പേജുകള്‍‌

2012, ഡിസംബർ 11, ചൊവ്വാഴ്ച

അവൾ...
അവൾ എന്നും മറ്റുള്ളവർക്ക് തെറ്റിദ്ധരിയ്ക്കുവാനും കുറ്റപ്പെടുത്തുവാനുമുള്ള വ്യക്തി മാത്രമായിരുന്നു. അവൾക്ക് മധുര വാക്കുകൾ മൊഴിയുവാനോ കൊഞ്ചിക്കുഴയുവാനോ അറിയില്ല എന്നത് കൊണ്ടുതന്നെ അവളുടെ വ്യക്തിത്വം എന്നും തെറ്റിദ്ധരിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു. അവൾക്ക് വേണ്ടി വാദിയ്ക്കുവാനും ശബ്ദമുയർത്തുവാനും ആരുമുണ്ടായില്ല.


അവൾക്ക് പ്രിയപ്പെട്ടവരും അവർക്ക് പ്രിയപ്പെട്ടവരും അവളെ മാറി മാറി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അവൾ എന്നും ഒരു പ്രശ്നകാരി എന്ന് മുദ്രകുത്തി. കാരണം എന്നും കഥകളിലെ വില്ലത്തി അവളായിരുന്നുവല്ലോ...  അങ്ങിനെയല്ല എന്ന് പറയുവാൻ അവളെ ഏറെ അറിയുന്നവർ പോലും മുതിർന്നതേയില്ല. ആരും അവൾ ആരെന്ന്, അവളുടെ മനസെന്തെന്ന് അറിയാൻ ശ്രമിച്ചില്ല. ഓരോരുത്തരും അവനവനു വേണ്ടി അവളെ വില്ലത്തിയാക്കി. സ്വന്തം ഭാഗം ന്യായീകരിയ്ക്കുവാൻ മാത്രം അവളെ കുറ്റപ്പെടുത്തി.

ഒരുത്തി അയാൾക്ക് വേണ്ടി മെനഞ്ഞ കുതന്ത്രത്തിൽ മറ്റൊരുവളുടെ ജീവിതം നശിപ്പിക്കപ്പെട്ടു (എന്ന് ഭാഷ്യം) എന്ന ചിന്തയിൽ ആ മറ്റൊരുവളോട് തോന്നിയ സഹതാപമോ പരിഗണനയോ അയാൾക്ക് തന്റെ പ്രവൃത്തികൊണ്ട് മാത്രം ജീവിതം നഷ്ടപ്പെടുന്ന, നഷ്ടപ്പെട്ട  അവളുടെ ജീവിതത്തിനു നേർക്ക് ഒരിയ്ക്കലും തോന്നിയില്ല. അത്രമാത്രം നിദ്രയിലായിരുന്നു അയാൾ. ആ നിദ്രയിൽ നിന്നും, നുണകളിൽ മറ്റുള്ളവർ മെനഞ്ഞ ചീട്ടുകൊട്ടാരത്തിൽ നിന്നും പുറത്ത് കടക്കുവാൻ അയാൾക്ക് ഒരിയ്ക്കലും സാധിച്ചിരുന്നില്ല. അവരാണ് സത്യം, അവർ മാത്രമാണ് സത്യം എന്ന് അയാൾ വിശ്വസിച്ചു. അങ്ങിനെയല്ല എന്ന് അവൾ അറിയിച്ചപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ആശയക്കുഴപ്പത്തിൽ അയാൾ ഉഴറി.

അവരെ ന്യായീകരിയ്ക്കാനുള്ള ശ്രമത്തിനൊപ്പം തന്നെ അവളെ കുറ്റപ്പെടുത്തുവാനും അയാൾ ശ്രമിച്ചു. ഒടുവിൽ, അയാളുടെ പ്രിയപ്പെട്ടവർ മെനഞ്ഞ കെണിയിൽ അയാളും അവളും ഒരുപോലെ അകപ്പെട്ടു. കെണിയിൽ അകപ്പെട്ടു കിടക്കുമ്പോഴും അവളെ കുറ്റപ്പെടുത്തുവാനും കള്ളിയാക്കാനും അയാൾ ശ്രമിയ്ക്കുകയായിരുന്നു.

