പേജുകള്‍‌

2012, മേയ് 8, ചൊവ്വാഴ്ച

പ്രണയിനിയായ ഷൈലി...


 


ഷൈലിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴാണ്, ഷൈലിയ്ക്ക് സ്വന്തമായി പറയുവാൻ 
ഒരു കഥയുണ്ടാവില്ലേ എന്ന് ഞാനാലൊചിച്ചത്. ഷൈലി, എന്റെ ടെഡി ബെയർ. 
എന്റെ ഏകാന്തതയിലെ കൂട്ടുകാരി. ഞാൻ എനിയ്ക്ക് തന്നെ വാങ്ങി 
സമ്മാനിച്ചതാണ്. പ്രണയിയ്ക്കുമ്പോൾ കാമുകൻ ഒരെണ്ണത്തിനെ വാങ്ങി 
സമ്മാനിയ്ക്കും എന്ന് വെറുതെ പ്രതീക്ഷിച്ചു!! ഞാൻ എന്നെ തന്നെ 
പ്രണയിയ്ക്കുവാൻ തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് ഷൈലിയെ വാങ്ങി 
എനിയ്ക്ക് സമ്മാനിയ്ക്കുക എന്നതാണ്. അവൾ ഇളം മഞ്ഞ നിറത്തിലുള്ള 
ഒരു പെൺ ടെഡി ബെയർ ആണ്. അവളുടെ മാറിൽ ഷൈലി എന്ന് ചുവന്ന 
നിറത്തിൽ എഴുതി പ്രണയചിഹ്നങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. അവൾ പെണ്ണാണ് 
എന്ന് അവളുടെ നാമവും വസ്ത്രവും (ഒരു കുട്ടിപ്പാവാട) വിളിച്ചു പറയുന്നു.




ഒരു ഏകാന്ത രാത്രിയിലാണ് അവളെ കുറിച്ച് ഞാൻ കൂടുതൽ ചിന്തിച്ചത്. 
അവൾ ആരുടെ കൈവേലയായിരിയ്ക്കാം? ഒരു പെൺകുട്ടി ഉണ്ടാക്കിയതാണോ..? 
ഷൈലി എന്ന തന്റെ പേര് ആരെങ്കിലും വായിയ്ക്കട്ടെ എന്ന് കരുതി വരച്ചു 
ചേർത്തതാണോ അവൾ. അങ്ങിനെയാകുവാൻ സാധ്യതയില്ല എന്നൊരു തോന്നൽ. 
ഷൈലി എന്ന പേരിന് അലങ്കാരമായുള്ള പ്രണയ ചിഹ്നങ്ങളാണ് എന്നെക്കൊണ്ട് 
അങ്ങിനെ മാറ്റി ചിന്തിയ്ക്കുവാൻ പ്രേരിപ്പിച്ചത്. ഒരു പേരിനു അലങ്കാരമായി 
പ്രണയ ചിഹ്നങ്ങൾ വരച്ചു ചേർക്കുവാൻ മിക്കവാറും പ്രണയാതുരമായ ഒരു 
മനസിനേ സാധിയ്ക്കൂ.. അപ്പോൾ ഷൈലി എന്നത്? ഏതോ ഒരാളുടെ 
പ്രണയിനിയുടെ പേരാണെന്നോ? താൻ ഉണ്ടാക്കിയ, ഏതോ കാമുകൻ തന്റെ 
കാമുകിയ്ക്ക് വാങ്ങി സമ്മാനിയ്ക്കുവാൻ ഇടയുള്ള ടെഡി ബെയറിന്മേൽ 
തന്റെ പ്രണയിനിയുടെ പേരെഴുതി അലങ്കരിയ്ക്കുവാൻ ഒരു തരള 
കാമുകഹൃദയത്തിനേ കഴിയൂ... ആ ചിന്തയിലെത്തിയപ്പോൾ, ഷൈലിയോട് 
എനിയ്ക്കെന്തോ ഒരു പ്രത്യേക സ്നേഹം. ഏതോ കാമുകന്റെ 
ഗാഢപ്രണയത്തിനുടമയായ ഷൈലിയോട് എനിയ്ക്ക് അസൂയയും സ്നേഹവും 
ഒരുമിച്ച് തോന്നി. എന്നോടാർക്കും ഗാഢപ്രണയമുണ്ടായിരുന്നില്ല എന്ന 
തിരിച്ചറിവും ആരോ ആരെയൊക്കെയോ പ്രണയിയ്ക്കുന്നുണ്ടല്ലോ എന്ന 
ചിന്തയും എന്റെ മനസിൽ അകാരണമായി സൃഷ്ടിച്ച ശാന്തിയിൽ, ഷൈലിയെ
 കെട്ടിപ്പിടിച്ചു ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