പേജുകള്‍‌

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 6



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
പരിചരണവും വഴക്കും പരിഭവവും എല്ലാമായി രണ്ടാഴ്ച കടന്ന് പോയി. ഡോക്ടറെ കാണുവാൻ ചെല്ലണമെന്ന് പറഞ്ഞ സമയമായി. പോകുന്നതിനു തലേദിവസം തന്നെ രക്തപരിശോധന നടത്തി. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, ഹീമോഗ്ലോബിൻ മുതലായവയെല്ലാം പരിശോധിച്ചു. കുറച്ച് പുരോഗമനമുണ്ട് എല്ലാത്തിലും. പിറ്റേന്ന് ഡോക്ടറെ കാണുവാൻ ഹോസ്പിറ്റലിൽ പോയി. വീൽ ചെയറിൽ ഇരുത്തിയാണ്‌ കൊണ്ടുപോകുന്നത്. അവിടെയുള്ള സെക്യൂരിറ്റി ചേട്ടന്മാരും സ്വീപ്പർ ചേച്ചിമാരും നഴ്സുമാരും ഡോക്ടർമാരും എല്ലാം നല്ല പരിചയമാണ്‌.

അമ്മയെ കാണുമ്പോഴേയ്ക്കും സെക്യൂരിറ്റി ചേട്ടന്മാരും സ്വീപ്പർ ചേച്ചിമാരും ഓടിയെത്തും. വിശേഷമറിയുവാൻ. അമ്മയെ വീൽ ചെയറിലാക്കി കൊണ്ടുപോകുവാൻ എല്ലാവരും നല്ല ഉൽസാഹം കാണിക്കും. അവരുടെ അറിവിൽ ആ ഹോസ്പിറ്റലിലേയ്ക്ക് മരിച്ചു എന്ന് തീരുമാനിച്ച് വന്ന് പിന്നീട് തിരികെ ജീവനോടെ പോയ രണ്ടാമത്തെ രോഗിയാണ്‌ ഇന്ദുമതി. ആദ്യത്തേത് ഒരു മീരയായിരുന്നു എന്ന് അവർ പറഞ്ഞുള്ള അറിവ്. അതുകൊണ്ടുതന്നെ ഇവർ രണ്ട് പേരെയും അവരെല്ലാം നന്നായി ഓർക്കുന്നു.

ഡോക്ടറെ കണ്ടു. ഇതേ പോലെ തന്നെ പരിചരണം തുടരുക എന്ന് നിർദ്ദേശം ലഭിച്ചു. അമ്മയുടെ കത്തീറ്റർ എടുത്ത് മാറ്റിയിരുന്നു. തിരിച്ചു പോരുന്ന വഴി അടുത്ത തവണ വരുന്നതു വരേയ്ക്കും ആവശ്യമുള്ള കൊളോസ്റ്റമി ബാഗുകളും പശയും പഞ്ഞിയുമെല്ലാം വാങ്ങി പോന്നു. ആദ്യത്തെ വരവിൽ തന്നെ അമ്മയ്ക്ക് വേണ്ടി ഒരു ഹോസ്പിറ്റൽ ബെഡും വാങ്ങിയിരുന്നു. അമ്മയുടെ ശരീരത്തിൽ ഒട്ടും മാംസമില്ലാത്തതുകൊണ്ട് സാധാരണ കിടക്കയിൽ കിടക്കുവാൻ അമ്മയ്ക്കാവില്ലായിരുന്നു.

അമ്മയുടെ ഭക്ഷണ രീതിയിൽ ചെറിയ മാറ്റം വന്നു. അര മണിക്കൂറിൽ 50 മി.ലി. എന്നത് 100 മി.ലി. ആയി. ചെറിയ തോതിൽ, എന്ന് വച്ചാൽ വളരെ ചെറിയ തോതിൽ ഖരരൂപത്തിലുള്ള ഭക്ഷണവും കൊടുക്കാം. വീണ്ടും കഴിഞ്ഞ രണ്ടാഴ്ചകളുടെ തനിയാവർത്തനം. പരിചരണം, പിണക്കം, വഴക്ക്, പരിഭവം. പക്ഷേ എടുത്തു പറയേണ്ടത് എന്തെന്നാൽ, എന്റെ വഴക്കും പിണക്കവും പരിഭവവുമൊന്നും അമ്മയെ ഒട്ടുമേ ബാധിക്കുന്നില്ല എന്നതായിരുന്നു. ആൾ അതൊന്നും മനസിലേയ്ക്കേ എടുത്തിരുന്നില്ല.

