പേജുകള്‍‌

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

വിശ്വാസത്തിലെ വിള്ളലുകൾ...






ഒരുപാട് വർഷങ്ങളുടെ സൗഹൃദമുള്ള എന്റെ വളരെ അടുത്ത ഒരു ആൺസുഹൃത്തിനോട് സന്ദർഭവശാൽ അവന്റെ ചില പെൺസുഹൃത്തുക്കളെ വിശകലനം ചെയ്ത് സംസാരിച്ചപ്പോൾ അടുത്തകാലത്ത്, ഏറിയാൽ ഒന്നര വർഷം മുൻപ് അവനുമായി സൗഹൃദം സ്ഥാപിച്ച വിവാഹിതയായ ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് 'അവർ ആളത്ര ശരിയാണെന്ന് ഞാൻ കരുതുന്നില്ല' എന്നൊരു അഭിപ്രായം ഞാൻ പറഞ്ഞു. അവൻ എനിയ്ക്ക് കാണിച്ചു തന്ന അവരുടെ ഫോട്ടോകളും അവനോടുള്ള അവരുടെ സംസാരങ്ങളും മറ്റും വിശകലനം ചെയ്തപ്പോൾ എനിയ്ക്ക് തോന്നിയ കാര്യമായിരുന്നു അത്.

'നിന്റെ നിഗമനം ശരിയല്ല. അവർ തീർത്തും മാന്യയായ ഒരു സ്ത്രീയാണ്' എന്ന് എന്റെ സുഹൃത്ത് എന്നെ തിരുത്തി. അവരെ കുറിച്ച് അവൻ പറഞ്ഞുള്ള അറിവ് മാത്രമേ എനിയ്ക്കുള്ളൂ. അതുകൊണ്ടുതന്നെ എന്റെ നിഗമനത്തിൽ തെറ്റുണ്ടായിരിക്കാം എന്ന് കരുതി. അവനോട് ഒരു സോഷ്യൽ സൈറ്റിലൂടെ പരിചയം സ്ഥാപിച്ച സ്ത്രീയ്ക്ക് അവരെ ജീവനു തുല്യം സ്നേഹിയ്ക്കുന്ന ഭർത്താവുണ്ടത്രേ. അവരുടെ കാമനകളെ തൃപ്തിപ്പെടുത്തുകയും അവരെ ആത്മാർത്ഥമായി സ്നേഹിയ്ക്കുകയും ചെയ്യുന്ന ഭർത്താവാണെങ്കിലും അയാളെ ഇഷ്ടപ്പെടാതെ നിവൃത്തികേടിന്റെ ചില പ്രത്യേക സാഹചര്യത്തിലാണത്രേ വിദ്യാസമ്പന്നയായ ആ മാന്യസ്ത്രീ തന്നേക്കാൾ ഏറെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള അയാളെ വിവാഹം കഴിച്ചത്. ഭർത്താവിന്റെ വിദ്യാഭ്യാസക്കുറവിൽ വളരെയധികം അതൃപ്തിയും അവർക്കുണ്ട്.

എന്നിരുന്നാലും ഇപ്പോൾ തന്റെ ഭർത്താവ് കഴിഞ്ഞേ തനിയ്ക്കെന്തുമുള്ളൂ എന്ന് അവർ പറയാറുണ്ടത്രേ! അത്രമാത്രം തന്നെയും താനും ജീവന് തുല്യം സ്നേഹിയ്ക്കുന്ന ഭർത്താവുമായുള്ള വേഴ്ചകൾക്ക് ശേഷം ഉറങ്ങുന്ന ഭർത്താവിന്റെ അടുത്ത് കിടന്ന് നട്ടപ്പാതിരയ്ക്ക് പരപുരുഷനെ, അത് സുഹൃത്താണെങ്കിലും, ഫോൺ വിളിച്ച്, ഭർത്താവുമായി കഴിഞ്ഞ വേഴ്ചയെ നാടകമെന്ന് വിശേഷിപ്പിച്ച് സുഹൃത്തെന്ന് വിളിയ്ക്കുന്ന പരപുരുഷനുമായി സിരകളിൽ തീ പടർത്തുന്ന സംഭാഷണം നടത്തുന്ന, ഒരുപക്ഷേ അതിനുമപ്പുറത്തേയ്ക്ക് കടന്നെന്ന് പറയപ്പെടുന്ന ബന്ധം പുലർത്തുന്ന സ്ത്രീ ഇപ്പറയുന്ന മാതിരി മാന്യയായ ഒരുത്തിയാണോ എന്ന് തിരിച്ചു ചോദിയ്ക്കണമെന്നുണ്ടായിരുന്നു എനിയ്ക്ക്. പക്ഷേ എന്തുകൊണ്ടോ ഞാൻ അപ്പോൾ നയപരമായ മൗനം പാലിച്ചു.

‘മാന്യത വേഷഭൂഷാദികളിൽ മാത്രം വേണ്ട ഒന്നാണോ? പ്രവൃത്തിയിലും ചിന്തയിലും അത് വേണ്ടെന്നോ?’  എന്ന ചോദ്യം എന്റെ മനസിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു.

സ്ത്രീയുടെ കാപട്യം നിറഞ്ഞ മാന്യതയ്ക്കൊപ്പം തന്നെ എന്റെ മനസിൽ ഉരുത്തിരിഞ്ഞു വന്ന മറ്റൊന്ന് എന്റെ സുഹൃത്തിന്റെ നടപടിയാണ്. സ്ത്രീയിലൂടെ പരിചയപ്പെട്ട് വളരെ നല്ല സൗഹൃദബന്ധം പുലർത്തുന്ന, ഭാര്യയുടെ സുഹൃത്തെന്ന രീതിയിൽ ഇപ്പറഞ്ഞ എന്റെ സുഹൃത്തിനെ വിശ്വസിയ്ക്കുന്ന അവരുടെ ഭർത്താവിനെ മറച്ചും മറന്നുമുള്ള സ്ത്രീയുടെ ഇത്തരമൊരു സംഭാഷണങ്ങളേയും ബന്ധത്തിനെയും പ്രോൽസാഹിപ്പിക്കുന്ന എന്റെ സുഹൃത്ത്, അവൻ അവിവാഹിതനാണെങ്കിലും, ചെയ്യുന്നത് സത്യത്തിൽ വഞ്ചനയല്ലേ? അവരുടെ ഇത്തരം കീഴ്വഴക്കങ്ങളെ പ്രോൽസാഹിപ്പിച്ചുകൊണ്ട് തന്റെ ഭാര്യയും അവളുടെ സുഹൃത്തും തന്നെ വഞ്ചിക്കില്ല എന്ന അവരുടെ ഭർത്താവിന്റെ വിശ്വാസത്തെയല്ലേ അവർ രണ്ട്പേരും ചേർന്ന് ചൂഷണം ചെയ്യുന്നത്? ഭാവിയിൽ സ്വന്തം ഭാര്യ അവനോട് ഇതുപോലെ ചെയ്താൽ... 

 പുരുഷൻ ചളി കാണുമ്പോൾ ചവിട്ടുകയും വെള്ളം കാണുമ്പോൾ കഴുകുകയും ചെയ്യുന്നവനാണ് എന്ന ആപ്തവാക്യവും ചിന്തിയ്ക്കേണ്ടത് സ്ത്രീയാണ് എന്ന കാഴ്ചപ്പാടും ഭാര്യയ്ക്ക് ഭർത്താവിനോടില്ലാത്ത ആത്മാർത്ഥത തനിയ്ക്കെന്തിന് എന്ന പുരുഷചിന്തയും ചേർന്നാണോ ഇത്തരം ബന്ധങ്ങളുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നത്?

കള്ളത്തരങ്ങൾ ചെയ്യുന്നവർക്ക് ഒരു ധാരണയുണ്ട്. ബുദ്ധി അവർക്ക് മാത്രമേ ഉള്ളൂ, ബാക്കിയുള്ളവർക്കെല്ലാം ഒറ്റബുദ്ധി മാത്രമാണ് എന്ന്. പക്ഷേ അവർ മനസിലാക്കുന്നില്ല മറ്റുള്ളവരും കുറഞ്ഞത് സാമാന്യബുദ്ധിയുള്ളവരെങ്കിലും ആണെന്ന്. കുറച്ച് വൈകിയാണെങ്കിലും അവർക്ക് മുന്നിൽ വസ്തുതകൾ സ്വമേധയാ ചെന്നെത്തും എന്ന്, അത് സത്യമായാലും കള്ളമായാലും.  എല്ലാത്തിലും വലിയവനായ ദൈവം എന്നൊരാൾ എവിടെയോ ഉണ്ടല്ലോ!!!

ഒരു കാര്യം ഉറപ്പാണ്. പലനാൾ കള്ളൻ ഒരുനാൾ പിടിയ്ക്കപ്പെടും. അത് കള്ളനായാലും കള്ളിയായാലും കള്ളത്തരമായാലും. അതിന് എത്ര മാന്യതയുടെ മുഖംമൂടി അണിഞ്ഞു കൊടുത്താലും. അവരുടെ ബന്ധത്തിന് അധികം ആയുസ്സുണ്ടാകില്ല. 'മൂന്നാമതൊരാൾ' ആയി ഒരു കുടുംബകലഹത്തിന് എന്റെ പ്രിയസുഹൃത്ത് താമസിയാതെ ഹേതുവാകുമെന്ന് കുറച്ച് വേദനയോടെ തന്നെ എന്റെ മനസ് മന്ത്രിക്കുന്നു.  താൻ വിശ്വസിയ്ക്കുന്ന തന്റെ ഭാര്യയാലും അവൾ തനിയ്ക്ക് പരിചയപ്പെടുത്തിയ അവളുടെ സുഹൃത്തിനാലും വഞ്ചിക്കപ്പെട്ടു എന്നറിയുന്ന നിമിഷം ഭർത്താവിന്റെ ഉള്ളിൽ നിന്നും ഉയരുന്ന വേദന നിസ്സഹായന്റെ കണ്ണുനീരിൽ നിന്നും രൂപം കൊള്ളുന്ന കടുത്ത ശാപമായി എന്റെ സുഹൃത്തിന്റെ ജീവിതത്തിനുമേൽ പതിയ്ക്കാതിരിക്കട്ടെ എന്ന് അല്പം സ്വാർത്ഥതയോടെ, അതിലധികം ആത്മാർത്ഥതയോടെ ഞാൻ പ്രാർത്ഥിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