പേജുകള്‍‌

2012, ജൂൺ 15, വെള്ളിയാഴ്‌ച

റിയൽ ടൈം സ്റ്റോറികൾ...

സുഹൃത്തിന്റെ വീട്ടിൽ വെറുതെ പോയതാണവൾ. അന്ന് അവൾ ധരിച്ചിരുന്നത്

ചുവപ്പിൽ വെള്ള പൂക്കളുള്ള ഒരു സ്ലീവ്ലെസ്സ് ടോപ്പും നീല ജീൻസുമായിരുന്നു.

കൂട്ടുകാരനോട് സംസാരിച്ചിരുന്നപ്പോഴാണ് ഒരു ബിയർ കഴിയ്ക്കുന്നതിനുള്ള

ആശയം വന്നത്. എങ്കിൽ നമുക്ക് പോകാം എന്ന് പറഞ്ഞ് അവർ ഇറങ്ങി.

അവന്റെ സി.ബി.ആർ. ബൈക്കിൽ കയറിയിരുന്ന് അവർ പുറപ്പെട്ടു.

പോകുന്ന വഴിയ്ക്ക് പെട്ടന്നവൻ വണ്ടി നിർത്തി.

'എന്താടാ പെട്ടന്ന് വണ്ടി നിർത്തിയത്?' അവൾ ചോദിച്ചു.

'ആ പോകുന്നതാരാന്ന് നോക്കിയേ' അവൻ പറഞ്ഞു. അവൾ നോക്കുമ്പോൾ

നാലുപേർ പോകുന്നു. ഒന്ന് അവളുടെ പൂർവകാമുകനായിരുന്നു.

'ആരൊക്കെയാ കൂടെ?' അവൾ ചോദിച്ചു.

'നിനക്ക് മനസിലായില്ലെ? നിന്റെ പഴയ സുഹൃത്തും കൂട്ടുകാരുമാ. ദാ അത് പീറ്റർ

കുരിയനും ഭാര്യയും. മറ്റേത് നിജിൽ ജോർജ്ജും പിന്നെ അവൻ കെട്ടാൻ പോകുന്ന

പെണ്ണ് സൈറയും'

'കെട്ടാൻ പോകുന്ന പെണ്ണോ? അവൻ അങ്ങിനെ പറഞ്ഞോ?'

'അവൻ പറഞ്ഞിട്ടില്ല. പക്ഷേ അവനിരിയ്ക്കുമ്പോൾ അവൾ എന്നോട്

പറഞ്ഞിട്ടുണ്ട്'

'ഓഹ്. അപ്പോൾ അവൻ എന്ത് പറഞ്ഞു?'

'അവൻ... അവൻ ഒന്നും പറഞ്ഞില്ലാലൊ. അവൻ

ചിരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്താടാ അങ്ങിനെ ചോദിച്ചെ?'

'ഹേയ്, ഒന്നുമില്ല'. അവൾ പറഞ്ഞു.

'അവൻ ഒന്നും പറയില്ല. അതാണവന്റെ നയവും ജയവും!!' അവൾ മനസിൽ

പറഞ്ഞു.

'ആ കുട്ടിയ്ക്ക് ഇത്തിരി കൂടുതൽ പ്രായം തോന്നും ലേ?'

മനസിൽ വന്നത് മറച്ച് അവൾ അഭിപ്രായപ്പെട്ടു.

'ഹാ.. ഇത്തിരി കൂടുതൽ. എന്ന് വെച്ച് എല്ലാരും തന്നെപ്പോലെയാകണമെന്നുണ്ടൊ?'

 'ഒവ്വൊവ്വ്. സുഖിപ്പിക്കല്ലേടാ' അതും പറഞ്ഞവൾ ചിരിച്ചു.

നിജിലും കൂട്ടുകാരും കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവർ വീണ്ടും യാത്ര

തുടർന്നു, വൈൻ ഷോപ് ലക്ഷ്യമാക്കി. തന്റെ സ്വന്തം രൂപം എ.ടി.എം.

കൗണ്ടറിന്റെ കണ്ണാടിയിൽ കണ്ടപ്പോൾ അവൾ സ്വയം മനസിൽ അഭിമാനത്തോടെ

 പറഞ്ഞു 'കൊള്ളാമല്ലോടീ, നീയൊന്നു കൊഴുത്തു സുന്ദരിയായിട്ടുണ്ടല്ലോ!' തന്റെ

ചിന്ത ഓർത്തപ്പോൾ അവൾക്ക് ഉള്ളിൽ ചമ്മലോടെ ചുറ്റും നോക്കി.

'ആരും അറിഞ്ഞില്ല! സമീർ മാത്രമേ കണ്ടുള്ളൂ താൻ കണ്ണാടിച്ചില്ലിൽ നോക്കുന്നത്!'

 അവൾ വേഗം പണമെടുത്ത് പുറത്തിറങ്ങി.

'എടാ.. നിന്നെ ദാ ആമ്പിള്ളേരൊക്കെ നോക്കുന്നു കേട്ടോ. അവന്മാർ

വിചാരിയ്ക്കുന്നുണ്ടാകും ഏതാ ഈ പുതിയ ചരക്ക് എന്ന്' അവൻ പറഞ്ഞു.

 'അതെയതെ. അവർ നേരത്തേ കണ്ട രൂപമല്ലാലോ ഇപ്പോ എന്റേത്.