തനിയെ എഴുന്നേല്ക്കുവാനോ നടക്കുവാനോ ഉള്ള ആരോഗ്യം അപ്പോഴും ഇല്ലായിരുന്നു അമ്മയ്ക്ക്. മറ്റേണിറ്റി നൈറ്റി ആണ്‌ അമ്മയെ ഉടുപ്പിച്ചിരുന്നത്. അത് പുറം തിരിച്ചിടും. പിൻ ഭാഗം എപ്പോഴും തുറന്ന് കിടക്കും. അമ്മയെ വസ്ത്രം മാറ്റുവാനും വൃത്തിയാക്കുവാനും എളുപ്പം അതായിരുന്നു. അമ്മയെ മൂത്രമൊഴിപ്പിക്കുവാനായി കൊണ്ടുപോകുമ്പോൾ അമ്മയുടെ നഗ്നമായ പുറം ഭാഗം കാണാം. അരങ്ങ് പോലെ ചർമം ഞൊറിയായി കിടക്കും കാലുകളുടെയും തുടകളുടെയും പിൻഭാഗത്തും പുറത്തും. അത് കാണുമ്പോഴൊക്കെ ഉള്ളിൽ സങ്കടം നുരഞ്ഞ് പൊന്തും. എത്ര തടിയും ആരോഗ്യവുമുള്ള വ്യക്തിയായിരുന്നു എന്ന് അറിയാതെ മനസ് ചിന്തിക്കും. അത്രകണ്ട് പരിതാപകരമായിരുന്നു അമ്മയുടെ അവസ്ഥ. എങ്കിലും മനസ് മാത്രം അതിശക്തമായി, ഒട്ടും പതറാതെ. അതാണ്‌ അമ്മയ്ക്ക് ദൈവം നല്കിയ അനുഗ്രഹം എന്ന് തോന്നുന്നു. 

അമ്മയെ കാണുവാൻ സന്ദർശകരെ അനുവദിച്ചു തുടങ്ങിയിരുന്നു ഞാൻ. അമ്മയുടെ ഇൻഫെക്ഷൻ സാധ്യത കുറഞ്ഞു. നാട്ടുകാരൊക്കെ പരസ്പരം പറഞ്ഞു തുടങ്ങിയിരുന്നു ‘അനുവിന്‌ ആരും ചെല്ലുന്നത് ഇഷ്ടമല്ല എന്ന്. കാരണം എന്തായിരുന്നു എന്നത് ആരും അറിഞ്ഞതുമില്ല അന്വേഷിച്ചതുമില്ല. വന്നവരോടെല്ലാം ഞാൻ കാര്യത്തിന്റെ അവസ്ഥ പറഞ്ഞു കൊടുത്തു. പലരും കുറച്ച് ദൂരെ നിന്ന് അമ്മയെ കണ്ട് പോയി. നാട്ടുകാർക്ക് പുറമേ  ഏറ്റവും വേണ്ടപ്പെട്ടവർ ഇടയ്ക്ക് വന്നു. അന്നേരം എനിയ്ക്ക് പിടിയ്ക്കാത്ത ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ... ആരെങ്കിലും കാണാൻ വന്നാൽ അമ്മ ഉടൻ എന്നോട് ആജ്ഞാപിക്കും “ചായയുണ്ടാക്കൂ... നാരങ്ങാ വെള്ളമുണ്ടാക്കൂ​‍ൂ...” എന്നിങ്ങനെ.

