പേജുകള്‍‌

2013, ജൂലൈ 10, ബുധനാഴ്‌ച

എന്റെ അച്ഛ...



എന്റെ അച്ഛ...






 അച്ഛയെ കുറിച്ച് എനിയ്ക്ക് ആദ്യം വരുന്ന ഓർമ്മ നാട്ടിൽ അവധിയ്ക്ക്  
വരുമ്പോൾ വെയിൽ കാഞ്ഞ് ചൂടായ അച്ഛയുടെ പുറത്ത് കുളികഴിഞ്ഞ് നനഞ്ഞ  
തന്റെ നഗ്നമേനി അമർത്തിക്കിടന്ന് അച്ഛയുടെ ശരീരത്തിലെ ചൂട് തന്റെ ഇളം  
ശരീരത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ഞാനെന്ന മൂന്നുവയസുകാരിയെയാണ്
പിന്നെഉറക്കം നടിച്ചുകിടക്കുന്ന (ഉറക്കം നടിച്ചുകിടക്കുകയായിരുന്നു എന്ന്  
വലുതായപ്പോൾ അമ്മ പറഞ്ഞറിഞ്ഞാണ് അറിഞ്ഞത്!) അച്ഛയുടെ മാറിൽ  
അമ്മിഞ്ഞപാൽ തേടി പതുങ്ങി പതുങ്ങി ചെല്ലുന്ന ഞാനും ഒരു സുഖമുള്ള  
ഓർമ്മയാണ്.  

വല്ലപ്പോഴും മദ്യപിയ്ക്കുന്ന ശീലം അച്ഛയ്ക്കുണ്ടായിരുന്നുഅതും ഉറ്റ  
സുഹൃത്തുക്കളുടെ കൂടെ മാത്രംഎനിയ്ക്കിഷ്ടമായിരുന്നു അച്ഛ മദ്യപിയ്ക്കുന്നത്.
 കാരണംഅന്ന് അച്ഛ കൂടുതൽ സന്തോഷവാനും വാചാലനുമായിരിക്കും 
ചിരിയ്ക്കുന്ന മുഖമായിരിയ്ക്കും അപ്പോൾ അച്ഛയ്ക്ക് എപ്പോഴുംതികച്ചും 
ഗൗരവപ്രകൃതമായിരുന്ന അച്ഛയെ അങ്ങിനെയല്ലാതെ കാണുന്നത് ഇത്തരം  
സന്ദർഭങ്ങളിലായിരുന്നുഅച്ഛയോട് കൊഞ്ചാനും കളിയ്ക്കാനും സാധിയ്ക്കുന്ന  
സന്ദർഭങ്ങളായിരുന്നു അത്

കുറച്ചുകൂടി വലുതായപ്പോൾ അച്ചേ... എന്ന എന്റെ നീട്ടിയുള്ള വിളി  
കേൾക്കുമ്പോഴേ അച്ഛയ്ക്ക് അതിലെ കാര്യസാധ്യത മണക്കുമായിരുന്നു 
എന്തെങ്കിലും കാര്യം അവതരിപ്പിയ്ക്കണമെങ്കിൽ അന്ന് അച്ഛയ്ക്കുള്ള ചായ  
എന്റെ വകയായിരിയ്ക്കുംജോലി കഴിഞ്ഞ് അച്ഛ വരുന്നത് പടിയ്ക്കലേ  
കാണുമ്പോൾ ഞാൻ അടുക്കളയിലേയ്ക്കോടുംഅച്ഛയ്ക്ക് ചായയുണ്ടാക്കുവാൻ 
കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി അച്ഛയെത്തുമ്പോഴേയ്ക്കും ചായയും  
കഴിയ്ക്കാൻ എന്തെങ്കിലും ഞാൻ ഒരുക്കി വച്ചിട്ടുണ്ടായിരിയ്ക്കും
ഇങ്ങിനെയൊക്കെയായിരുന്നെങ്കിലുംഎന്റെ 17 വയസുവരെയുള്ള  
കാലയളവിൽ വല്ലപ്പോഴും വിരുന്നുവരുന്ന ഒരു അതിഥിയായിരുന്നു എനിയ്ക്ക്  
അച്ഛഅമ്മയോട് കൂടുതൽ ഇഴുകി പെരുമാറുന്നതുകാണുമ്പോൾഅമ്മയ്ക്ക്  
എന്നെ ശ്രദ്ധിയ്ക്കുവാൻ നേരമില്ലാതെ എപ്പോഴും അച്ഛയോട്  
സംസാരിച്ചിരിയ്ക്കുന്നതുകാണുമ്പോൾ അച്ഛയൊന്ന് പോയിരുന്നെങ്കിൽ  
എന്ന് ഞാൻ ആശിയ്ക്കുമായിരുന്നു.  'അച്ഛ വേഗം പോണേ ഈശ്വരാ...' എന്ന് എപ്പോഴും പ്രാർത്ഥിയ്ക്കുമായിരുന്നു.

