പേജുകള്‍‌

2011, ജൂൺ 9, വ്യാഴാഴ്‌ച

ഓർമ്മ...

മനസ് വല്ലാതെ അസ്വസ്ഥമായപ്പോൾ ഞാനൊരു യാത്ര പോയി. അധികം ദൂരമൊന്നുമില്ല. പേരുകേട്ട ഒരു കലാശാലാപരിസരത്തേയ്ക്ക്. അവിടെ ഒരിക്കൽ ഞാൻ എന്റേതെന്ന് വിശ്വസിച്ചിരുന്ന പുരുഷനെയും കൊണ്ട് പോയിരുന്നു. അവനു പഠിയ്ക്കാൻ കൂട്ടിരിക്കുവാൻ. അവൻ ക്ലാസ്സിൽ ഇരുന്നു പഠിയ്ക്കുമ്പോൾ അവൻ വരുന്നതും കാത്ത് കോളജ് പരിസരത്തുള്ള പാർക്കിൽ ഞാൻ ഇരിയ്ക്കുമായിരുന്നു.

എന്റെ കുഞ്ഞിനെ ഒരുക്കി വിടുന്നതുപോലെ ഞാൻ അവനെ ഒരുക്കി വിടുമായിരുന്നു. അവനെനിയ്ക്ക് മകനും പിതാവും സുഹൃത്തും എല്ലാമായിരുന്നു ഒരിയ്ക്കൽ...

മനസിന്റെ അസ്വസ്ഥതകൾ അകറ്റാനായിട്ടാണു ഞാൻ അവിടെ പോയതെങ്കിലും അസ്വസ്ഥതയുടെ ഭാരം വർദ്ധിയ്ക്കുകയാണു ചെയ്തത്!!

ഞാനും അവനും ഒന്നിച്ച് സഞ്ചരിച്ച വഴികളിലൂടെ ഏകയായി ഞാൻ... എന്റെ മുയൽക്കുട്ടി എങ്ങോ ഓടി മറഞ്ഞിരിക്കുന്നു. എന്നെ തനിച്ചാക്കി...

ചുവപ്പ് ഗുൽ‍മോഹർ പൂക്കൾ വീണു കിടന്നിരുന്ന വഴിത്താരകളിലൂടെ കണ്ണീർപ്പാട വന്നു മൂടിയ കാഴ്ചയിലൂടെ ഒരു മങ്ങിയ ഓർമ്മച്ചിത്രവും കയ്യിലേറി ഞാൻ നടന്നു. ഞാനേറെ ഇഷ്ടപ്പെടുന്ന നിറം എന്റെ സങ്കടത്തിന്റേതാണല്ലോ എന്ന് എപ്പോഴോ ഓർത്തു.

ഇനി ഒരിയ്ക്കലും വരാത്ത നാളുകളുടെ ഓർമ്മ മനസിൽ ഉണങ്ങാത്ത വ്രണത്തിൽ നിന്നും ഒലിയ്ക്കുന്ന രക്തമായി ഒഴുകിക്കൊണ്ടേയിരുന്നു.

ഞങ്ങൾ ഒരുമിച്ച് സഞ്ചരിച്ച വഴികൾ, ഞങ്ങൾ പിണങ്ങിയ സായാഹ്നങ്ങൾ, എന്റെ കുറുമ്പൻ വഴക്കിട്ട കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ, ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ച സ്ഥലങ്ങൾ.. അങ്ങിനെ എല്ലാം ഒരു മങ്ങിയ ഓർമ്മച്ചിത്രം പോലെ... അതെല്ലാം ഞാൻ അനുഭവിച്ചതാണോ? അതോ പുലർകാലത്തെ ഉറക്കത്തിൽ ഞാൻ കണ്ട സ്വപ്നങ്ങളായിരുന്നുവോ അവ?

കണ്ണും മനസും ഒഴുകിക്കൊണ്ട് നടക്കുമ്പോൾ ഞാൻ തികച്ചും ഏകയായല്ലോ എന്ന് അറിഞ്ഞു... തികച്ചും... തികച്ചും ഏകയായിരിക്കുന്നു ഞാൻ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