പേജുകള്‍‌

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

അണ്ണാച്ചി എന്ന് വിളിപ്പേരുള്ള എന്റെ സഹപാഠി
ഇത്തവണ നാട്ടിൽ പോയപ്പോൾ ഒരു സഹപാഠിയെ കണ്ടു. 'ഹലോ' എന്നൊരു വിളി കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അവന്റെ ശരിയായ പേര്  ഒരുനിമിഷത്തേയ്ക്ക്  ഞാൻ മറന്നെങ്കിലും അവനെ കോളജിൽ വിളിച്ചിരുന്ന ചെല്ലപ്പേരാണ് അപ്പോൾ മനസിൽ വന്നത്. ' എടാ അണ്ണാച്ചീ...' എന്ന് വിളിച്ച് ഞാനവനോട് കുശലം ചോദിച്ചു. 21 വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും അവനെന്നെ തിരിച്ചറിഞ്ഞു എന്നത് അത്ഭുതമുണ്ടാക്കി!!

അവനെ എത്ര വർഷം കഴിഞ്ഞാലും എനിയ്ക്ക് മറക്കുവാൻ സാധിയ്ക്കില്ലായിരുന്നു. കാരണം, എന്നോട് ആദ്യമായി ചുംബനം ചോദിച്ച കക്ഷിയാണവൻ! എന്റെ മനസിലെ സങ്കല്പങ്ങളിലെ ഒരു രൂപമാണവനുണ്ടായിരുന്നത്! കറുത്ത നിറവും നല്ല ഉയരവും മരം പോലത്തെ മുഖവും ഉറച്ച ദേഹവും പിന്നെ എനിയ്ക്കിഷ്ടമുള്ള പഴയ ഹിന്ദി സിനിമയിലെ വില്ലൻ നടൻ ഡാനിയുടെ പോലെയുള്ള കണ്ണുകളും!  ഇപ്പോൾ അവന്റെ കറുപ്പ് നിറത്തിൽ കുറച്ച് കുറവ് വന്നിട്ടുണ്ട്. ഇത്തിരി നിറം വച്ചു. മറ്റൊന്നും മാറ്റമില്ലാതെ നിൽക്കുന്നു. ‘അണ്ണാച്ചിഎന്ന പഴയ വിളിപ്പേരിന് ഇപ്പോൾ യോജിക്കില്ല അവന്റെ രൂപം.

എന്തുകൊണ്ടായിരുന്നെന്നറിയില്ല,  വർഷങ്ങൾക്ക് മുൻപ് കൂട്ടുകൂടി ഏതാനും മാസങ്ങൾക്കുള്ളിൽ എന്നോടവൻ ചുംബനം ആവശ്യപ്പെട്ടു. 21 വർഷം മുൻപ് (ഇന്നത്തെ അവസ്ഥയല്ല അന്ന്. ആൺകുട്ടികളോട് സംസാരിയ്ക്കുന്നതുപോലും വിലക്കുള്ള കാലം)  ഒരു പതിനാറുകാരിയോട് അങ്ങിനെ ചോദിച്ച അവനോട് പിന്നെ അടുത്തിടപഴകുവാൻ ഭയമായിരുന്നു.  വല്ലപ്പോഴും ക്ലാസ്സിൽ വന്നിരുന്ന അവൻ, വരുമ്പോഴൊക്കെ അവനാ ആവശ്യം ആവർത്തിച്ചു! ഒരുപാട് നാളുകൾ ആവശ്യവുമായി അവൻ നടന്നു...  പറ്റില്ല’ എന്ന് കർശനമായി പറഞ്ഞപ്പോൾ ഒടുവിൽ അവനൊരു വ്യവസ്ഥ വെച്ചു. അവന്റെ കവിളിനോട് ചേർന്ന് ഒരു പുസ്തകം വെയ്ക്കാം. അതിനു മുകളിൽ ഒരു ചുംബനം മതി! അതും സാധ്യമല്ല എന്ന് പറഞ്ഞ് കണ്ണുകളിൽ അഗ്നിയെടുത്തണിഞ്ഞു അന്ന് ഞാനെന്ന പതിനാറുകാരി!  

അവന്റെ വ്യവസ്ഥ അംഗീകരിയ്ക്കില്ല എന്ന് പറഞ്ഞപ്പോൾ അവൻ നയം മാറ്റി. ഭീഷണിയുടെ സ്വരം എടുത്തിട്ടു. സ്വമനസാലെ ചുംബനം നൽകിയില്ലെങ്കിൽ ബലം പ്രയോഗിച്ച് അവനെന്നെ ചുംബിയ്ക്കും എന്നായിരുന്നു അവന്റെ ഭീഷണി!! 'എങ്കിൽ എന്റെ കൈ നിന്റെ കവിളത്ത് പതിയ്ക്കും' എന്ന് എന്റെ മറുഭീഷണി! (എന്റെ കൈ അവന്റെ കവിളത്ത് പതിയ്പ്പിക്കണമെങ്കിൽ ഞാൻ വല്ല മുട്ടിപ്പലകയിന്മേലൊ പീഠത്തിന്മേലോ കയറി നിൽക്കണമായിരുന്നു എന്നത് വേറെ കാര്യം!! പിന്നെ എല്ലാം ഒരു ധൈര്യമല്ലേ!!)  'അങ്ങിനെയുണ്ടായാൽ എന്നെ അടിയ്ക്കുന്ന ഏക പെൺകുട്ടി നീയായിരിക്കും. എന്നാലും ഞാൻ പിന്തിരിയില്ല' എന്ന് അവൻ.


