പേജുകള്‍‌

2013, ജൂലൈ 20, ശനിയാഴ്‌ച

അമ്മായിയമ്മയ്ക്ക് കല്ലുമിടിയ്ക്കും...

ചില ആണുങ്ങളുടെ പ്രകൃതം കണ്ടാൽ തോന്നും എന്താ ഇവരിങ്ങനെ എന്ന്. അമ്മായിയമ്മയ്ക്ക് കല്ലുമിടിയ്ക്കും സ്വന്തം അമ്മയ്ക്ക് നെല്ലുമിടിയ്ക്കില്ല എന്ന രീതി.

ഒരു നല്ല ശതമാനം ആണുങ്ങളും അങ്ങിനെ തന്നെയാണെന്ന് തോന്നുന്നു. വിവാഹിതർ എന്നോ അവിവാഹിതർ എന്നോ അതിൽ വകഭേദമില്ല. തങ്ങളുടെ ആർഭാടങ്ങൾക്കും ആഹ്ലാദങ്ങൾക്കും വേണ്ടി ചിലവഴിയ്ക്കുവാൻ അവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. എന്നാൽ സ്വന്തം അമ്മയ്ക്ക് വേണ്ടിയാണെങ്കിൽ അവരുടെ കയ്യിൽ പണമുണ്ടാകില്ല!!!

സുഹൃത്തുക്കൾക്ക് വേണ്ടിയോ പ്രണയിനിയ്ക്ക് വേണ്ടിയോ ഭാര്യയ്ക്ക് വേണ്ടിയോ മക്കൾക്ക് വേണ്ടിയോ ചിലവഴിയ്ക്കുവാൻ അവരുടെ കയ്യിൽ ധാരാളം ഉണ്ടാകും. അവർക്കൊക്കെ വേണ്ടി എങ്ങിനെ വേണമെങ്കിലും അവർ പണമുണ്ടാക്കുകയും കയ്യയച്ച് നിർലോഭം ചിലവാക്കുകയും ചെയ്ത് എത്ര കഷ്ടപ്പെടുവാനോ പട്ടിണി കിടക്കാനോ അവർക്ക് യാതൊരു മടിയും ഉണ്ടാകില്ല.

എന്നാൽ സ്വന്തം അമ്മയ്ക്ക് വേണ്ടി ചെയ്യുവാൻ പറഞ്ഞാൽ പണമുണ്ടാക്കുവാനുള്ള മാർഗ്ഗം അവർക്കുണ്ടാകില്ല. അന്നേരം അവർക്ക് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗം മനസിൽ തെളിയുകയേ ഇല്ല. അഥവാ ചെയ്താലോ ഏറ്റവും ചിലവ് കുറഞ്ഞ കാര്യങ്ങളേ അവർക്ക് ചെയ്യുവാൻ സാധിയ്ക്കൂ!!!

ചിലരുണ്ട്, വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അവർക്ക് ഏറ്റവും നല്ലത് അമ്മായിയമ്മയും ഭാര്യയുടെ ആൾക്കാരുമായിരിക്കും. കാമുകിമാരുള്ള അവിവാഹിതരാണെങ്കിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളുമാണ് ഈ ഭൂമിയിലെ ഏറ്റവും നല്ലവർ!!   സ്വന്തം അമ്മയ്ക്ക് അവരുടെ ഏഴയലത്ത് സ്ഥാനമുണ്ടാകില്ല!!

അമ്മമാരുടെ മനസ് പലപ്പോഴും പല ആൺമക്കളും കാണാതെ പോകുന്നു!!! അതെന്തുകൊണ്ടാണങ്ങിനെ?  എത്രയായാലും സ്വന്തം അമ്മമാർക്ക് ഉണ്ടാകുന്ന ആത്മാർത്ഥത മറ്റുള്ളവർക്ക് ഉണ്ടാകില്ല എന്ന് ഇവരെന്തേ തിരിച്ചറിയാതെ പോകുന്നു??!!

