പേജുകള്‍‌

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

പീഡനങ്ങളുടെ പിന്നിൽ...

പണ്ട് സ്കൂളിലേയ്ക്ക് പോകുമ്പോൾ വിദ്യാലയപരിസരത്തായി ഒരു സ്ത്രീയെ കാണുമായിരുന്നു. മാനസിക വിഭ്രാന്തി ബാധിച്ച ഒരു സ്ത്രീ. ചെറുപ്പക്കാരി. കുളിയ്ക്കാതെയും പല്ലു തേയ്ക്കാതെയും മുഴിഞ്ഞ വസ്ത്രങ്ങളുടുത്തും സ്വയം പിറുപിറുത്തുകൊണ്ട് നടക്കുന്ന ഒരു സ്ത്രീ. അവരെ എന്ന് കാണുമ്പോഴും അവർ ഗർഭിണിയായിട്ടായിരിക്കും കാണുക. അല്ലാത്തപ്പോൾ ഒരു കുഞ്ഞ് ഒക്കത്തുണ്ടായിരിക്കും. പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും അവർ ഗർഭിണിയായിട്ടുണ്ടായിരിക്കും.

സാധാരണ മനുഷ്യൻ അടുക്കാൻ ഒന്നറയ്ക്കുന്ന വിധത്തിലായിരുന്നു ആ സ്ത്രീയുടെ രൂപം. മാത്രമല്ല അവർ അടുത്തുകൂടെ പോകുമ്പോൾ മനമ്പുരട്ടലുണ്ടാക്കുന്ന ഒരു നാറ്റവും ഉണ്ടായിരുന്നു. എന്നിട്ടും അവർ വർഷാവർഷം ഗർഭിണിയായി!! അതെങ്ങിനെ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്. വളർന്നപ്പോൾ അതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. പകൽ മാന്യന്മാർ എന്ന് സമൂഹത്തിൽ അംഗീകരിച്ചിരുന്നവരാണ് ആ കുഞ്ഞുങ്ങളുടെ പിതൃസ്ഥാനീയർ എന്ന് അറിയുവാൻ സാധിച്ചു.

ഇപ്പോഴത്തെ സാമൂഹികാവസ്ഥയും അഭിപ്രായങ്ങളുമായി ചിന്തിച്ചു നോക്കിയാൽ.. അവർ ഗർഭിണിയാകുവാൻ കാരണം അവർ സ്ത്രീ ആയതുകൊണ്ടു മാത്രമല്ലായിരിക്കാം. പുരുഷന്മാരെ ആകർഷിയ്ക്കുന്ന വിധത്തിൽ പ്രലോഭനീയമായ വസ്ത്രധാരണം കൊണ്ടുമായിരിക്കാം!!!


സർപ്പശാപത്താൽ എന്ന് വിശ്വസിയ്ക്കുന്ന, ദേഹം മുഴുവൻ ചെതുമ്പലും അടുക്കുവാൻ സാധിക്കാത്ത വിധത്തിൽ ദുർഗന്ധവും ചലം വമിയ്ക്കുന്ന ദേഹവുമുള്ള ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് ഒരു ടി.വി. പരിപാടി കണ്ടു. ആ പെൺകുട്ടിയുടെ മാതപിതാക്കൾ വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു ആ പെൺകുട്ടി. പകൽ വെളിച്ചത്തിൽ ആ കുട്ടിയെ ആരും സമീപിക്കാറില്ല പോലും. അത്രയ്ക്ക് ദുർഗന്ധമാണെന്നാണ്. എന്നിട്ടു പോലും, ആ കുട്ടി താമസിയ്ക്കുന്ന സ്ഥലത്തേയ്ക്ക് രാത്രിയിൽ ആളുകൾ ചെല്ലുന്നു. അവളിലെ സ്ത്രീശരീരം തേടി. നല്ലവരായ ചില നാട്ടുകാരുടെ സംരക്ഷണത്താൽ ആ കുട്ടി അത്തരം അപകടങ്ങളെ തരണം ചെയ്യുന്നു. അത് പറയുംപ്പൊഴത്തെ ആ പെൺകുട്ടിയുടെ കണ്ണുകളിലെ ദൈന്യത ഇപ്പോഴും മനസിൽ നിന്ന് മാഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് അത്തരത്തിൽ ഉള്ള ഒരു പെൺകുട്ടിയ്ക്ക് പോലും ഇങ്ങിനെയുള്ള അനുഭവങ്ങൾ? ആ പെൺകുട്ടിയും പ്രലോഭനീയമായ രീതിയിൽ വസ്ത്രധാരണം നടത്തുന്നതുകൊണ്ടായിരിക്കുമോ? അതോ കാമവെറിയന്മാരുടെ കണ്ണുകളിൽ അവളുടെ സ്ത്രീശരീരം മാത്രം പെടുന്നതുകൊണ്ടോ?

ഒരുവയസു തികയാത്ത പെൺകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത നരാധമന്മാരുണ്ട്. എന്തുകൊണ്ട്? അവർ പെൺശരീരമുള്ളവരായി എന്നതാണോ അതോ മുട്ടിറങ്ങാത്ത കുഞ്ഞുടുപ്പുകൾ ധരിച്ച് പ്രലോഭിപ്പിച്ചു എന്നതുകൊണ്ടൊ? എഴുപത് കടന്ന വൃദ്ധകളും പീഡിപ്പിക്കപ്പെടുന്നു. എന്തുകൊണ്ട്? അവരും പ്രലോഭിപ്പിക്കുന്നുവോ അവരുടെ വസ്ത്രധാരണത്തിലൂടെ? ജീവിത രീതികളിലൂടെ..? 

പെൺകുട്ടികളുടെ വസ്ത്രധാരണവും ജീവിത രീതിയുമാണ് പീഡനങ്ങൾക്ക് കാരണം എന്ന് ആവശ്യത്തിനും അനാവശ്യത്തിനും മുറവിളി കൂട്ടുന്ന പുരുഷകേസരികൾ എന്തുകൊണ്ട് ഇത്തരം കാര്യങ്ങളെ തമസ്കരിയ്ക്കുന്നു?

പെൺകുട്ടികളുടെ നേർക്ക് എന്നതിനുപരി, അവരുടെ വസ്ത്രധാരണരീതികൾക്ക് നേർക്ക് എന്നതിലുപരി സ്വന്തം കാമവെറിയെ നിയന്ത്രിക്കുവാൻ കഴിയാത്ത നരാധമന്മാർക്ക് നേരെയല്ലേ വിരൽ ചൂണ്ടേണ്ടത്? ഓർക്കുക, സ്ത്രീകൾ വെറും ഒറ്റമുണ്ടും  റൗക്കയും മാത്രം ഇട്ടു നടന്നിരുന്ന കാലത്ത് ഇത്രയും വെറി ഉണ്ടായിട്ടില്ല.