പേജുകള്‍‌

2013, മാർച്ച് 31, ഞായറാഴ്‌ച

ഒരു തുറന്ന കത്ത്...


സുഹൃത്തേ...

താങ്കളാരാണെന്ന് എനിയ്ക്കറിയില്ല. ഞാൻ താങ്കളെ കണ്ടിട്ടില്ല. താങ്കളോട് സംസാരിച്ചിട്ടില്ല. ഉള്ളത് കുറച്ച് കേട്ടറിവുകൾ മാത്രം. ഞാൻ ആരെന്ന് സ്വയം പരിചയപ്പെടുത്താം. താങ്കളുടെ കപടപ്രണയത്തിൽ വിശ്വസിച്ച് വഞ്ചിയ്ക്കപ്പെട്ട് താങ്കളുടെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന പെൺകുട്ടി പ്രസവിയ്ക്കുന്ന അതാങ്കളുടെ കുഞ്ഞിനെ ഏറ്റെടുത്ത് വളർത്തുവാൻ ഉദ്ദേശിയ്ക്കുന്ന ഒരു സ്ത്രീയാണ് ഞാൻ

പെൺകുട്ടിയും കുഞ്ഞും എന്റെ മനസിൽ സൃഷ്ടിച്ച നീറ്റലിന്റെ ഫലമാണ് തുറന്ന കത്ത്. താങ്കൾ എന്തുകൊണ്ടാണ് പെൺകുട്ടിയെ ഉപേക്ഷിയ്ക്കുവാൻ മുതിരുന്നത് എന്നെനിയ്ക്കറിയില്ല. താങ്കളെ ഗാഢമായി സ്നേഹിച്ചിരുന്ന, വിശ്വസിച്ചിരുന്ന പെൺകുട്ടിയ്ക്ക് പോലും അറിയാത്ത വസ്തുത എനിയ്ക്കെങ്ങിനെ അറിയുവാൻ!! എങ്കിലും പെൺകുട്ടി മനസലിവുള്ളവളാണെന്ന് അവളുടെ പ്രവൃത്തിയിൽ നിന്നും മനസിലായതുകൊണ്ട് അറിയാതെ അവൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു പോകുന്നു. താങ്കൾ ഉപേക്ഷിച്ച് കഴിഞ്ഞാൽ തന്റെ ഭാവി ജീവിതത്തിനു പോലും ദോഷകരമായേക്കാമെന്ന് അറിഞ്ഞിട്ടും ഉദരത്തിൽ കുരുത്ത കുഞ്ഞിനെ കൊല്ലാൻ സമ്മതിയ്ക്കാതെ 'ആരെങ്കിലും വളർത്തുവാനുണ്ടെങ്കിൽ ഞാൻ കുഞ്ഞിനെ പ്രസവിച്ചു കൊള്ളാം ഡോക്ടർ' എന്ന് പറഞ്ഞ പെൺകുട്ടി മനസലിവുള്ളവളാണ് എന്നത് തീർച്ച. മനസലിവുള്ളതുകൊണ്ടാണല്ലോ അവൾ താങ്കളെ അന്ധമായി പ്രണയിച്ചതും വിശ്വസിച്ചതും.!! 

താങ്കൾ സ്വാർത്ഥനായതുകൊണ്ടാണ് അവൾക്കിപ്പോൾ ഇങ്ങിനെയൊരു അവസ്ഥ വന്നിരിക്കുന്നത്. അഭ്യസ്ഥവിദ്യനായ താങ്കൾക്ക് ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുവാൻ സാധിയ്ക്കുമായിരുന്നില്ലേ? എത്രയെല്ലാം മുൻകരുതലുകൾ ഇക്കാലത്ത് ലഭ്യമാണ്. എന്നിട്ടും താങ്കൾ താങ്കളുടെ സുഖത്തിനുമാത്രം സ്ഥാനം നൽകി.  

