പേജുകള്‍‌

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ബുദ്ധിയും കുബുദ്ധിയും


എന്താണ് ബുദ്ധി? എന്താണ് കുബുദ്ധി?

ബുദ്ധിമാന്മാർ എന്ന് സ്വയം വിശ്വസിയ്ക്കുന്ന മറ്റുള്ളവരുടെ മുന്നിൽ സ്വയം മണ്ടനായി അവരെയാകെ മണ്ടന്മാരാക്കുന്നത് ബുദ്ധിയോ കുബുദ്ധിയോ?

ഉദാഹരണത്തിന് മണ്ടനെന്ന് ബുദ്ധിമാന്മാർ ആക്ഷേപിയ്ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റേത് ബുദ്ധിയോ കുബുദ്ധിയോ? ഏതൊരു കാര്യഗൗരവമേറിയ ചർച്ചയും തന്റെ മണ്ടൻ കളികളിലൂടെ തന്നിലേയ്ക്ക് മാത്രമായി ഒതുക്കുവാൻ എപ്പോഴും എവിടെയും സന്തോഷ് പണ്ഡിറ്റിന് സാധിയ്ക്കുന്നു. ഈയടുത്ത കാലത്ത് ഒരു പ്രമുഖ ചാനലിൽ നടന്ന ടോക്ക് ഷോയുടെ വിഷയം 'മാറ്റങ്ങൾക്കും മാറ്റം' എന്നതായിരുന്നു. പക്ഷേ ചർച്ച തുടങ്ങിയപ്പോൾ അത് തലക്കെട്ടിനെ സൂചിപ്പിക്കുന്ന ചർച്ചയ്ക്ക് പകരം 'സന്തോഷ് പണ്ഡിറ്റിന്റെ സിനിമാകോപ്രായങ്ങളെ വിമർശിയ്ക്കുന്നതിനും പിന്തുണയ്ക്കുന്നതിനും' മാത്രമുള്ളതായി മാറി. ന്യൂ ജനറേഷൻ, ന്യൂ ട്രെന്റ് സിനിമകൾ എന്ന വിഷയം പാടെ തമസ്ക്കരിയ്ക്കപ്പെട്ടതായി മാറി ആ ഷോ. അതു തന്നെയായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്ന മണ്ടനായ കുബുദ്ധിമാന്റെ ആവശ്യവും!! എല്ലാ ശ്രദ്ധയും തനിയ്ക്ക് ലഭിയ്ക്കുന്നതിനു വേണ്ടിയാണ് താൻ മണ്ടൻ കളിയ്ക്കുന്നത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട് ഇടയ്ക്കിടെ. അവിടെയിരുന്നിരുന്ന ബുദ്ധിമാന്മാർ എന്ന് സ്വയം വിശ്വസിയ്ക്കുന്നവർ അത് മനസിലാക്കാതെ അയാളുടെ ഉദ്ദേശ്യത്തെ നിറവേറ്റിക്കൊടുക്കുന്നതിൽ ഉൽസാഹിച്ചുകൊണ്ടേയിരുന്നു!! സത്യത്തിൽ അവിടെ മണ്ടന്മാരായത് ആരായിരുന്നു? ഇവിടെ വിജയിച്ചത് ബുദ്ധിയോ കുബുദ്ധിയോ?

അതുപോലെ നിത്യജീവിതത്തിലും എത്രയോ ആളുകൾ മറ്റുള്ളവരുടെ മുന്നിൽ മണ്ടൻ കളിച്ച് അവരുടെ അന്ധമായ വിശ്വാസങ്ങളും അങ്ങിനെ തങ്ങളുടെ ഉദ്ദേശ്യങ്ങളും നേടിയെടുക്കുന്നു. പക്ഷേ ബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്നവർ അത് ഒരിയ്ക്കലും മനസിലാക്കാറില്ല എന്ന് മാത്രം. മനസിലാക്കി വരുമ്പോഴേയ്ക്കുമാകട്ടെ, മണ്ടന്മാരായ കുബുദ്ധികൾ തങ്ങളുടെ ലക്ഷ്യം നിറവേറ്റി കഴിഞ്ഞിട്ടുണ്ടായിരിക്കും. അതാണ് ബുദ്ധിയും കുബുദ്ധിയും തമ്മിലുള്ള വ്യത്യാസമെന്ന് തോന്നുന്നു...

ബുദ്ധിമാന്മാർ എന്തും നേരെ ചിന്തിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. കുബുദ്ധികൾ മറ്റുള്ളവരെ മണ്ടന്മാരാക്കി എങ്ങിനെ ലക്ഷ്യത്തിലെത്തിച്ചേരാം എന്ന  എല്ലാം മുൻകൂർ ആസൂത്രണത്തോടെ കരുതലോടെ ചിന്തിച്ച് മുന്നേറുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