!!

അമ്മയും അച്ഛയും 'മോൾ' എന്നാണ് വിളിച്ചിരുന്നത്. അച്ഛ 'അമ്മു' എന്നും വിളിയ്ക്കാറുണ്ടായിരുന്നു. പിന്നീടെപ്പൊഴൊക്കെയോ 'പാറു' എന്ന വിളിയും അച്ഛയുടെ വകയുണ്ടായിരുന്നു.  ഏട്ടന്മാർ സ്നേഹത്തോടെ 'ഉണ്ണി' എന്നാണ് വിളിച്ചിരുന്നത്. വീട്ടിലെ ആരും എന്നെ പേരെടുത്തു വിളിച്ചിട്ടില്ല. അന്നും ഇന്നും.. അന്നൊക്കെ എനിയ്ക്കതായിരുന്നു സങ്കടം. എന്നെ എന്റെ സ്വന്തം പേര് വീട്ടിൽ വിളിയ്ക്കുന്നില്ല എന്ന്!!

സ്കൂളിൽ പഠിയ്ക്കുമ്പോഴാണ് എനിയ്ക്കിഷ്ടമല്ലാത്ത ആ വിളിപ്പേര് കിട്ടിയത്. അന്ന് എൽ.പി.ക്ലാസിലോ യു.പി. ക്ലാസിലോ എന്നോർമയില്ല. കൂടെ പഠിച്ചിരുന്ന കുട്ടിയാണ് വിളിച്ചത്. ഓരോ ക്ലാസിലും വർഷങ്ങളോളം തോറ്റ് വലുതായ ഒരു കുട്ടി. എന്തോ വഴക്കുണ്ടായപ്പോൾ 'നീ പോടീ പീക്കിർണി' എന്നൊരു പറച്ചിലാണ്!! ഹൗ!!! അതോടെ എന്റെ ശബ്ദം നിന്നു! വീട്ടിൽ പോയി അമ്മയോട് പരാതി. 'ഓമന എന്നെ പീക്കിർണി എന്ന് വിളിച്ചൂൂൂ...' 'സാരല്യ, പോട്ടെ' എന്ന് അമ്മ ആശ്വസിപ്പിച്ചു. അമ്മയോട് അന്നത് പറയുന്നത് ഏട്ടന്മാർ കേട്ടിരുന്നു. പിന്നെ അവരുമായി വഴക്കുണ്ടാക്കുമ്പോൾ എനിയ്ക്കെതിരെയുള്ള ആയുധമായി മാറി 'പീക്കിർണി' വിളി. അവളോട് ഇപ്പോൾ ഒരു വിഷമവും തോന്നണില്യ അതൊക്കെ ഓർക്കുമ്പോൾ...  ഇത്ര വർഷങ്ങൾക്ക് ശേഷവും എനിയ്ക്ക് നാലടി പത്തിഞ്ച് പൊക്കമേയുള്ളൂ.., അഹങ്കാരമാണെങ്കിൽ പത്തടിയിലേറെയും!! അപ്പോൾ അന്ന് എത്ര മാത്രം പൊക്കമുണ്ടായിരിക്കണം! അന്ന് അവൾ അങ്ങിനെ വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

എൽ.പി. - യു.പി സ്കൂൾ കാലയളവിൽ പിന്നെയും വിളിപ്പേരുകളുണ്ടായിരുന്നു. 'മത്തക്കണ്ണി' 'ഉണ്ടക്കണ്ണി' എന്നിങ്ങനെ. അതെല്ലാം ക്ലാസിലെ ആൺകുട്ടികൾ ചാർത്തി തന്നിരുന്നതാണ്.


വീട്ടുകാരും ബന്ധുക്കളും 'കുഞ്ഞു', 'കുഞ്ഞോൾ' എന്നിങ്ങനെ വിളിയ്ക്കുമായിരുന്നു. ഇപ്പോഴും അങ്ങിനെ വിളിയ്ക്കുന്ന കുറച്ചുപേരുണ്ട്. അവരിൽ ആരെങ്കിലും പ്രായത്തിന്റെ ബഹുമാനം നൽകി എന്നെ എന്റെ സ്വന്തം പേര് വിളിയ്ക്കുമ്പോൾ ഞാൻ തിരുത്തും 'കുഞ്ഞോൾ' അല്ലെങ്കിൽ 'കുഞ്ഞു' എന്ന് വിളിച്ചാൽ മതിയെന്ന്.  കാരണം വിളിപ്പേർ എന്നെ എപ്പോഴും എന്റെ ബാല്യത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ഞാൻ പഴയ കുഞ്ഞ് കുട്ടിയാകുന്നു ഇപ്പോഴും... 

ടീനേജ്കാരിയായിരുന്നപ്പോൾ എന്റെ ഒരേയൊരമ്മാവന്റെ ഒരേയൊരു മകൻ 'അനുരാധ' 'സിൽക് സ്മിത' എന്നീ മാദകനടികളുടെ പേരുകളായിരുന്നു ചാർത്തി തന്നിരുന്നത്! മനസിൽ ഒരു ഗൂഢസ്മിതം ഉണ്ടാകുമായിരുന്നെങ്കിലും കണ്ണുകളിൽ അഗ്നിയെടുത്തണിയുമായിരുന്നു അന്നൊക്കെ.

എന്റെ ആദ്യപ്രണയത്തിലെ നായകൻ എന്നെ 'ബുഡു' എന്നാണ് വിളിച്ചിരുന്നത്. ഇടയ്ക്കൊക്കെപൊടിഡപ്പി’ എന്നും വിളിയ്ക്കുമായിരുന്നു. എങ്കിലുംബുഡു’ എന്ന വിളിയുടെ അർത്ഥം എന്താണെന്നും എന്തുകൊണ്ടാണ് അങ്ങിനെ വിളിച്ചിരുന്നതെന്നും ഇപ്പോഴും എനിയ്ക്കറിയില്ല. പക്ഷേ ഞാനാ വിളി ഇഷ്ടപ്പെട്ടിരുന്നു.

പ്രീഡിഗ്രി ക്ലാസിലെ ചില ആൺകുട്ടികൾ 'ആനക്കുട്ടി' എന്ന് വിളിച്ചിരുന്നു. അതെന്തുകൊണ്ടാണെന്നും അറിയില്ല. പേരിൽ ഉള്ള അനുവിനെ നീട്ടി വിളിച്ചതായിരിക്കാം!!

എന്റെ അമ്മ വീട്ടുകാർ അനു എന്ന എന്റെ പേരിനെ പരിഹസിച്ചോ പരിഷ്കരിച്ചോ 'അണു' എന്ന് വിളിയ്ക്കുമായിരുന്നു. ഇപ്പോൾ അവർ എന്നെ അനു എന്ന് തന്നെ വിളിയ്ക്കുന്നു. എനിയ്ക്കാ വിളി ഇഷ്ടമില്ലെങ്കിലും.

'പെണ്ണ്' എന്ന് വിളിയ്ക്കുന്ന രണ്ട് സുഹൃത്തുക്കളുണ്ട് എനിയ്ക്ക്. എനിയ്ക്കാ വിളി ഭയങ്കര ഇഷ്ടമാ. അതിലൊരുത്തൻ എന്നെ 'ഉണക്കൽസ്' എന്ന് വിളിയ്ക്കും. ഇപ്പോഴും. അവനെ ഞാൻ 'വെളൂരി' എന്ന് വിളിയ്ക്കും. വെളുവെളെ വെളുത്ത അവന് പേരാണ് ഏറ്റവും യോജിയ്ക്കുക.  അവൻ എന്നെ ആദ്യമായി കാണുന്ന സമയത്ത് ഞാൻ മെലിഞ്ഞുണങ്ങി എല്ലും തോലും മാത്രമായ ഒരു കോലമായിരുന്നു!! അത് കാണണ്ട കോലം തന്നെ. ഏതെങ്കിലും പാടത്ത് നിർത്താൻ പറ്റിയ രൂപം. ഉണക്കൽസ് എന്ന് വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. വഴക്കു കൂടുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ അവൻഉണക്കൽസ്’ എന്നേ വിളിയ്ക്കാറുള്ളൂ... എങ്കിലും എനിയ്ക്കാ വിളി കേൾക്കുമ്പോൾ വലിയ അടുപ്പം തോന്നും...  

എന്റെ അവസാന പ്രണയകഥയിലെ നായകൻ എന്നെ 'അമ്മു' എന്ന് വിളിയ്ക്കുന്നതിനൊപ്പം തന്നെ 'പോത്ത്' എന്നും വിളിയ്ക്കുമായിരുന്നു. പോത്തിന്റെ പോലെ മന്ദബുദ്ധിയും ഉടക്ക് സ്വഭാവവും ഉള്ളതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങിനെയൊരു പേര് ചാർത്തി തന്നത്!! അദ്ദേഹത്തെയും ഒരു ചെല്ലപ്പേർ വിളിയ്ക്കുമായിരുന്നു ഞാൻ. അത് വിളിയ്ക്കുന്ന കാലത്തെ വ്യക്തിത്വത്തിൽ നിന്നും അദ്ദേഹം ഒരുപാട് ദൂരം പോയി എന്ന് തോന്നിയപ്പോൾ പിന്നെ ചെല്ലപ്പേർ അങ്ങിനെ വിളിയ്ക്കാറില്ല. അയാളുമായി വഴക്കുണ്ടായിരിക്കുമ്പോൾ 'അമ്മു' 'പോത്ത്' എന്നീ വിളികൾ എന്നെ വല്ലാതെ അസ്വസ്ഥയും അരിശക്കാരിയുമാക്കും. ഞാൻ കൂടുതൽ പ്രകോപിതയാകും അപ്പോൾ. അല്ലാത്തപ്പോൾ വിളികൾ ഞാൻ ആസ്വദിയ്ക്കാറുണ്ട്.

ഈയടുത്ത കാലത്ത്, ഇവിടെ അടുത്ത് താമസിയ്ക്കുന്ന ഒരു പയ്യൻ ഞാൻ അയാളുടെ അടുത്ത് കൂടെ പോകുമ്പോൾ 'പാറൂൂൂ...' എന്ന് എനിയ്ക്ക് മാത്രം കേൾക്കുവാൻ പാകത്തിൽ വളരെ കാതരമായി വിളിയ്ക്കാറുണ്ട്. പാവം അവനറിയില്ലല്ലോ എന്റെ പ്രായം എന്താണെന്ന്!! പൊക്കം കമ്മിയായതുകൊണ്ട് പലർക്കും എന്റെ പ്രായത്തിന്റെ കാര്യം കൺഫ്യൂഷനാണ്. അവൻ എന്നെ കാതരമായി 'പാറൂൂ...' എന്ന് വിളിയ്ക്കുമ്പോൾപാവം പയ്യൻ’ എന്ന് മനസാ വിചാരിച്ച് ഞാൻ നീങ്ങും.

ഈയിടെയായി എന്റെ അനുജത്തിയും ചെറിയമ്മയും എന്റെ പേരിനെ ആംഗലേയവൽക്കരിച്ച് 'ആറ്റം ഡോട്ടർ' എന്ന് വിളിച്ചു തുടങ്ങീട്ടുണ്ട്. വിളിയും ഞാനിഷ്ടപ്പെടുന്നു.

എല്ലാം എന്നോടുള്ള സ്നേഹത്തിന്റെയോ ദ്വേഷ്യത്തിന്റെയോ പ്രതീകമാണല്ലോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