2013, ജൂലൈ 18, വ്യാഴാഴ്‌ച

ലാലീ.. ലാലീലെ ലാലീ... ലാലീലെ ലോ...



 http://www.youtube.com/watch?v=_U4kKk1_ogY


ലാലീ.. ലാലീലെ ലാലീ... ലാലീലെ ലോ...  എന്ന ഒരു പാട്ട് കണ്ടു ഈയടുത്ത് യുറ്റ്യൂബിൽ... കളിമണ്ണ് എന്ന ബ്ലസ്സി ചിത്രത്തിലെ പാട്ട്... തന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനുള്ള അമ്മയുടെ താരാട്ടും അത് കേൾക്കുമ്പോൾ വയറ്റിലുള്ള കുഞ്ഞിന്റെ വികാരങ്ങളും വളരെ മനോഹരമായി പകർത്തിയിരിക്കുന്നു അതിൽ...    ...

 ആ പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ കണ്ണ് നിറയുന്നു... എന്റെയും സ്വപ്നമായിരുന്നു അത്... എന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ ഉരുത്തിരിയുമ്പോൾ തന്നെ നല്ലത് മാത്രം ചിന്തിച്ച്, നല്ലത് മാത്രം കേൾപ്പിച്ച് നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാക്കി വിശാലമായ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യണം എന്നത്... പക്ഷേ...

എന്താലേ...??!!!



നമ്മളെ ആത്മാർത്ഥമായി വിശ്വസിയ്ക്കുന്ന ആരോടെങ്കിലും നമ്മൾ വിശ്വാസ വഞ്ചന കാണിച്ചാൽ അധികം വൈകാതെ തന്നെ നമ്മൾ ആത്മാർത്ഥമായി വിശ്വസിയ്ക്കുന്ന ആളുകളിൽ ആരെങ്കിലും ഒരാൾ നമ്മളോട് അതേ നിലയിൽ വിശ്വാസവഞ്ചന ചെയ്യും. അനുഭവമാണ്. പലപ്പോഴും സങ്കടത്തോടെ ചിന്തിച്ചിട്ടുണ്ട്, ചില അനിഷ്ടങ്ങളെല്ലാം ജീവിതത്തിൽ സംഭവിച്ചത് എന്നെ ആത്മാർത്ഥമായി വിശ്വസിച്ച, ഇപ്പോഴും വിശ്വസിയ്ക്കുന്ന ഒരാളോട് ഞാൻ നയപരമായി വിശ്വാസവഞ്ചന ചെയ്തതുകൊണ്ടാണ് എന്ന്. ആ ചിന്ത മനസിനെ ഓരോ നിമിഷവും നീറ്റുന്നുണ്ട്... പക്ഷേ സംഭവിച്ചത് സംഭവിച്ചല്ലോ എന്ന് ചിന്തിച്ച് ആശ്വസിയ്ക്കുന്നു... ആവർത്തിയ്ക്കാതിരിക്കാൻ ആത്മാർത്ഥമായി ശ്രമിയ്ക്കുന്നു, അതിന് ഒരുപക്ഷേ ആരെയെങ്കിലുമൊക്കെ വേദനിപ്പിക്കേണ്ടി വരുന്നുണ്ടെങ്കിലും.


മനസിലാക്കിയ ഒരു വസ്തുത, ഇത്തരം വിശ്വാസവഞ്ചനകൾക്ക് ഒരു തുടർക്കഥയുണ്ട് എന്നതാണ്!!! വഞ്ചിയ്ക്കുന്നവർ ഓരോരുത്തരും വൈകാതെ തന്നെ വഞ്ചിയ്ക്കപ്പെട്ടുകൊണ്ടേയിരിക്കും, അതും അവർ അന്ധമായും ആത്മാർത്ഥമായും വിശ്വസിക്കുന്നവരാൽ തന്നെ!!! ആ കണ്ണികൾ അനന്തമായി തുടർന്നുകൊണ്ടേയിരിക്കും, ആരെങ്കിലും ഒരാൾ തന്നെ വിശ്വസിയ്ക്കുന്നവരിൽ ആരെയും ഒരാളെ വഞ്ചിയ്ക്കാതിരിക്കാതിരിക്കുവോളം... 

