പേജുകള്‍‌

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

സ്വർണ്ണയും ഞാനും പിന്നെ ചാരവും :)

ഓർമ്മ വെച്ചകാലം മുതൽ എന്റെ കൂട്ടുകാരിയാണ്‌ സ്വർണ്ണ. ഇളയച്ഛയുടെ മകൾ എന്നതിലുപരി എന്റെ ആത്മസഖിയാണവൾ.
അഞ്ച് ആറ്‌ വയസ്സുള്ളപ്പോഴാണെന്നാണോർമ്മ. അമ്മയുടെ ഉച്ചയുറക്കസമയത്ത് ഒറ്റയ്ക്കാകുന്ന ഞാൻ, ഒരുപറമ്പ് അപ്പുറത്തുള്ള വലിയ തറവാട്ടിലേയ്ക്ക് പോകുക പതിവായിരുന്നു. അമ്മയുടെ ഉറക്കം കണക്കാക്കി പമ്മി പമ്മിയാണ്‌ ഈ പോക്ക്. അവിടെ എന്നെ കാത്തിരിയ്ക്കാൻ സ്വർണ്ണയുണ്ട്. ഞങ്ങൾ രണ്ടും കൂടെ പറമ്പിലൊക്കെ കളിച്ചു നടക്കും. ഉറക്കമുണർന്ന് “മോളേ..” എന്ന് അമ്മ ഉറക്കെ എന്നെ തിരികെ വിളിയ്ക്കുന്ന ഒച്ച കേൾക്കുന്നതുവരെയും ആ കളിയങ്ങനെ നീളും. അമ്മയ്ക്കും അറിയാം എന്റെയീ പമ്മിപ്പോക്ക്. ഇടയ്ക്കൊക്കെ അമ്മ കള്ളയുറക്കം നടിച്ച്, എന്റെ യാത്രകളെ പാതിവഴിയിൽ നിർത്തുമായിരുന്നു. സ്വർണ്ണയുടെ വീട് വലിയ തറവാടിന്റെ കിഴക്കേലാണ്‌
അന്നും അങ്ങനൊരു ഉറക്കസമയമായിരുന്നു. ഞാൻ പമ്മി പമ്മി തെക്കേ പറമ്പ് കടന്നു ഒറ്റയോട്ടം വെച്ചുകൊടുത്തു. കാത്തിരിക്കുന്ന സ്വർണ്ണയുമായി തറവാട്ട് പറമ്പിൽ കറങ്ങി നടക്കുമ്പോഴാണ്‌ തെങ്ങിൽ ചുവട്ടിൽ ചവർ കത്തിച്ച ചാരം കണ്ടത്. ചാരത്തിൽ ചവിട്ടുന്നത് നല്ല സുഖമുള്ള ഏർപ്പാടാണ്‌. പതുപതുന്ന് കിടക്കുന്ന ചാരത്തിൽ ഇങ്ങനെ ചവിട്ടുക. രസമുള്ള ഒരു കളി.
ഒരു തെങ്ങിന്റെ തടത്തിൽ ചെന്ന് സ്വർണ്ണയെ നോക്കി. രാവിലെയോ മറ്റോ കത്തിച്ച ചാരമാണ്‌ എന്നാണ്‌ ധാരണ. അതുറപ്പിക്കാനായി അവളോട് ചോദിച്ചു. രാവിലെ കത്തിച്ചതാരിക്കും എന്നവളും. ചവിട്ടട്ടേ? എന്ന എന്റെ ചോദ്യത്തിന്‌ അവളുടെ പ്രോൽസാഹനം. അവൾക്ക് ചാരത്തിൽ ചവിട്ടുന്നതിലൊന്നും വല്യ താല്പര്യമില്ല. അതാണ്‌ എന്നെ പ്രോൽസാഹിപ്പിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. ചാരത്തിൽ വലത് കാലെടുത്ത് വെച്ചു. പതുപതുപ്പിലമരുന്ന സുഖത്തിനു പകരം നല്ല പൊള്ളൽ ആരുന്നു കിട്ടിയത്. ചവറൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട് അധികം നേരമായിട്ടില്ലാരുന്നു. ചാരം മൂടിക്കിടക്കുന്ന കനലായിരുന്നു അത്. പൊള്ളലിന്റെ നീറ്റത്തിൽ ഞാൻ അലറി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പച്ചയുടുപ്പ് കിഴക്കേ പറമ്പിലേയ്ക്ക് പാഞ്ഞ് പോകുന്നത് മാത്രമാണ്‌ കണ്ടത്!!
അതിന്‌ ശേഷം എന്താണുണ്ടായത് എന്ന് എനിയ്ക്കോർത്തെടുക്കാൻ സാധിച്ചിട്ടില്ല. ആ സംഭവം ചിന്തിക്കുമ്പോഴൊക്കെ പറന്നു പോകുന്ന ഒരു പച്ചയുടുപ്പ് മാത്രമാണ്‌ മനസിലും കണ്ണിലും.
അന്ന് മനസിലാക്കിയ കാര്യമാണ്‌, സൗഹൃദം എത്ര ഗാഢമായാലും, അത് തരുന്ന പിന്തുണയിൽ, വസ്തുതകൾ മനസിലാക്കാതെ ഒന്നിലേയ്ക്കും എടുത്ത് ചാടരുത് എന്ന്.
അന്നും ഇന്നും എന്നും എന്റെ ഏത് കാര്യത്തിനും പിന്തുണയായി സ്വർണ്ണ എന്ന ആത്മസഖി എനിയ്ക്കൊപ്പമുണ്ട്. എങ്കിലും അന്ന് ലഭിച്ച ആ പാഠം... അത് വളരെ വിലപ്പെട്ട ഒന്നാണ്‌.
കുറിപ്പ്: ഇന്നും ഇടയ്ക്കിടക്ക് അവളെ അത് പറഞ്ഞ് ഞാൻ കുത്തിനോവിയ്ക്കാറുണ്ട്. “എന്നാലും നീയെന്നെ അവിടെയിട്ട് ഓടിപ്പോയില്ലേഡീ​‍ീ” എന്ന്. അത് കേൾക്കുമ്പോ അവൾക്ക് കുറ്റബോധം ഫീൽ ചെയ്യും. “അങ്ങനെ പറയല്ലേഡീ.. കുട്ടിയല്ലാരുന്നോ ഞാൻ. പേടിച്ചു പോയി” എന്ന് അവൾ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