പേജുകള്‍‌

2015, ജൂലൈ 20, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 2
Part 2


വെസ്റ്റ്ഫോർട്ട് ഹൈടെക്കിൽ എത്തിയപാടെ ഹോസ്പിറ്റൽ നടപടികളെല്ലാം തീർത്ത് ഞാൻ എത്തുമ്പോഴേയ്ക്കും അമ്മയെ ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തിരുന്നു. പിന്നെ ഞാൻ അമ്മയെ കാണുന്നത് ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടുപോകുമ്പോഴാണ്. അപ്പോഴേയ്ക്കും മുത്തുവിനെ കൂടാതെ എന്റെ വല്യമ്മയുടെ മക്കളും ചെറിയച്ഛനും മറ്റും വന്നിരുന്നു. ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടുപോകുംവഴി "വേദന സഹിയ്ക്കുന്നില്ല മക്കളേ" എന്ന് അമ്മ അവശനിലയിൽ ഉറക്കെ കരയുന്നുണ്ടായിരുന്നു.


ദീർഘസമയത്തെ കാത്തിരിപ്പിനുശേഷം പേഷ്യന്റ് ഇന്ദുമതിയുടെ ബൈസ്റ്റാന്ററെ അന്വേഷിച്ച് ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നു. ആശങ്കയോടെ ഞാൻ ഓടിച്ചെന്നു. അമ്മയെ ഓപ്പറേഷൻ ചെയ്ത ഡോ.വർഗ്ഗീസ് ഓപ്പറേഷൻ തിയറ്ററിലെ നീല നിറത്തിലുള്ള യൂണിഫോമിൽ വന്നു. "അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ ഭാഗം ഉണങ്ങുന്നില്ലായിരുന്നു. മാത്രമല്ല അവിടമാകെ ഇൻഫെക്ഷൻ ബാധിച്ചിരിക്കുകയാണ്. അവിടെ പഴുപ്പ് നിറഞ്ഞ ഭാഗം ഞങ്ങൾ മുറിച്ചുനീക്കി. മോഷൻ പോകുന്നതിനായി പുറത്തേയ്ക്ക് ഒരു അറ്റാച്ച്മെന്റ് ഇട്ടിട്ടുണ്ട്. ഒരു രണ്ടുമാസം അറ്റാച്ച് ചെയ്ത ഭാഗത്തിലൂടെയായിരിക്കും മോഷൻ പാസ് ചെയ്യുക. അതിനിടയിൽ മുറിച്ച് മാറ്റിയ ഭാഗത്ത് ഉണക്കം ഉണ്ടാകും. പിന്നീട് നമുക്ക് അവിടെ ജോയിന്റ് ചെയ്യാം. പിന്നെ, അമ്മയ്ക്ക് ശ്വാസമെടുക്കുവാനുള്ള ആരോഗ്യമില്ലാത്തതുകൊണ്ട് വായിലൂടെ വെന്റിലേറ്റർ വെയ്ച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മയെ മയക്കി കിടത്തിയിരിക്കുകയാണ്. ബോധത്തോടെയായാൽ അമ്മയ്ക്ക് ഓക്സിജൻ പൈപ്പ് അലോസരമുണ്ടാക്കും. ആരോഗ്യം ശരിയാകുന്നതിനനുസരിച്ച് നമുക്ക് അത് മാറ്റാം. എല്ലാത്തിലുമുപരി, നമുക്ക് ചെയ്യുവാൻ കഴിയാവുന്നതെല്ലം ചെയ്തിട്ടുണ്ട്. ഇനി അമ്മയുടെ ശരീരം പ്രതികരിയ്ക്കണം. പ്രതികരിച്ചില്ലെങ്കിൽ ശരീരത്തിനുള്ളിലെ ഓരോരോ അവയവങ്ങളായി പ്രവർത്തനരഹിതമാകും. അതുകൊണ്ട് പ്രാർത്ഥിയ്ക്കുക." ഡോക്ടർ പറഞ്ഞു നിർത്തി. എന്തൊക്കെയോ മനസിലായും പിന്നെന്തൊക്കെയോ മനസിലാവാതെയും ഞാൻ നിന്നു. മനസ് വല്ലാതെ ശൂന്യമാകുന്നതുപോലെ. എങ്കിലും അത് പുറമേയ്ക്ക് കാണിയ്ക്കാതെ ഞാൻ നിന്നു. അടഞ്ഞ വാതിലുകൾ വീണ്ടും തുറന്നു. ഓപ്പറേഷൻ കഴിഞ്ഞ് അമ്മയെ കാണിച്ചു തന്നു. അബോധാവസ്ഥയിൽ എന്റെ അമ്മ... വീണ്ടും വാതിലുകൾ അടഞ്ഞു. കുറച്ചുകഴിഞ്ഞ് അമ്മയെ ഐ.സി.യു.വിലേയ്ക്ക് മാറ്റും എന്നറിയിച്ചു. കാത്തിരിപ്പ്... 


ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ വീണ്ടും തുറന്നു. ട്രോളിയിൽ കിടത്തി അബോധാവസ്ഥയിൽ എന്റെ അമ്മയെ കൊണ്ടുവരുന്നു. വായിലൂടെ ഒരു കുഴൽ. ഓക്സിജൻ കുഴലാണത്. തലയ്ക്കൽ ഭാഗത്തുനിന്ന് ഒരാൾ ബലൂൺ പോലെ എന്തോ അമർത്തുന്നു. അമ്മയുടെ വായ് ഒരു ഭാഗത്തേയ്ക്ക് കോടിയിരിക്കുന്നു. കൂടാതെ, ഒരു കെട്ട് താടിയിലൂടെ. നാവ് ഒരൽപം പുറത്തേയ്ക്ക് വീണുകിടക്കുന്നു.  കണ്ണുകൾ പാതി തുറന്നിരിക്കുന്നു. ഒന്നും കാണാതെ, എന്നാൽ എന്തൊക്കെയോ കാണുന്നുണ്ട് എന്ന് കാഴ്ചക്കാരെ തോന്നിപ്പിച്ചുകൊണ്ട് അമ്മ... എന്റെ നിയന്ത്രിച്ച മനസ് കൈവിടുന്നു. സങ്കടം തിക്കിമുട്ടി തിരതല്ലി പുറത്തേയ്ക്ക്... അപ്പോഴേയ്ക്കും അവർ അമ്മയെ കൊണ്ടുപോയിരുന്നു ഐ.സി.യു.വിലേയ്ക്ക്. ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലെ പടിക്കെട്ടുകൾക്ക് മുകളിൽ ചുമരിൽ ചാരി ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു. എന്റെ കണ്ണുനീർ ആരും കാണുന്നത് ഇഷ്ടമില്ലാത്ത ഒരു ദു:ശ്ശീലമുള്ളതുകൊണ്ട്, കൂട്ടു വന്നിരിക്കുന്ന എല്ലാവരുടെ മുന്നിലും എന്റെ കണ്ണുനീരിനെ നിയന്ത്രിച്ച് തന്റേടിയായി നടന്നിരുന്ന ഞാൻ എല്ലാ നിയന്ത്രണങ്ങളും വിട്ട് കരയുകയായിരുന്നു. വല്യമ്മയുടെ മകന്റെ ഭാര്യ (ഏടത്ത്യമ്മ - സുജേച്ചി) അടുത്ത് വന്ന് എന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. രാത്രി കൂടെ നിൽക്കണോ എന്ന അവരുടെ ചോദ്യം ഞാൻ സ്നേഹപൂർവം അവഗണിച്ചു. കാരണം, എനിയ്ക്ക് അന്ന് ആരും കൂടെ ആവശ്യമില്ലായിരുന്നു. എനിയ്ക്ക് എന്റെ അമ്മയുടെ ആയുസ്സിനുവേണ്ടി പ്രാർത്ഥിയ്ക്കണമായിരുന്നു. ആരെങ്കിലും എന്റെ കൂടെ ഉണ്ടായാൽ അത് എനിയ്ക്ക് സാധ്യമല്ല എന്നറിയാവുന്നതിനാൽ അവരുടെ ആ സഹായത്തെ ഞാൻ സ്നേഹപൂർവം നിരസിച്ചു.  