അതുപോലെ തന്നെയാണ് കളഞ്ഞു കിട്ടിയ പണമെടുത്ത് ഉപയോഗിയ്ക്കുമ്പോഴും. ലഭിയ്ക്കുന്നത് അഞ്ച് രൂപയോ അൻപത് രൂപയോ അഞ്ഞൂറ് രൂപയോ ആകട്ടെ.., നമ്മളതെടുത്ത് ഉപയോഗിച്ചാൽ ഏറെ താമസിയാതെ തന്നെ ലഭിച്ചതിന്റെ ഒരുപാട് മടങ്ങ് നമ്മളിൽ നിന്നും നഷ്ടപ്പെട്ടിരിക്കും... യാതൊരു ആവശ്യവുമില്ലാതെ... പിന്നീട് ആ പണം അനാവശ്യമായി നഷ്ടപ്പെട്ടല്ലോ എന്ന് നമ്മൾ ഒരുപാട് തവണ സങ്കടപ്പെടും. അതും അനുഭവമാണ്. പക്ഷേ എന്തുകൊണ്ടോ കളഞ്ഞു കിട്ടുന്ന ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള നഷ്ടങ്ങൾ സംഭവിയ്ക്കാറില്ല. ഈയടുത്ത് ആരോ പറഞ്ഞ് കേട്ടതു പോലെ കളഞ്ഞു കിട്ടുന്ന നാണയങ്ങൾ ഭാഗ്യമായതുകൊണ്ടായിരിക്കാം.. അത്തരം നാണയങ്ങൾ സൂക്ഷിച്ചു വെച്ചാൽ ആഗ്രഹിയ്ക്കുന്നത് ലഭിയ്ക്കുമത്രേ...!!! അതിൽ അനുഭവമില്ലാത്തതുകൊണ്ട് ആ വിശ്വാസത്തിന്  എത്ര മാത്രം ആധികാരികതയുണ്ട് എന്നറിയില്ല.

എന്തുകൊണ്ടാണ് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഋണാത്മകമായ  (നെഗറ്റീവ്) ഫലങ്ങൾ ലഭിയ്ക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. ഒരുപക്ഷേ വഞ്ചിയ്ക്കപ്പെട്ട അല്ലെങ്കിൽ നഷ്ടം സംഭവിച്ച ആളുടെ മനസിന്റെ വിശ്വാസത്തിലെ ആത്മാർത്ഥതയോ നിഷ്കളങ്കതയോ മനസിലെ സങ്കടമോ ഒക്കെയായിരിക്കാം നമ്മളിൽ സങ്കടത്തിന് ഹേതുവായി മാറുന്നത്... 

എന്തായാലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയതുകൊണ്ടായിരിക്കാം എന്നിൽ ആത്മാർത്ഥമായ വിശ്വാസം അർപ്പിക്കുന്നവരോ അല്ലാത്തവരോ ആയ ആരോടും വിശ്വാസവഞ്ചന ചെയ്യാതിരിയ്ക്കുവാൻ പരമാവധി ശ്രമിയ്ക്കുന്നു. അതുപോലെ തന്നെ കളഞ്ഞു കിട്ടുന്നത് നാണയമാണെങ്കിലും രൂപയാണെങ്കിലും അതിന്റെ കൂടെ കയ്യിൽ നിന്നും എന്തെങ്കിലും കൂട്ടി അർഹരായ, പ്രത്യേകിച്ചും അവശരായ വൃദ്ധർക്ക് ദാനം ചെയ്യും. ജീവിതത്തിലോ മനസമാധാനത്തിലോ നേട്ടമില്ലെങ്കിലും നഷ്ടമെങ്കിലും ഇല്ലാതിരിക്കുമല്ലോ...

2013, ജൂലൈ 17, ബുധനാഴ്‌ച

കൈമാറ്റം ചെയ്യാത്ത സമ്മാനങ്ങൾ...

അങ്ങിനെ ആ സമ്മാനങ്ങൾ ഒടുവിൽ കൈമാറി ... വർഷങ്ങളായി മനസിൽ ഘനീഭവിച്ചു കിടന്നിരുന്ന വേദന അലിഞ്ഞു പോയിരിക്കുന്നു. നൽകാൻ കഴിയും എന്ന പ്രതീക്ഷയിലല്ല അതൊന്നും വാങ്ങിയിരുന്നത്...  ഒന്നും യാതൊരു പ്രതീക്ഷയോടെയല്ല ചെയ്തിരുന്നത് എന്നും... പ്രതീക്ഷിയ്ക്കാതെ ജീവിയ്ക്കാനുള്ളതാണ് ഈ ജീവിതം!!! ഒരിയ്ക്കലും കൈമാറ്റം ചെയ്യാൻ സാധിയ്ക്കില്ല എന്ന് വിശ്വസിച്ചു തന്നെയാണ് അവയെല്ലാം വാങ്ങിയത്.