എനിയ്ക്കാണെങ്കിൽ എവിടെയെങ്കിലും ഇത്തിരി നേരം ഒന്നിരുന്നാൽ മതിയെന്നേ ഉണ്ടാകൂ. രാത്രിയും പകലും അത്ര മാത്രം വിശ്രമമില്ലാത്ത പണിയാണ്‌. അതൊന്നും അമ്മയ്ക്കറിയണ്ടാലൊ!! വന്നവർ എല്ലാവരും അത് മനസിലാക്കി സ്വയം അടുക്കളയിൽ കയറി അവർക്കാവശ്യമുള്ളത് ഉണ്ടാക്കി കഴിച്ചു. അവരെല്ലാം എനിയ്ക്കെത്ര വേണ്ടപ്പെട്ടവരാണെന്ന് അത്തരം ഇടപെടലുകൾ എന്നെ ഓർമ്മിപ്പിച്ചു.

ദിവസങ്ങൾ കഴിഞ്ഞു പോയി. അടുത്ത രണ്ടാമത്തെ ആഴ്ച. വീണ്ടും ഡോക്ടറെ കാണുവാനുള്ള സമയമായി. പതിവു രക്ത പരിശോധനാഫലങ്ങളും കൊണ്ട് വീണ്ടും ആശുപത്രിയിലേയ്ക്ക്. പതിവു ഡോക്ടർ വർഗ്ഗീസിനു പുറമേ നെഫ്രോളജിസ്റ്റ് പോൾ ഡോക്ടറും പരിശോധനയ്ക്കുണ്ടായിരുന്നു. ലോക ആരോഗ്യ സംഘടനയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്‌ ഡോ.പോൾ. അമിത ദുർമേദസ്സോടു കൂടിയ ആൾ. ഭക്ഷണകാര്യം സംസാരിച്ചപ്പോൾ ചിക്കൻ കഴിക്കാനാകുമോ എന്ന് അമ്മ ഡോക്ടറോട് ചോദിച്ചു. ഹോസ്പിറ്റലിലേയ്ക്ക് പോരുന്നതിനും രണ്ട് മൂന്ന് ദിവസം മുൻപേ തന്നെ ചിക്കൻ മോഹം അമ്മ പറയുന്നുണ്ടായിരുന്നു. ഞാനത് ചെവിക്കൊണ്ടിരുന്നില്ല. ഡോക്ടറെ കണ്ടതിനു ശേഷം ആകാം എന്നായിരുന്നു എന്റെ പ്രതികരണം.
ഡോ.പോളിനോട് അമ്മ കാര്യം ചോദിച്ചു. “ചിക്കൻ കഴിക്കാമോ?” അതായിരുന്നു അമ്മയുടെ അത്യാവശ്യം!!

അതിനെന്താ... ഇപ്പോൾ കുറേശ്ശെ ഖരഭക്ഷണമൊക്കെ കഴിക്കാമല്ലോ.. കൂട്ടത്തിൽ കുറേശ്ശെ ചിക്കനും കഴിച്ചോളൂ..” പിന്നെ എന്നോടായി ഡോക്ടർ തുടർന്നു “രോഗിയുടെ മനസ് ആഗ്രഹിക്കുന്ന ഭക്ഷണം കൊടുക്കണം. എങ്കിലേ ആരോഗ്യം വർദ്ധിക്കൂ 
ഈശ്വരാ​‍ാ...” എന്ന് ഞാൻ മനസിൽ വിളിച്ചു. ഇനി ചിക്കനും ഉണ്ടാക്കണം. മറ്റുള്ളവ തന്നെ എങ്ങനെയാണ്‌ ഞാൻ ഒപ്പിച്ചുണ്ടാക്കുന്നത് എന്ന് എനിയ്ക്ക് തന്നെ അറിയില്ല. എങ്കിലും സാരമില്ല. അമ്മയുടെ ആരോഗ്യത്തിന്‌ അതാവശ്യമാണെങ്കിൽ അതിനും തയ്യാറാകണമല്ലോ..

വർഗ്ഗീസ് ഡോക്ടറോടും പറയാൻ പരാതിയുണ്ടായിരുന്നു അമ്മയ്ക്ക്. ‘ഇവളെനിയ്ക്ക് രാത്രി ഇഷ്ടം പോലെ ഭക്ഷണം തരുന്നില്ല. ഡോക്ടറല്ലേ അരമണിക്കൂർ ഇടവിട്ട് എനിയ്ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളത്? ഇവൾ എനിയ്ക്ക് രാത്രി തരുന്നില്ല. കുറേശ്ശെയേ തരുന്നുള്ളൂ.’ എന്ന്!!