എന്റെ 17മത്തെ വയസിൽ അച്ഛ നാട്ടിൽ സ്ഥിരമായി എത്തിയപ്പോൾ പിന്നെ   അകലം കുറഞ്ഞുവാരാന്ത്യങ്ങളിൽ പറമ്പിൽ പണിയെടുക്കുന്ന അച്ഛയുടെ  
സഹായിയായി മാറി ഞാൻചവറടിയ്ക്കാനും എരുമയെ കുളിപ്പിയ്ക്കാനും  
മാങ്ങ പറിയ്ക്കാനും പയറ് നടാനുമൊക്കെ ഞാൻ അച്ഛയുടെ കൂടെ നടന്നു
ഒരു അവധിക്കാലത്താണ് എന്നെ അച്ഛ സൈക്കിൾ ചവിട്ടുവാൻ പഠിപ്പിച്ചത്
87’88 കാലംഅന്ന് ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾ സൈക്കിൾ ചവിട്ടാൻ  
തുടങ്ങിയിട്ടില്ലായിരുന്നുഒരുപക്ഷേ ഞാനായിരിക്കാം അതിനുമുതിർന്ന  
ആദ്യത്തെ പെൺകുട്ടിഞങ്ങളുടെ തറവാട്ടിലെ മറ്റ് കുടുംബങ്ങളിലെ  
കാരണവന്മാരെ പോലെ എന്റെ അച്ഛ ഒരിയ്ക്കലും ഒരു പിന്തിരിപ്പനായിരുന്നില്ല.
 പെൺകുട്ടികൾ സൈക്കിൾ ചവിട്ടാനും പഠിയ്ക്കണം എന്നത് എന്റെ അച്ഛയുടെ  
തീരുമാനമായിരുന്നുപിന്നീട് എന്റെ 24  മത്തെ വയസിൽ എനിയ്ക്ക് കരാട്ടെ  
പഠിയ്ക്കണം എന്ന് അമ്മ വഴി ആവശ്യപ്പെട്ടപ്പോഴും അമ്മയുടെ എതിർപ്പിനെ 
 അവഗണിച്ച് അതിനനുവദിച്ചത് എന്റെ അച്ഛയായിരുന്നു