പക്ഷേ...  പ്രതീക്ഷിയ്ക്കാതെ തന്നെ അവയെല്ലാം ആർക്ക് വേണ്ടി വാങ്ങിയോ അദ്ദേഹത്തിന് തന്നെ നൽകുവാൻ സാധിച്ചു... മനസിന്റെ ഭാരം ലഘൂകരിച്ച് ഇല്ലാതായിരിക്കുന്നു... ഒരുപക്ഷേ ഇതായിരിക്കാം അവസാനം... എല്ലാറ്റിന്റെയും...

2013, ജൂലൈ 16, ചൊവ്വാഴ്ച

വായനക്കാരോട് ഒരു വാക്ക്

 എല്ലാ വായനക്കാർക്കും അകമഴിഞ്ഞ നന്ദി മാത്രം...

ശൂന്യത

വന്നവർക്കെല്ലാം പോകണം... വന്നവരെല്ലാം പോയി... വീണ്ടും ഏകാന്തതയുടെയും ദുശ്ശീലങ്ങളുടെയും തടവറയിൽ... തനിച്ച്...  :(

2013, ജൂലൈ 15, തിങ്കളാഴ്‌ച

ചില ചിറ്റമ്മനയങ്ങൾ...

കുറേ വർഷം മുൻപത്തെ കഥയാണ്. ഞങ്ങൾക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ സഹമുറിയത്തികളും. ഞങ്ങളുടെ സുഹൃത്തിന്റെ പേര് രാഹുൽ (പേര് യഥാർത്ഥമല്ല). ഞങ്ങളിലൊരാളുടെ അകന്ന എന്ന് പറഞ്ഞാൽ വളരെ അകന്ന ബന്ധു കൂടിയാണ് കക്ഷി

ഇന്നലെ വെറുതെ ഇരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രണയകഥകളെ കുറിച്ച് വെറുതെ ഓർത്തു പോയി. അയാൾ ഒരുപാട് വർഷങ്ങളായി ഞങ്ങളുടെ സുഹൃത്താണ്, ഇപ്പോഴുമതെ. ഒരിയ്ക്കൽ വളരെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളെല്ലാവരും നടക്കാൻ പോകുമ്പോൾ വഴിമധ്യേ  അയാളുടെ കൂടെ ഒരു പെൺകുട്ടിയെ കണ്ടു. സന്ദർഭവശാൽ അയാൾ കുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. 'ഇത് റീജ, (അവർ ഇപ്പോൾ വിദേശത്താണ്) എന്റെ സുഹൃത്താണ്.' ഞങ്ങൾ പരിചയപ്പെട്ടു അപ്പോൾ തന്നെ യാത്ര പറഞ്ഞ് നീങ്ങി. പിന്നീടൊരിയ്ക്കലും അവരെ അങ്ങിനെ ഒരുമിച്ച് കണ്ടിട്ടില്ല. എങ്കിലും അറിയാം അങ്ങിനെ ഒരു സുഹൃത്ത് രാഹുലിനുണ്ട് എന്ന്



കുറേ വർഷങ്ങൾക്ക് ശേഷം രാഹുൽ ഞങ്ങളിൽ ചിലരെ അവളുടെ വീട്ടിൽ കൊണ്ടു പോയി. പക്ഷേ അവൾ നാട്ടിൽ പോയ സമയത്തായിരുന്നു അത്. അന്ന് ഞാൻ അതിശയിച്ചു, ആ പെൺകുട്ടി ഇവിടെ ഉള്ളപ്പോൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒരിയ്ക്കൽ പോലും ഞങ്ങളുമായി അടുപ്പിയ്ക്കുവാനോ മറ്റോ ശ്രമിയ്ക്കാത്ത ഇവൻ, പെൺകുട്ടി അവിടെ ഇല്ലാത്തപ്പോൾ എന്തുകൊണ്ടാണ്  ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോകുന്നത് എന്ന്! അവൾ ഉണ്ടാക്കിയ ചില വിഭവങ്ങളൊക്കെ നൽകി അവൻ ഞങ്ങളെ സൽക്കരിയ്ക്കുകയും അവ ഞങ്ങൾക്ക് തന്നു വിടുകയും ചെയ്തു അന്ന്.  അതെല്ലാം ചെയ്യേണ്ടത് അവളായിരുന്നില്ലേ? കാരണം അത് അവൾ താമസിയ്ക്കുന്ന വീടാണ്, അവൾ ഉണ്ടാക്കിയ വിഭവങ്ങളാണ്!!