ഒരു പക്ഷേ വിവാഹത്തിനു മുൻപേ ഒരുത്തന്റെ കൂടെ ജീവിച്ച് അവിഹിതഗർഭം സമ്പാദിച്ചു എന്നതായിരിക്കാം താങ്കൾ അവളിൽ കണ്ട തെറ്റ്. ഒന്നു ചോദിച്ചോട്ടെ...? താങ്കളുടെ പ്രണയത്തിൽ, വാഗ്ദാനങ്ങളിൽ, താങ്കളിൽ വിശ്വാസമർപ്പിച്ചതുകൊണ്ടായിരിക്കില്ലേ അവൾ താങ്കളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയത്? താങ്കളുടേത് കപടസ്നേഹമാണെന്ന് തിരിച്ചറിയുവാൻ ഒരിയ്ക്കലെങ്കിലും അവൾക്ക് സാധിച്ചിട്ടുണ്ടാവില്ല. അത് താങ്കളുടെ കഴിവും അവളുടെ ബലഹീനതയും.

സ്വന്തമായി വ്യക്തിത്വമുള്ള ഒരു പുരുഷനും ഇത്തരം പ്രവൃത്തി ചെയ്യില്ല. വ്യക്തിത്വം കുടുംബത്തിൽ നിന്നും ലഭിയ്ക്കേണ്ട സദ്ഗുണങ്ങളിൽ ഒന്നാണ്. കാപട്യം മനസിൽ വെച്ച് പ്രണയത്തെ വികലമാക്കുന്ന പുരുഷൻ, അവനെത്ര ഉന്നത സ്ഥാനത്തിരിക്കുന്നവനായാലും പുരുഷനെന്ന് വിളിയ്ക്കപ്പെടുവാൻ അർഹതയില്ലാത്തവനാണ്. നപുംസകതുല്യമായ മനുഷ്യജന്മം എന്നേ അത്തരക്കാരെ വിളിയ്ക്കുവാൻ സാധിയ്ക്കൂ... സ്വന്തം സുഖവും സന്തോഷവും ആവോളം കപടപ്രണയം നടിച്ച് നേടിയെടുത്ത് ആത്മാർത്ഥമായി തന്നെ പ്രണയിച്ച പെൺകുട്ടിയെ ഉപേക്ഷിച്ച് മറ്റുള്ളവരെ തേടി പോകുന്ന പുരുഷൻ.. അവനെ മറ്റെന്ത് വിളിയ്ക്കുവാൻ!! താങ്കളും അതേ സ്ഥാനത്താണെന്ന് താങ്കളുടെ പ്രവൃത്തികൊണ്ട് തെളിയിച്ചിരിക്കുന്നു.

ഒരുപക്ഷേ താങ്കളുടെ വാർദ്ധക്യകാലത്ത് താങ്കൾക്ക് താങ്ങും തണലുമായിരിക്കാവുന്ന താങ്കളുടെ കുഞ്ഞിനെയായിരിക്കാം താങ്കൾ ഇപ്പോൾ ഉപേക്ഷിയ്ക്കുവാൻ തയ്യാറാകുന്നത്. ഒരുകാര്യം ഉറപ്പാണ്. പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ കണ്ണുനീർ താങ്കളുടെ ഭാവി ജീവിതത്തെ പൊള്ളിയ്ക്കും. അവൾ താങ്കളെ മനസറിഞ്ഞ് ശപിയ്ക്കില്ലായിരിക്കാം. കാരണം ആത്മാർത്ഥമായി ഒരിയ്ക്കൽ പ്രണയിച്ച പുരുഷനെ മനസറിഞ്ഞ് ശപിയ്ക്കുവാൻ ഒരു സ്ത്രീയ്ക്കും സാധിയ്ക്കില്ല. അറിയാതെ എന്തെങ്കിലും വാക്കുകൾ പുറത്തേയ്ക്ക് വന്നുപോയാൽ തന്നെ പിന്നീട് അവൾ അതേ ചൊല്ലി ദൈവത്തിനോട് മാപ്പ് ചോദിയ്ക്കും. അനുഭവമാണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്.

പുരുഷൻ.. അവന് എല്ലാം പെട്ടന്ന് മറക്കുവാനും മറ്റൊരാളെ തേടി പോകുവാനും എളുപ്പം സാധിയ്ക്കും. പക്ഷേ, മറവിയിലാണ്ടതെല്ലാം ഒരിയ്ക്കൽ ഓർമ്മയിലേയ്ക്ക് കയറിവരുന്ന ഒരു നാൾ ഉണ്ടാകും. തീർച്ചയായും അങ്ങിനെ ഒരു നാൾ വരും. അന്ന് അവർക്ക് ഇപ്പറയുന്ന രക്തത്തിളപ്പോ ആരോഗ്യമോ മന:ക്കട്ടിയോ ഉണ്ടാവില്ല. അന്ന് പക്ഷെ കണ്ണുകളിൽ നിന്നും ഉറവ പൊട്ടുന്ന കണ്ണുനീർ ഒന്നിനും പരിഹാരമാവില്ല എന്നുകൂടി ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

