പേജുകള്‍‌

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

പ്രഹസനങ്ങൾ...

വൈൻ ഉണ്ടാക്കുക എന്നത് എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. കൊള്ളാവുന്ന എന്ത് കിട്ടിയാലും വൈൻ ഉണ്ടാക്കും ഞാൻ. കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ അയൽവക്കത്തെ ടീച്ചർ കുറേ പാഷൻ ഫ്രൂട്ട് തന്നു. ഞാനും അമ്മയുമല്ലാതെ അതൊക്കെ തിന്നു തീർക്കാൻ വേറെ ആരുമില്ലാത്തതുകൊണ്ട് ഞാനത് വൈൻ ആക്കി.

സാധാരണ വൈൻ ഉണ്ടാക്കുമ്പോൾ ഞാൻ റം അല്ലെങ്കിൽ ബ്രാണ്ടി ചേർക്കാറുണ്ട്. വൈൻ പുളിച്ചു പോകാതിരിക്കാൻ. ബാംഗ്ലൂരിൽ ഇവയൊന്നും വാങ്ങാൻ ഒരു ബുദ്ധിമുട്ടുമില്ല. സൂപ്പർ മാർക്കറ്റ് പോലെ മദ്യം തിരഞ്ഞെടുക്കാവുന്ന ഷോപ്പുകളുണ്ട്. പക്ഷേ നാട്ടിൽ അതല്ലാലൊ സ്ഥിതി. സദാചാരവും സദാചാരപ്പോലീസും പിന്നെ മദ്യം വാങ്ങാൻ എത്തുന്ന പെണ്ണും. പോരേ പൂരം!!! അതുകൊണ്ട് ആ റിസ്ക് എടുത്തില്ല. അവയൊന്നും ചേർക്കണ്ടാ എന്ന് തീരുമാനിച്ചു.

ബാംഗ്ലൂരിൽ വന്നതിനു ശേഷമാണ് ഓർത്തത്, എന്റെ അച്ഛ കുടിച്ച് ബാക്കി വെച്ച റം ഇരിപ്പുണ്ട്. അതെടുത്ത് ഒഴിയ്ക്കാമല്ലോ എന്ന്. അച്ഛ 2010 ഇൽ മരിച്ചു. ഇനിയതാരും എടുത്തുപയോഗിയ്ക്കുവാനും പോകുന്നില്ല. ഞാൻ അമ്മയോട് പറഞ്ഞ് അതെടുത്ത് വൈനിൽ ഒഴിപ്പിച്ചു.

ഇക്കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു 'നീ ചെയ്തത് ഒട്ടും ശരിയായില്ല. അച്ഛ ഉപയോഗിച്ചത് അച്ഛയുടെ എക്കാലത്തേയും ഓർമ്മയ്ക്കായി എടുത്തു വയ്ക്കണമായിരുന്നു' എന്ന്. എനിയ്ക്കതിലൊന്നും വലിയ കാര്യം തോന്നിയില്ല. സ്നേഹിയ്ക്കേണ്ടത് ജീവനോടെയിരിക്കുമ്പോഴാണ്. മരിച്ചു പോയിട്ട് പ്രഹസനം പോലെ ഇങ്ങിനെയൊക്കെ ചെയ്യുന്നതിലെന്തർത്ഥം!!

പിന്നീട് അതേ കുറിച്ചാലോചിച്ചപ്പോഴാണ് ഇപ്പറഞ്ഞ സുഹൃത്ത് അയാളുടെ മുൻ കാമുകി ഉപയോഗിച്ച വസ്തുക്കൾ ഇപ്പോഴും വളരെ ഭദ്രമായി സൂക്ഷിയ്ക്കുന്ന കാര്യം ഓർമ്മയിൽ വന്നത്. ഇന്നും എവിടെയോ ജീവിച്ചിരിക്കുന്ന അവൾ ഉപയോഗിച്ച വസ്തുവകകൾ ഇത്ര ഭദ്രമായി അയാൾ സൂക്ഷിച്ചു വയ്ക്കുന്നതിൽ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്.

 ഇപ്പോൾ മനസിലാകുന്നു; അയാളുടെ മനസിൽ അവൾ മരിച്ചതുകൊണ്ടായിരിക്കാം അവൾ ഉപയോഗിച്ച വസ്തുക്കളെല്ലാം ഇപ്പോഴും അയാൾ ഭദ്രമായി സൂക്ഷിയ്ക്കുന്നത്. പക്ഷേ ആ ആത്മാർത്ഥത അവളോട് യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിൽ  ജീവിതത്തിൽ മറ്റ് കൂട്ട് തേടി അയാൾ പോകില്ലായിരുന്നു അവളെ മറന്ന്!!!

പിന്നെ ഇത്തരം പ്രഹസനങ്ങളിൽ എന്തർത്ഥമാണുള്ളത്??!!! ആരെയൊക്കെയോ ബോധിപ്പിക്കുവാനോ..??? അതോ തന്നെ കുറ്റപ്പെടുത്തുന്ന സ്വന്തം മനഃസാക്ഷിയെ വഞ്ചിയ്ക്കുവാനോ...