പേജുകള്‍‌

2013, ജനുവരി 18, വെള്ളിയാഴ്‌ച

നിറകൺചിരികൾ....

എന്താണ് നിറകൺചിരി?
കണ്ണുകൾ നിറഞ്ഞിരിക്കുമ്പോൾ തന്നെ ചിരിക്കുന്ന അവസ്ഥയാണ് നിറകൺചിരിയായി മാറുന്നത്. രണ്ട് അവസരങ്ങളിൽ നിറകൺചിരികൾ ഉണ്ടാകും. അധികരിച്ച സന്തോഷത്തിൽ കണ്ണുകൾ നിറയുകയും സന്തോഷം ചിരിയായി മുഖത്ത് വ്യാപിക്കുകയും ചെയ്യുമ്പോൾ നിറകൺചിരി ഉണ്ടാകുന്നു. അധികരിച്ച സങ്കടത്തിൽ കണ്ണുകൾ നിറയുകയും ആ സങ്കടം മറച്ചു വെച്ചുകൊണ്ട് സന്തോഷം അഭിനയിക്കുകയും ചെയ്യുമ്പോൾ നിറകൺചിരി ഉണ്ടാകുന്നു.

എന്റെ ഓർമ്മയിൽ എന്റെ ജീവിതത്തിൽ ഒരിയ്ക്കൽ മാത്രമേ അധികരിച്ച സന്തോഷം കൊണ്ടുള്ള നിറകൺചിരി ഉണ്ടായിട്ടുള്ളൂ... ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയിൽ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ നൽകിയ ഒരു വാഗ്ദാനത്തിൽ മനസ് നിറഞ്ഞപ്പോൾ ഉണ്ടായ നിറകൺചിരി... ഏതൊരു സ്ത്രീയും ഏറെ കേൾക്കുവാൻ കൊതിയ്ക്കുന്ന ഒരു വാഗ്ദാനമായിരുന്നു അത്. കേട്ടപ്പോൾ അറിയാതെ മനസ് നിറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി. അതിനിടയിലും എന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. പക്ഷേ കൂടെയുണ്ടായിരുന്ന കൂട്ടുകാരന് അത് കാണുവാൻ സാധിച്ചില്ലായിരുന്നു. കാരണം പതിവുപോലെ  അയാൾക്ക് എന്റെ മുഖം കാണുവാനാകാത്ത വിധത്തിൽ ഞാൻ  മുൻപേ ആയിരുന്നു ഉണ്ടായിരുന്നത്. യാത്രകളിൽ നൽകിയ വാഗ്ദാനങ്ങളായിരുന്നതുകൊണ്ടായിരിക്കും അത് പാലിയ്ക്കപ്പെടാതെ പോയി. വാഗ്ദാനം നൽകിയ ആൾ അത് പണ്ടേ മറന്നു പോയി. ഒരിയ്ക്കലും പാലിയ്ക്കപ്പെടുവാൻ സാധിയ്ക്കാത്ത വിധത്തിൽ അയാൾ മറ്റൊരാളുടേതായി. ഓർമ്മിപ്പിക്കുവാൻ എന്തുകൊണ്ടോ എനിയ്ക്കും സാധിച്ചില്ല. ഓർമ്മിപ്പിച്ചതുകൊണ്ട് ഫലമുണ്ടാകില്ല എന്നറിയാവുന്നതുകൊണ്ടായിരിക്കാം ഓർമ്മിപ്പിക്കുവാൻ തുനിയാഞ്ഞത്. പാലിയ്ക്കപ്പെടുവാൻ കഴിയാത്ത പല വാഗ്ദാനങ്ങളിൽ ഒന്ന് മാത്രമായി അതും മാറി. പക്ഷേ എന്റെ ജീവിതത്തിലെ ഒരിയ്ക്കലും മറക്കുവാൻ സാധിയ്ക്കാത്ത സന്തോഷത്തിന്റെ ആദ്യത്തെയും അവസാനത്തെയും നിറകൺചിരിയായി മാറി അത്.

സങ്കടത്തിന്റെ നിറകൺചിരികൾ പിന്നീട് ജീവിതത്തിൽ പലപ്പോഴും  ഉണ്ടായിട്ടുണ്ട്. സന്തോഷം അഭിനയിയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങൾ... അപ്പോഴും മുഖം മറ്റുള്ളവരിൽ നിന്നും മറച്ചുപിടിയ്ക്കുവാൻ ഞാൻ പ്രത്യേകിച്ചും നിഷ്കർഷിച്ചിരുന്നു...

ഒരിയ്ക്കൽ മനസിൽ പ്രണയം തോന്നിയ കൂട്ടുകാരൻ മറ്റൊരുവളെ പ്രണയിയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. എങ്കിലും അത് ഭാവിയ്ക്കാതെ അഭിനയിയ്ക്കേണ്ടി വന്നു. നിറകൺചിരിയുടെ മറ്റൊരു ഓർമ്മ. അന്ന് അയാൾ എനിയ്ക്ക് മുൻപേ ആയതു കൊണ്ട് എന്റെ നിറകൺചിരി കണ്ടില്ല... അങ്ങിനെ എത്രയെത്ര സന്ദർഭങ്ങൾ!!! ഓർത്തെടുത്താൽ ഒരുപാട്...