13 ആം തിയതി അതിരാവിലെ ബാംഗ്ലൂരിൽ നിന്ന് ഏട്ടന്മാർ എത്തിച്ചേർന്നു. രാവിലെയും വൈകിയിട്ടും ഐ.സി.യു.വിന്റെ ചില്ലുജാലകത്തിലൂടെ അമ്മയെ കാണാം. പാതിബോധത്തിൽ കുറച്ച് അറിഞ്ഞും കുറേ അറിയാതെയും... എന്നും ഡോക്ടർ അമ്മയുടെ അവസ്ഥ പറഞ്ഞു തരും. ആദ്യത്തെ രണ്ട് ദിവസം എന്തിനെന്നില്ലാതെ കാടടച്ചു വെടിവെയ്ക്കുന്നതു പോലെ ആന്റിബയോട്ടിക്കുകൾ അമ്മയ്ക്ക് കൊടുത്തുകൊണ്ടിരുന്നു. കാരണം, ബാധിച്ചിരിക്കുന്ന ബാക്റ്റീരിയയുടെ വീര്യവും ശേഷിയും എന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു. മൂന്നാം ദിവസം കൾച്ചറിനയച്ച സാമ്പിളിന്റെ റിസൾറ്റ് വന്നിരുന്നു. പിന്നെ ബാക്റ്റീരിയ ഏതെന്നറിഞ്ഞായി ചികിൽസ. ദിവസവും 20-30 ആയിരങ്ങളുടെ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, അങ്ങിനെ എന്തൊക്കെയോ ധാതുക്കൾ... തീരെ കുറഞ്ഞ്... അവ വീണ്ടെടുക്കുന്നതിനൊപ്പം അമ്മയുടെ ആരോഗ്യവും മെച്ചപ്പെടുത്താനുള്ള മരുന്നുകൾ. രണ്ട് നേരവും ഡോക്ടർ വന്ന് പറയും "നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നമുക്ക് നോക്കാം". 


കൂടെ വന്ന ആൺ നഴ്സിനോട് അമ്മയെ കുറിച്ച് ഡോക്ടർ അറിയാതെ പിന്നെയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു ഞാൻ. "അമ്മയുടെ ശരീരത്തിൽ ഇത്രയും വീര്യം കൂടിയ ആന്റിബയോട്ടിക്കുകൾ ചെല്ലുന്നത് അമ്മയുടെ ആരോഗ്യത്തെ ബാധിക്കില്ലേ" എന്ന എന്റെ ആശങ്കയ്ക്ക് അദ്ദേഹം നൽകിയ മറുപടി "ആദ്യം അമ്മ രക്ഷപ്പെടട്ടെ, പിന്നീട് അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാം" എന്നായിരുന്നു. ഇടയ്ക്കൊരു ദിവസം നോക്കിയപ്പോൾ അമ്മയുടെ കൈത്തണ്ടയിൽ ഒരു കെട്ട്. അതെന്താണ് എന്ന് ഐ.സിയു.വിലെ നഴ്സുമാരോട് ചോദിച്ചു. "അമ്മ ബോധമില്ലാതെ ഓക്സിജൻ ട്യൂബ് വലിച്ചു കളഞ്ഞു. അത് ആവർത്തിക്കാതിരിക്കാൻ കൈ കെട്ടിയിട്ടതാ. പേടിയ്ക്കണ്ട" അവർ ആശ്വസിപ്പിച്ചു. പിറ്റേന്നായപ്പോഴേയ്ക്കും അമ്മയുടെ കൈത്തണ്ട നീരുവന്നു വീർത്തിരുന്നു. കൈ അനക്കാതെയിട്ടതുകൊണ്ട്.


എന്നും എല്ലാവരും ഫോണിൽ വിളിച്ചുകൊണ്ടേയിരിക്കും അമ്മയുടെ ആരോഗ്യനില അറിയുവാൻ. വല്യമ്മയുടെ മകനായ സുരച്ചേട്ടൻ മാത്രം പറഞ്ഞു "മനസിനെ എന്തും നേരിടുവാൻ സജ്ജമാക്കുക. എന്തും നേരിടുവാൻ..."


റൂമിൽ ഒറ്റയ്ക്കിരുന്ന് എന്നും പ്രാർത്ഥിയ്ക്കും. പിന്നെ കുറേ കരയും. വല്യേട്ടന്റെ ഭാര്യ പറയും "ഞാൻ കൂടെ നിൽക്കാം ഉണ്ണീ കൂട്ടിന്" "വേണ്ട" എന്ന് ഞാൻ എന്നും വാശി പിടിച്ചു. എന്റെ കരച്ചിൽ അതാരും കാണാതിരിക്കാൻ... എന്റെ പ്രാർത്ഥനയിൽ അലോസരമുണ്ടാകാതിരിക്കുവാൻ..