തനിയ്ക്ക് വേണ്ടി ശബ്ദമുയർത്തുവാൻ ആരുമില്ല എന്ന തിരിച്ചറിവ് അവളിൽ വേദനയായി കിനിഞ്ഞിറങ്ങി... അപ്പോഴും അയാൾക്ക് പ്രിയപ്പെട്ടവർ അവളെ 'പ്രശ്നകാരി' എന്ന് ആക്രോശിച്ചു കൊണ്ടേയിരുന്നു. സ്വന്തം വേദനയിൽ ചവുട്ടി നിന്നുകൊണ്ട് ഉയിർത്തെഴുന്നേൽക്കുവാനുള്ള അവളുടെ ശ്രമം പ്രശ്നകാരി എന്ന് ആക്രോശിയ്ക്കുന്നവരുടെ മുഖം_മൂടി കീറിയെറിയുവാൻ പോന്നതായിരുന്നു. കണ്ടതും അനുഭവിച്ചതുമായ സത്യങ്ങൾ ഒട്ടും മായം കലർത്താതെ  അവൾ വിളിച്ചു പറഞ്ഞു. അതുകൊണ്ട് മാത്രം അവൾ മറ്റുള്ളവർക്ക് പ്രശ്നകാരിയായി തീർന്നു...

പറഞ്ഞ നുണകളിൽ പിടിച്ചു നിൽക്കുവാനുള്ള ആത്മവിശ്വാസം കൈമുതലായുള്ളവർ, പലവട്ടം അത് തെളിയിച്ചിട്ടുള്ളവർ അതേ ആത്മവിശ്വാസത്തോടെ വീണ്ടും വീണ്ടും നുണകളിൽ ചീട്ടുകൊട്ടാരം പടുത്തുയർത്തുന്നു. ഒപ്പം ആക്രോശിയ്ക്കുന്നു; 'അവൾ പ്രശ്നകാരി' എന്ന്...

കള്ളക്കഥകൾ മെനയുവാനോ അതാണ് സത്യം എന്ന് വാദിയ്ക്കുവാനോ അവൾക്കൊരിയ്ക്കലും അറിയില്ലായിരുന്നു. അവൾ പഠിച്ച പാഠം 'തലപോയാലും സത്യം പറയുക' എന്നതായിരുന്നു. അതുകൊണ്ടുതന്നെ പരമാവധി സത്യത്തിൽ തന്നെ അവൾ നിലകൊണ്ടു. മനസിലുള്ളത് ഉറക്കെ വിളിച്ചുപറയുവാനും പറയുന്നത് പ്രവർത്തിയ്ക്കുവാനും അവൾ ശ്രമിച്ചു. മനസിൽ ഒന്നു വച്ച് പുറമേ മറ്റൊന്നു നടിയ്ക്കുവാൻ അവൾക്കില്ലാത്ത സിദ്ധി മറ്റുള്ളവർക്കുണ്ടായത് ഒരിയ്ക്കലും അവളുടെ തെറ്റല്ലാലൊ... അത്തരം ഒരു സിദ്ധി ഇനിയും അവൾക്ക് നേടിയെടുക്കുവാൻ സാധ്യമല്ല. കാരണം അവൾക്ക് അവളാകുവാനല്ലേ സാധിയ്ക്കൂ...

