പേജുകള്‍‌

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 5മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇത് തുടങ്ങുന്നതിനു മുൻപ് എന്നെക്കുറിച്ചൊരു ചെറിയ ആമുഖം:-
ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ എനിയ്ക്ക് തലചുറ്റും. പിന്നെ ഒന്നിനും സാധിക്കില്ല. ഉറങ്ങിത്തീർന്നാലേ തലചുറ്റ് മാറൂ. ഭക്ഷണം കഴിച്ചില്ലെങ്കിൽ തളർച്ചയും ക്ഷീണവും. അതും ഭക്ഷണം കഴിച്ച് തന്നെയേ മാറ്റാൻ പറ്റൂ... ഇത് രണ്ടും ഓക്കെ ആയിരിക്കണം എനിയ്ക്ക്. ഇല്ലെങ്കിൽ പണി കിട്ടും. പക്ഷേ അത്ഭുതമെന്നു പറയട്ടെ അമ്മയ്ക്ക് വയ്യാതിരുന്ന കാലയളവത്രയും എനിയ്ക്കങ്ങനെ ഒരു പ്രശ്നമേ ഇല്ലായിരുന്നു!!! ദൈവം കണ്ടറിഞ്ഞ് എന്നെ സഹായിച്ചതാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. 

വല്യമ്മയുടെ വീട്ടിൽ നിന്നും പോരുന്നതിനുമുൻപ് അമ്മയ്ക്ക് വേണ്ടി ദീപൻ ചേട്ടന്റെ മോളുടെ ഒന്നരവയസുകാരൻ മോന്റെ കിലുക്കങ്ങളിലൊന്ന് ഞാൻ കൊണ്ടു വന്നിരുന്നു. അമ്മയ്ക്ക് ശബ്ദത്തേക്കാളധികം കാറ്റായതുകൊണ്ടും ഉള്ള ശബ്ദത്തിനു ഉയർച്ചയില്ലാത്തതുകൊണ്ടും എന്നെ വിളിക്കുവാൻ എന്തെങ്കിലും ആവശ്യമായിരുന്നു. അതിനായി കണ്ടെത്തിയതാണ്‌ കിലുക്കം.  ഞാൻ അടുക്കളയിലോ അല്ലെങ്കിൽ ഉറങ്ങുകയോ കൺ വെട്ടത്തല്ലാതിരിക്കുകയോ ചെയ്താൽ കിലുക്കത്തിന്റെ ശബ്ദം കൊണ്ട് എന്നെ വിളിക്കാം എന്ന ദീർഘവീക്ഷണം.

എന്റെ മകളായുള്ള അമ്മയുടെ പരിണാമം അവിടെ നിന്ന് തുടങ്ങുന്നു... രാത്രി ഇടയ്ക്കിടയ്ക്ക്  കിലുക്കത്തിന്റെ ശബ്ദം കേട്ടുണർന്നു. ബാഗ് നിറയുന്നത് അറിയിക്കുന്നതാണ്‌.  അപ്പോഴൊക്കെയും ബാഗ് വൃത്തിയാക്കി  അമ്മയ്ക്ക് കഴിക്കാനും എന്തെങ്കിലുമൊക്കെ കലക്കി കൊടുത്തു. കിടന്ന് ഒന്നു മയക്കം പിടിക്കുമ്പോഴേക്കും അടുത്ത കിലുക്കം. വീണ്ടും  ബാഗ് വൃത്തിയാക്കി ഭക്ഷണം കൊടുത്ത് കിടക്കും.

അങ്ങനെ ഓരോ അരമണിക്കൂറിലും ഉണർച്ചയും പത്ത് പതിനഞ്ച് മിനുട്ട് ഉറക്കവും. അമ്മയ്ക്ക് ഭക്ഷണം കൊടുക്കുക എന്നു പറഞ്ഞാൽ ദ്വാരമുള്ള പാത്രത്തിൽ വെള്ളമൊഴിക്കുന്നതുപോലെയാണ്‌. അത്ര വേഗത്തിലല്ലെങ്കിലും ഭക്ഷണം കൊടുത്ത് കുറച്ച് കഴിയുമ്പോഴേയ്ക്കും ബാഗ് നിറയും. കുടലിലൂടെ മാത്രം സഞ്ചരിച്ച് നേരെ ബാഗിലെത്തുകയാണ്‌ കൊടുക്കുന്നതെല്ലാം.

