പേജുകള്‍‌

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പാലപ്പെട്ടി അമ്മ ഭഗവതി

എന്റെ നാട്ടിൽ പാലപ്പെട്ടി എന്നൊരു സ്ഥലമുണ്ട്. ഞങ്ങൾ തട്ടകത്തമ്മ എന്ന് വിളിയ്ക്കുന്ന പാലപ്പെട്ടി ഭഗവതിയുടെ കാവ് അവിടെയാണ്. കൊടുങ്ങല്ലൂർ ഭഗവതി കാവും എന്റെ നാട്ടിൽ തന്നെയാണ്. 10-15 കിലോമീറ്റർ ദൂരത്തിലാണ് ഈ രണ്ട് കാവുകളും. 'കൊടുങ്ങല്ലൂരമ്മയ്ക്ക് ഐശ്വര്യോം സമ്പത്തും പാലപ്പെട്ട്യമ്മയ്ക്ക് ആവലാതീം കണ്ണീരും!!!' അങ്ങിനെയൊരു ചൊല്ലുണ്ട് എന്റെ നാട്ടിൽ.          പാലപ്പെട്ടി ഭഗവതി കാവ് കൊടുങ്ങല്ലൂർ ഭഗവതി കാവ്


പാലപ്പെട്ടിയമ്മയെ എല്ലാവരും ഓർക്കുക സങ്കടങ്ങളും അസുഖങ്ങളുമൊക്കെ വരുമ്പോഴാണ്. അപ്പോൾ അവിടെ ചെന്ന് സങ്കടങ്ങളുടെ പ്രാരാബ്ധപ്പെട്ടി തുറക്കുകയായി. എന്നാൽ സന്തോഷം വരുമ്പോൾ വഴിപാടും കാണിയ്ക്കയുമൊക്കെയായി കൊടുങ്ങല്ലൂരമ്മയുടെ അടുത്ത് പോകും എല്ലാവരും. പാലപ്പെട്ടിയമ്മ ശാന്തസ്വരൂപിണിയാണ്. കൊടുങ്ങല്ലൂരമ്മ രൗദ്രരൂപിയും.

പാലപ്പെട്ടിയമ്മയുടെ കഥ പറഞ്ഞതുപോലെയാണ് എന്റെ അവസ്ഥ!! എല്ലാവരും അവർക്ക് സങ്കടമോ അസുഖമോ ഒക്കെ വരുമ്പോൾ മാത്രമാണ് എന്നെ ഓർക്കുക. അന്നേരം അവർ എന്നെ തേടും. എന്നാൽ അവർക്ക് സന്തോഷിയ്ക്കുവാനോ കറങ്ങാനോ അർമാദിയ്ക്കുവാനോ ഒക്കെ അവസരമുണ്ടാകുമ്പോൾ അവർക്ക് അവരുടെ കൂട്ടുകാരന്മാരായി, കൂട്ടുകാരികളായി. ഞാൻ അവരുടെ ചിന്തയുടെ ഏഴയലത്ത് പോലും ഉണ്ടാവില്ല!!!

എനിയ്ക്കറിയില്ല എന്താണിവരൊക്കെ എന്നെ കുറിച്ച് ചിന്തിച്ച് വച്ചിരിക്കുന്നത് എന്ന്. എനിയ്ക്ക് എന്റേതായ സങ്കടങ്ങൾ തന്നെ ഇഷ്ടം പോലെയുണ്ട്. 'സാരമില്ലടീ.. എല്ലാം ശരിയാകും. ഞങ്ങളൊക്കെയില്ലേ..?' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഒരാളെയും ഞാൻ എന്റെ കാര്യത്തിൽ കാണാറേയില്ല. കണ്ടിട്ടുമില്ല. മാത്രമല്ല അത്തരം സന്ദർഭങ്ങളിൽ വളരെ ഫോർമലായി ഏതോ അപരിചയോട് പെരുമാറുന്നത് പോലെ പെരുമാറി പോകുന്നവരെയേ കണ്ടിട്ടുള്ളൂ. ബെസ്റ്റ് ഫ്രന്റ് എന്ന് വിശ്വസിച്ചവർ പോലും അങ്ങിനെയേ പെരുമാറിയിട്ടുള്ളൂ!!! മനസിൽ ഇന്നും തങ്ങി നിൽക്കുന്നത് ഒരു സുഹൃത്ത് എന്റെ അച്ഛ മരിച്ചിരിക്കുമ്പോൾ എനിയ്ക്കെഴുതിയ ഒരു ഔദ്യോഗിക സന്ദേശമാണ്. അതും എന്റെ ബെസ്റ്റ് ഫ്രന്റ്!! ബെസ്റ്റ് ഫ്രന്റിന്റെ കാര്യം അങ്ങിനെയാകുമ്പോൾ പിന്നെ മറ്റുള്ളവരെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.

'നിങ്ങളോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണം എന്ന് നിങ്ങൾ പ്രതീക്ഷിയ്ക്കുന്നുവോ.., അതുപോലെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക' എന്ന ബൈബിൾ വചനം പ്രാവർത്തികമാക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ ഞാൻ മനസിലാക്കുന്നത്, മറ്റുള്ളവരോട് നമ്മൾ പെരുമാറുവാൻ ആഗ്രഹിയ്ക്കുന്ന വിധത്തിലാണ് അവർ എന്നോട് പെരുമാറുന്നത്.

അതുകൊണ്ടു തന്നെ ഞാനും തീരുമാനിച്ചു, ഇനി പുറത്ത് നിന്നും ആവലാതികളും കണ്ണീരുമെടുക്കുന്നില്ല!! പാലപ്പെട്ടി അമ്മയാവാൻ ഞാൻ ഇനി തയ്യാറല്ല. അത്ര തന്നെ. അവർ ഐശ്വര്യവും സമ്പത്തും വരുമ്പോൾ ഓർക്കുന്ന കൊടുങ്ങല്ലൂർ അമ്മമാരെയും അച്ഛന്മാരെയും തന്നെ ആവലാതിയും കണ്ണീരും ഉണ്ടാകുമ്പോൾ ഓർത്താൽ മതി. എനിയ്ക്കിനി എന്റെ പാടായി കാര്യങ്ങളായി. നിർത്തി പരോപകാരം. അല്ലപിന്നെ!!!

എത്ര പുറംകാലുകൊണ്ട് തൂത്തെറിഞ്ഞാലും എത്ര അപമാനിച്ചാലും ആവശ്യസമയങ്ങളിൽ  എനിയ്ക്കവരോടുള്ള ആത്മാർത്ഥതയുടെയും സ്നേഹത്തിന്റെയും പേരിൽ എല്ലാം മറന്ന് ഞാൻ ഓടിച്ചെല്ലും എന്നൊരു ധാരണയുണ്ട് പലർക്കും. ഇനി അതില്ല. ഞാനും മനുഷ്യൻ തന്നെയാണല്ലോ. ഭഗവതിയൊന്നുമല്ല എല്ലാം മറക്കുവാനും പൊറുക്കുവാനും പിന്നെയെടുത്ത് തോളിലേറ്റുവാനും താരാട്ട് പാടുവാനും!!!