ഒരിയ്ക്കൽ, ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു... എട്ടാം ക്ലാസ്സിൽ പഠിയ്ക്കുകയാണ് ഞാനന്ന്. രാവിലെ സ്കൂളിൽ പോകാൻ യൂണിഫോമൊക്കെ ഇട്ടു നിൽക്കുകയാണ് ഞാൻ. എന്തോ കാര്യത്തിന് അമ്മയുമായി വഴക്കുണ്ടാക്കി. മുടിയൊന്നും കെട്ടിയിട്ടില്ല. (അന്ന് അരയ്ക്കൊപ്പം മുടിയുണ്ട്. അമ്മ കെട്ടി തരണം മുടി. തന്നെ കെട്ടുവാൻ അറിയില്ല. ഇപ്പോഴും അതിൽ മാത്രം മാറ്റമൊന്നുമില്ല) അമ്മയുമായി വഴക്കിട്ട് ആരും കാണാതെ പറമ്പിൽ പോയിരുന്നു കരയുകയായിരുന്നു ഞാൻ (എന്റെ കണ്ണീർ ആരും കാണുന്നത് എനിയ്ക്കിഷ്ടമല്ല, അന്നും ഇന്നും.) അന്നേരം അച്ഛ അങ്ങോട്ടു വന്നു. 'ഇനി കരയരുത്' എന്ന് അച്ഛയുടെ ആജ്ഞ!! അത് ഗൗനിയ്ക്കാതെ ഞാൻ പിന്നേം കരഞ്ഞു. അപ്പോൾ അച്ഛ ദേഷ്യപ്പെട്ട് വന്നു അടിയ്ക്കാനായി ഒരു വടിയും പിടിച്ച് വന്നു. എന്താന്നറിയില്ല... അന്നേരം എഴുന്നേറ്റോടാനാണ് എനിയ്ക്ക് തോന്നിയത്!! ഞങ്ങളുടെ വീടിന്റെ കിഴക്കേ ഭാഗത്ത് വളരെ വിശാലമായ ഒരു പാടമായിരുന്നു... (ഇപ്പോഴതില്ല.. :(...) അച്ഛ അടിയ്ക്കുവാൻ വടിയും കൊണ്ട് വന്നപ്പോൾ അടിയെ അന്നും ഇന്നും പേടിയുള്ള ഞാൻ എഴുന്നേറ്റ് ഓടി. ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ "അയ്യോ... എന്നെ കൊല്ലുന്നേ...." എന്നും പറഞ്ഞാണ് എന്റെ ഓട്ടം!! അച്ഛ പിന്നാലെ.. ജോലിയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ ഇട്ട പാന്റും ബനിയനും മാത്രേയുള്ളൂ അച്ഛയ്ക്ക്.. ഷർട്ട് ഇട്ടിട്ടില്ലായിരുന്നു. ഞാൻ ഓടുന്ന ഓട്ടത്തിൽ പുല്ലു പോലും മുളയ്ക്കില്ല!! പക്ഷേ ഒടുവിൽ അച്ഛ ജയിച്ചു. ഞാൻ അച്ഛയുടെ കയ്യിൽ തൂങ്ങിയാടി!!! അന്നേരം അയൽവക്കത്തെ ജോയി ചേട്ടന്റെ വക കമന്റ്. 'കൊടുക്ക് ചേട്ടാ നല്ല ഒരെണ്ണം' എന്ന്!! (അത് എന്റെ മനസിൽ ഇന്നും കിടപ്പുണ്ട്. ചിരിച്ചു സംസാരിയ്ക്കുമെങ്കിലും ഇന്നും എന്റെ മനസിൽ നിന്നും ജോയിചേട്ടന്റെ കമന്റ് പോയിട്ടില്ല. ജോയി ചേട്ടന് ദൈവം കൊടുത്തോളും. അല്ല പിന്നെ!!) എന്തായാലും അന്ന് പിന്നെ എന്തോ അച്ഛ എന്നെ അടിച്ചില്ല... പക്ഷേ അതോർത്ത് ഇപ്പോഴും ഞാനും അമ്മയും ചിരിയ്ക്കാറുണ്ട്. എന്റെ ഓട്ടവും എന്തു കൊണ്ട് അച്ഛയ്ക്ക് അന്ന് എന്നെ പിടിയ്ക്കാൻ പറ്റി എന്നതിന്റെ കാരണവും ഞാനിപ്പോഴും അമ്മയോട് പറഞ്ഞ് ചിരിയ്ക്കും... ഞാനോടുന്നതിന്റെ പിന്നാലെ അതേ പോലെ വളഞ്ഞും തിരിഞ്ഞും അച്ഛയും ഓടും എന്ന് ഞാൻ കരുതി.  എന്റെ കുഞ്ഞു മനസിലെ മണ്ടത്തരം!!! പക്ഷേ അച്ഛ ഷോർട്ട് കട്ടെടുത്തു കൂളായി നേരെ ഓടി വന്ന്  എന്നെ പിടിച്ചു. അച്ഛ എന്നെപോലെ വളയാനും തിരിയാനുമൊന്നും നിന്നില്ല!!! 

