പേജുകള്‍‌

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഈ ലോകത്തെ ചില മനുഷ്യർ...

ഇന്നത്തെ തലമുറ വളരെയധികം പ്രായോഗികമായി  ചിന്തിക്കുന്നവരാണ്!
എങ്ങിനെ ആളുകൾക്ക് ഇതുപോലെ സാധിയ്ക്കുന്നു
എന്ന് പലപ്പോഴും അന്തം വിടുന്നു. ഈ ലോകത്ത്
ജീവിയ്ക്കുവാനുള്ള കുബുദ്ധിയില്ലാത്തതുകൊണ്ടായിരിക്കാം
പലപ്പോഴും അന്തം വിടേണ്ടി വരുന്നത്.

സ്വന്തം ആവശ്യങ്ങൾക്കായിമാത്രം നയപരമായി മറ്റുള്ളവരുടെ അടുത്ത് പെരുമാറുന്ന ചിലർ. പുതിയ ബന്ധങ്ങൾക്കായി പഴയബന്ധങ്ങളെ 'അറിയുകയേ ഇല്ല' എന്ന് നിഷ്കരുണം യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ
തള്ളിപ്പറയുന്ന ചിലർ. തനിയ്ക്ക് ചേർന്നത് ഇതോ അതോ
എന്ന് തിരിച്ചറിയാൻ സാധിയ്ക്കാതെ ഒരിടത്തും കാലുറപ്പിക്കാതെ
അഗ്നി നൃത്തം നടത്തുന്നവർ ചിലർ. ഇരുവഞ്ചികളിൽ കാൽ വച്ച് ട്രപ്പീസ് കളിക്കാരെ പോലെ  ജീവിതയാത്ര ചെയ്യുന്ന ചിലർ. സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞാൽ അതുവരെ സഹായിച്ചവരെ വെറും കറിവേപ്പില പോലെ വലിച്ചെറിയുന്ന ചിലർ. ഇനിയും ആവശ്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് നയപരമായി കൂടെ നിൽക്കുകയും നിർത്തുകയും ചെയ്യുന്ന ചിലർ.  സ്വന്തം
ആവശ്യങ്ങൾക്ക് വേണ്ടിമാത്രം ആരോടൊക്കെയോ സ്നേഹമുണ്ടെന്ന്
നടിയ്ക്കുന്ന ചിലർ. നടക്കാത്ത മോഹനവാഗ്ദാനങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് കൂടെ കൊണ്ടുനടക്കുന്ന ചിലർ.  സഹായിക്കുന്നവരുടെ വളർച്ച ഒരിയ്ക്കലും ആഗ്രഹിയ്ക്കാതെ തൻകാര്യം മാത്രം നന്നായി നടത്തി സ്വന്തം ജീവിതം മനോഹരമാക്കുന്ന ചിലർ. സ്നേഹിയ്ക്കുന്നവരുടെ ഉന്നമനം ഒരിയ്ക്കലും ആഗ്രഹിയ്ക്കാതെ അവർ തങ്ങൾക്കായി എങ്ങിനെ കാര്യങ്ങൾ നടപ്പിലാക്കുന്നു എന്ന് ചിന്തിക്കാതെ  സ്വാർത്ഥതയോടെ  സ്വന്തം കാര്യം മാത്രം ചിന്തിയ്ക്കുന്ന ചിലർ.  അവരുടെ ഉന്നമനത്തിനായി തന്നാൽ കഴിയുന്നത് പോലും ചെയ്യാതെ നടക്കുന്നവർ.   ആവശ്യങ്ങൾ കഴിയുമ്പോൾ 'നീ എനിയ്ക്ക് ആരുമല്ല' എന്ന് പറഞ്ഞ് ഒഴിവാക്കുന്ന ചിലർ.  അതിനായി മാത്രം കാരണങ്ങൾ കണ്ടെത്തുന്നവർ.  സ്വാർത്ഥതയും കുബുദ്ധിയും മാത്രമായി നടക്കുന്ന ഒരുപാടാളുകൾ.

അതിനിടയിൽ ആരാണ് സത്യം, എന്താണ് സത്യം എന്ന് തിരിച്ചറിയാൻ
കഴിയാതെ എല്ലാവരേയും വിശ്വസിയ്ക്കുകയും സ്നേഹിയ്ക്കുകയും
ചെയ്യാൻ മാത്രം അറിയുന്ന ഇനിയും ചിലർ. കാണുന്നതും കേൾക്കുന്നതും മാത്രമാണ് സത്യം എന്ന് വിശ്വസിച്ച് നടക്കുന്ന പാവങ്ങൾ ചിലർ. തനിയ്ക്ക് മുന്നിൽ മണ്ടന്മാരായി അഭിനയിച്ച് തന്നെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നതറിയാതെ അവർക്കായി സഹായങ്ങളും കരുതലും വെച്ച് നീട്ടി സ്വയം മണ്ടന്മാരാകുന്ന ചിലർ.

മകളെ വെച്ച് വിലപേശുന്നത് സ്വന്തം അമ്മയാകുമ്പോൾ, സംരക്ഷണം നൽകേണ്ട പിതാവും സഹോദരന്മാരും അവരെ വില്പനച്ചരക്കാക്കുമ്പോൾ, പവിത്രമെന്ന് കവികൾ വാഴ്ത്തിപ്പാടുന്ന പ്രണയം പോലും കപടവും മാംസനിബദ്ധവുമാകുമ്പോൾ  ആർക്ക് ആരെ വിശ്വസിയ്ക്കുവാനും സ്നേഹിയ്ക്കുവാനും സാധിയ്ക്കും?

കപടഹൃദയമില്ലാത്തവർക്ക് ജീവിയ്ക്കുവാൻ സാധിയ്ക്കാത്തത്ര ദൂഷ്യത നിറഞ്ഞതാണോ ഈ ലോകം? എന്താണ് സത്യം, ഏതാണ് കാപട്യം എന്ന് തിരിച്ചറിയുവാൻ സാധിയ്ക്കാത്തത്ര കലുഷിതമാകുന്നുവോ ലോകം?

കാണുന്നതും കേൾക്കുന്നതും മനസിനെ ഒരുപാട് ഉലയ്ക്കുന്നു. സത്യമെന്ത് മിഥ്യയെന്ത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. കാണുന്നതല്ല സത്യമെങ്കിൽ പിന്നെ എന്തായിരിക്കാം സത്യം? അത് കാലത്തിനു മാത്രം കാണിച്ചു തരാൻ സാധിയ്ക്കുന്ന വസ്തുത.

മനുഷ്യനെങ്ങിനെ കപടഹൃദയത്തോടെ അഭിനയിയ്ക്കുവാൻ സാധിയ്ക്കുന്നു?  ആരെയാണ് വിശ്വസിയ്ക്കുവാൻ സാധിയ്ക്കുക? ആരാണ് വിശ്വസനീയർ? ആരാണ് കാപട്യത്തിന്റെ മുഖം മൂടി അണിയാത്തവർ? ആരാണ് സത്യം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