ചെറുവിരലിനോളം പോലും പൊക്കമില്ലാത്ത ഞാൻ അന്ന് എങ്ങിനെ ധൈര്യം സംഭരിച്ച് അവനെ പേടിപ്പിച്ചു എന്ന് ഇപ്പോഴും അറിയില്ല!! ധൈര്യം പുറമേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  പിന്നെ അവനെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുവാൻ തുടങ്ങി. 'നിന്നെ എനിയ്ക്കിഷ്ടമല്ല' എന്ന് അവനോട് നേരിട്ട് പറഞ്ഞെങ്കിലും (അങ്ങിനെ പറഞ്ഞതിന് ശേഷം പിന്നെ അവൻ വന്നിട്ടില്ല എന്റെയടുത്തേയ്ക്ക്. പരുഷമായ ആ വാക്കുകളിലൂടെ ഒരു വ്യക്തിയുടെ മനസിനെ ഞാൻ മുറിപ്പെടുത്തി എന്ന വേദന പിന്നീട് എന്നും ഉള്ളിലുണ്ടായിരുന്നു. പക്ഷേ അന്ന് എനിയ്ക്കത് പറയേണ്ടത് അനിവാര്യമായിരുന്നു...) അവനോടൊരു ഇഷ്ടം ഉള്ളിലുണ്ടായിരുന്നു.  പ്രണയമൊന്നുമല്ല. രൂപത്തിനോടും പിന്നെ അവന്റെ കുറുമ്പിനോടുമുള്ള ഇഷ്ടം. ഒരുപക്ഷേ അന്ന്  മറ്റൊരു പ്രണയത്തിൽ ഞാൻ പെട്ടില്ലായിരുന്നു എങ്കിൽ ഞാൻ അവനെ പ്രണയിച്ചേനെ എന്ന് തോന്നുന്നു!!! മനസിലെ ഒരു കോണിൽ ഒരിത്തിരി സ്ഥലത്ത് ഞാനവനെ മാറ്റി വെച്ചിരുന്നു.

കഴിഞ്ഞു പോയ വർഷങ്ങളിലൊക്കെ എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു അവനെ ഒരിയ്ക്കലെങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്... ഒന്നിനുമല്ല. വെറുതെ ഒരു സോറി പറയുവാൻ. മനഃപൂർവം അവനെ വേദനിപ്പിക്കാൻ, അങ്ങിനെ അവനെ ഒഴിവാക്കുവാൻ വേണ്ടി അന്ന് അവനോട് പറഞ്ഞ പരുഷവാക്കുകൾക്ക്…

വർഷങ്ങൾക്ക് ശേഷംവീണ്ടും കണ്ടപ്പോൾ ഫോൺ നമ്പറൊക്കെ കൊടുത്ത് പഴയ സഹപാഠിയുമായുള്ള സൗഹൃദം പുതുക്കി. സംസാരത്തിനിടയ്ക്ക് പഴയതൊക്കെ അവനിന്നും ഓർക്കുന്നു എന്ന് അറിഞ്ഞു.  അതൊക്കെ അങ്ങിനെയങ്ങ് മറക്കുവാൻ പറ്റുമോ?’ എന്ന് അവന്റെ ചോദ്യം!!
ജീവിതത്തിൽ നേരിടേണ്ടി വന്ന എന്തൊക്കെയോ കാരണങ്ങളാൽ അവനും അവിവാഹിതജീവിതം തുടരുന്നു. കേട്ടപ്പോൾ ചുമ്മാ ഒരു സന്തോഷം തോന്നി. കാരണം, ഞങ്ങളുടെ ബാച്ചിൽ ഞാൻ മാത്രമാണ് ഇപ്പോഴും ഒറ്റത്തടിയായി ജീവിയ്ക്കുന്നത് എന്നായിരുന്നു ധാരണ. അങ്ങിനെയല്ല എന്ന് അറിഞ്ഞതിന്റെ സന്തോഷം. തുല്യദുഃഖിതർ വേറെയും ഉണ്ടല്ലോ...  അതും പണ്ടെങ്ങോ മനസിന്റെ ഒരുകോണിൽ ആരുമറിയാതെ, അവൻ പോലുമറിയാതെ,  ഇടം കൊടുത്ത വ്യക്തി!!