മനസിനിഷ്ടമില്ലാത്ത കല്യാണാലോചനകൾ വരുമ്പോൾ അമ്മ തുടങ്ങിവെയ്ക്കുന്ന 
 ബ്രെയിൻവാഷിനൊടുവിൽ സമ്മതിച്ചേക്കാം എന്ന അവസ്ഥയിലെത്തുമ്പോഴെല്ലാം 
 'നിനക്കിഷ്ടമായോ അമ്മൂ..' എന്ന് അച്ഛ എന്നോട് ചോദിയ്ക്കുമായിരുന്നു
'എനിയ്ക്കിഷ്ടമായില്ലഎന്ന് ഞാൻ മറുപടി പറയുമ്പോൾ 'അമ്മൂനിഷ്ടമായില്ലാലോ.. ഇനി അതേ കുറിച്ച് അവളോട് പറയണ്ടഎന്ന് ഒരു  
താക്കീതിന്റെ സ്വരത്തിൽ അച്ഛ അമ്മയോട് പറയുമായിരുന്നുജീവിതം  
അവനവന്റെയാണെന്നും അത് അവനവനിഷ്ടമുള്ള ആളുടെ കൂടെ വേണമെന്നും 
(എനിയ്ക്കതിന് സാധിച്ചില്ലെങ്കിലുംഎന്നെ പഠിപ്പിച്ചത് അച്ഛയുടെയും 
അമ്മയുടെയും ജീവിതവും വാക്കുകളുമാണ്

 പിന്നെ എപ്പോഴാണ് എനിയ്ക്കും അച്ഛയ്ക്കും ഇടയിൽ ഒരു മതിൽകെട്ട് വന്നത്
പ്രായത്തിന്റെ അകൽച്ചയായിരുന്നോ അതോ മനസിൽ നിന്നുണ്ടായ  
അകൽച്ചയോ... കാര്യങ്ങൾ അമ്മ വഴി അച്ഛനിലേയ്ക്കെത്തിച്ചുതുടങ്ങിയത്  
എന്നുമുതലാണെന്നെനിയ്ക്കറിയില്ലപഠനം ഓരോ പടി കയറുമ്പോഴും അച്ഛ  
എന്നിൽ നിന്നും അകന്നു തുടങ്ങി.

ഒരുപക്ഷേഅച്ഛയുടെ പദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഞാൻ പഠിപ്പ്  
തുടർന്നതുകൊണ്ടായിരിക്കാം ഞങ്ങളിൽ അകൽച്ചയുടെ വിത്തുകൾ കൂടുതൽ 
ശക്തിയോടെ മുളച്ചുപൊങ്ങിയത്ഞങ്ങൾ തമ്മിൽ സംസാരം വളരെ കുറച്ചായി
വളരെ കുറച്ച്ആവശ്യത്തിനുമാത്രംഞാനും  പ്രായത്തിൽ അധികം  
സംസാരിയ്ക്കുന്ന സ്വഭാവക്കാരിയായിരുന്നില്ലവളരെ മിതഭാഷിമൃദുഭാഷി 
(ഇപ്പോൾ അതോർക്കുമ്പോൾ എനിയ്ക്ക് അത്ഭുതവും ചിരിയും തോന്നുന്നു 
എത്രയോ മാറിപ്പോയി ഞാൻ!!! എനിയ്ക്ക് തന്നെ ഉൾക്കൊള്ളുവാൻ  
കഴിയാത്തത്ര മാറ്റം!!!). അതുകൊണ്ടുതന്നെ അച്ഛയോട് സംസാരിയ്ക്കുവാൻ 
എനിയ്ക്ക് യാതൊരു വിഷയവുമില്ലായിരുന്നുഅമ്മയോടാണെങ്കിൽ പറയുവാൻ 
 ഏറെയുണ്ടായിരുന്നുതാനുംഅത് പലപ്പോഴും അച്ഛയിൽ അസൂയ  
മുളപ്പിച്ചിരുന്നുഅമ്മ വഴി എന്റെ ആവശ്യങ്ങൾ അച്ഛയോട്  
അവതരിപ്പിയ്ക്കുന്നത് അച്ഛയ്ക്ക് ഇഷ്ടമല്ലായിരുന്നുഅത് നേരിട്ട് എന്നോട്  
പലപ്പോഴും പറയാറുമുണ്ടായിരുന്നുഎന്നിട്ടും എന്തോ എനിയ്ക്കതിന്  
സാധിയ്ക്കുമായിരുന്നില്ലപഠനത്തിന്റെ പടവുകൾ കയറിപ്പോകും തോറും  
ഞങ്ങൾ തമ്മിൽ കൂടുതൽ കൂടുതൽ അകന്നുവിരുദ്ധധ്രുവങ്ങളിലേയ്ക്ക്  
നീങ്ങിക്കൊണ്ടിരുന്ന രണ്ട് വ്യക്തികളായി മാറി ഞാനും എന്റെ അച്ഛയും
ഒടുവിൽഅച്ഛയുടെ പ്രതിഷേധം കണക്കിലെടുക്കാതെവീടിനകത്തുള്ള ചില  
ആഭ്യന്തരപ്രശ്നങ്ങളിൽ മനം മടുത്ത് മരിയ്ക്കണോ ജീവിയ്ക്കണോ എന്ന  
ചിന്തയിൽ പതറിഒടുവിൽ ജീവിയ്ക്കാനുള്ള കൊതിയോടെ 
ഉദ്യാനനഗരിയിലേയ്ക്ക് പുറപ്പെട്ടപ്പോൾ കൂടെ വന്നത് എന്റെ അച്ഛയായിരുന്നു 

അവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ എന്നെ ചേർത്ത് തിരിച്ച് പടിയിറങ്ങിയ  
അച്ഛയുടെ കണ്ണുകളിൽ ഈർപ്പമുണ്ടായിരുന്നുഎന്റെ കണ്ണുകളിലുംമനസിൽ  
ഞാനിന്നു മുതൽ തികച്ചും ഏകയാണ് എന്ന ചിന്ത ഉടലെടുത്തതും അപ്പോൾ  
മുതലാണ്അന്നുമുതൽ ഇന്നോളം മനസിൽ  ചിന്ത ഭരിയ്ക്കുന്നു 
സ്നേഹനിധിയായ അമ്മയുടെ പിന്തുണ എപ്പോഴും ഉണ്ടെങ്കിലും... 
എന്നെ വേഗത്തിൽ കല്യാണം കഴിച്ചുവിടണമെന്ന് അച്ഛ ഒരുപക്ഷേ  
ആഗ്രഹിച്ചിരിയ്ക്കാംനല്ല ആലോചനകൾ വരാതിരുന്നതും കൂടി വരുന്ന എന്റെ 
വിദ്യാഭ്യാസയോഗ്യതയും അതിനൊരു തടസമായിരുന്നുഅതുകൊണ്ടുതന്നെ  
എന്നെ കൂടുതൽ പഠിപ്പിയ്ക്കില്ല എന്ന് അച്ഛ പലപ്പോഴും ദേഷ്യത്തോടെ  
പറഞ്ഞുകൊണ്ടേയിരുന്നുഅത് കേൾക്കുമ്പോൾ പഠിയ്ക്കുവാനുള്ള എന്റെ  
വാശിയും ആവേശവും കൂടിക്കൊണ്ടേയിരുന്നുഅകൽച്ചയുടെ ആരംഭം  
അതായിരുന്നെന്നു തോന്നുന്നുപിന്നീട് ഞാൻ നാട് വിട്ടുപോകുകയും  
ചെയ്തതോടെ അത് വളരെ ഏറെയായി..

നേരിട്ടുള്ള സംസാരം വല്ലപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ മാത്രമായിഅച്ഛയുടെ  
സുഖവിവരങ്ങൾ അമ്മയിലൂടെ അറിഞ്ഞുനാട്ടിൽ ചെല്ലുമ്പോൾ ഒന്നോ രണ്ടോ  വാക്കുകൾ.. കഴിഞ്ഞു.. അച്ഛനും മകളും തമ്മിലുള്ള സംസാരം!!!  
ഞാനോർക്കുന്നു അകൽച്ചയ്ക്ക് ശേഷം അച്ഛയോട് ഞാൻ നേരിട്ട് ഫോണിലൂടെ 
 സംസാരിച്ചത്  ഒരു യാത്രാമൊഴി പോലെയായിരുന്നുഅച്ഛ അത്  
അറിഞ്ഞില്ലെങ്കിലുംചെയ്ത  കുറേ തെറ്റുകളിൽ പശ്ചാത്തപിച്ച്
ഇനി ജീവിയ്ക്കണ്ടാ എന്ന തീരുമാനമെടുത്തപ്പോൾ ഞാൻ ആദ്യം വിളിച്ചത് 
അച്ഛയെ ആയിരുന്നു. 'അച്ചേ.., എന്നോട് ക്ഷമിയ്ക്കണംഞാൻ ചെയ്ത എല്ലാ  
തെറ്റുകൾക്കും ഞാൻ അച്ഛയോട് മാപ്പ് പറയുന്നുഅതായിരുന്നു ഞാൻ അച്ഛയോട് 
 അന്ന് പറഞ്ഞത്അപ്പോൾ എന്റെ കണ്ണുകളിൽ നിന്നും നീർക്കണങ്ങൾ ഇറ്റ്  
വീഴുന്നുണ്ടായിരുന്നു... 'അച്ഛയ്ക്ക് മോളോടൊരു വിഷമവുമില്ല മോളേ.. മോൾ  
ഒന്നും ഓർത്ത് സങ്കടപ്പെടണ്ടഅച്ഛയ്ക്ക് അങ്ങിനെ മോളോട് ദേഷ്യം തോന്നുമോ?' 
എന്ന് ഞാൻ ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നും കേട്ടുതിരിച്ചൊന്നും  
പറയാതെ ഞാൻ ഫോൺ വെച്ചുപിന്നെ അമ്മയെ വിളിച്ചു മാപ്പ് പറഞ്ഞുപിന്നെ മരണമെന്ന  എന്റെ ലക്ഷ്യത്തിലേയ്ക്ക് പതുക്കെ...  പക്ഷേ 
ജീവിതത്തിലെ രക്ഷകനും ശിക്ഷകനുമായ സുഹൃത്ത് എന്നെ മാർഗ്ഗം തിരിച്ചുവിട്ട്  
ജീവിതത്തിലേയ്ക്ക് വീണ്ടും... കൂടുതൽ പൊള്ളിയ്ക്കുകയും  
വേദനിപ്പിയ്ക്കുകയും ചെയ്ത യാഥാർത്ഥ്യങ്ങളിലേയ്ക്കായിരുന്നു എന്റെ  
മടങ്ങി വരവ്

പിന്നെ എനിയ്ക്ക് നഷ്ടപ്പെട്ടത് ജീവിയ്ക്കാനുള്ള എന്റെ മോഹമായിരുന്നില്ല,
 എന്റെ മനസ് തന്നെയായിരുന്നു. 8 വർഷത്തെ നരകതുല്യമായ ജീവിതത്തിനും  
അനുഭവങ്ങൾക്കുമൊടുവിൽഅതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ  
പരാജയത്തിനുമൊടുവിൽ മനസിന്റെ സമനില തന്നെ നഷ്ടമായ കുറേ ദിനങ്ങൾ 
ആരോടും മിണ്ടാതെകണ്ണുകളിൽ ഭയവും കണ്ണുനീരും നിരാശയും  
നിർവികാരതയും മാത്രമായിആരെയും തിരിച്ചറിയാനാകാതെ 
ഭക്ഷണം കഴിയ്ക്കാതെ കുറേ നാൾ... 

