പേജുകള്‍‌

2013, ഡിസംബർ 26, വ്യാഴാഴ്‌ച

"അയാൾ എന്ന കള്ളനാണയം"

അയാളുടെ  കൂട്ടുകാരായ മുഹമ്മദും കുര്യാക്കോസും അവളോട് പറഞ്ഞു 'അവനെ സൂക്ഷിയ്ക്കണം' എന്ന്. അവൾ കേട്ടില്ല. ജോസുകുട്ടി പറഞ്ഞു 'ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ കാളകളിച്ചുനടന്ന് ഒടുവിൽ വീട്ടുകാരുടെ കുഞ്ഞാടായി മാറുകയാണ് പതിവ്' അവൾ അതും കേട്ടില്ല. അന്നേരമൊക്കെ അവൾ മനസിൽ പറഞ്ഞു 'അവനെ കുറിച്ച് ഇവർക്കൊന്നും ഒന്നും അറിയില്ല. മറ്റുള്ളവരാൽ തെറ്റിദ്ധരിയ്ക്കുവാൻ വിധിയ്ക്കപ്പെട്ട ഒരുവനാണവൻ' എന്ന്... പക്ഷേ തെറ്റിദ്ധരിച്ചത് താനായിരുന്നു എന്ന് അവൾക്ക് കാലം തെളിയിച്ചുകൊടുത്തു.

ഒരിയ്ക്കൽ അയാൾ അവളോട് പറഞ്ഞു, "വിവാഹം ഏതാണ്ട് ആയി. വീട്ടുകാർ കണ്ടെത്തിയതാണ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചതാണ്. കെട്ടുന്നേയില്ല എന്ന് കരുതി ജീവിച്ചതാ. അവൾക്ക് വെടിവെപ്പാണ് പണി. ഞാനവളുടെ ജീവിതത്തിലെ പതിമൂന്നാമനാണത്രെ!!" "അത് നീയെങ്ങിനെ അറിഞ്ഞു?" ചോദിച്ചു.
"ഞാൻ അവളുടെ മൊബൈലിൽ വിളിച്ചിരുന്നു; പാർട്ടിയായിട്ട്. ഒരുമണിക്കൂർ എന്റെ കൂടെ വരാമെന്ന് പറഞ്ഞു. ഒപ്പം അവളുടെ റെയ്റ്റും!! അന്നേരം അവൾ പറഞ്ഞതാണ് ഞാൻ പതിമൂന്നാമനാണെന്ന്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. എന്റെ കണ്മുന്നിലൂടെ അവൾ മറ്റൊരാളെ തേടി പോകുന്നത് കാണേണ്ടിവരുമായിരിക്കാം എനിയ്ക്കൊരിയ്ക്കൽ..." അയാൾ പറഞ്ഞു.

"നീയെന്തിന് അവളുടെ ചരിത്രം അന്വേഷിച്ചു പോയി? നിന്റെ ജീവിതത്തിലെ എത്രാമത്തെ പെണ്ണാണ് അവൾ എന്ന് നിനക്ക് പറയുവാനൊക്കുമോ? പിന്നെ നീയെന്തിന് നിനക്കാ ഔചിത്യം പ്രതീക്ഷിയ്ക്കുന്നത്?" അവൾ പറഞ്ഞു നിർത്തിയെങ്കിലും എന്തുകൊണ്ടോ അവളുടെ മനസിൽ എവിടെയോ സഹതാപത്തിൽ കലർന്ന ഒരു നീറ്റൽ അയാളെക്കുറിച്ചോർത്തപ്പോൾ പൊട്ടിമുളച്ചു. 

പക്ഷേ...

സ്വയം കണ്ടെത്തി പ്രണയിച്ച് വീട്ടുകാരോട് കല്യാണമാലോചിയ്ക്കുവാൻ മുൻകൈയെടുത്ത്കല്യാണമുറപ്പിയ്ക്കുവാൻ പോകുന്ന സ്വന്തം പ്രണയിനിയെ കുറിച്ചാണ് അയാൾ യാതൊരു ആത്മാർത്ഥതയോ ഉളുപ്പോ മനഃസാക്ഷിക്കുത്തോ ജളുത്വമോ ഇല്ലാതെ എന്തിനുവേണ്ടിയായിരുന്നായാലും അങ്ങിനെയൊരു ആരോപണമുന്നയിച്ചത് എന്ന് അവൾക്ക് പിന്നീടുണ്ടായ തിരിച്ചറിവ്  അയാളെ അന്നുവരെ അഗാധമായി സ്നേഹിച്ചിരുന്ന അവളിൽ ആ സ്നേഹത്തിന്റെ ലക്ഷം മടങ്ങ് വെറുപ്പ് സൃഷ്ടിച്ചു. അന്ന് മുതൽ അവൾ ഓടിയകന്നു; അയാളുടെ സൗഹൃദത്തിൽ നിന്നും...

സ്വന്തം പ്രണയിനിയോട് തരിമ്പും ആത്മാർത്ഥതയില്ലാതെ അയാൾക്കെങ്ങിനെ അങ്ങിനെയൊക്കെ പറയുവാൻ സാധിച്ചു എന്ന് അവൾ അത്ഭുതപ്പെട്ടു. അല്ലെങ്കിലും അയാൾക്ക് ആരോടാണ് ആത്മാർത്ഥതയുണ്ടായിട്ടുള്ളത്; തന്നോടു തന്നെയല്ലാതെ!! ജന്മം നൽകിയ അമ്മയോട് പോലും അയാൾക്ക് ആത്മാർത്ഥതയില്ലായിരുന്നല്ലോ എന്നും, മറ്റുള്ളവരോട് അയാൾക്കുള്ള ആത്മാർത്ഥത വാക്കുകളിൽ അല്ലാതെ പ്രവൃത്തികളിൽ ഉണ്ടായിരുന്നില്ലല്ലോ എന്നുമുള്ള ഓർമ്മ അവളിലുളവായ അത്ഭുതത്തെ തിരുത്തി.  

കൂട്ടുകാർ വിശേഷിപ്പിച്ച പേരല്ല അതിനേക്കാൾ  നികൃഷ്ടമായ നാമമുണ്ടെങ്കിൽ അതാണയാൾക്ക് ചേരുക എന്നവൾ തിരിച്ചറിഞ്ഞു. താൻ പ്രണയിച്ച പെണ്ണിനെയാണ് വിവാഹം ചെയ്യുവാൻ പോകുന്നത് എന്ന് കരുത്തനായ ഒരു പുരുഷനെ പോലെ  തന്റേടത്തോടെ  പറയുവാൻ പോലുമുള്ള നട്ടെല്ലില്ലാതെ, താൻ കെട്ടുവാൻ പോകുന്ന അവളെ കുറിച്ച് അങ്ങേയറ്റത്തെ അപവാദം പറഞ്ഞ അയാളെ എന്ത് വിശേഷിപ്പിക്കുവാൻ??!!

പൊൻനാണയമെന്ന് കരുതി താൻ പെറുക്കിയെടുത്തത് യാതൊരു വിലമതിയ്ക്കാത്ത ഒരു കള്ളനാണയം മാത്രമായിരുന്നല്ലോ എന്ന ഖേദം അവളിൽ ബാക്കിയായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