ഡോ.വർഗ്ഗീസ് ചിരിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു “അല്ലെങ്കിലും രാത്രി ഭക്ഷണം തരാൻ ഞാൻ മോളോട് പറഞ്ഞിട്ടില്ല. പകൽ മാത്രമാണ്‌ ഭക്ഷണം തരാൻ പറഞ്ഞിട്ടുള്ളത്. രാത്രി അവൾ ഭക്ഷണം തരുന്നത് അവളുടെ സമാധാനത്തിനാ. രാത്രി ഉറങ്ങാനുള്ളതല്ലേ?” അമ്മയുടെ പ്രതീക്ഷ മങ്ങി. ഞാൻ ചിരിയമർത്തി. ഹോസ്പിറ്റലിലേയ്ക്ക് പോരുമ്പോഴേ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു ഡോക്ടറോട് പറയാൻ കുറച്ചുണ്ടെന്ന്. അതാണ്‌ ചീറ്റിപ്പോയത്.

ഖരഭക്ഷണത്തിന്റെ അളവ് കൂട്ടുവാൻ ഡോ.വർഗ്ഗീസ് നിർദ്ദേശിച്ചു. തിരിച്ചു പോരാൻ അമ്മയെ കാറിൽ കയറ്റിയിരുത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോടൊക്കെ പതിവില്ലാതെ അമ്മ റ്റാറ്റയൊക്കെ പറഞ്ഞു. ഞാനും ഇത്തിരി സന്തോഷത്തിലായിരുന്നു, അമ്മയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട് എന്നതിൽ.

പതിവുപോലെ അടുത്ത വരവ് വരെയുള്ള കൊളോസ്റ്റമി ബാഗ്, പഞ്ഞി മുതലായവ വാങ്ങി തിരിച്ചു പോരുകയാണ്‌. ജയൻ ചേട്ടന്റെ കാറാണ്‌ സ്ഥിരം വിളിക്കുന്നത്. പാതി വഴി കഴിഞ്ഞപ്പോഴേ അമ്മ പറഞ്ഞു തുടങ്ങി, “ചിക്കൻ വാങ്ങണം സമയം രാത്രി ഏഴര കഴിഞ്ഞിട്ടുണ്ട്. ഇനിയും 14 - 15 കി.മീറ്ററുകൾ പോണം വീട്ടിലെത്താൻ. ചിക്കനുള്ള വാശി അമ്മയ്ക്ക് കൂടിക്കൂടി വരുന്നു. “അമ്മേ, ഞാൻ നാളെ വാങ്ങി ഉണ്ടാക്കി തരാം. കടയിൽ നിന്നൊക്കെ വാങ്ങിയാൽ വല്ല കേടും ണ്ടാകും എന്ന് ഞാൻ.
ഇന്നത്തെ കാര്യം ഇന്ന്. ഡോക്ടർ പറഞ്ഞല്ലോ രോഗിയ്ക്കിഷ്ടമുള്ളത് കൊടുക്കണം എന്ന്?” അമ്മയുടെ മറുവാദം. അമ്മയ്ക്ക് പണ്ട് മുതലേ ഡാകിനിയമ്മൂമ്മയെ പോലെ രണ്ട് സൈഡിലും കുറച്ച് മുടിയുണ്ട്. അത് ആ രാത്രിയുടെ നിഴലിൽ കൂടുതൽ ഭീകരമായി തോന്നി. വാശി കൊണ്ട് മുറുകിയ അമ്മയുടെ മുഖവും ആരോഗ്യമില്ലാത്ത അമ്മയാണെങ്കിലും എന്നിലെ കുട്ടിയെ ഉണർത്തി. അതിനേക്കാൾ കുട്ടിയായി അമ്മ അമ്മയുടെ വാശി തുടർന്നു. “ചിക്കൻ വാങ്ങണം. ജയാ... അടുത്ത ഹോട്ടൽ കാണുമ്പോൾ വണ്ടി നിർത്തണം അമ്മ ആജ്ഞാപിച്ചു. ഞാനും ജയൻ ചേട്ടനും ഒരുപോലെ നിസ്സഹായരായി. എന്റെ വാക്കുകൾ ഒന്നും തന്നെ അമ്മ കേൾക്കുന്നില്ലായിരുന്നു.

ഒടുവിൽ നിവൃത്തിയില്ലാതെ ചിക്കൻ ഫ്രൈ വാങ്ങി. കറിയൊന്നും അമ്മയ്ക്ക് വേണ്ടായിരുന്നു. അമ്മയുടെ വാദഗതികൾക്ക് ബലം നല്കുവാൻ ഡോക്ടർ പോൾ പറഞ്ഞിട്ടുണ്ടെന്ന പറച്ചിലും. രണ്ട് കഷ്ണം ചിക്കൻ ഫ്രൈ വാങ്ങി. വീട്ടിലെത്തിയതേ അമ്മ അത് കൈക്കലാക്കി. ആർത്തിയോടെ കഴിച്ചു. ഒരെണ്ണം കഴിഞ്ഞു. അടുത്തത് പകുതിയായപ്പോഴേയ്ക്കും ഞാൻ പിടിച്ചു വാങ്ങി. കാരണം കഴിച്ചതു തന്നെ അധികമായിരുന്നു. അമ്മയ്ക്ക് ഞാൻ അനുവദിച്ചിട്ടുള്ളതിനേക്കാൾ അമ്മ അകത്താക്കി.

അന്ന് രാത്രി അമ്മയ്ക്കൊരു ശ്വാസം മുട്ടലും മറ്റും അനുഭവപ്പെട്ടു. “ഇനീം ചിക്കൻ കഴിയ്ക്കൂ എന്ന് ഞാൻ അമ്മയോട് പോര്‌ പറഞ്ഞു. പിറ്റേന്നായപ്പോഴേയ്ക്കും സംഭവം കുറച്ചു കൂടി ഗുരുതരമായി. ഉടൻ തന്നെ ജയൻ ചേട്ടനെ വിളിച്ചു. ഹോസ്പിറ്റലിലേയ്ക്ക്. ഞങ്ങളെ കണ്ടതേ രസികനായ ഒരു സെക്യൂരിറ്റി അങ്കിൾ ഉണ്ട്. അദ്ദേഹം പറയുന്നു “ദേ വരുന്നു ഇന്ദുമതി!! ഇവരാ മോളെയും കൊണ്ടേ പോകൂ...” തലേ ദിവസം ആ അങ്കിളിനോടാണ്‌ റ്റാറ്റയൊക്കെ വീശി പോന്നത്.

കാഷ്വാലിറ്റിയിൽ അമ്മയെ കിടത്തി. ഉടൻ തന്നെ പ്രാധമിക ശുശ്രൂഷ കൊടുത്തു. ഡോ.വർഗ്ഗീസ് എത്തി അത്യാവശ്യ കാര്യങ്ങൾക്ക് നിർദ്ദേശിച്ച് അമ്മയെ ഐ.സി.യു.വിൽ കയറ്റി. വീണ്ടും ഹോസ്പിറ്റൽ മുറിയിൽ ഞാൻ. പിറ്റേന്ന് അമ്മയേയും മുറിയിൽ കൊണ്ടുവന്നു. ചിക്കൻ കഴിച്ചതിന്റെ ബാക്കിയായിരുന്നു കഴിഞ്ഞത്. നഴ്സുകുട്ടികൾ വന്ന് അമ്മയോട് കുശലം ചോദിക്കുന്നു “അമ്മേ... അമ്മയ്ക്ക് ഇന്നന്നെ പോകണ്ടേ വീട്ടിലേയ്ക്ക്?”
ഹേയ്.. വേണ്ട. ഇന്നലെയിങ്ങ് വന്നല്ലേയുള്ളൂ.. ഒരാഴ്ച കഴിഞ്ഞ് പോയാൽ മതി വളരെ കാര്യമായിട്ടാണ്‌ അമ്മയുടെ മറുപടി!!