ഇടയ്ക്കിടെ അമ്മയ്ക്ക് വേണ്ടി രക്തവും പ്ലെയ്റ്റ്ലെറ്റ്സും പ്ലാസ്മയും ഒക്കെ വാങ്ങി കൊണ്ടു കൊടുക്കുന്നുണ്ടായിരുന്നു. ഒരുദിവസം പുതിയ രക്തം വേണം എന്ന് ഡോക്ടർ ആവശ്യപ്പെട്ടു. A+ve. അതും എത്രയും പെട്ടന്ന്. പിന്നെ അതിനുള്ള ഓട്ടം. മൂത്ത ഏട്ടനെ വിളിച്ചു പറഞ്ഞു. അറിയാവുന്നവരെയൊക്കെ വിളിച്ചു. എന്റെ രക്തം പറ്റുമെങ്കിൽ എടുത്തോളാൻ പറഞ്ഞ് ലാബിൽ ചെന്നു. പക്ഷേ എച്ച്.ബി. കൗണ്ട് കുറവ്. കുഞ്ഞേടത്ത്യമ്മയുടെ രക്തവും പരിശോധിച്ചു. അതും എച്ച്.ബി. കൗണ്ട് കുറവ്. പലരേയും വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. കൂട്ടുകാരി ഫെയ്സ്ബുക്കിൽ ഇട്ടെങ്കിലും അതറിഞ്ഞ് ആരൊക്കെയോ വിളിച്ചു എങ്കിലും രക്തം തരാൻ ഒക്കുന്നവർ ആരും ഉണ്ടായില്ല. ഒടുവിൽ കുഞ്ഞേടത്ത്യമ്മയുടെ കൂട്ടുകാർ വന്നു. ഭാഗ്യം... അത് നടന്നു 


പുതിയ രക്തം കയറ്റിയിട്ടും മാറ്റമൊന്നും കാണുന്നില്ല. കൂടിയും കുറഞ്ഞും പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, മുതലായ ധാതുക്കൾ... ഈശ്വരാ ഇതൊക്കെ ഒന്ന് ശരിയായെങ്കിൽ എന്ന് എന്നും പ്രാർത്ഥന…


മനസിലെ ആശങ്കകൾ കൂടുകയല്ലാതെ ഒട്ടും കുറയാതെ... ചിലപ്പോൾ തോന്നും അമ്മയുടെ അവസാന വാക്കുകൾ "ഞാൻ മരിച്ചു പോകുമോ മോളേ.." എന്നായിരിക്കുമോ... പ്രാർത്ഥനകൾക്ക് അപ്പോൾ ആഴം കൂടും.. "ദൈവമേ എനിയ്ക്ക് എന്റെ അമ്മയെ..."


 അമ്മയുടെ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. കൂട്ടത്തിൽ ചെസ്റ്റ് ഇൻഫക്ഷനും മഞ്ഞപ്പിത്തത്തിന്റെ ചെറിയ ലാഞ്ജനയും. അതിന്റെ ഗൗരവസ്ഥിതി അറിയാവുന്ന ചെറിയച്ഛ അതിലെ അപകടസാധ്യത എന്നോട് പങ്ക് വെച്ചു. "വയസായ ആൾ, കൂടാതെ അവശനില. അതിന്റെ കൂട്ടത്തിൽ ചെസ്റ്റ് ഇൻഫക്ഷൻ എന്ന് പറഞ്ഞാൽ അത് അപകടകരമാണ്. നീ എന്തും നേരിടാൻ മനസിനെ സജ്ജമാക്കുക..." ഒടുവിൽ ചെറ്യച്ഛയും പറഞ്ഞു. 


ഓക്സിജൻ ട്യൂബ് ഇട്ടിട്ട് എട്ട് ദിവസം കഴിഞ്ഞു. "ചെസ്റ്റ് ഇൻഫക്ഷൻ ഉള്ളതുകൊണ്ട് ഇനിയും വായിലൂടെ റ്റ്യൂബിടാൻ പറ്റില്ല. ഞങ്ങൾ ട്രക്യോസ്റ്റമി ചെയ്യാൻ തീരുമാനിച്ചു. അത് ഒരുപക്ഷേ അമ്മയുടെ നിലയിൽ മാറ്റം വരുത്തിയേക്കാം. ആവശ്യമുള്ളിടത്ത് ഒപ്പിട്ടുകൊടുത്തേക്കൂ" ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു. ഏട്ടന്മാർ വന്നിരുന്നെങ്കിലും ഡോക്ടർമാർ എല്ലാം എന്നോടായിരുന്നു പറഞ്ഞിരുന്നത്. കൊണ്ടുചെന്നത് ഞാനായിരുന്നതുകൊണ്ട് അമ്മയെ ഏറെ ആവശ്യം എനിയ്ക്കാണെന്ന് അവർക്ക് തോന്നിയിരിക്കാം. മരുന്ന് വാങ്ങുവാനോ മറ്റോ ഞാൻ പോയിട്ടുണ്ടെങ്കിൽ ഏട്ടന്മാരോടോ ഏടത്ത്യമ്മമാരോടോ അവർ ഒന്നും പറയില്ലായിരുന്നു.


