പേജുകള്‍‌

2009, മാർച്ച് 11, ബുധനാഴ്‌ച

ഞാന്‍

ഞാന്‍. ഞാന്‍ എന്നതിന് എന്ത് പ്രസക്തി? ഏകാന്തമായ വഴികളിലൂടെയും ആള്‍ക്കൂട്ടതിലൂടെയും തനിച്ചു നടക്കുന്നവള്‍. ആരുമില്ല കൂട്ടിനു. ആരെയും പ്രതീക്ഷിക്കുന്നുമില്ല. ആരോരുമില്ലാത്ത, ആഴമുള്ള സൌഹൃദങ്ങളില്ലാത്ത ഒരാള്‍..

എന്നെക്കുറിച്ചു ഞാന്‍ കൂടുതല്‍ എന്ത് പറയാന്‍? ഞാന്‍ ഒരു ഒറ്റക്കിളിയാണ്. ആഗ്രഹിക്കാതെ ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഭാരവുമായി അലയുന്ന ഒരു ഒറ്റക്കിളി. ആരുമില്ല കാത്തിരിക്കാന്‍. ആരുമില്ല കരുതലുമായി പുറകെ വരാന്‍. ആരുമില്ല ചേര്‍ത്ത് പിടിച്ചു തലോടുവാന്‍ . ശരിക്കും ഒരു ഒറ്റക്കിളി. പറക്കുകയാണ്. ജീവിതമാകുന്ന അനന്ത വിഹായസ്സിലൂടെ പറക്കുകയാണ്. എങ്ങോട്ടെന്നില്ലാതെ. ലക്ഷ്യമില്ല
അതുകൊണ്ട് മാര്‍ഗവുമില്ല. ശൂന്യത. ശൂന്യത മാത്രം.

ആരുമില്ല എന്ന് പറഞ്ഞാല്‍... ഒരു പക്ഷെ അത് ദൈവ നിന്ദയാകും. ഒരു അമ്മ ഉണ്ട്. നൂല് പൊട്ടിയ പട്ടം കണക്കെ പറക്കുന്ന മകളുടെ ജീവിതം കണ്ടു വേദനിക്കാന്‍ എനിക്കെന്തു ചെയ്യാനാകും? നിസ്സഹായയാണ് ഞാന്‍. ഒന്നുമില്ല എന്റെ കയ്യില്‍ അവര്‍ക്ക് നല്‍കാന്‍. അവരുടെ വേദനകളില്‍, അവരുടെ മനസിന്റെ മുറിവുകളില്‍, ആശ്വാസത്തിന്റെ തൈലം പുരട്ടാന്‍ ആകാതെ... ആരുടെയോ ഒരു കൈ തെറ്റ് പോലെ നിസ്സഹായയായി ഞാന്‍...


പിന്നെ, എനിക്കുണ്ട്., എന്നെ മാത്രം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ആകാശത്തിലെങ്ങോ, അതോ മറ്റെവിടെയോ..? ഉള്ള ദൈവം. ചെയ്ത തെറ്റുകള്‍ക്കും ചെയ്യാത്ത തെറ്റുകള്‍ക്കും ശിക്ഷ നല്‍കാന്‍ മാത്രം നോക്കിയിരിക്കുന്ന ദൈവം!! ലഭിച്ചതെല്ലാം - നല്ലതായാലും ചീത്തയായാലും - എല്ലാം അവന്‍ തരുന്ന സമ്മാനം. എന്റെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം അവന്റെ ഹിതം. അങ്ങനെ ചിന്തിക്കുന്നതാണ് എനിക്കിഷ്ട്ടം. മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ അപ്രാപ്തയാണല്ലോ...