എന്ന് വെച്ചാൽ ഇത് അമ്മായീടെ വീടല്ലേ ഒരാഴ്ച വിരുന്നുണ്ട് പോകാൻ!!’ എന്ന് ഞാൻ മനസിൽ പറഞ്ഞു. ഇടയ്ക്ക് ഞാൻ അമ്മയെ ഭീഷണിപ്പെടുത്തി. “ഇനി ഞാൻ പറയുന്നത് കേട്ടാൽ മതി. ഞാൻ തരുന്ന ഭക്ഷണം മാത്രം അമ്മ കഴിച്ചാൽ മതി. അല്ലാതെ എന്തിനെങ്കിലും അനാവശ്യമായി അമ്മ വാശി പിടിച്ചാൽ, സത്യമായും ഞാൻ കിട്ടുന്ന ട്രെയിനിൽ കയറി എങ്ങോട്ടെങ്കിലും പോകും. പിന്നെ അമ്മയ്ക്കെന്നെ കാണാനേ സാധിക്കില്ല.” അതിൽ അമ്മ വീണു. അമ്മ എനിയ്ക്ക് വാക്ക് തന്നു, ‘ഇനി നീ പറയുന്നതു പോലെ ഞാൻ ചെയ്തോളാം. വാശി പിടിക്കില്ല.’

ഇങ്ങനെയൊക്കെ അമ്മയെ ഭീഷണിപ്പെടുത്തിയതിൽ എനിയ്ക്ക് സങ്കടമുണ്ടായിരുന്നു. നഴ്സുമാരുടെ ഡസ്കിൽ വന്നിരുന്നു രാത്രി സംസാരിക്കുമ്പോൾ അവിടേയ്ക്ക് മറ്റൊരു രോഗിയുടെ മകൾ വന്നു. ത്രേസ്യ എന്നായിരുന്നു രോഗിയുടെ പേര്‌. അവരുടെ മകൾ വന്നിരുന്ന് ഓരോന്ന് പറഞ്ഞതിനിടയിൽ പറഞ്ഞു അമ്മയോട് മര്യാദയ്ക്ക് മരുന്ന് കഴിച്ചില്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും എന്ന് ഭീഷണിപ്പെടുത്തിയിരിക്യാ ഞാൻ  ഹൊ!! അത് കേട്ടപ്പോഴാണ്‌ എന്റെ സങ്കടം മാറിയത്. അപ്പോൾ ഞാൻ മാത്രമല്ല ഭീഷണിപ്പെടുത്തൽ ടീമിൽ ഉള്ളത്. അമ്മമാരെ സ്നേഹിക്കുന്ന മക്കളൊക്കെ ഇതന്നെ വകുപ്പ്!!

പറഞ്ഞതു പോലെ തന്നെ ഒരാഴ്ച ഹോസ്പിറ്റൽ വാസം. കാര്യമായ തുക വേണ്ടി വന്നില്ല. ഭാഗ്യം. കയ്യിൽ നീക്കിയിരിപ്പുള്ള പണം എങ്ങനെയൊക്കെയോ തള്ളി നീക്കുകയാണ്‌ ഞാൻ. അതിനിടയിലാണ്‌ അമ്മയുടെ കലാപരിപാടി.

വീണ്ടും വീട്ടിലേയ്ക്ക്. പഴയ പരിചരണങ്ങൾ. അര മണിക്കൂർ എന്നത് ഒരുമണിക്കൂർ എന്ന ഇടവേളയായി. ഖരഭക്ഷണത്തിന്റെ അളവ് കൂടി. അമ്മയുടെ ഇഷ്ടപ്രകാരം മീൻ വാങ്ങി വെറുതെ ഉപ്പും മഞ്ഞളും കുടമ്പുളിയുമിട്ട് വേവിച്ച് കൊടുത്തു. കൂടാതെ ഇടയ്ക്കിടയ്ക്ക് സൂപ്പ്, ജ്യൂസ്, പ്രോട്ടീൻ പൗഡർ, കട്ടിക്കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ഇത്യാദികൾ കൂട്ടത്തിൽ.
  
                                 (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