പത്ത് കപ്പ് ദ്രാവക ഭക്ഷണം കൊടുത്താൽ അതിൽ ഒരു കപ്പോളം ഭക്ഷണം മാത്രമേ ദേഹത്ത് പിടിക്കൂ.. അതുകൊണ്ടുതന്നെ എപ്പോഴും ഭക്ഷണം കൊടുത്തുകൊണ്ടിരിക്കണം. എങ്കിലേ അമ്മയുടെ ശരീരത്തിൽ ആവശ്യമായ ധാതുക്കൾ പുനഃസ്ഥാപിക്കുകയുള്ളൂ... അത് കഴിഞ്ഞ് വേണം അടുത്ത സർജ്ജറി നടത്താൻ. വേറിട്ട് കിടക്കുന്ന കുടലുകൾ യോജിപ്പിക്കണം. അതിന്‌ ഇപ്പോൾ കൊടുക്കുന്ന ഭക്ഷണമാണ്‌ ആധാരം.

ഇന്റർനെറ്റ് തപ്പിയെടുത്തും സോഷ്യൽ സൈറ്റിൽ അഭിപ്രായമാരാഞ്ഞും അമ്മയ്ക്കാവശ്യമായ ഭക്ഷണം എന്തൊക്കെ എന്ന് കണ്ടെത്തി. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാണ്‌ പ്രധാനമായും വേണ്ടത്. പിന്നെ രക്തമുണ്ടാക്കുന്നതിനുള്ള ഭക്ഷണവും. കൂട്ടത്തിൽ പ്രോട്ടീൻ പൗഡറും.  വന്നതിന്റെ പിറ്റേന്ന് തന്നെ ടൈം ടേബിൾ എഴുതി ചുമരിൽ ഒട്ടിച്ചു. ഓരോ അരമണിക്കൂറിലും ഉപ്പിട്ട നാരങ്ങാ നീര്‌, ജ്യൂസ്, പ്രോട്ടീൻ പൗഡർ, കഞ്ഞിവെള്ളം, നേർപ്പിച്ച തൈര്‌, അങ്ങനെയങ്ങനെ...

രാവിലെ എഴുന്നേറ്റ് ബാഗ് വൃത്തിയാക്കി  അമ്മയ്ക്ക് ആദ്യത്തെ 50 മി.ലി. ഭക്ഷണം കൊടുക്കും. പിന്നെ ഇളം ചൂടുവെള്ളത്തിൽ ദേഹമൊക്കെ തുണിനനച്ച് തുടച്ച് വൃത്തിയാക്കും. കൂട്ടത്തിൽ പല്ലും തേപ്പിക്കും. തീരെ ഘനമില്ലാത്തതിനാൽ എനിയ്ക്ക് ഒറ്റക്കയ്യിൽ താങ്ങാനേ അമ്മയുണ്ടായിരുന്നുള്ളൂ... കൈകളും കാലുകളും വെറും എല്ലുകൾ മാത്രം. ദേഹത്തൊന്നും മാംസം എന്നതുണ്ടായിരുന്നേയില്ല. പലപ്പോഴും അമ്മ കാണാതെ കണ്ണ്‌ തുടയ്ക്കും ഞാൻ... അത്ര പരിതാപകരമായ രൂപം. ദേഹം മൊത്തം ക്രീമിട്ട് മസാജ് ചെയ്യും.

 പിൻ വശം തുറന്ന് കിടക്കുന്ന നൈറ്റിയാണ്‌ അമ്മയെ ധരിപ്പിച്ചിരുന്നത്. കത്തീറ്റർ ബാഗ് സുഗമമായി ഇടുന്നതിന്‌ അതായിരുന്നു സൗകര്യം. സ്വയമെഴുന്നേല്ക്കാൻ സാധിക്കില്ല. കഴുത്തിനു പുറകിൽ ഇടം കൈ ചേർത്ത് ബലം കൊടുത്ത് ഞാൻ എഴുന്നേല്പ്പിക്കും. ദേഹമൊക്കെ വൃത്തിയാക്കി വരുമ്പോഴേയ്ക്കും ചില സമയങ്ങളിൽ ബാഗ് നിറഞ്ഞിട്ടുണ്ടാകും. ചിലപ്പോൾ ബാഗ് വിട്ടു പോന്നിട്ടുണ്ടാകും. ഒരു ബാഗ് അമ്മ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ.., ബാഗ് നിറയുന്നതിനു മുൻപ് അറിയിക്കുകയും ഇടത് വശത്തേയ്ക്ക് ചെരിയാതെ വലത് വശം തിരിഞ്ഞ് കിടക്കുകയുമൊക്കെ ചെയ്താൽ, രണ്ട് ദിവസത്തോളം ബാഗ് വിട്ടുപോരാതെ നില്ക്കും. പക്ഷേ ചില ദിവസങ്ങളിൽ അന്നുതന്നെ വിട്ടുപോരുകയും ചെയ്യും. 
 
