പേജുകള്‍‌

2009, മാർച്ച് 18, ബുധനാഴ്‌ച

മറവി

"മറക്കൂ" എന്ന് പറയുവാന്‍ എന്തെളുപ്പമാണ്‌ എല്ലാവര്‍ക്കും. എന്‍റെ കൂട്ടുകാരികള്‍ പറയുന്നു, "എല്ലാം മറക്കൂ" എന്ന്. കാര്യമെന്തെന്ന് അവര്‍ക്കറിയില്ലെങ്കിലും.


പക്ഷെ, എങ്ങിനെയാണ് ഞാന്‍ മറക്കുക എല്ലാം. ഒരുമിച്ചു നടന്ന വഴികള്‍, ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങള്‍, ഒരുമിച്ചു കഴിച്ച ഭക്ഷണം, ഒരുമിച്ചു കണ്ട സിനിമകള്‍, ഒരുമിച്ചുപോയ വിനോദയാത്രകള്‍, ഒരുമിച്ച് കണ്ട ഉല്‍സവങ്ങള്‍, എനിക്കായി കരുതിവെക്കുന്ന ജീരകമണികള്‍, ഒരുമിച്ചു കഴിച്ച 'സ്വീറ്റ് ബര്‍ഗര്‍', വാഴപ്പൂവിന്റെ മണമുള്ള ചുംബനങ്ങള്‍, ഒരു ക്രിസ്ത്മസ്നാള്‍ ആദ്യമായി ഞങ്ങള്‍ ഒരുമിച്ചുകണ്ട 'പുല്‍ക്കൂട്‌', പൂച്ചക്കാലില്‍ വന്ന് പകര്‍ന്നു തന്നിരുന്ന സ്നേഹം, ഒടുവില്‍, ഒടുവില്‍ "നീ എന്‍റെ ആരുമല്ല ഇപ്പോള്‍" എന്ന് പറഞ്ഞപ്പോഴത്തെ ആ വിങ്ങുന്ന മുഖം... എല്ലാം എല്ലാം ഞാന്‍ എങ്ങിനെ മറക്കും...?


ഉദ്യാനനഗരിയിലെ ഏത് വഴികളിലൂടെ പോകുമ്പോഴും ഓര്‍മ്മകള്‍ എന്നെ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. എല്ലാ വഴികളിലൂടെയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു... ഞങ്ങള്‍ ഒരുമിച്ചു പോയ ആ വഴികളിലൂടെ ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക്... തികച്ചും ഒറ്റയ്ക്ക്...


ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു, "ഇത്രയും സ്നേഹിക്കുന്നവര്‍ക്ക് എങ്ങിനെ പിരിയുവാന്‍ സാധിക്കുന്നു അപ്പൂ..." എന്ന്. "അതൊക്കെ സാധിക്കും അമ്മു..." എന്നവന്‍ മറുപടി നല്കി. ഒടുവില്‍... അതെങ്ങിനെ സാധിക്കുന്നു എന്ന് എനിക്ക് കാണിച്ചുതരുവാന്‍ എന്‍റെ തന്നെ ജീവിതം തിരഞ്ഞെടുത്തു ദൈവം!!! കാലം കണ്ണ് തുറപ്പിച്ചു കാണിച്ചു തരുന്നു അതെങ്ങിനെയായിരിക്കും എന്ന്!!! ദുസ്സഹമാണത്. ശരിക്കും ദുസ്സഹം...


മറവിയുടെ ചതുപ്പുനിലത്തില്‍ മുങ്ങുവാന്‍ സാധിക്കുന്നില്ല. മറവി ഒരു അനുഗ്രഹമാണെന്ന് എപ്പോഴൊക്കെയോ കേട്ടിട്ടുണ്ട്. പക്ഷെ, മറക്കുവാന്‍ സാധിക്കാതിരുന്നാല്‍ എന്ത് ചെയ്യും... ദിനംപ്രതി ഓര്‍മ്മകള്‍ വ്യക്തത കൈവരിക്കുമ്പോള്‍... നിസ്സഹായയായിപ്പോകുന്നു...


കണ്ണാടിയില്‍ കാണുന്ന അപരിചിതരൂപം എന്നെ വല്ലാതെ നടുക്കുന്നു. നനഞ്ഞ കണ്ണുകളും വാടിയ മുഖവുമുള്ള ഒരു അപരിചിത. ഉണര്‍ന്നെണീക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ നിറയുന്ന കണ്ണുകള്‍ മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിക്കാന്‍ ഒരുപാട് അഭിനയിക്കേണ്ടി വരുന്നു എനിക്ക്. ഒരുപാട്...

3 അഭിപ്രായങ്ങൾ: