പേജുകള്‍‌

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

കൂടിച്ചേരൽ... വളരെ വർഷങ്ങൾക്ക് ശേഷം അവൾ അവനെ കണ്ടപ്പോൾ അവർ ഒരു നിമിഷം
നിർനിമേഷരായി നോക്കി നിന്നു.
"എന്തേ വരാൻ തോന്നി ഇപ്പോഴെങ്കിലും?" അവൻ ചോദിച്ചു.
"വരാൻ തോന്നി" അവൾ പറഞ്ഞു.
അടുത്തുള്ള ഷോപ്പിംഗ്
മാളിലേയ്ക്ക് കാപ്പി കുടിയ്ക്കുവാൻ അവളെ ക്ഷണിച്ചപ്പോൾ വർഷങ്ങൾക്ക്
ശേഷം ഒരിയ്ക്കൽ കൂടി തന്റെ വണ്ടിയുടെ പുറകിൽ പഴയതുപോലെ
ഇരിയ്ക്കാമോ എന്നവൾ അവനോട് ചോദിച്ചു.
ഒരുമിച്ച് കാപ്പി കുടിയ്ക്കുമ്പോൾ
അവൻ പറഞ്ഞു "ഇന്ന് ഇവിടെ ബോംബ് ഭീഷണിയുണ്ട്; തട്ടിപ്പോകുന്നെങ്കിൽ
നമ്മൾ രണ്ടും കൂടെ ഒരുമിച്ച് പോകുമല്ലോ എന്നു കരുതിയാ ഇങ്ങോട്ട് വന്നത്.."
അവൾ ഒരു നിമിഷം അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോൾ ബോംബ്
പൊട്ടിയിരുന്നെങ്കിൽ എന്നായിരുന്നു അവളുടെ മനസിൽ..
"എന്റെ വീട്ടിലേയ്ക്ക് വരുവാൻ വിരോധമുണ്ടോ?" അവൻ ചോദിച്ചു.
"ഇല്ല" ഒരുമിച്ച് അവന്റെ
വീട്ടിലേയ്ക്ക്..
അവൾ അവന്റെ വീട്ടിലേയ്ക്ക് ആദ്യമായി കയറുവാൻ
ഒരുങ്ങിയപ്പോൾ അയൽവക്കത്തെ ആരോ അവനെ വിളിയ്ക്കുന്നത് അവൾ കേട്ടു.
അകത്തേയ്ക്ക് കയറിയ അവനെ അവൾ വിളിച്ചു.
"നിങ്ങളുടെ വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങളാണൊ അറിയില്ല. ഇവിടെ നാല് പൂച്ചക്കുഞ്ഞുങ്ങളുണ്ട്.
നിങ്ങളുടേതാണെങ്കിൽ എടുത്തു കൊണ്ടു പോകൂ"
അവർ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ
സന്തോഷം മിന്നിമറയുന്നത് അവൾ കണ്ടു. മാസങ്ങളായി കാണാതെ പോയ
പൂച്ചക്കുഞ്ഞുങ്ങൾ അവളുടെ വരവോടെ വീട്ടിലെത്തിയതിൽ അവന്റെ മനസിൽ
അത്ഭുതമുണർത്തി. അവളിലും അത് ആഹ്ലാദകാരണമായിരുന്നു.ഒരുമിച്ച്
ഭക്ഷണം കഴിച്ച് ഏറെ നേരം അവർ എന്തൊക്കെയോ പറഞ്ഞിരുന്നു. സങ്കടവും
സന്തോഷവും പിണക്കവും പരിഭവങ്ങളും പരാതികളും എല്ലാം അവർ പറഞ്ഞു
 തീർത്തു.
"അമ്മൂ... എന്തേ നീ വന്നില്ല ഇത്രയും നാൾ... ഇപ്പോൾ എന്റെ
ജീവിതത്തിൽ നീ വന്നിരിയ്ക്കുന്നത് മരുഭൂമിയിലെ മഴ പോലെയാണ്.. ഞാൻ
എത്ര മാത്രം സന്തോഷിയ്ക്കുന്നു എന്ന് നിനക്കറിയാമോ? ഞാൻ എത്ര മാത്രം
നിന്നെ സ്നേഹിയ്ക്കുന്നു എന്ന് നീയറിയുന്നുവോ? എത്രവട്ടം ഞാൻ കൊതിച്ചു നീയൊന്നു വന്നിരുന്നെങ്കിൽ എന്ന്...
നിന്നെ പോലെ മറ്റാരും എന്നെ സ്നേഹിച്ചിട്ടില്ല അമ്മൂ... നിന്നെ പോലെ മറ്റാരും
എന്നെ കെയർ ചെയ്തിട്ടില്ല. നിനക്ക് തുല്യം നീ മാത്രമേയുള്ളൂ
എന്റെ ജീവിതത്തിൽ..." അവൾ ഒന്നും മിണ്ടാതെ
കേട്ടിരുന്നു. അവളുടെ മനസും അതു തന്നെ ആവർത്തിയ്ക്കുകയായിരുന്നു.

രാവേറെ ചെല്ലുവോളം കണ്ണിമ വെട്ടാതെ അവർ സംസാരിച്ചിരുന്നു.
"അമ്മൂ..ഇന്ന് ഇവിടെ നിന്നൂടെ നിനക്ക്?" മനസിൽ കരുതി വന്നതെല്ലാം
എവിടെയോ മായ്ഞ് പോയത് അവൾ അറിഞ്ഞു. മനസ് വെണ്ണ പോലെ
ഉരുകുന്നത് അവൾ അനുഭവിച്ചറിയുകയായിരുന്നു. മൗനം സമ്മതമായി
അവൾ അവിടെ നിന്നു. ദിവസങ്ങൾ കടന്നു പോകുന്നത്
അവരറിയുന്നില്ലായിരുന്നു. മനസിലെ കാർമേഘങ്ങൾ അലിഞ്ഞില്ലാതായി
എങ്ങോ അപ്രത്യക്ഷമായി. എങ്കിലും അവളുടെ മനസിൽ സംശയങ്ങൾ
ബാക്കിയുണ്ടായിരുന്നു. മനസിൽ വെച്ച് നടക്കാതെ അവൾ അത്
അവനോട് തുറന്നു ചോദിച്ചു.

"നിന്റെ വീട്ടുകാർ നിന്റെ കല്യാണം ഗൗരവകരമായി സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ? നിനക്കാ കുട്ടിയോട്
പ്രണയമല്ലേ? പിന്നെ ഞാൻ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് കയറി വന്നത്
തെറ്റല്ലേ?"

"അമ്മൂ... നിനക്ക് തുല്യം നീ മാത്രമേയുള്ളൂ.. നീ എന്നെ മനസിലാക്കിയിട്ടുള്ളതു
പോലെ മറ്റൊരാളും എന്നെ മനസിലാക്കിയിട്ടില്ല. നിന്നെ സ്നേഹിച്ചതു പോലെ
 മറ്റൊരാളെയും ഇനിയെനിയ്ക്ക് സ്നേഹിയ്ക്കുവാൻ സാധിയ്ക്കില്ല. അവളെ
എനിയ്ക്ക് ഇഷ്ടമാണ്, എന്ന് വെച്ച് എനിയ്ക്കവളോട് ഒട്ടും പ്രണയമില്ല. ഒരു
സുഹൃത്തിനു ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഞാൻ അവൾക്ക് ചെയ്യുന്നു.
എന്നെക്കൊണ്ട് ചെയ്യുവാൻ കഴിയുന്നത്. അവളെ സംബന്ധിച്ച എല്ലാ
കാര്യങ്ങളും ഞാൻ നിന്നോട് നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ?  അത്രമാത്രം. പിന്നെ വീട്ടുകാർനിർബന്ധിച്ചപ്പോൾ കുറേ പേരുടെ ലിസ്റ്റ്
കൊടുത്ത കൂട്ടത്തിൽ അവളുടെ പേരും പറഞ്ഞെന്നേയുള്ളൂ.. എനിയ്ക്കറിയാം
അതെങ്ങിനെ കൈകാര്യം ചെയ്യണം എന്ന്. അത് ഞാൻ ചെയ്യും. തീരുമാനം
എന്റേതാണ്. അമ്മൂ എല്ലാ പെൺകുട്ടികളും നിന്നെ പോലെയല്ല... അത് നീ മനസിലാക്കുക. അവളോട്
ഞാൻ പറഞ്ഞിട്ടുണ്ട് അവൾ വെറും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്ന്.
പിന്നെ, നീ ഒരാളുടെയും ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ടില്ല. നിന്റെ
ജീവിതത്തിലേയ്ക്കാണ് മറ്റൊരുവൾ കടന്നു വന്നത്.  അതിൽ നിനക്ക് കുറ്റബോധം വേണ്ട. നീ എന്നും എന്റെ അമ്മു മാത്രമായിരിക്കും. എന്നും...
അത് മാത്രം നീ മനസിലാക്കിയാൽ മതി"