അത് രണ്ടാഴ്ചയായിരുന്നു എന്ന് പിന്നീട് പറഞ്ഞറിഞ്ഞുഅന്ന്  
എങ്ങിനെയായിരുന്നു എന്റെ അച്ഛയെന്നും അമ്മയെന്നും എനിയ്ക്കോർമ്മയില്ല 
പലപ്പോഴും  നാളുകളിലെ ഓർമ്മകളെ തിരിച്ചുപിടിയ്ക്കുവാൻ പിന്നീട് ഞാൻ 
ഏറെ ശ്രമിച്ചിട്ടുണ്ട്  പക്ഷെ എനിയ്ക്കതിനു സാധിച്ചില്ലഇന്നു വരേയും.  
 എന്റെ ജീവിതപുസ്തകത്തിൽ നിന്നും നഷ്ടമായ കുറേ താളുകൾഇന്നും  

തിരിച്ചുകിട്ടാതെ...

മനസും ഓർമ്മകളും കൈവിട്ടു പോയ നാളുകളിൽ ഞാൻ തികച്ചും ഒരു മൂക ജീവിയായിരുന്നു. ആരോടും ഒന്നും മിണ്ടാതെ ഒറ്റയ്ക്ക് പറമ്പിലെല്ലാം വെറുതെ ചുറ്റിയടിച്ച് നടക്കും. അങ്ങിനെയൊരിയ്ക്കൽ നടക്കുമ്പോഴാണ് എന്റെ അടുത്തേയ്ക്ക് അച്ഛ വന്നത്. എന്റെ മൂകതയിൽ സഹികെട്ട് അതിന്റെ കാരണം എന്തെന്നറിയാനായിരുന്നു വരവ്. അന്ന് അച്ഛ സ്വല്പം മദ്യപിച്ചിട്ടുമുണ്ടായിരുന്നു.
'എന്താ മോള് ഒന്നും മിണ്ടാതെ ഇങ്ങനെ നടക്കുന്നത്?' നിർജ്ജീവമായ ഒരു നോട്ടം മാത്രമായിരുന്നു എന്റെ മറുപടി.
'മോൾക്ക് അച്ഛ കുടിച്ചത് ഇഷ്ടായില്ലെങ്കിൽ അച്ഛ ഇനി കുടിയ്ക്കില്ല.' അച്ഛയുടെ കുറ്റസമ്മതം..
'അതൊന്നും കുഴപ്പമില്ല അച്ചേ..'
'പിന്നെന്താ മോൾ ഒന്നും മിണ്ടാതെ ഇങ്ങനെ നടക്കുന്നത്?'
'ഒന്നുമില്ല. എനിയ്ക്കൊന്നും മിണ്ടാൻ തോന്നുന്നില്ല.'
'അച്ഛ, അമ്മ ഫോൺ വിളിയ്ക്കാതിരിക്കാൻ ലോക്ക് ചെയ്തത് മോൾക്ക് വിഷമമായെങ്കിൽ മോളതിൽ വിഷമിയ്ക്കണ്ട. അച്ഛ അത് എന്നേ അൺലോക്ക് ചെയ്തു. അമ്മയോട് പറയാത്തതാ' വീണ്ടും അച്ഛയുടെ കുമ്പസാരം. (അമ്മ എനിയ്ക്ക് എസ്.ടി.ഡി. വിളിച്ച് ഫോൺ ബിൽ 2000 ഉം 3000 ഉം ഒക്കെ വന്നപ്പോൾ അച്ഛ അത് ലോക്ക് ചെയ്ത് വെച്ചിരുന്നു).
'അതൊന്നും കുഴപ്പമില്ല അച്ചേ..'
'മോൾക്ക് അച്ഛയോട് എന്തെങ്കിലും ദേഷ്യമുണ്ടൊ?'
'ഇല്യ'
'അതുമതി. അച്ഛ പൊയ്ക്കോട്ടെ?'
'ഉം'
എന്തൊ ഒരു ആശ്വാസത്തിൽ അച്ഛ തിരിഞ്ഞു നടക്കുന്നത് ഞാൻ കണ്ടു. അറിയാതെ കണ്ണുകളിൽ ഈറൻ പൊടിഞ്ഞുവോ... 