സോഡിയം കൂടുമ്പോൾ പൊട്ടാസ്യം കുറയും. വൈകിട്ടാകുമ്പൊഴേയ്ക്കും കൂടിയതൊക്കെ കുറഞ്ഞിരിക്കും.  അത് ആശങ്ക കൂട്ടും. 19 ആം തിയതി അമ്മയ്ക്ക് ട്രക്യോസ്റ്റമി ചെയ്തു. പിറ്റേന്ന് അമ്മ മയക്കത്തിൽ നിന്നും ഉണർന്നു. ഒരു നഴ്സ് എന്നോട് ഡോക്ടർ പോയതിനു ശേഷം അകത്തു കയറി കണ്ടോളാൻ പറഞ്ഞു. ഡോക്ടർ അറിയാതെ അവർ എനിയ്ക്ക് ചെയ്ത ഫേവർ ആയിരുന്നു അത്. വല്യേടത്ത്യമ്മയും ചെറിയമ്മയും അടുത്തുണ്ടായിരുന്നു. അവരെ പുറത്തുനിർത്തി ഞാൻ ഐ.സി.യു.വിൽ കയറി അമ്മയുടെ അടുത്തു ചെന്നു. ഏത് മയക്കത്തിലും അമ്മ എന്റെ സ്പർശനം തിരിച്ചറിയും എന്നൊരു വിശ്വാസം എനിയ്ക്കുണ്ടായിരുന്നു. മനസ് ധൈര്യസജ്ജമാക്കി ഞാൻ ചെന്ന് അമ്മയുടെ കൈകളിൽ തൊട്ടു. അമ്മ എന്റെ സ്പർശനം പോലും അറിഞ്ഞില്ല. എനിയ്ക്കത് അമ്മയുടെ കൈകളാണെന്ന് തോന്നിയില്ല. മരവിച്ച് മരം പോലെയായ എന്തോ ഒന്നിൽ തൊടും പോലെ. ദിവസങ്ങളോളം കൈ കെട്ടിയിട്ടിരുന്നതിനാൽ നീരുവന്ന് വീർത്ത്... അമ്മയുടെ ഊഷ്മളത ആ കൈകൾക്കില്ലായിരുന്നു. അടുത്തുണ്ടായിരുന്ന നഴ്സ് അമ്മയെ വിളിച്ചു. "അമ്മേ... അമ്മേ... ആരാ വന്നിരിക്കുന്നേന്ന് നോക്യേ... ഇതാരാന്ന് മനസിലായോ?"


അമ്മയുടെ അവസ്ഥ കണ്ട് തകർന്നു നിൽക്കുകയായിരുന്നു ഞാൻ... വായിൽ നുരയുന്ന പത. പതറി പതറി ചലിക്കുന്ന കൃഷ്ണമണികൾ. ദൃഷ്ടി എന്റെ മുഖത്തുറയ്ക്കുന്നേയില്ല. എന്നെ അമ്മയ്ക്ക് മനസിലാകുന്നില്ലേ...? 


നഴ്സ് പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു.. പതറി പതറി ചലിച്ചിരുന്ന ദൃഷ്ടി എന്റെ മുഖത്ത് ഒടുവിൽ കുറച്ചുസമയം... പക്ഷേ മനസിലായ മട്ടില്ല... ഏതാനും നിമിഷങ്ങൾക്കുള്ളിൽ പിന്നെയും ദൃഷ്ടി പതറി പതറി... "അമ്മേ..." ഞാൻ വിളിച്ചു. "അമ്മയ്ക്ക് ഒന്നും ഇല്യാട്ടോ... ഞാൻ പുറത്ത് നിൽപ്പുണ്ട്. റൂമെടുത്തിട്ടുണ്ട്. എന്നെ കുറിച്ചാലോചിച്ച് വിഷമിക്കണ്ട. ഞാൻ സുരക്ഷിതയായി പുറത്തുണ്ട്." അമ്മ ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞത് കേട്ടിരിക്കുമോ...?


