പേജുകള്‍‌

2021 മേയ് 4, ചൊവ്വാഴ്ച

അങ്ങനെ ഞാനും മോഡേണായി!!

 



ഇവിടെ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ എത്ര പേരുണ്ടെന്നറിയില്ല. എന്റെ അനുഭവം പറയാമെന്ന് കരുതി. ഉപയോഗിക്കാൻ ഭയന്നിരിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒരു പ്രചോദനമായിക്കോട്ടേന്ന് വയ്ക്ക്യാ.

 

ഈ കിടുതാപ്പിനെ കുറിച്ച് എനിയ്ക്കുള്ള പേടികൾ എന്തായിരുന്നെന്ന് വെച്ചാൽ ഇത് വെച്ചാൽ ഉള്ളിലേയ്ക്ക് കയറിപ്പോകുമോ, തിരിച്ചെടുക്കാൻ പറ്റാണ്ടാവുമോ, ഇൻസർട്ട് ചെയ്യുമ്പോൾ വേദനയെടുക്കുമോ, ഇൻസർട്ട് ചെയ്യാൻ തന്നെ പറ്റുമോ, അങ്ങനെയങ്ങനെ ഒരുപാട്. ഒരാശ്വാസത്തിന് ചങ്ക് കൂട്ടുകാരന്റെ ഭാര്യയോട് സംസാരിച്ചപ്പോൾ അവൾക്കതിനേക്കാൾ പേടി!

എങ്കിൽ ഈ പുല്ല് ഞാനുപയോഗിക്കാതെ ചത്ത് പോട്ടെ എന്ന് ഞാനും ചിന്തിച്ചു. എന്നാലും, "നിനക്കും മോഡേണാവണ്ടേ പെണ്ണേ? ഈ കാലത്ത് ജീവിച്ചിട്ട് പീരിയഡ്സ് എന്നേയ്ക്കുമായി നിൽക്കുന്നതിനും മുൻപ് ടെക്നോളജിയുടെ ഈ മാറ്റം കൂടി ഒന്നറിയണ്ടേ?" എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു കൊണ്ടേയിരുന്നു.

 

അതിനിടയിൽ ഇവിടെ ഏതൊക്കെയോ പുരുഷ പ്രജകൾ മെൻസ്ട്രുവൽ കപ്പിന്റെ ഗുണഗണങ്ങളെ കുറിച്ച് പോസ്റ്റിട്ട് കണ്ടതായി ഓർമ്മ. 🤭

വീണ്ടും അത് മനസിൽ കേറി. ഉള്ളിലെ ഭയമെടുത്ത് കളയണം എന്ന് ഒരു വശം. എന്തിന് റിസ്ക് എന്ന് മറ്റൊരു വശം. അതിനിടയിൽ വർഷങ്ങളായി മാസാമാസം ഗാർബേജിൽ കളയുന്ന ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ ഉള്ളിൽ കുറ്റബോധമുണ്ടാക്കുന്നുണ്ടായിരുന്നു. ഉപയോഗിച്ച നാപ്കിൻ കാണാൻ പോലും ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക്, ഇത് വാരേണ്ടി വരുന്ന തൊഴിലാളികളെക്കുറിച്ചുള്ള ചിന്ത എപ്പോഴും അലട്ടിക്കൊണ്ടേയിരുന്നു. അവർക്ക് അതൊഴിവാക്കാനായി മന:പൂർവ്വം തന്നെ നാപ്കിൽ കവറിൽ അവ നിറയ്ക്കാറുണ്ട്. കാണുമ്പഴേ അവർക്ക് മുൻകരുതലെടുക്കാലോ എന്ന്.

 

അങ്ങനെയിരിക്കെ എന്റെ ബാല്യകാല ആത്മ സുഹൃത്ത്, കുടുംബിനിയായി നാട്ടിൽ കഴിയുന്ന സ്വർണ്ണ, മെൻസ്ട്രുവൽ കപ്പുപയോഗിക്കുന്നതിന്റെ ഗുണഗണങ്ങൾ, സുഖസൗകര്യങ്ങൾ, ആശ്വാസങ്ങൾ ഇത്യാദികളെ കുറിച്ച് വായാലയാകുന്നു! നാട്ടിൻപുറത്ത് ജീവിക്കുന്ന അവളടക്കം ഉപയോഗിക്കുന്നു! വല്യ ധൈര്യശാലി എന്ന് ഭാവിയ്ക്കുന്ന ഞാൻ പേടിച്ചിരിക്കുന്നു! നാണക്കേട് ! എന്നിലെ ഈഗോ എന്നെ നോക്കി പരിഹസിക്കുന്നു! ന്താലേ?!

മനസിൽ ധൈര്യം എന്നിട്ടും വന്നില്ല. 🤭ശാരിയോട്

Sari Santhanathan

സംസാരിച്ചു. അവൾ ദാ പറയുന്നു അവളിത് ഉപയോഗിക്കാൻ തുടങ്ങീട്ട് വർഷങ്ങളായെന്ന്. ഉപയോഗിക്കുമ്പോൾ സംഗതി ഉള്ളിലുള്ള കാര്യം അവൾ മറന്ന് പോകുമെന്ന്! ആഹാ! ഇത്രയേയുള്ളോ കാര്യം! ഇപ്പോ ഉപയോഗിച്ചിട്ടന്നെ കാര്യം. തീരുമാനിച്ചു. പക്ഷേ അവളോട് സംസാരിച്ച് രണ്ടൂസം കഴിഞ്ഞപ്പോൾ കേറിയ ധൈര്യവും ആവേശവുമെല്ലാം ആവിയായി. വീണ്ടും ചങ്കരൻ തെങ്ങേൽ തന്നെ!

സ്വർണ്ണയെ വിളിക്കുമ്പോൾ അവളുടെ മുന്നറിയിപ്പ് "നീയെന്നെ എന്തേ മുൻപേ നിർബന്ധിച്ചില്ല?" എന്ന് ഉപയോഗിച്ചു തുടങ്ങുമ്പോൾ ഞാൻ അവളോട് ചോദിക്കുമെന്ന്! അത്രയ്ക്ക് ബെസ്റ്റ് സാധനമാണോ ഇത്?! 🤔

ശാരിയോട് വീണ്ടും! അവൾ ഗർഭപാത്രത്തെ കുറിച്ചും അനുബന്ധ പരിസരങ്ങളെ കുറിച്ചും വിശദമായ സ്റ്റഡി ക്ലാസ്! എന്നാലും ഇത് ഇൻസേർട്ട് ചെയ്യുമ്പഴത്തെ വേദന എന്നെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. “പ്രസവിക്കാൻ ധൈര്യം കാണിക്കുന്ന നമ്മൾ വെറും ഒരു സിലിക്കൺ കപ്പിനോട് തോല്ക്കരുത്” എന്നവൾ അവസാനത്തെ ആണിയടിച്ചു.😵 'അത് ശരിയാണല്ലോ!' എന്ന് ഞാനും ചിന്തിയ്ക്കാൻ തുടങ്ങി. 😁

മാർച്ചിൽ തീരുമാനമാക്കി. അടുത്ത പീരിയഡ്സ് വിത്ത് മെൻസ്ട്രുവൽ കപ്പ്. പിന്നല്ല!! 💪🏾

ഏത് സൈസ് വേണം എന്നായി പിന്നെ. ശാരിയോട് സംസാരിച്ചപ്പോൾ ബ്ലീഡിംഗ് കുറഞ്ഞവർക്ക് ചെറുത് എന്ന് അവൾ. എനിയ്ക്കാണെങ്കിൽ ബ്ലീഡിംഗ് നോർമലാണ്. സ്വർണ്ണയും അത് ശരി വെച്ചു. എന്നാലും എന്റെ ഉള്ളിൽ മീഡിയം വേണ്ടി വരും എന്നൊരു ചിന്ത. എങ്കിലും ചെറുത് മത്യേടീ എന്ന ശാരിയുടെ ഉറപ്പിൽ ഞാൻ ചെറുത് വാങ്ങാമെന്ന് തീരുമാനിച്ചു. പക്ഷേ ഓർഡർ ചെയ്യാൻ മനസ് പിന്നെയും വൈകിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളമായി മനസിനെ പ്രിപ്പയർ ചെയ്യിച്ചിട്ടും സംഗതിയങ്ങ് ഏശുന്നില്ല. ഭയം ഇങ്ങനെ പിന്നിലേയ്ക്ക് വലിക്കുകയാണ്! 🤭

ഏപ്രിലിൽ ഒരു ദിവസം. ഇന്ന് ഞാൻ ഓർഡർ ചെയ്യും എന്ന് ഉറച്ച് തന്നെ ഉറക്കമെണീറ്റു. ഉച്ചവരെ അതുമിതും ചെയ്ത് നേരം കളഞ്ഞു. ഓർഡർ ചെയ്യാനുള്ള ധൈര്യം കിട്ടുന്നില്ല. അന്നേരമുണ്ട് ഒരു മെസേജ്! "നിങ്ങൾ മൈന്ത്രയിൽ ഓർഡർ ചെയ്തതിന് നന്ദി! "

എഹ്! ഞാനെപ്പോ ഓർഡർ ചെയ്തു! നമ്പർ തെറ്റി വന്നതായിരിക്കും എന്നാദ്യം കരുതി. ബർത്ത്ഡേയല്ലേ വരുന്നത്. കൂട്ടുകാരാരെങ്കിലും സർപ്രൈസ് വിട്ടതാണെങ്കിലോ? അതിന് സാധ്യതയുള്ള മൂന്ന് പേരെ ലിസ്റ്റ് ചെയ്തു. ആദ്യ നറുക്ക് ശാരിയ്ക്ക്. വിളിച്ചു. " നീയാണോഡീ ?" എന്ന ഒറ്റ ചോദ്യത്തിൽ ഇങ്ങോട്ട് മറുപടി വന്നു. "മെൻസ്ട്രുവൽ കപ്പ് എന്റെ വക. മീഡിയം ആണ്. പറ്റിയില്ലേൽ വേറെ പിന്നീട് വാങ്ങാം.'' " ഉവ്വ! വേറെ ഞാൻ വാങ്ങീത് തന്നെ. ചുമ്മാ കാശ് കളയാനൊക്കില്ല. പാകമായില്ലേലും ഞാനുപയോഗിക്കും " എന്ന് ഞാൻ.

ഈ പീരിയഡ്സ് കഴിഞ്ഞ്, മെയ് ഒന്നിനേ സംഗതി വരൂത്രേ. ആയിക്കോട്ടെ. അടുത്തതിന് ഉപയോഗിക്കാലോ. ഏപ്രിൽ 25-ന് അവൾ വിളിച്ച് പറയുന്നു 26 - ന് കിട്ടുമെന്ന്. ആഹാ! അത് കൊള്ളാലോ. എങ്കിൽ ഇപ്പോന്നെ ഉപയോഗിക്കാം.

26 - ന് പിരിയഡ്സായി. ആദ്യ ദിവസം അടയാളം മാത്രേ കാണിക്കൂ. ബ്ലീഡിംഗ് തുടങ്ങാൻ രണ്ടാം ദിവസമാകണം. പറഞ്ഞ പോലെ സാധനം 26-നെത്തി. തുറന്ന് നോക്കിയപ്പോ പിന്നേം പേടി. ഉയ്യോ! ഇതെങ്ങനെ! 🤭

 

കുത്തിയിരുന്ന് വീഡിയോകൾ കാണാൻ തുടങ്ങി. എങ്ങനെ ഇൻസേർട്ട് ചെയ്യാം. എന്താക്കെ ശ്രദ്ധിക്കണം. ധാരണകൾ എന്തെല്ലാം ? തെറ്റിദ്ധാരണകൾ എന്തെല്ലാം? കുത്തിയിരുന്ന് ശ്രദ്ധയോടെ കണ്ടു. ഭയമെല്ലാം കുറേക്കൂടെ ഇല്ലാതാക്കാൻ വീഡിയോകൾ സഹായിച്ചു എന്നതാണ് സത്യം. കൂട്ടത്തിൽ, എളുപ്പം ഇൻസേർട്ട് ചെയ്യാനുള്ള വഴിയും കണ്ടു വെച്ചു.

ആദ്യം ഉപയോഗിക്കുമ്പോൾ ഒപ്പം നാപ്കിൻ കൂടി ഉപയോഗിക്കാൻ ശാരിയും സ്വർണ്ണയും മുന്നറിയിപ്പ് തന്നിരുന്നു. ശരിയായി ഫിറ്റ് ആയില്ലെങ്കിൽ ബ്ലഡ് വസ്ത്രത്തിൽ ആകാതിരിക്കാനായിരുന്നു ആ മുൻകരുതൽ. അവർ പറഞ്ഞത് അപ്രകാരമേ ചെയ്തു.