എന്തൊക്കെയായാലും അമ്മയുടെ ഭക്ഷണകാര്യങ്ങളിൽ കൃത്യനിഷ്ഠ പുലർത്തിയിരുന്നു ഞാൻ. എനിയ്ക്കായി ഭക്ഷണമുണ്ടാക്കുന്ന നേരത്തായിരിക്കും മിക്കവാറും ബാഗ് വിട്ടു പോരുക. അതല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി അത് കഴിക്കുന്ന നേരത്തായിരിക്കും ബാഗ് വിട്ടു പോരുക. ഉണ്ടാക്കുന്ന / കഴിക്കുന്ന ഭക്ഷണം അവിടെയിട്ട് പുതിയ ബാഗ് ഘടിപ്പിക്കുവാൻ നില്ക്കും. അത് ചില സമയങ്ങളിൽ ഒരുമണിക്കൂറോളമൊക്കെ നീളും. കാരണം, വൻ കുടലിലൂടെ മലം പുറത്തേയ്ക്ക് വന്നുകൊണ്ടേയിരിക്കും. ഭക്ഷണം കഴിക്കുന്നത്  ദ്രാവകമായതുകൊണ്ട് ഖരരൂപത്തിലല്ലെന്ന് മാത്രം. അത്‌ ഒഴുകിത്തീരുന്നതുവരെ കാത്തു നില്ക്കണം. പഞ്ഞി റോളുകണക്കിനു വാങ്ങിക്കൊണ്ടു വെച്ചിട്ടുണ്ട്‌. അതിങ്ങനെ  അമ്മയുടെ കുടലിനു മുകളിൽ അമർത്തിവെച്ചിരിക്കും. കുറച്ചു കഴിയുമ്പോൾ ഒഴുക്ക്‌ നില്ക്കും. മുറിവിനു ചുറ്റും പഞ്ഞിയും വെള്ളവും മരുന്നുമുപയോഗിച്ച്‌ വൃത്തിയാക്കി , ഉണക്കി ബാഗിന്റെ ബെയ്സ് ഒട്ടിക്കണം. അതിനുശേഷം ബാഗ് ബെയ്സിന്മേൽ ഘടിപ്പിക്കണം. ഒരു പ്രത്യേക രീതിയിൽ തള്ളവിരലുപയോഗിച്ച് അത് ഘടിപ്പിക്കുകയാണെങ്കിൽ സംഗതി എളുപ്പമാണ്‌. പക്ഷേ പലപ്പോഴും മുറിവിനു ചുറ്റും പഞ്ഞിയും വെള്ളവും മരുന്നുമൊക്കെ ഉപയോഗിച്ച് ബെയ്സ് ഒട്ടിക്കാൻ തുടങ്ങുന്നതിന്‌ തൊട്ടുമുൻപായിരിക്കും കുടലിലൂടെ പിന്നെയും ഒഴുകൽ തുടങ്ങുക.

പിന്നെ കട്ടിയിൽ പഞ്ഞിയെടുത്ത്‌ കുടൽ മുഖം അടച്ച്‌ പിടിച്ചിരിക്കും, ഒഴുക്ക്‌ നില്ക്കുന്നതുവരെ. പിന്നെ എല്ലാം ഒന്നേന്ന്‌ തുടങ്ങണം. വൃത്തിയാക്കലും ബെയ്സ്‌ ഒട്ടിക്കാനുള്ള ഭാഗം സെറ്റാക്കലും ഉണക്കലുമൊക്കെ... ചിലപ്പോൾ ഈ പ്രക്രിയ ഒന്നരമണിക്കൂറുകളോളമൊക്കെ നീണ്ടിട്ടുണ്ട്. അമ്മയ്ക്ക് എന്റെ കഷ്ടപ്പാട് കാണുമ്പോൾ വിഷമമാണ്‌. അന്നേരം ഞാൻ അമ്മയുടെ വയറ്റിലെ മുറിവിനോടും ഒഴുക്കിനോടുമൊക്കെ സംസാരിച്ച് അന്തരീക്ഷം പ്രസന്നമാക്കും. എന്റെ വർത്തമാനമൊക്കെ കേട്ട് അമ്മ സങ്കടം മറന്ന് ചിരിക്കും അല്ലെങ്കിൽ മയക്കത്തിലായിരിക്കും. അമ്മയുടെ മനസ് പ്രസന്നമാക്കി വെയ്ക്കേണ്ടത് പ്രധാനമായിരുന്നു. ഒരുവിധത്തിലും നെഗറ്റീവ് ചിന്തകൾ അമ്മയുടെ മനസിൽ വരാൻ പാടില്ല. (ചില സമയങ്ങളിലൊക്കെ ഞാനത് മറന്നിട്ടുണ്ടെങ്കിലും)

ബാഗ് ഘടിപ്പിക്കൽ കടമ്പ കഴിഞ്ഞാലുടനെ അമ്മയ്ക്ക് ഭക്ഷണം കൊടുക്കും. അത് അല്ലെങ്കിലേ വൈകിയിട്ടുണ്ടായിരിക്കും. പിന്നെ അതിന്റെ തിരക്ക്. അതിനിടയിൽ പലപ്പോഴും എന്റെ ഭക്ഷണകാര്യം ഞാൻ മറക്കും. തൊട്ട് വടക്കേതിലെ സുലജ ടീച്ചർ ആ സന്ദർഭങ്ങളിൽ വലിയ സഹായമായിരുന്നു. അവരോട് ആരും പറയാതെ തന്നെ അവരുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരോഹരി എനിയ്ക്ക് കൊണ്ട് തരും, എത്ര തിരക്കായാലും. ടീച്ചർ ഒരു പ്രത്യേക തരക്കാരിയാണ്‌. നല്ല നേരം നോക്കിയേ ചിരിക്കുക പോലും ചെയ്യൂ... മുഖത്തോട് മുഖം കണ്ടാൽ പോലും ചിലപ്പോൾ മൈന്റ് ചെയ്യാറില്ല. അമ്മ എപ്പോഴും അതേക്കുറിച്ച് പരാതി പറയുമായിരുന്നു എന്നോട്. “അതൊന്നും കാര്യമാക്കണ്ട, അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാകും. അതാണവരങ്ങനെ എന്ന് ഞാൻ അമ്മയോട് പറയും.  പക്ഷേ അമ്മയ്ക്ക് അസുഖമായി കിടന്നപ്പോൾ അവർ വളരെ അനുഭാവപൂർവം എന്നെ പരിഗണിച്ചു. എന്റെ അവസ്ഥ അവർ സ്വയമേവ മനസിലാക്കി എനിയ്ക്കൊരു സഹായമായി. അമ്മയുടെ അസുഖം മാറി കഴിഞ്ഞപ്പോൾ ടീച്ചർ വീണ്ടും പഴയപടി തന്നെയായി എന്നത് വേറെ കാര്യം.

കുളിയും കക്കൂസിൽ പോക്കുമൊക്കെ തോന്നിയ നേരത്തായിരിക്കും. ഭക്ഷണം കൊടുത്ത് അമ്മ മയങ്ങുന്ന നേരം ഓടിപ്പോയി കുളിച്ചെന്ന് വരുത്തും. ഇല്ലെങ്കിൽ അമ്മയുടെ ബാഗ് നിറഞ്ഞ് ചിലപ്പോൾ വിട്ടു പോരും. അങ്ങനെയായാൽ അമ്മ അതിൽ കിടക്കേണ്ടി വരും ഞാൻ വരുവോളം. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.  കക്കൂസിൽ പോക്കാണെങ്കിൽ രാത്രി 10 - 11 മണി നേരം അമ്മ നന്നായി ഉറങ്ങുകയാണെന്നും ബാഗ് നിറഞ്ഞിട്ടില്ലെന്നും ബോധ്യം വരുത്തിയതിനുശേഷമാണ്‌ നടത്തുക. അതും വീടിനു പുറത്താണ്‌ കക്കൂസ്. തൊട്ടടുത്ത വീട്ടിൽ ആളുകൾ - അജയന്മാഷും സുലജ ടീച്ചറും മക്കളും - ഉറങ്ങിയിട്ടുണ്ടാകില്ല എന്നതാണ്‌ ഏക ധൈര്യം. അവർ ജനാലകളും വാതിലുമൊക്കെ അടച്ചിട്ടുണ്ടാകുമെങ്കിലും അകത്ത് വെളിച്ചമുണ്ടാകും.