ഞാൻ പിന്നെ അവിടെ നിന്നില്ല. എന്റെ കണ്ണുകൾ പെയ്യാനൊരുങ്ങി നിൽക്കുന്നു. അമ്മയുടെ മുന്നിൽ കരഞ്ഞ് അമ്മയുടെ ഉള്ളിലെ ധൈര്യം കളയരുതല്ലോ... ഐ.സി.യു.വിനു പുറത്തു വന്നതും എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നെ മനസിലാകാതെ എന്റെ അമ്മ... ദൃഷ്ടി ഉറയ്ക്കാതെ.. അർദ്ധമയക്കത്തിൽ... എനിയ്ക്കെങ്ങിനെ അത് അധികനേരം കണ്ടുനിൽക്കാനാകും. ഞാൻ പൊട്ടിക്കരഞ്ഞു... കൂടെ എന്റെ ഏടത്ത്യമ്മയും ചെറ്യമ്മയും.. "ഉണ്ണി കരയല്ലേ ഉണ്ണീ... ഞങ്ങളുടെ ധൈര്യം ഉണ്ണിയാണ്." കൂടെ കരയുന്നതിനിടയിൽ ഏടത്ത്യമ്മ പറയുന്നുണ്ടായിരുന്നു... പക്ഷേ ഞാനും മനുഷ്യനല്ലേ... ധൈര്യവതി എന്ന് എല്ലാവരും പറയുമെങ്കിലും എന്റെ മനസ് എനിയ്ക്ക് മാത്രമല്ലേ അറിയൂ...


പിറ്റേന്നും അമ്മയുടെ ആരോഗ്യനിലയിൽ മാറ്റമൊന്നുമില്ല. പതിവുപോലെ, കാലത്ത് കൂടുന്ന പൊട്ടാസ്യവും സോഡിയവും വൈകുന്നേരമാകുമ്പോഴേയ്ക്കും പിന്നെയും കുറയും. ഐ.സി.യു.വിന്റെ ചില്ലുജാലകത്തിലൂടെ എന്നും അമ്മയെ കണ്ട് കണ്ണീരടക്കും ഞാൻ... അമ്മയെ കാണാൻ അമ്മയുടെ വേണ്ടപ്പെട്ടവർ ഇടയ്ക്കിടെ വന്നും പോയുമിരുന്നു...


അമ്മയ്ക്ക് ബോധം വന്നന്ന് അമ്മയെ കണ്ട് കുഞ്ഞേട്ടനും കുടുംബവും ബാംഗ്ലൂർക്ക് തിരിച്ചു പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വല്യേട്ടനും കുടുംബവും പോയി. കുട്ടികൾക്ക് സ്കൂൾ തുറന്നു. അമ്മയുടെ കാര്യം നോക്കാൻ ഞാനുണ്ട്. എനിയ്ക്കാണെങ്കിൽ കുടുംബവും കുട്ടികളും ഒന്നുമില്ല. അതവർക്ക് ഉപകാരമായി. അവർക്ക് അവരുടെ കുടുംബമുണ്ടല്ലോ...


പിന്നെ എന്നും ഐ.സി.യു.വിന്റെ ചില്ല് ജാലകത്തിലൂടെ അമ്മയെ കാണുവാൻ സന്ദർശനസമയങ്ങളിൽ ഞാൻ മാത്രം. ഐ.സി.യു.വിൽ മിക്കപ്പോഴും അമ്മ മാത്രം. അമ്മയ്ക്ക് മുൻപ് വന്നവരും പിന്നീട് വന്നവരും ഒക്കെ രോഗം ഭേദമായി പോയി... അമ്മ മാത്രം പോകാതെ... പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാതെ... എന്റെ വിങ്ങിപ്പൊട്ടുന്ന നില്പ് കണ്ടിട്ടായിരിക്കണം സന്ദർശനസമയങ്ങളിൽ എനിയ്ക്ക് കൂട്ടുനില്ക്കുവാൻ സെക്യൂരിറ്റി ചേച്ചിയോ ചേട്ടന്മാരോ എന്റെ പിന്നിൽ വന്ന് നില്ക്കും. 