ആത്മാർത്ഥത മാത്രമാണ് എന്നും അവൾക്ക് കൈമുതൽ. ആത്മാർത്ഥത എന്ന വാക്കിനു ഈ കാലത്ത് യാതൊരു വിലയുമില്ലെങ്കിലും!!! കാപട്യമാണ്, കള്ളങ്ങളിൽ നിലനിൽക്കുവാനുള്ള സാമർത്ഥ്യമാണ് ഇന്നത്തെ ലോകത്തെ യോഗ്യത. അവ കൈമുതലായുള്ളവരെ ലോകം രണ്ടുകയ്യും നീട്ടി സ്വീകരിയ്ക്കും, കണ്ണടച്ച് വിശ്വസിയ്ക്കും. അവരാണ് ശരി എന്ന് സ്ഥാപിയ്ക്കും. അതാണ് ലോകം.

നുണ പറയണം എന്ന് പ്രിയപ്പെട്ടവർ പ്രേരിപ്പിയ്ക്കുമ്പോഴും 'എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചാൽ ഞാൻ സത്യം പറഞ്ഞുപോകും' എന്നവൾ ആവർത്തിച്ചു. അതായിരുന്നു അവളുടെ അയോഗ്യത. മറ്റുള്ളവർ മെനഞ്ഞ കള്ളക്കഥകൾ സത്യം എന്ന് വിശ്വസിയ്ക്കുവാനേ അവൾക്കറിയുമായിരുന്നുള്ളൂ... അവളുടെ ജീവിതം ഇരുളടഞ്ഞതിനും കാരണം ആ വിശ്വാസമായിരുന്നു. അതങ്ങിനെയല്ല എന്ന് അവളെ തിരുത്തുവാൻ അവൾ പ്രിയപ്പെട്ടവർ എന്ന് കരുതിയവരും തുനിഞ്ഞില്ല. അതിനു മാത്രം അവർ അവളെ സ്നേഹിച്ചില്ലായിരിക്കാം... അവളുടെ ജീവിതം നഷ്ടപ്പെടുന്നതിൽ അവർ ആകുലരല്ലായിരുന്നിരിക്കാം.. അവൾ തീർത്തും അവൾ മാത്രമായി തീർന്നു...

കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിയ്ക്കുന്നതു പോലെ മറ്റുള്ളവർ, അതിൽ അവൾക്ക് പ്രിയപ്പെട്ടവരും അവർക്ക് പ്രിയപ്പെട്ടവരും ഉൾപ്പെട്ടിരുന്നു, അവളെക്കൊണ്ട് ഓരോന്നും പ്രവൃത്തിപ്പിച്ചു. വേദനിച്ചപ്പോൾ ആ വേദന അവളുടെ മാത്രമായി. മറ്റ് മേച്ചിൽ പുറങ്ങൾ തേടി കൂടെയുണ്ടായവർ പോയി. അവർ സൗകര്യപൂർവം അവളെ മറന്നു!!!

'വിശ്വാസം'(ഫെയ്ത്ത്) വേണം എന്ന് പറഞ്ഞവർ തന്നെ അവളിൽ വിശ്വാസമർപ്പിച്ചില്ല, ഒരിയ്ക്കലും. അവളുടെ ഭാഗം വന്നപ്പോൾ അവർ തെളിവുകൾ തേടി... അവളെ വിശ്വസിയ്ക്കുവാൻ!! വിശ്വാസം അവൾക്ക് മറ്റുള്ളവരോടേ ആവശ്യമുണ്ടായിരുന്നുള്ളൂ, അവളുടെ നേർക്ക് ആവശ്യമില്ലായിരുന്നു ആർക്കും!!!

പക്ഷേ സ്വന്തം സത്യത്തിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ തുടർന്നും അന്തസ്സായി ജീവിയ്ക്കുവാനാണ് അവളുടെ തീരുമാനം. ആർക്ക് അവളെ വേണ്ട എങ്കിലും വേണം എങ്കിലും....

ഈ 'അവൾ' ആരാണ്? ആരോ ഒരുവൾ. ഈ ലോകത്ത് സത്യവും ആത്മാർത്ഥതയും കൈമുതലായുള്ള ആരുമാകാം അവൾ... അവർക്കെല്ലാം ഒരേ ജീവിതാനുഭവമായിരിക്കാം...