പെൺകുട്ടിയെ പരിചയപ്പെട്ട് ഏകദേശം 3-4 വർഷങ്ങൾക്ക് ശേഷം രാഹുൽ ഞങ്ങൾക്ക് മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തി തന്നു. മമ്ത എന്നായിരുന്നു അവളുടെ പേര്. ഏതാനും മാസങ്ങൾക്ക് ശേഷം അവളുടെ കൂട്ടുകാരിയായി രാധിക എന്നൊരു പെൺകുട്ടിയേയും പരിചയപ്പെടുത്തി തന്നു. മമ്ത പറഞ്ഞിട്ടാണ് ഞങ്ങൾ അറിഞ്ഞത് റീജ രാഹുലിന്റെ  കാമുകി ആയിരുന്നു എന്ന്!!  ഒരിയ്ക്കൽ പോലും രാഹുൽ പറഞ്ഞ് ഞങ്ങൾ അതറിഞ്ഞതേയില്ല..., ഇന്നും...!!!

എന്തോ കാരണങ്ങളാൽ അയാളും റീജയും പരസ്പരം അകലുന്നതിന്റെ തുടക്കത്തിലായിരുന്നു ഞങ്ങൾ മമതയെ പരിചയപ്പെട്ടത്.  കൂട്ടത്തിൽ രാധികയെയും. പിന്നീട് രാഹുലിന്റെ സംസാരത്തിൽ നിന്നു തന്നെ  ഞങ്ങൾ അറിഞ്ഞു രാഹുലിന്റെ കാമുകി ഇപ്പോൾ രാധികയാണ് എന്ന്

പക്ഷേ ഇപ്പോഴും ഞങ്ങൾ ആലോചിയ്ക്കുന്ന ഒരു കാര്യമുണ്ട്. എന്ത് കൊണ്ട് രാഹുൽ റീജയെ ഞങ്ങൾക്ക് വിധത്തിൽ അല്ലെങ്കിൽ ഒരു നല്ല സുഹൃത്ത് എന്ന രീതിയിൽ പോലും പരിചയപ്പെടുത്തി തന്നില്ല. റീജ ഒഴിച്ച് ബാക്കിയെല്ലാ സുഹൃത്തുക്കളെയും രാഹുൽ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ടെന്ന് തോന്നുന്നു.. അവന്റെ ഒട്ടുമിക്ക സുഹൃത്തുക്കളും ഞങ്ങളുടേയും സുഹൃത്തുക്കളായിരുന്നു.  അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുവാനും ഞങ്ങളിൽ ഒരാളാക്കുവാനും ഒരുപാട് ദിവസങ്ങളോ മാസങ്ങളോ എടുക്കാറില്ലായിരുന്നു

പക്ഷേ രാഹുൽ റീജയെ ഞങ്ങൾക്ക് അന്ന് അവിചാരിതമായി പരിചയപ്പെടുത്തിയതൊഴിച്ചാൽ മറ്റൊരു അടുപ്പിയ്ക്കലും രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സംസാരങ്ങളിൽ നിന്നും അറിയാം രാഹുലിന് അപ്പോഴും അവളുമായി അടുപ്പമുണ്ടെന്ന്.  തൊട്ടടുത്ത് താമസിച്ചിരുന്നവളായിട്ടു പോലും റീജയുമായി അവൻ ഞങ്ങളെ കൂടുതൽ അടുപ്പിച്ചില്ല. എന്നാൽ അവൾ ഇല്ലാത്തപ്പോൾ അവളുടെ വീട്ടിലേയ്ക്ക് ഞങ്ങളെ കൊണ്ടു പോയിട്ടുണ്ട്താനും!!