എന്റെ പിന്നിൽ നിന്നുകൊണ്ട് അവർ അമ്മയോട് ആംഗ്യത്തോടെ ഉറക്കെ വിളിച്ചുപറയും “പേടിക്കണ്ടാട്ടോ... വിഷമിക്കണ്ടാട്ടോ... ഇവൾക്ക് ഞങ്ങളുണ്ട് ഇവിടെ കൂട്ടിന്‌ അവർ വിളിച്ചു പറയുന്നതൊന്നും ചില്ലുജാലകം കടന്ന് അമ്മയുടെ കാതുകളിൽ എത്തുകയില്ലായിരുന്നെങ്കിലും അമ്മയുടെ അടുത്ത് നിന്നിരുന്ന നഴ്സുമാർ അതെല്ലാം തർജ്ജമ ചെയ്ത് കൊടുക്കും അമ്മയ്ക്ക്...  സ്വന്തമല്ലെങ്കിലും.., ആദ്യമായിട്ടാണ്‌ കാണുന്നതെങ്കിലും... എന്റെ സ്വന്തക്കാരായ... ആരൊക്കെയോ ആയ കുറേ പേർ...


അമ്മ പക്ഷേ പിന്നെ പിന്നെ ഞാൻ ചെന്നാൽ നോക്കാതെയായി... ഞാൻ കാണാൻ ചെല്ലുമ്പോൾ മറുവശത്തേയ്ക്ക് തല തിരിച്ച് കിടക്കും. അത് എന്നെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു... എന്തുകൊണ്ടാണ്‌ അമ്മയിങ്ങനെ... അമ്മയ്ക്ക് എന്നെ ഇത്ര വേണ്ടേ..? സങ്കടം പിന്നെയും മനസിൽ... എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് വന്നപ്പോൾ അതിന്റെ കാരണം അമ്മ പറഞ്ഞപ്പോൾ സങ്കടം തോന്നി. മനസുകൊണ്ട് മരിക്കാൻ തയ്യാറെടുത്തിരുന്നു അമ്മ. മരിയ്ക്കുകയേയുള്ളൂ എന്ന് ആളുറപ്പിച്ചിരുന്നു... ചില്ലുജാലകത്തിലൂടെ കാണുന്ന എന്റെ ഒറ്റപ്പെട്ട രൂപം... അത് അമ്മയുടെ മനസിൽ ഇന്നും നീറ്റലാണ്‌. അതുകൊണ്ടുതന്നെ, അമ്മ എന്നെ വെറുക്കാനാണ്‌ ആദ്യം തുടങ്ങിയത്. അതിന്റെയായിരുന്നു ആ മുഖം തിരിക്കൽ... അത് പക്ഷേ ഞാനറിയുന്നില്ലല്ലൊ...


പണത്തിനായി എന്റെ ആഭരണങ്ങൾ പണയം വെച്ചു. എന്നിട്ടും മതിയാകാതെയായപ്പോൾ ഏട്ടന്റെ ശേഖരം പണയം വെച്ചുതുടങ്ങി.  ദിവസവും മരുന്നും ടെസ്റ്റുകളും മറ്റുമൊക്കെയായി 20000 - 30000 രൂപ വേണമായിരുന്നു. കൂട്ടത്തിൽ ഐ.സി.യു. വാടകയും ഞാൻ താമസിക്കുന്ന മുറി വാടകയും. ഇടയ്ക്കിടെ വാടകയിനത്തിൽ ബിൽ കയ്യിൽ കിട്ടും. 5000 മുതൽ 9000 വരെ ആകുമായിരുന്നു അത്. നല്ലൊരു തുക വല്യെളേമ്മയുടെ മകൻ അക്കൌണ്ടിൽ ഇട്ടു തന്നു. പിന്നെയും പണത്തിന്റെ ആവശ്യകത. ഏറ്റവും വേണ്ടപ്പെട്ടവരുടെ അടുത്ത് നിന്നും കടം വാങ്ങി. വല്യേട്ടനും എങ്ങനെയൊക്കെയോ പണം സ്വരൂപിച്ച് അയച്ചു തന്നു.