അതാ അവർക്ക് മനസിലാകാഞ്ഞെ. ഹി ഹി' എല്ലാവരേയും പറ്റിച്ച ഭാവത്തിൽ

അവൾ പറഞ്ഞു.

'അതെ' അവനും സമ്മതിച്ചു.

രണ്ട് കുപ്പി ബിയർ അകത്തക്കിയതിന്റെ ലാഘവത്തിൽ അവൾ സമീറിനോട്

എന്തൊക്കെയോ പറഞ്ഞു. സംസാരത്തിലൊരിടത്തും നിജിൽ എന്ന പേര്

കടന്നുവരാതിരിയ്ക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.കുടിച്ച ബിയറിന്റെ കെട്ടൊന്നടങ്ങിയപ്പോൾ അവൾ തന്റെ താവളത്തിലേയ്ക്ക്

പോകാൻ ഇറങ്ങി. അപ്പോൾ സമയം രാത്രി ഒൻപതര കഴിഞ്ഞിരുന്നു.

ഒരു മൂളിപ്പാട്ടും പാടി അവൾ വണ്ടിയെടുത്തു. ആരെക്കുറിച്ചാണോ അവൾ

മനസിൽ കൂടുതലായി ആലോചിച്ചത്, അയാൾ അവളുടെ വണ്ടിയുടെ

തൊട്ടുമുന്നിൽ. സൈറ. ഈ മുഖം താൻ പണ്ടൊരിയ്ക്കൽ കണ്ടതാണല്ലോ എന്ന്

അവൾ ഓർത്തു. അന്ന് അകലെ നിന്ന് അവളെ പറഞ്ഞു തന്നത് നിജിലായിരുന്നു,

തന്റെ പൂർവകാമുകൻ. താനെന്ത്ര വിഡ്ഡിയായിപ്പോയി എന്ന് അവൾ ഓർത്തു.

അന്ന് അവൻ 'അതാണ് സൈറ, എന്റെ കസിന്റെ കൂട്ടുകാരി' എന്ന് പറഞ്ഞു

തന്നപ്പോൾ അവളായിരിക്കും അവന്റെ ജീവിതസഖിയാകുവാൻ പോകുന്നത്

എന്ന് താനന്ന് മനസിലാക്കാതെ പോയി!! പക്ഷേ അവൾക്ക് അന്ന് ഇതിലും തുടുത്ത

മുഖമായിരുന്നു. ഇപ്പോൾ ഇതാ തന്റെ മുന്നിലൂടെ തന്റെ കണ്ണിൽ നോക്കി കടന്നു

പോയ സൈറയെ കണ്ടപ്പോൾ അവൾക്കെന്തോ സഹതാപമാണ് തോന്നിയത്. അന്ന്

കണ്ടതിനേക്കാൾ വളരെ ശോഷിച്ച മുഖമുള്ള ഒരു പെൺകുട്ടി. കണ്ണുകളിൽ

അകാരണമായ ഒരു പകപ്പ്. ഒരിയ്ക്കൽ അതേ പകപ്പ് തന്റെ കണ്ണുകളിലും

ഉണ്ടായിരുന്നല്ലോ എന്ന് അവൾ അറിയാതെ ഓർത്തുപോയി. ഇതു പോലെ

തന്നെ ഒരു രാത്രിയിൽ അവനെ കണ്ട് തനിച്ചു പോകുമ്പോൾ തന്റെ കണ്ണിലും

അതേ പകപ്പ് തന്നെയാണുണ്ടായിരുന്നത്. തന്റെ പെണ്ണിനെ ആത്മാർത്ഥമായി

 സ്നേഹിയ്ക്കുന്ന ഒരു പുരുഷനും അവളെ അസമയത്ത് തനിയെ വിടില്ല, എത്ര

ചെറിയ ദൂരമാണെങ്കിൽ പോലും. തന്നെ അയാൾ സ്നേഹിച്ചിരുന്നപ്പോഴും

തനിയ്ക്കും ഇതുപോലെ, അസമയത്ത് അരക്ഷിതമായ മനസോടെ ഒറ്റയ്ക്ക്

നടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഇതാ ഇപ്പോൾ സൈറയും... ഒരുപക്ഷേ

അയാൾ അവളേയും

ഒരു റിയൽ ടൈം കഥ പറഞ്ഞ് ഒഴിവാക്കിയേക്കും ഒടുവിൽ...

എന്തുകൊണ്ടോ അതോർത്തപ്പോൾ അവളുടെ മനസിൽ ഒരു നീറ്റൽ അറിയാതെ

ഉണർന്നു. ഈശ്വരാ.. അങ്ങിനെ ആകാതിരിയ്ക്കട്ടെ. അവളുടെ സ്വപ്നങ്ങളെങ്കിലും

 സാക്ഷാത്കരിയ്ക്കട്ടെ... ആത്മാർത്ഥമായിത്തന്നെയാണ് അവൾ അങ്ങിനെ

പ്രാർത്ഥിച്ചത്. മനസുകൊണ്ട് നിജിലിന് അവൾ ആത്മാർത്ഥമായ ഒരു

ആശംസയും നേർന്നുകൊണ്ട് ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ എന്ന് ചിന്തിച്ച് അവൾ

തന്റെ താവളം ലക്ഷ്യമാക്കി വണ്ടിയോടിച്ചു.