മനസിൽ വീണ്ടും മഞ്ഞു മഴ പെയ്യുന്നത് അവൾ അറിഞ്ഞു.
കഴിഞ്ഞു പോയ ദിവസങ്ങളും ഇനി വരാനിരിയ്ക്കുന്ന ദിവസങ്ങളും
വർഷങ്ങൾക്ക് മുൻപ് തങ്ങൾ ജീവിച്ചിരുന്നതു പോലെ, വീണ്ടും മനസിൽ ആഗ്രഹിച്ചതു പോലെ അവർ
ജീവിച്ചു. അവന്റെ ഭാര്യയായി, കാമുകിയായി, അമ്മയും മകളുമായി,
അവന്റെ എല്ലാമെല്ലാമായി... അവനെ പരിചരിച്ച്, അവനു തണലായി...

അവന്റെ മാറിൽ ചാഞ്ഞുകിടന്ന് 'അവളുടെ' ഫോൺ സംഭാഷണം പലതവണ
കേൾക്കുമ്പോഴും അവൾക്കവനിൽ വിശ്വാസക്കുറവേതും അനുഭവപ്പെട്ടില്ല. ഇവൻ തന്റേതാണ്, തന്റേത് മാത്രമാണ് എന്ന് അവളുടെ മനസ് അപ്പോഴും
മന്ത്രിച്ചുകൊണ്ടേയിരുന്നു. മറ്റാർക്കും ആ മനസിൽ സ്ഥാനമുണ്ടാവുകയില്ല
എന്നും.

മുടങ്ങിക്കിടന്ന തങ്ങളുടെ സ്വപ്നസംരംഭം പുനരാരംഭിയ്ക്കുവാൻ
അവളുടെ സഹായവും പിന്തുണയും വേണം എന്നവൻ അവളോട്
ആവശ്യപ്പെട്ടപ്പോൾ അവനു വേണ്ട ഏത് കാര്യവും ചെയ്യുവാൻ അവൾ എന്നേ
തയ്യാറായിരുന്നു എന്ന് അവനും അവളും തിരിച്ചറിഞ്ഞു.

തങ്ങളുടെ ഭാവി ഇനിയെന്താകും എന്ന ആശങ്ക അവളുടെ മനസിലുണ്ടായിരുന്നു.
എല്ലാ ആശങ്കകളും മനസിലൊതുക്കി കഴിഞ്ഞു പോയ
ദിവസങ്ങളുടെ ഓർമ്മകൾ പേറി "എപ്പോൾ തോന്നിയാലും തന്റെ
വീട്ടിലേയ്ക്ക് വരുവാൻ മടിയ്ക്കരുത്" എന്ന് പറഞ്ഞ് അവൾ അവന്റെ
വീട്ടിൽ നിന്നും യാത്ര തിരിച്ച് വീണ്ടും തന്റെ താവളത്തിലേയ്ക്ക്
വണ്ടിയോടിച്ചു.

വഴിയിലുടനീളം അവളുടെ കണ്ണുകൾ
നിറഞ്ഞൊഴിയുകയായിരുന്നു.. എന്തിനെന്നറിയാതെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