എന്നാൽ രാധിക അവന്റെ കാമുകി ആണ് എന്നത് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. അവളെ കൂട്ടി അവൻ ഇടയ്ക്കിടെ ഞങ്ങളുടെ റൂമിൽ വരും, ഞങ്ങളുമായി ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുവാനും മറ്റും പുറത്ത് പോകും. പോകെ പോകെ ഞങ്ങൾക്കറിയാവുന്നതും അല്ലാത്തതുമായ  അവന്റെ മറ്റ് സുഹൃത്തുക്കളും ആൺ - പെൺ വകഭേദമില്ലാതെ രാധികയുടെ സുഹൃത്തുക്കളുമായി. ഞങ്ങളും രാധികയും രാഹുലും അവന്റെ മറ്റ് ചില സുഹൃത്തുക്കളും എല്ലാം ചേർന്ന് ഉല്ലാസയാത്രകൾക്കും കൂട്ടുകാരുടെ കല്യാണങ്ങൾക്കുമെല്ലാം പോകുമായിരുന്നു. 

 

അപ്പോഴും മനസിൽ ഒരു സംശയം മാറാതെ നിന്നു. എന്തുകൊണ്ടാണ് രാഹുൽ വർഷങ്ങളായി തന്റെ കാമുകി ആയിരുന്ന റീജയെ ഞങ്ങളുമായി എന്നല്ല മറ്റൊരു സുഹൃത്തുക്കളുമായി പോലും ഒട്ടും അടുപ്പിയ്ക്കാതിരുന്നത്? രാധിക വന്നതിനു ശേഷമുള്ള സുഹൃത്തുക്കളെയാണ് പരിചയപ്പെടുത്തിയത് എന്ന് പറഞ്ഞാലും ഞങ്ങളൊക്കെ അതിലും മുൻപേ അവനുമായി ചങ്ങാത്തമുള്ളവരായിരുന്നു. എന്നിട്ടും റീജ എന്ന അവന്റെ കൂട്ടുകാരിയെ അവൻ ഞങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തി തന്നിട്ടേയില്ല. മാത്രമല്ല റീജയുള്ളപ്പോൾ രാഹുലിനുണ്ടായതും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതുമായ ഞങ്ങളുടേയും പിന്നീട് രാധികയുടെയും സുഹൃത്തുക്കളായ ആർക്കും  തന്നെ  രാഹുലിന്റെ റീജ എന്ന  കൂട്ടുകാരിയെ അറിയില്ലായിരുന്നു!!!

കാഴ്ചയ്ക്ക് കുറച്ച് സൗന്ദര്യം കുറവായിരുന്നതുകൊണ്ടോ അതോ റീജയുടെ സ്വഭാവം മോശമായിരുന്നതുകൊണ്ടോ അതോ റീജ എന്ന വ്യക്തിയെ ജീവിതത്തിൽ കൂടെ കൂട്ടാനുള്ളതല്ല എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതുകൊണ്ടോ... എന്ത് കാരണമായിരിക്കാം റീജ എന്ന പെൺകുട്ടിയെ രാഹുൽ എല്ലാവരിൽ നിന്നും അകറ്റി നിർത്തിയിരുന്നത്?

റീജ എന്ന കാമുകിയേക്കാൾ തികച്ചും വ്യത്യസ്ഥമായിട്ടാണ് രാധിക എന്ന കാമുകിയെ രാഹുൽ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നത്. അവൾ രാഹുലിന്റെ കാമുകിയാണെന്ന് ഞങ്ങൾക്കേവർക്കും അറിയാമായിരുന്നു.  തുടക്കത്തിലേ രാഹുൽ അങ്ങിനെയാണ് ഞങ്ങൾക്കവളെ പരിചയപ്പെടുത്തി തന്നത്. മാത്രമല്ല രാധികയെ രാഹുൽ പരിചയപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രാധികയെ ഞങ്ങളിലൊരാളാക്കി മാറ്റിയിരുന്നു രാഹുൽ. പക്ഷേ റീജ... എന്തുകൊണ്ടായിരുന്നു രാഹുൽ റീജയോട് അത്തരമൊരു ചിറ്റമ്മനയം കാണിച്ചിരുന്നത്??!! 

എന്തുകൊണ്ടാണ്..? ചോദ്യം നിങ്ങളോടാണ്...