പേജുകള്‍‌

2013, ജൂലൈ 15, തിങ്കളാഴ്‌ച

ചില ചിറ്റമ്മനയങ്ങൾ...

കുറേ വർഷം മുൻപത്തെ കഥയാണ്. ഞങ്ങൾക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ സഹമുറിയത്തികളും. ഞങ്ങളുടെ സുഹൃത്തിന്റെ പേര് രാഹുൽ (പേര് യഥാർത്ഥമല്ല). ഞങ്ങളിലൊരാളുടെ അകന്ന എന്ന് പറഞ്ഞാൽ വളരെ അകന്ന ബന്ധു കൂടിയാണ് കക്ഷി

ഇന്നലെ വെറുതെ ഇരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രണയകഥകളെ കുറിച്ച് വെറുതെ ഓർത്തു പോയി. അയാൾ ഒരുപാട് വർഷങ്ങളായി ഞങ്ങളുടെ സുഹൃത്താണ്, ഇപ്പോഴുമതെ. ഒരിയ്ക്കൽ വളരെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളെല്ലാവരും നടക്കാൻ പോകുമ്പോൾ വഴിമധ്യേ  അയാളുടെ കൂടെ ഒരു പെൺകുട്ടിയെ കണ്ടു. സന്ദർഭവശാൽ അയാൾ കുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. 'ഇത് റീജ, (അവർ ഇപ്പോൾ വിദേശത്താണ്) എന്റെ സുഹൃത്താണ്.' ഞങ്ങൾ പരിചയപ്പെട്ടു അപ്പോൾ തന്നെ യാത്ര പറഞ്ഞ് നീങ്ങി. പിന്നീടൊരിയ്ക്കലും അവരെ അങ്ങിനെ ഒരുമിച്ച് കണ്ടിട്ടില്ല. എങ്കിലും അറിയാം അങ്ങിനെ ഒരു സുഹൃത്ത് രാഹുലിനുണ്ട് എന്ന്കുറേ വർഷങ്ങൾക്ക് ശേഷം രാഹുൽ ഞങ്ങളിൽ ചിലരെ അവളുടെ വീട്ടിൽ കൊണ്ടു പോയി. പക്ഷേ അവൾ നാട്ടിൽ പോയ സമയത്തായിരുന്നു അത്. അന്ന് ഞാൻ അതിശയിച്ചു, ആ പെൺകുട്ടി ഇവിടെ ഉള്ളപ്പോൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒരിയ്ക്കൽ പോലും ഞങ്ങളുമായി അടുപ്പിയ്ക്കുവാനോ മറ്റോ ശ്രമിയ്ക്കാത്ത ഇവൻ, പെൺകുട്ടി അവിടെ ഇല്ലാത്തപ്പോൾ എന്തുകൊണ്ടാണ്  ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോകുന്നത് എന്ന്! അവൾ ഉണ്ടാക്കിയ ചില വിഭവങ്ങളൊക്കെ നൽകി അവൻ ഞങ്ങളെ സൽക്കരിയ്ക്കുകയും അവ ഞങ്ങൾക്ക് തന്നു വിടുകയും ചെയ്തു അന്ന്.  അതെല്ലാം ചെയ്യേണ്ടത് അവളായിരുന്നില്ലേ? കാരണം അത് അവൾ താമസിയ്ക്കുന്ന വീടാണ്, അവൾ ഉണ്ടാക്കിയ വിഭവങ്ങളാണ്!!

പെൺകുട്ടിയെ പരിചയപ്പെട്ട് ഏകദേശം 3-4 വർഷങ്ങൾക്ക് ശേഷം രാഹുൽ ഞങ്ങൾക്ക് മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തി തന്നു. മമ്ത എന്നായിരുന്നു അവളുടെ പേര്. ഏതാനും മാസങ്ങൾക്ക് ശേഷം അവളുടെ കൂട്ടുകാരിയായി രാധിക എന്നൊരു പെൺകുട്ടിയേയും പരിചയപ്പെടുത്തി തന്നു. മമ്ത പറഞ്ഞിട്ടാണ് ഞങ്ങൾ അറിഞ്ഞത് റീജ രാഹുലിന്റെ  കാമുകി ആയിരുന്നു എന്ന്!!  ഒരിയ്ക്കൽ പോലും രാഹുൽ പറഞ്ഞ് ഞങ്ങൾ അതറിഞ്ഞതേയില്ല..., ഇന്നും...!!!

എന്തോ കാരണങ്ങളാൽ അയാളും റീജയും പരസ്പരം അകലുന്നതിന്റെ തുടക്കത്തിലായിരുന്നു ഞങ്ങൾ മമതയെ പരിചയപ്പെട്ടത്.  കൂട്ടത്തിൽ രാധികയെയും. പിന്നീട് രാഹുലിന്റെ സംസാരത്തിൽ നിന്നു തന്നെ  ഞങ്ങൾ അറിഞ്ഞു രാഹുലിന്റെ കാമുകി ഇപ്പോൾ രാധികയാണ് എന്ന്

പക്ഷേ ഇപ്പോഴും ഞങ്ങൾ ആലോചിയ്ക്കുന്ന ഒരു കാര്യമുണ്ട്. എന്ത് കൊണ്ട് രാഹുൽ റീജയെ ഞങ്ങൾക്ക് വിധത്തിൽ അല്ലെങ്കിൽ ഒരു നല്ല സുഹൃത്ത് എന്ന രീതിയിൽ പോലും പരിചയപ്പെടുത്തി തന്നില്ല. റീജ ഒഴിച്ച് ബാക്കിയെല്ലാ സുഹൃത്തുക്കളെയും രാഹുൽ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ടെന്ന് തോന്നുന്നു.. അവന്റെ ഒട്ടുമിക്ക സുഹൃത്തുക്കളും ഞങ്ങളുടേയും സുഹൃത്തുക്കളായിരുന്നു.  അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുവാനും ഞങ്ങളിൽ ഒരാളാക്കുവാനും ഒരുപാട് ദിവസങ്ങളോ മാസങ്ങളോ എടുക്കാറില്ലായിരുന്നു

