പേജുകള്‍‌

2012, ഡിസംബർ 8, ശനിയാഴ്‌ച

നുണകൾ, പിന്നെ വാഗ്ദാനങ്ങൾ...






ചിലർ അങ്ങിനെയാണ്!! സ്വന്തം നുണകൾ മറ്റുള്ളവർ മനസിലാക്കി എന്നറിയുമ്പോൾ അതിനു കാരണക്കാരായവരെ കുറ്റപ്പെടുത്തും. എന്നാൽ ഇവർ പ്രിയപ്പെട്ടവരോട് നുണകൾ പറയാതിരിയ്ക്കുവാൻ ശ്രമിയ്ക്കുന്നില്ല. നുണകൾക്ക് മീതെ നുണകൾ കെട്ടിപ്പടുത്ത് അവർ സാമ്രാജ്യം സൃഷ്ടിയ്ക്കും.

ഒരിയ്ക്കലും ആരും അറിയില്ല എന്ന തെറ്റിദ്ധാരണയിൽ നുണകളിലൂടെ അവർ ജീവിതം മെനയാനുള്ള ശ്രമങ്ങൾ നടത്തും. അത് ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുമ്പോൾ അതിനു കാരണക്കാരായവരിൽ കുറ്റം ചാർത്തി സ്വന്തം മുഖം രക്ഷിയ്ക്കുവാൻ വീണ്ടും നുണക്കഥകൾ മെനയും. ലോകം ഇങ്ങിനെയാണ്, ഈ ലോകത്തെ ചിലരും...

പക്ഷേ നുണകൾക്ക് ഒരു പ്രത്യേകതയുണ്ട്, അത് എന്ന് ഓർത്തു വെയ്ക്കണം. സത്യത്തെ പോലെ ഒരിയ്ക്കൽ പറഞ്ഞാൽ പിന്നീടത് മറന്ന് കളയുവാൻ സാധ്യമല്ല. കാരണം, കേൾക്കുന്നവർ ഓർത്ത് വെയ്ക്കും അവൾ/അവൻ പറഞ്ഞ നുണകൾ. അതുകൊണ്ടാണ് ചിലസന്ദർഭങ്ങളിൽ അറിയുക പോലുമില്ല എന്ന് പറയുന്ന ആളെ ചേർത്ത് കളിയാക്കാറുണ്ടായിരുന്നു എന്ന് അബദ്ധം പറയേണ്ടി വരുന്നത്!!

നുണ പറയുന്നവർ, സത്യം പറയുന്നവരെ നുണ പറയുന്നവർ എന്ന് മുദ്ര കുത്തും. സത്യം പറയുന്നവരെ കുറ്റപ്പെടുത്തുവാൻ എപ്പോഴും അവരുടെ ചൂണ്ടുവിരൽ നീളും. നുണ പറയുന്നവരെ മാത്രം അവർ എന്നും ന്യായീകരിയ്ക്കും. കാരണം അവരും നുണകളിന്മേലാണല്ലോ നിലനിൽക്കുന്നത്!!!

ഒരാൾ പറഞ്ഞത് നുണയായിരുന്നു എന്ന് അവരുടെ പ്രിയപ്പെട്ടവർ മനസിലാക്കുമ്പോൾ അയാളിലുള്ള വിശ്വാസം നഷ്ടമാകുന്നു. പിന്നീടെന്ത് സത്യം പറഞ്ഞാലും നുണ പറയുന്ന ആൾ എന്ന കണ്ണിലൂടെ കാണുന്നു, അവരോട് അത് നേരിട്ട് പറഞ്ഞില്ലെങ്കിലും. നല്ല ബന്ധങ്ങൾ നിലനിർത്തുന്നതിൽ സത്യത്തിന് വളരെയധികം സ്ഥാനമുണ്ട്. ഒരിയ്ക്കൽ നുണ പറഞ്ഞയാൾ വീണ്ടും നുണ പറയും എന്നത് ഒരു യാഥാർത്ഥ്യം മാത്രം. എന്ത് തെറ്റ് ചെയ്താലും അത് പ്രിയപ്പെട്ടവർ അറിയാതിരുന്നാൽ മാത്രം മതി എന്ന് കരുതുന്നവരും സമൂഹത്തിൽ ഏറെ. പക്ഷേ 'പലനാൾ കള്ളൻ ഒരുനാൾ പിടിയ്ക്കപ്പെടും' എന്നത് സത്യം മാത്രം. ആർക്കും ആരെയും ഏറെ കാലം കള്ളങ്ങളിലൂടെ നിലനിർത്തുവാൻ സാധ്യമല്ല...

നുണകളിലൂടെ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ നിലനിൽക്കുമോ? സത്യം അറിയാവുന്നവർ എന്നെങ്കിലും പറഞ്ഞ നുണകളെ വെളിച്ചത്ത് കൊണ്ടുവരില്ലേ? അപ്പോൾ പറഞ്ഞ നുണകളുടേയും അതിൽ കെട്ടിപ്പടുത്ത ബന്ധങ്ങളുടേയും ആയുസ്സിന്, ആധികാരികതയ്ക്ക് കോട്ടം തട്ടുകയില്ലേ? നുണ പറയുന്നവർക്ക് മന:സാക്ഷിക്കുത്ത് എന്ന് പറയുന്ന മാനസികവ്യാപാരം ഇല്ലേ?

സത്യം പറയുന്നത് കൊണ്ട് ബന്ധങ്ങൾ നഷ്ടമാകുകയാണെങ്കിൽ., അത്തരം ബന്ധങ്ങൾ ഇല്ലാതിരിക്കുന്നതല്ലേ നല്ലത്? നുണകളിൽ കെട്ടിപ്പടുത്ത ബന്ധങ്ങളിൽ മറ്റുള്ളവർ പണിയും എന്ന ആശങ്ക എന്നും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അങ്ങിനെ പണിയാൻ സാധ്യതയുള്ളവരെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുവാനും കുറ്റപ്പെടുത്തുവാനുമുള്ള ശ്രമം നിരന്തരം നടത്തേണ്ടി വരുന്നു.. സത്യം പറയുന്നവരെ അകറ്റി നിർത്തേണ്ടി വരുന്നു.. താൻ നല്ലവളാണ്/നല്ലവനാണ് എന്ന് ബന്ധപ്പെട്ടവരെ ബോധിപ്പിക്കുവാൻ...

നുണകൾ പോലെ തന്നെയാണ് വാഗ്ദാനങ്ങളും.  നൽകുന്ന വാഗ്ദാനങ്ങൾ പുറത്തേയ്ക്ക് തുപ്പിക്കളയുന്ന വെറും വാക്കുകൾ മാത്രമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെ വാഗ്ദാനങ്ങൾ പ്രവഹിച്ചുകൊണ്ടേയിരിക്കും...  മുൻപ് പറഞ്ഞ വാക്കുകൾ ഒരിയ്ക്കലും പാലിയ്ക്കപ്പെടാതിരുന്നാൽ പിന്നീട് എത്ര വാഗ്ദാനങ്ങൾ നൽകിയാലും കേൾക്കുന്ന ആൾ അത് കണക്കിലെടുക്കുകയില്ല. എപ്പോൾ വേണമെങ്കിലും പറയുന്നയാൾക്ക് മാറ്റുവാൻ സാധിയ്ക്കുന്ന വെറും വാക്കുകളായി മാത്രം അവയെ കേൾവിക്കാർ കണക്കാക്കുന്നു. പറഞ്ഞത് മാറ്റുവാൻ സാധിയ്ക്കുന്ന വാക്കുകൾ മാത്രമായിരുന്നു എന്ന് പറഞ്ഞയാൾ വീണ്ടും വീണ്ടും തെളിയിക്കുമ്പോൾ അവരുടെ വാക്കുകളിലുള്ള വിശ്വാസം അത്രമേൽ ലോപിച്ചു വരുന്നു.  വാക്കുകൾക്ക് രൂപമില്ല എന്ന ധാരണയിൽ മാത്രം അവയെ അനിയന്ത്രിതം പ്രയോഗിയ്ക്കുന്നവർ ധാരാളം...  പറഞ്ഞവരുടെ കണക്കുപുസ്തകത്തിൽ പാലിച്ച വാക്കുകൾ എണ്ണി നോക്കുമ്പോൾ ബാലൻസ് ഷീറ്റിൽ പൂജ്യം മാത്രം ബാക്കിയാവുന്നു...  അതിന് ആരെ കുറ്റപ്പെടുത്തുവാൻ സാധിയ്ക്കും? പാലിയ്ക്കുവാൻ സാധിയ്ക്കാത്ത വാക്കുകൾ വായുവിലേയ്ക്ക് എറിഞ്ഞു കളഞ്ഞ അവനവനെ തന്നെയോ?

പാലിയ്ക്കപ്പെടാത്ത വാഗ്ദാനങ്ങൾ അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പോലെ കേൾവിക്കാരുടെ മനസിൽ അനാഥമായി, ഒരു തേങ്ങലായി തീരുന്നു...  വീണ്ടും വൃഥാവാഗ്ദാനങ്ങളിൽ തളച്ചിടപ്പെട്ടല്ലോ എന്ന തിരിച്ചറിവ് അവരുടെ മനസിൽ വിങ്ങലുളവാക്കുന്നു, എന്നേയ്ക്കുമായി...

1 അഭിപ്രായം: