പേജുകള്‍‌

2013, ജൂലൈ 2, ചൊവ്വാഴ്ച

പച്ചകുത്തിയ മയിൽപീലി 
ദേഹത്ത് മയിൽപീലി പച്ച കുത്തിയപ്പോൾ പലരും ചോദിച്ചു 'ഇഷ്ടം കള്ളക്കൃഷ്ണനെയാണോ' എന്ന്. അതെ എന്ന് മറുപടി പറഞ്ഞു.
സത്യമാണത്. ഓർമ്മ തെളിയുന്നതിനും മുൻപേ തുടങ്ങിയതാണാ ഇഷ്ടം.

ഒന്നര വയസിലായിരുന്നത്രേ ഗുരുവായൂരമ്പലത്തിൽ പോയപ്പോൾ അമ്മയുടെ ഒക്കത്ത് നിന്ന് തന്നിഷ്ടപ്രകാരം ഊർന്നിറങ്ങി ആ നടയിൽ കാലും നീട്ടിയിരുന്ന് നാമം ജപിച്ചത്!! അമ്മ പറഞ്ഞുള്ള അറിവാണ്. പിന്നീട് ആ ഇഷ്ടത്തിന് കുറവൊന്നും വന്നില്ല. വളർന്ന് വരും തോറും ആ ഇഷ്ടവും കൂടിക്കൂടി വന്നു.

എപ്പോഴോ  രാധയായി സ്വയം സങ്കൽപിച്ച് ജീവിച്ചു കുറേ നാൾ!!! കള്ളകൃഷ്ണന് സ്വന്തം കൈകൊണ്ട് കെട്ടിയുണ്ടാക്കിയ മാല ചാർത്തി കൃഷ്ണ, കൃഷ്ണ മാത്രം ജപിച്ച് ഒരു ജീവിതം... തികച്ചും കാമുകീഭാവത്തോടു കൂടിയ ഒരു സന്യാസിനീഭാവം... 

സങ്കല്പത്തിലെ പുരുഷന് കാർവർണ്ണം വേണമെന്ന് എന്നുമുതലാണ് ചിന്തിച്ചു തുടങ്ങിയത്? കൗമാരത്തിലാണെന്ന് തോന്നുന്നു... അയാൾക്ക് വിടർന്ന് വലിയ കണ്ണുകളും ആഗ്രഹിച്ചു. കരിവീട്ടി പോലെ ഉറച്ചദേഹവും പിന്നെ കൂടിയ പൊക്കവും അതിനൊരു നിറച്ചാർത്ത് പോലെ മനസിൽ രൂപം കൊണ്ടു. കള്ളകൃഷ്ണന് ഒരു സൗമ്യമുഖമാണെങ്കിലും ജീവിതത്തിലെ കൃഷ്ണന് എന്തുകൊണ്ടോ ഗൗരവമുള്ള, ഇത്തിരി പരുക്കൻ മുഖമാണ് ആഗ്രഹിച്ചത്. പലപ്പോഴും ദിവാസ്വപ്നങ്ങളിൽ അങ്ങിനെയൊരാൾ സന്ദർശനം നടത്തി.

സ്വപ്നവും യാഥാർത്ഥ്യവും വിരുദ്ധ ധ്രുവങ്ങളിലുള്ള വസ്തുതകളാണെന്ന് കാലം തെളിയിച്ചു തന്നപ്പോൾ ആദ്യം മനസിൽ പകപ്പാണുണ്ടായത്...

പോകെ പോകെ വർണ്ണങ്ങൾ നഷ്ടമാകുന്നത് ഞാനറിഞ്ഞു... കള്ളക്കണ്ണന്റെ കാർവർണ്ണം എങ്ങോ പോയി മറഞ്ഞു... വിടർന്ന കണ്ണുകൾ.. കരിവീട്ടി ദേഹം... കൂടിയ പൊക്കം.. അങ്ങിനെയോരോന്നോരോന്നായി നഷ്ടപ്പെടുന്നത് ഞാനറിഞ്ഞു...  ഒടുവിൽ വർണ്ണങ്ങളില്ലാത്ത ഒരവസ്ഥയിൽ എത്തി നിന്നു...

ഇപ്പോൾ മനസിലാകുന്നു എനിയ്ക്ക് നഷ്ടപ്പെട്ടത് എന്റെ വർണ്ണങ്ങൾ മാത്രമായിരുന്നില്ല.. എന്റെ സ്വപ്നങ്ങൾ... എന്റെ പ്രതീക്ഷകൾ... എന്നോ വരുമെന്ന് കാത്തിരുന്ന എന്റെ കള്ളക്കണ്ണൻ... എല്ലാം എല്ലാം എനിയ്ക്ക് നഷ്ടമായിരിക്കുന്നു...