പേജുകള്‍‌

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ....

ഒരുസമയം ഒത്തിരി സുഹൃത്തുക്കളുണ്ടായിരുന്നു എനിയ്ക്ക്. ആൺ സുഹൃത്തുക്കളും പെൺ സുഹൃത്തുക്കളും. പോകെ പോകെ അവരെല്ലാം എവിടെയൊക്കെയോ ആയി. പഴയതുപോലെ ബന്ധപ്പെടാറില്ല. ഇപ്പോൾ വളരെ കുറവ് സുഹൃത്തുക്കളേയുള്ളൂ. വിരലിലെണ്ണുകയാണെങ്കിൽ രണ്ട് കൈകളിലെ വിരലുകളും വേണ്ട. അത്ര കുറവ്. അവരിൽ എല്ലാവരും നല്ല സുഹൃത്തുക്കൾ തന്നെ.

എന്റെ എല്ലാ സുഹൃത്തുക്കളേയും എന്റെ അമ്മയ്ക്ക് വളരെ നന്നായറിയാം. 'പേര് കേട്ടാൽ മതി ഗുണനിലവാരമതിലടക്കം' എന്ന ചെട്ടിനാട് സിമന്റ് പരസ്യം പോലെയാണ് എന്റെ അമ്മയ്ക്ക് എന്റെ എല്ലാ കൂട്ടുകാരും. പേര് പറഞ്ഞാൽ മതി, അവരിലോരോരുത്തരുമായുള്ള എന്റെ ബന്ധത്തിന്റെ ആഴം എത്രയെന്ന് എന്റെ അമ്മയ്ക്കറിയാം. ഓരോ പുതിയ കൂട്ടുകാരെ പരിചയപ്പെടുമ്പോഴും ഞാൻ എന്റെ അമ്മയോട് അവരുടെ എല്ലാ വിവരങ്ങളോടും കൂടിയ ഒരു വിവരണം നൽകും.

ഈയടുത്ത കാലത്ത് രാഹുൽ (പേരുകൾ യഥാർത്ഥമല്ല) എന്ന എന്റെ ഒരു സുഹൃത്ത്  സാം കുട്ടി എന്ന എന്റെ മറ്റൊരു സുഹൃത്തിനെ കുറിച്ച് അപവാദം പറഞ്ഞു. ഞാനും സാം കുട്ടിയും തമ്മിൽ അവിഹിതമാണെന്ന്!! കേട്ടപ്പോൾ അന്നേരം ഒരു സങ്കടം തോന്നി. എന്റെ ഏറ്റവും അവശമായ ഒരു കാലത്ത് കേറിക്കിടക്കുവാൻ ഒരു സ്ഥലം പോലുമില്ലാഞ്ഞപ്പോൾ എനിയ്ക്ക് അഭയം നൽകിയവനാണ് സാം കുട്ടി. അവന്റെ കൂടെ നടക്കുമ്പോഴുള്ള സുരക്ഷിതബോധം ഒരിയ്ക്കൽ പോലും രാഹുലിന്റെയെന്നല്ല മറ്റൊരു ആൺസുഹൃത്തുക്കളുടെ കൂടെ നടക്കുമ്പോഴും എനിയ്ക്ക് തോന്നിയിട്ടില്ല. ഞാനത് രാഹുലിനോട് ഭാവിച്ചിട്ടില്ലെങ്കിലും. എന്തായാലും അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു 'സാരമില്യ. അവന്റെ മനസിന്റെ പക്വത കുറവ് കൊണ്ട് പറഞ്ഞതാണെന്ന് കരുതി തള്ളിക്കളഞ്ഞേക്കൂ... നമുക്ക് നമ്മുടെ മനഃസാക്ഷിയെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി' എന്ന്. അതെ. അതങ്ങിനെ തള്ളിക്കളഞ്ഞു.

ഏതായാലും ഈയാഴ്ച ഞാൻ സാം കുട്ടിയെ കാണുവാൻ തീരുമാനിച്ചു. വളരെയേറെ മാസങ്ങളായി അവനെ കണ്ടിട്ട്. അതുകൊണ്ട് ഈയാഴ്ച തന്നെയാകട്ടെ കൂടിക്കാഴ്ച എന്ന് തീരുമാനിച്ചു. അവന്റെ ഇരുചക്രവാഹനത്തിൽ ഒരു സ്പീഡ് റൈഡും ശേഷം ഒരു ചെറിയ ഷോപ്പിംഗും കൂട്ടത്തിൽ നല്ലൊരു ഡിന്നറും കഴിഞ്ഞ് അവന്റെ വീട്ടിൽ തന്നെ രാത്രി കൂടാനാണ് പദ്ധതി. ഇതു വരെ സംഭവിയ്ക്കാത്തതൊന്നും ഇനിയും ഞങ്ങളുടെ ഇടയിൽ സംഭവിയ്ക്കുവാൻ പോകുന്നില്ല എന്ന ഉറപ്പുണ്ട്.

ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.... ;)