ചില രാത്രികളിൽ ബാഗ് നിറയുന്നത് അമ്മ അറിയാതെ പോകും. അന്നേരം ഞാൻ ഇടയ്ക്കിടെ എണീറ്റ് നോക്കുമെങ്കിലും ചിലപ്പോൾ ഞാനും ഉറക്കത്തിൽ പെട്ടു പോകും. ഉപബോധമനസ്സ് ഉറങ്ങാത്തതുകൊണ്ട് ഞെട്ടിപ്പിടഞ്ഞെണീക്കുമ്പോൾ ചിലപ്പോൾ ബാഗിന്റെ മുകളിൽ അമ്മ ഉറക്കത്തിലറിയാതെ കിടന്ന് അല്ലെങ്കിൽ ഇടത് വശത്തേയ്ക്ക് തിരിഞ്ഞ് കിടന്ന് അത് പൊട്ടിയൊലിച്ചിട്ടുണ്ടാകും. അമ്മ അതൊന്നുമറിയാതെ ഉറങ്ങുകയായിരിക്കും... തെല്ലുകുറ്റബോധത്തോടെ ഞാൻ ബാഗ് മാറ്റിവെയ്ക്കാനിരിക്കും. അത്തരം സന്ദർഭങ്ങൾ പലപ്പോഴും രാത്രി 2 - 3 മണിയ്ക്ക് ശേഷമായിരിക്കും. ചിലപ്പോഴൊക്കെ ഞാൻ അമ്മയെ ശകാരിക്കും. “അമ്മയ്ക്കൊന്നു ഓർത്തുകിടന്നൂടെ? ഇങ്ങനെ ശ്രദ്ധയില്ലാണ്ടല്ലേ ഇപ്പോ ഇത് ചെയ്യേണ്ടി വന്നത്. അമ്മ ഇടത് വശം തിരിഞ്ഞു കിടന്നിട്ടല്ലേ..? അമ്മ ഉറക്കത്തിൽ അതിനു മുകളിൽ കിടന്നിട്ടല്ലേ...? അമ്മ ബാഗ് നിറഞ്ഞത് പറയാണ്ടല്ലേ...?”

ചിലസമയം ബാഗ് നിറഞ്ഞിട്ടില്ലെങ്കിലും അമ്മയെന്നെ കിലുക്കി വിളിക്കും. ഞാനപ്പോൾ ഒന്നുറങ്ങിയിട്ടേ ഉണ്ടാകൂ.. ഞെട്ടിപ്പിടഞ്ഞെണീറ്റ് നോക്കുമ്പോൾ അതിലൊന്നും ഉണ്ടാകില്ല. അപ്പൊ സങ്കടാകും. അമ്മയ്ക്കൊന്നു നോക്കീട്ട് പറഞ്ഞൂടെ? ഞാനൊന്നുറങ്ങട്ടെ. ഇല്ലെങ്കിൽ അമ്മയെ നോക്കാൻ എനിയ്ക്ക് പറ്റാതാകും.. ഞാനും കിടപ്പിലാകും...“ അങ്ങനെയുള്ള പരിഭവങ്ങൾ. അങ്ങനെയങ്ങനെ പല സമയവും പലവിധത്തിൽ.... ഇപ്പോൾ ഓർക്കുമ്പോൾ ശരിക്കും കുറ്റബോധം തോന്നുന്നു. പാവം അമ്മ... അറിഞ്ഞുകൊണ്ടല്ലല്ലോ.... ആരോഗ്യമുള്ള സമയം ആരെയും ബുദ്ധിമുട്ടിക്കാതെ നടന്നിരുന്ന ആളാണ്‌.... (പക്ഷേ പിന്നീടൊരിക്കൽ രണ്ട് മാസം കഴിഞ്ഞുള്ള ഒരു സമയം അമ്മ അമ്മയുടെ അനിയത്തിയോട് പറയുന്നത് കേട്ടു, അമ്മയ്ക്ക് ഞാനുറങ്ങുന്നത് കാണുമ്പോൾ ദ്വേഷ്യം വരുമായിരുന്നു എന്ന്... എനിയ്ക്ക് തീരെ ഉറക്കമില്ല, ഞാനുറങ്ങുന്നത് ഏതാനും മിനുട്ടുകൾ മാത്രമാണ്‌ എന്നറിയാമെങ്കിലും എന്തോ അമ്മയുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ അമ്മയ്ക്കെന്നോട് ദ്വേഷ്യം തോന്നുമായിരുന്നെന്ന്.... ചിലപ്പോൾ വല്ലാത്ത അസുഖബാധിതമായിരിക്കുന്ന നേരം നമ്മളും അങ്ങനെയായേക്കാം...)                                  (തുടരും)