ആരോ പ്രസവിച്ച കുഞ്ഞിനെ സ്വീകരിച്ച് വളർത്തുവാൻ വേണ്ടി കാത്തിരിക്കുന്ന എന്റെ മനസിൽ എത്രയോ പദ്ധതികളാണ് കുഞ്ഞിനു വേണ്ടിയുള്ളത്!! കുഞ്ഞിനെ ഞാൻ ഇപ്പോഴേ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അപ്പോൾ അതിനെ ഗർഭം ധരിച്ച പെൺകുട്ടിയുടെ മനസിൽ അതിനോട് എത്ര സ്നേഹമുണ്ടായിരിക്കണം. തന്റെ നിസ്സഹായതകൊണ്ട് മാത്രം അതിനെ ഉപേക്ഷിയ്ക്കേണ്ടി വരുന്ന അമ്മമനസിന്റെ നീറ്റൽ താങ്കൾ ഏത് ജന്മത്തിൽ തീർക്കും?  

ഒന്നുറപ്പാണ്. ജനിയ്ക്കുന്ന കുഞ്ഞ് ആൺകുട്ടിയാകുകയാണെങ്കിൽ, അവന് ഞാൻ പറഞ്ഞുപഠിപ്പിക്കുന്ന ആദ്യപാഠം, അവന്റെ അച്ഛനെ പോലെ സ്ത്രീകളെ കപടസ്നേഹത്തിലൂടെ വഞ്ചിക്കുന്ന ഒരുവനായി മാറരുത് അവൻ എന്നായിരിക്കും. ഊരും പേരും അറിയാത്ത അവന്റെ അച്ഛന്റെ വൃത്തികെട്ട വഞ്ചനയുടെ കഥയും അയാളെ അന്ധമായി പ്രണയിച്ച അവന്റെ അമ്മയുടെ നിസ്സഹായതയും പറഞ്ഞുകൊടുത്തേ ഞാൻ അവനെ വളർത്തൂ... അവന്റെ അച്ഛനെ പോലെ ലോകത്തെ മലീമസമാക്കുന്ന ഒരു പുരുഷപ്രജയായി അവൻ വളരുകയില്ല.

എന്റെ ഈ തുറന്ന കത്ത് താങ്കളുടെ കപടമനസിൽ എള്ളോളമെങ്കിലും ആത്മാർത്ഥത നിറയ്ക്കുവാൻ സഹായിച്ചിരുന്നെങ്കിൽ...  താങ്കളെ സ്നേഹിച്ച പെൺകുട്ടിയേയും അവളിൽ താങ്കൾക്ക് പിറക്കുവാൻ പോകുന്ന ആ കുഞ്ഞിനേയും സ്വന്തം തെറ്റ് മനസിലാക്കി, പൂർണ്ണ മനസോടെ താങ്കൾ സ്വീകരിച്ചെങ്കിൽ എന്ന പ്രാർത്ഥനയോടെ

2 അഭിപ്രായങ്ങൾ:

  1. ഒരവിഹിത ഗർഭവും അതിന്റെ നീറുന്ന ഓർമ്മകളും ആ പാവം അമ്മയെ നീറ്റുക തന്നെ ചെയ്യും.... ആ നാറി താൻ ഒരു കുഞ്ഞിനു ജന്മം നൽകാൻ കെൽപ്പുള്ളവനാണോ എന്നറിയാനായിരുന്നോ ഒരു പെണ്ണിന്റെ മാനം വെച്ചു കളിച്ചത്....ആരോരുമില്ലാതെയാവുന്ന ഒരു കൊച്ചിനെ ഏറ്റെടുത്ത്‌ വളർത്താൻ കാണിച്ച മനസ്സിനു ഒരായിരം പ്രണാമം. ആ കൊച്ചിന്റെ തന്തക്കു നല്ല ബുദ്ധി വരട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്തിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സുരു. നമുക്ക് പ്രാർത്ഥിയ്ക്കാം. ആ പുരുഷന്റെ മനസ് മാറിയെങ്കിൽ എന്ന്...

    മറുപടിഇല്ലാതാക്കൂ