ഒരു ദിവസം വല്യേട്ടൻ വിളിച്ചു പറഞ്ഞു “എന്താണിത്? ഇത്ര വിലയുള്ള മരുന്നൊന്നും വേണ്ടാ എന്ന് പറയൂ.. പൈസയുണ്ടാക്കാൻ പറ്റണ്ടെ? എങ്ങനെയുണ്ടാക്കാനാ?” 


ഞാനെന്താ ഡോക്ടറോട് പറയേണ്ടത്? അമ്മയ്ക്ക് മരുന്നൊന്നും കൊടുക്കണ്ട. മരിച്ചോട്ടെ എന്നോ?” മനസിൽ നുരഞ്ഞു പൊന്തിയ അതികഠിനമായ വേദനയോടെ ഞാൻ ചോദിച്ചു. പിന്നെ വല്യേട്ടനും ഒന്നും പറഞ്ഞില്ല. ആളെയും കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചൊരു സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുമില്ല. കൂട്ടത്തിൽ കുടുംബത്തിന്റെ ചിലവും കുട്ടികളുടെ പഠനച്ചിലവും... പെട്ടന്ന് ഇങ്ങനെ ചിലവുകൾ വന്നപ്പോൾ ആളും പകച്ചു പോയി. പണം എന്നും എപ്പോഴും ഒരു വലിയ വസ്തുത തന്നെ. ഡോക്ടർമാരെയും കുറ്റം പറയാനൊക്കില്ല. ആ ഹോസ്പിറ്റലിൽ ഇത്തരം വൈറസുമായി വരുന്ന ആദ്യത്തെ രോഗിയായിരുന്നു അമ്മ!! ഫാർമസിയിൽ ആദ്യമായിട്ടാണ്‌ അത്തരം മരുന്നുകൾ എത്തുന്നതെന്ന് പിന്നീട് അവരും പറഞ്ഞു. ഡോക്ടർമാർക്ക് ഏത് വിധേനയും രോഗിയെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എനിയ്ക്കാണെങ്കിൽ എങ്ങനെയും എന്റെ അമ്മയെ തിരിച്ചുകിട്ടുക എന്നതും. പണം എന്നത് എങ്ങനെയും ഉണ്ടാക്കേണ്ട കാര്യമായിരുന്നു.


എന്റെ വീട്ടുടമസ്ഥനും ടീമംഗങ്ങളും വളരെയധികം എന്നെ പിന്തുണച്ചു. വീട്ടുടമസ്ഥൻ  വാടക പിന്നെ തന്നാൽ മതി ഇപ്പോൾ അമ്മയുടെ കാര്യം നടക്കട്ടെ എന്നു പറഞ്ഞാശ്വസിപ്പിച്ചു. ടീമംഗങ്ങളും അതുപോലെ തന്നെ അവർ ചെയ്ത പ്രോജക്റ്റുകളുടെ പ്രതിഫലം താല്ക്കാലികമായി വേണ്ട എന്നു പറഞ്ഞു. അവരെല്ലാം അവർക്ക് എന്റടുത്തുനിന്നും ലഭിക്കേണ്ട തുക എനിയ്ക്ക് കടമായി തന്ന് എന്നെ സഹായിക്കുകയായിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ മനസിലാകുന്നു. ഒരു ലക്ഷത്തോളം രൂപ അവർ അങ്ങനെ സഹായിച്ചു. പിന്നീട് ഞാനതെല്ലാം കൊടുത്തുവീട്ടിയെങ്കിലും അന്നത് വളരെ വലിയ സഹായമായിരുന്നു.


ടീമംഗങ്ങളെ ഒരാളെപ്പോലും ഞാനിന്നുവരെ കണ്ടിട്ടില്ല, എങ്കിലും വെറും ഫോൺ വിളികളിലൂടെ മാത്രം അറിയുന്ന എന്നിൽ അവർ അർപ്പിച്ച വിശ്വാസം എത്ര വലുതായിരുന്നു... സാമ്പത്തിക കാര്യത്തിൽ ഞാനാരെയും ചതിക്കില്ല എന്നൊരു വിശ്വാസം അവർക്കെപ്പോഴോ എന്നിൽ ഉരുത്തിരിഞ്ഞിരുന്നു... അവരിൽ കന്നഡിഗരും തെലുങ്കരും തമിഴരും ഉണ്ട്. കൂട്ടുകാരെന്ന് പറഞ്ഞ് നടന്ന ചിലർ പോലും അത്തരം വിശ്വാസം എന്നിൽ അർപ്പിച്ചില്ല!!

                            (തുടരും...)