പക്ഷേ രാഹുൽ റീജയെ ഞങ്ങൾക്ക് അന്ന് അവിചാരിതമായി പരിചയപ്പെടുത്തിയതൊഴിച്ചാൽ മറ്റൊരു അടുപ്പിയ്ക്കലും രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സംസാരങ്ങളിൽ നിന്നും അറിയാം രാഹുലിന് അപ്പോഴും അവളുമായി അടുപ്പമുണ്ടെന്ന്.  തൊട്ടടുത്ത് താമസിച്ചിരുന്നവളായിട്ടു പോലും റീജയുമായി അവൻ ഞങ്ങളെ കൂടുതൽ അടുപ്പിച്ചില്ല. എന്നാൽ അവൾ ഇല്ലാത്തപ്പോൾ അവളുടെ വീട്ടിലേയ്ക്ക് ഞങ്ങളെ കൊണ്ടു പോയിട്ടുണ്ട്താനും!!

എന്നാൽ രാധിക അവന്റെ കാമുകി ആണ് എന്നത് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. അവളെ കൂട്ടി അവൻ ഇടയ്ക്കിടെ ഞങ്ങളുടെ റൂമിൽ വരും, ഞങ്ങളുമായി ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുവാനും മറ്റും പുറത്ത് പോകും. പോകെ പോകെ ഞങ്ങൾക്കറിയാവുന്നതും അല്ലാത്തതുമായ  അവന്റെ മറ്റ് സുഹൃത്തുക്കളും ആൺ - പെൺ വകഭേദമില്ലാതെ രാധികയുടെ സുഹൃത്തുക്കളുമായി. ഞങ്ങളും രാധികയും രാഹുലും അവന്റെ മറ്റ് ചില സുഹൃത്തുക്കളും എല്ലാം ചേർന്ന് ഉല്ലാസയാത്രകൾക്കും കൂട്ടുകാരുടെ കല്യാണങ്ങൾക്കുമെല്ലാം പോകുമായിരുന്നു. 

 

അപ്പോഴും മനസിൽ ഒരു സംശയം മാറാതെ നിന്നു. എന്തുകൊണ്ടാണ് രാഹുൽ വർഷങ്ങളായി തന്റെ കാമുകി ആയിരുന്ന റീജയെ ഞങ്ങളുമായി എന്നല്ല മറ്റൊരു സുഹൃത്തുക്കളുമായി പോലും ഒട്ടും അടുപ്പിയ്ക്കാതിരുന്നത്? രാധിക വന്നതിനു ശേഷമുള്ള സുഹൃത്തുക്കളെയാണ് പരിചയപ്പെടുത്തിയത് എന്ന് പറഞ്ഞാലും ഞങ്ങളൊക്കെ അതിലും മുൻപേ അവനുമായി ചങ്ങാത്തമുള്ളവരായിരുന്നു. എന്നിട്ടും റീജ എന്ന അവന്റെ കൂട്ടുകാരിയെ അവൻ ഞങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തി തന്നിട്ടേയില്ല. മാത്രമല്ല റീജയുള്ളപ്പോൾ രാഹുലിനുണ്ടായതും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതുമായ ഞങ്ങളുടേയും പിന്നീട് രാധികയുടെയും സുഹൃത്തുക്കളായ ആർക്കും  തന്നെ  രാഹുലിന്റെ റീജ എന്ന  കൂട്ടുകാരിയെ അറിയില്ലായിരുന്നു!!!

കാഴ്ചയ്ക്ക് കുറച്ച് സൗന്ദര്യം കുറവായിരുന്നതുകൊണ്ടോ അതോ റീജയുടെ സ്വഭാവം മോശമായിരുന്നതുകൊണ്ടോ അതോ റീജ എന്ന വ്യക്തിയെ ജീവിതത്തിൽ കൂടെ കൂട്ടാനുള്ളതല്ല എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതുകൊണ്ടോ... എന്ത് കാരണമായിരിക്കാം റീജ എന്ന പെൺകുട്ടിയെ രാഹുൽ എല്ലാവരിൽ നിന്നും അകറ്റി നിർത്തിയിരുന്നത്?

റീജ എന്ന കാമുകിയേക്കാൾ തികച്ചും വ്യത്യസ്ഥമായിട്ടാണ് രാധിക എന്ന കാമുകിയെ രാഹുൽ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നത്. അവൾ രാഹുലിന്റെ കാമുകിയാണെന്ന് ഞങ്ങൾക്കേവർക്കും അറിയാമായിരുന്നു.  തുടക്കത്തിലേ രാഹുൽ അങ്ങിനെയാണ് ഞങ്ങൾക്കവളെ പരിചയപ്പെടുത്തി തന്നത്. മാത്രമല്ല രാധികയെ രാഹുൽ പരിചയപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രാധികയെ ഞങ്ങളിലൊരാളാക്കി മാറ്റിയിരുന്നു രാഹുൽ. പക്ഷേ റീജ... എന്തുകൊണ്ടായിരുന്നു രാഹുൽ റീജയോട് അത്തരമൊരു ചിറ്റമ്മനയം കാണിച്ചിരുന്നത്??!! 

എന്തുകൊണ്ടാണ്..? ചോദ്യം നിങ്ങളോടാണ്...