പേജുകള്‍‌

ജീവിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജീവിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 മാർച്ച് 16, തിങ്കളാഴ്‌ച

കിറ്റി

കിറ്റി.

ഒരു പൂച്ചക്കുട്ടിയുടെ പേരു പോലെയുണ്ട് അല്ലെ?
പക്ഷെ, അതൊരു പൂച്ചക്കുട്ടിയുടെ പേരല്ല. ഒരു പെണ്‍കുട്ടിയുടെ ചെല്ലപ്പേരാത്. എന്‍റെ ജീവിതത്തിലേക്ക് എപ്പോഴോ ഞാനറിയാതെ കടന്നു വന്ന ഒരു പെണ്‍കുട്ടിയുടെ പേര്. എന്നെ ഒന്നുമല്ലാതാക്കിയ, എന്നെ ആരുമല്ലാതാക്കിയ ഒരു പെണ്‍കുട്ടി. അവളാണ് കിറ്റി.

എന്തിനായിരുന്നു അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്?

എനിക്ക് നഷ്ട്ടപ്പെടുത്താന്‍ വേണ്ടി മാത്രം. നഷ്ട്ടപ്പെട്ടത്‌ ഞാന്‍ കണ്ട സ്വപ്നമായിരുന്നു. എന്‍റെ ജീവിതം. അവള്‍ക്കറിയില്ല അവള്‍ എന്താണ് എന്നോട് ചെയ്തത് എന്ന്. കാരണം, അവള്‍ക്കറിയില്ലല്ലോ അവള്‍ മറ്റൊരാളുടെ ജീവിതസ്വപ്നങ്ങളിലേക്കാണ് കടന്നു വന്നത് എന്ന്.

എനിക്ക് പരിഭവമില്ല കിറ്റിയോട് . പരാതിയുമില്ല.

പക്ഷെ, ഉള്ളില്‍ വേദനയുണ്ട്. ഹൃദയം നുറുങ്ങുന്ന വേദന.

2009 മാർച്ച് 11, ബുധനാഴ്‌ച

ഞാന്‍

ഞാന്‍. ഞാന്‍ എന്നതിന് എന്ത് പ്രസക്തി? ഏകാന്തമായ വഴികളിലൂടെയും ആള്‍ക്കൂട്ടതിലൂടെയും തനിച്ചു നടക്കുന്നവള്‍. ആരുമില്ല കൂട്ടിനു. ആരെയും പ്രതീക്ഷിക്കുന്നുമില്ല. ആരോരുമില്ലാത്ത, ആഴമുള്ള സൌഹൃദങ്ങളില്ലാത്ത ഒരാള്‍..

എന്നെക്കുറിച്ചു ഞാന്‍ കൂടുതല്‍ എന്ത് പറയാന്‍? ഞാന്‍ ഒരു ഒറ്റക്കിളിയാണ്. ആഗ്രഹിക്കാതെ ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഭാരവുമായി അലയുന്ന ഒരു ഒറ്റക്കിളി. ആരുമില്ല കാത്തിരിക്കാന്‍. ആരുമില്ല കരുതലുമായി പുറകെ വരാന്‍. ആരുമില്ല ചേര്‍ത്ത് പിടിച്ചു തലോടുവാന്‍ . ശരിക്കും ഒരു ഒറ്റക്കിളി. പറക്കുകയാണ്. ജീവിതമാകുന്ന അനന്ത വിഹായസ്സിലൂടെ പറക്കുകയാണ്. എങ്ങോട്ടെന്നില്ലാതെ. ലക്ഷ്യമില്ല
അതുകൊണ്ട് മാര്‍ഗവുമില്ല. ശൂന്യത. ശൂന്യത മാത്രം.

ആരുമില്ല എന്ന് പറഞ്ഞാല്‍... ഒരു പക്ഷെ അത് ദൈവ നിന്ദയാകും. ഒരു അമ്മ ഉണ്ട്. നൂല് പൊട്ടിയ പട്ടം കണക്കെ പറക്കുന്ന മകളുടെ ജീവിതം കണ്ടു വേദനിക്കാന്‍ എനിക്കെന്തു ചെയ്യാനാകും? നിസ്സഹായയാണ് ഞാന്‍. ഒന്നുമില്ല എന്റെ കയ്യില്‍ അവര്‍ക്ക് നല്‍കാന്‍. അവരുടെ വേദനകളില്‍, അവരുടെ മനസിന്റെ മുറിവുകളില്‍, ആശ്വാസത്തിന്റെ തൈലം പുരട്ടാന്‍ ആകാതെ... ആരുടെയോ ഒരു കൈ തെറ്റ് പോലെ നിസ്സഹായയായി ഞാന്‍...


പിന്നെ, എനിക്കുണ്ട്., എന്നെ മാത്രം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ആകാശത്തിലെങ്ങോ, അതോ മറ്റെവിടെയോ..? ഉള്ള ദൈവം. ചെയ്ത തെറ്റുകള്‍ക്കും ചെയ്യാത്ത തെറ്റുകള്‍ക്കും ശിക്ഷ നല്‍കാന്‍ മാത്രം നോക്കിയിരിക്കുന്ന ദൈവം!! ലഭിച്ചതെല്ലാം - നല്ലതായാലും ചീത്തയായാലും - എല്ലാം അവന്‍ തരുന്ന സമ്മാനം. എന്റെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം അവന്റെ ഹിതം. അങ്ങനെ ചിന്തിക്കുന്നതാണ് എനിക്കിഷ്ട്ടം. മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ അപ്രാപ്തയാണല്ലോ...


യാത്ര

യാത്രയാണ്. ഒറ്റയ്ക്കുള്ള യാത്ര. ആരൊക്കെയോ കൂട്ടിനുണ്ടാകും എന്ന് വിശ്വസിച്ചു കുറച്ചു നാള്‍. വെറുതെ... എല്ലാം വെറുതെ.

ഞാന്‍ ഒറ്റയ്ക്കാണ്. ഓര്‍മകളുടെ ഭാരം പേറി ഈ യാത്ര തുടരണം. എത്ര നാള്‍... ? അറിയില്ല.
എന്റെ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ എന്നെ വല്ലാതെ അലട്ടുന്നു.

അറിയാത്ത വഴികളിലൂടെ മനസിന്റെ യാത്ര. എങ്ങോട്ട്? അതും അറിയില്ല. ഒറ്റയ്ക്കുള്ള ഈ യാത്ര തുടരണമോ വേണ്ടയോ? ആയക്കുഴപ്പത്തിലാണ് ഞാന്‍. ചിലപ്പോള്‍ തോന്നും ഈ യാത്ര അവസാനിപ്പിച്ചാലോ എന്നെന്നേക്കുമായി എന്ന്. ചിലപ്പോള്‍ തോന്നും കുറച്ചുകാലം കൂടെ തുടരാം എന്ന്. ലക്ഷ്യബോധമില്ലാത്ത ഈ യാത്ര എത്ര നാള്‍ തുടരാന്‍ സാധിക്കും? ഞാന്‍ അറിയാതെ ഈ യാത്രയ്ക്കൊരു വിരാമം വന്നെന്കില്‍ എന്ന് ആശിച്ചു പോകുന്നു.
തുടരട്ടെ ഈ യാത്ര. ഒറ്റയ്ക്ക് തന്നെ. അനാമിക ഒറ്റയ്ക്കാണ്. അവളുടെ ജീവിത വഴികളില്‍. എന്നും...