ആദ്യം തന്നെ, ഇത് ഇൻസർട്ട് ചെയ്യുന്നതിന് മുൻപ് മനസിനെ ശാന്തമാക്കി. നന്നായി ദീർഘശ്വാസമെടുത്തു. ഇന്ത്യൻ ടോയ്ലറ്റിൽ ഇരിയ്ക്കുന്ന പോസാണ് ഉത്തമം. പേടിച്ച് പേടിച്ച് ഇൻസേർട്ട് ചെയ്തു! ആഹാ! കൊള്ളാലോ! പേടിച്ച പോലെ ഒന്നുമില്ല.

പിന്നെ ശരിയായി ഫിറ്റായിട്ടുണ്ടോ എന്ന സംശയമാണ്. ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചു. ഇല്ല. ഒരു തുള്ളി പോലും ലീക്കേജില്ല. സംഗതി സക്സസ്!! 💪🏾

കുളിയ്ക്കുമ്പോഴോ കിടക്കുമ്പോഴോ നടക്കുമ്പോഴോ ഇരിയ്ക്കുമ്പോഴോ ഒന്നും ഒരു പ്രശ്നവുമില്ല. സ്വസ്ഥം സമാധാനം!

8 - 10 മണിക്കൂർ കഴിഞ്ഞ് സംഭവം ഊരി. ഊരുമ്പോൾ മാത്രം ഒരു അസ്വസ്ഥത  ഉണ്ടായി (🤭) എന്നതൊഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ലായിരുന്നു. ശാരിയ്ക്ക് അബദ്ധം പറ്റിയതാണെങ്കിലും വാങ്ങിയ സൈസ് കൃത്യമായിരുന്നു!!

ഇവിടെ ഇനിയും ഉപയോഗിക്കാൻ ഭയമുള്ള സ്ത്രീകളുണ്ടെങ്കിൽ, " ഗഡീസ്..., വൈകണ്ട. ഒട്ടും ഭയക്കണ്ട. സംഗതി കിടുവാട്ടാ! വേഗം ഓർഡർ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിക്കോളൂ" 👌🏾👌🏾

പിൻകുറിപ്പ്: കൂട്ടുകാരന്റെ ഭാര്യയെ മോട്ടിവേഷൻ ചെയ്യാൻ നോക്കി. "അടുത്ത ജന്മത്തിൽ നോക്കാം " എന്നവൾ !! നോ രക്ഷ!!

ഫോട്ടൊ കടപ്പാട്: ഗൂഗിൾ

 

2021 ജനുവരി 30, ശനിയാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 4


ഈ പ്ലാനുകളെല്ലാം നടക്കുമ്പോഴും പയ്യന്‌ യാതൊരു വിശ്വാസവുമില്ല ഇത്‌ നടക്കുമെന്ന്. അഡ്വാൻസ്‌ ഇടാനൊക്കെ പറയുമ്പോ കാശ്‌ പോകുമോ എന്നൊരു ആശങ്ക. എനിയ്ക്കും എന്റെ ചങ്ങാതിക്കുമാണെങ്കിൽ പെട്ടന്നൊരു ദുശ്ശങ്ക. ഇവനിനി ക്ഡാവിനെ കടത്തീട്ട്‌ പീഡിപ്പിക്കാനാണോ? എനിയ്ക്കാണേൽ രഞ്ജിത്‌ വക്കീൽ പറഞ്ഞ അറിവ്‌ മാത്രമേയുള്ളു. ഇനിയിപ്പോ സിനിമയിലൊക്കെ കാണിന്നതുപോലെ ക്ഡാവിനെ കടത്തി മറിച്ചാലോ...
ഈ പയ്യനെ കാണണമല്ലോ. അടുത്താഴ്ച ക്ഡാവ്‌ ഇറങ്ങുകേം ചെയ്യും. ഞങ്ങൾ പെട്ടോ... എന്നൊരു... ദുശ്ശങ്ക വന്നത്‌ ഞങ്ങൾ രണ്ട്‌ പേർക്കും ഒരേ സമയത്ത്‌! "ചേച്ചീീ മ്മക്കവനെ ഒന്ന് പോയി നേരിൽ കാണണം. അവനോടിങ്ങോട്ട്‌ വരാൻ പറ" എന്ന് എന്റെ ചങ്ങാതി. "ഇങ്ങോട്ട്‌ വരാൻ പറയണ്ട. നമ്മളങ്ങോട്ട്‌ ചെല്ലുകാന്ന് ഞാൻ കട്ടായം പറയാൻ പോകുകാ. ആവന്റെ ഇടം നമുക്ക്‌ പോയി കാണണം. ഇങ്ങോട്ട്‌ വരാൻ പറഞ്ഞാൽ അത്‌ ശരിയാവില്ല" എന്ന് ഞാൻ. "അത്‌ മതി" എന്നവന്റെ പിന്തുണ. അന്ന് വൈകീട്ട്‌ ഞാനവനെ വിളിച്ച്‌ പറയുന്നു "നാളെ ഞങ്ങൾ അങ്ങോട്ട്‌ വരും. എവിടെയുണ്ടാകും?" ഇടവും സമയവും പറഞ്ഞുറപ്പിച്ചു. അന്നേരം ഞാൻ ക്വാറന്റൈൻ പത്താം ദിവസം. രാവിലെ ഇറങ്ങാൻ നേരം അമ്മയോട്‌ പറഞ്ഞു ഡോക്ടറെ കാണാൻ പോയെന്ന് പറഞ്ഞാൽ മതി. കാരണം ബ്ലീഡിംഗ്‌. അതാകുമ്പോ ഗൈനക്കിനെ തന്നെ കാണണം. അധികം ചോദ്യവും പറച്ചിലും ഉണ്ടാവില്ല. അമ്മ ഓക്കെ പറഞ്ഞു. ക്ലയന്റ്‌ മീറ്റ്‌ എന്നാണ്‌ അമ്മയോട്‌ പറഞ്ഞത്‌. വെറുതെ അമ്മയെ ടെൻഷനടിപ്പിക്കണ്ടാലോ.
ഞാനും ചങ്ങാതിയും കൂടി വണ്ടിയെടുത്ത്‌ യാത്രയായി, പാലക്കാട്ടേയ്ക്ക്‌.അവൻ അവിടത്തുകാരനാണല്ലോ. നേരിൽ കണ്ടപ്പോൾ പയ്യൻ കുഴപ്പക്കാരനല്ല എന്ന് തോന്നി.
അതിനും മുൻപേ, അവനെ ഒരു സംശയം തോന്നാൻ കാരണം തന്നെ അവന്റെ പേരായിരുന്നു. ക്രിസ്ത്യൻ പേര്‌. എന്നാൽ അവൻ ഹിന്ദുവാണെന്ന് അവൻ തന്നെ പറഞ്ഞു. ഇനിയിപ്പോ ഇന്നത്തെ പിള്ളാരല്ലേ. ക്രിസ്ത്യാനിയായി ജനിച്ച്‌ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന... അങ്ങനൊക്കെയുണ്ടല്ലോന്ന് കരുതി. ചങ്ങാതിയോട്‌ പറഞ്ഞപ്പോൾ അവനും അതെന്ത്‌ എന്നൊരു ചോദ്യം. പിന്നെ പയ്യനെ വിളിച്ചപ്പോൾ ടക്കെന്ന് ചോദിച്ചു നിന്റച്ഛന്റെ പേരെന്താ? അമ്മയുടെ പേരെന്താ? ഓർമ്മിക്കണം സമയമെടുക്കാതെ അവൻ പേര്‌ പറഞ്ഞു. ഹിന്ദു പേരുകൾ. മേഡം, ഞാനിനി ആധാർ കാണിക്കണോ എന്നവൻ. വേണ്ട, കണ്ടിട്ടില്ലാത്ത ആളാണല്ലോ അതുകൊണ്ടൊരു മുൻ കരുതൽ എന്ന് പറഞ്ഞൊഴിഞ്ഞു അന്ന്. പിന്നീടാണ്‌ നേരിൽ കാണണം എന്ന ചിന്ത വന്നത്‌. കണ്ടു ബോധിച്ചു. ഇനി കാര്യങ്ങൾ തീരുമാനിച്ച പ്രകാരം എന്നുറപ്പിച്ചു.
(തുടരും)