മനസിന്റെ താളപ്പിഴകൾ ഒട്ടൊന്ന് ശമിച്ചപ്പോൾ വീണ്ടും നാട് വിടാൻ തീരുമാനിച്ചു. ഒന്നും ചെയ്യാതെ ഇരുന്നാൽ തിരിച്ചു പിടിയ്ക്കുവാൻ ശ്രമിയ്ക്കുന്ന മനസ് വീണ്ടും കൈവിട്ടു പോകുമോ എന്ന് പേടി. തീരുമാനം അച്ഛയോടും അമ്മയോടും പറഞ്ഞു. എന്തോ എതിർപ്പൊന്നും പറയാതെ അവർ സമ്മതിച്ചു.  എന്നെ ഒരുപാട് വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ബാംഗ്ലൂർ എന്ന മഹാനഗരത്തിലേയ്ക്ക് വീണ്ടും. നാട്ടിലായിരിക്കുമ്പോൾ തന്നെ ഓൺലൈൻ വഴി ഒരു ജോലി സംഘടിപ്പിച്ചിരുന്നു. ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ. ധൈര്യത്തിൽ പുറപ്പെട്ടു. ജോലിയ്ക്ക് ജോയിൻ ചെയ്തു. കുഴപ്പമില്ലാതെ ജീവിതം നീങ്ങി. പഴയ താവളത്തിൽ നിന്നും വീട് മാറി പുതിയ ഒരിടത്തേയ്ക്ക്... 

മുഖചർമ്മം വല്ലാതെ വരണ്ടപ്പോൾ ആയുർവേദം പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ടി,വി,യിൽ കണ്ട ഒരു ആയുർവേദ ക്രീം ബാംഗ്ലൂരിൽ  അന്വേഷിച്ചു കിട്ടാതായപ്പോൾ അച്ഛയെ വിളിച്ചു പറഞ്ഞു. ഉടൻ തന്നെ അച്ഛ അത് വാങ്ങി അയച്ചു തന്നു. കിട്ടിയോ എന്ന അന്വേഷണവുമായി അച്ഛ വിളിച്ചപ്പോൾ പറഞ്ഞു 'കിട്ടിയച്ചേ.. ഇനി ഇതു തീരുമ്പോഴാ..'
'അതിനെന്താ മോളേ.. അച്ഛയില്ലേ.. കഴിയുമ്പോൾ അച്ഛ വാങ്ങി അയച്ചു തരാം' അത് പറഞ്ഞത് 2010 മെയ് മാസത്തിലെ ആദ്യ ആഴ്ചയിലായിരുന്നു.  പക്ഷേ...
2010 മെയ് 10.. പതിവില്ലാതെ എന്റെ കൂട്ടുകാരി എന്നെ വിളിച്ച് വിശേഷം അന്വേഷിച്ചു. സാധാരണ ഞാൻ അവളെ വിളിയ്ക്കുകയാണ് പതിവ്.

"എനിയ്ക്ക് വയ്യ!!" എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു... വീണ്ടും അവൾ വിളിച്ചു. അപ്പോഴും അവൾ പറഞ്ഞു "എനിയ്ക്ക് വയ്യ!!" അന്നേരം ഞാൻ പറഞ്ഞു "നിനക്കെന്നേലും വയ്യായയില്ലാത്ത കാലമുണ്ടോ?" ഒരു ചെറിയ കുരു വന്നാൽ പോലും എനിയ്ക്ക് വയ്യ എന്ന് പറയുന്നവളാണവൾ. അന്നും അങ്ങിനെ തന്നെ എന്നേ ഞാൻ കരുതിയുള്ളൂ.. അവൾ വീണ്ടും ഫോൺ കട്ട് ചെയ്തു പിന്നെ വിളിയ്ക്കാം എന്നും പറഞ്ഞ്.  അപ്പോഴും കാര്യമെന്തെന്ന് എനിയ്ക്ക് മനസിലായില്ല

അപ്പോഴാണ് ഞാൻ കുഞ്ഞി എന്ന് വിളിയ്ക്കുന്ന എന്റെ കുഞ്ഞേടത്തിയമ്മയുടെ ഫോൺ വന്നത്. എന്റെ കുഞ്ഞേട്ടന്റെ ഭാര്യ. അവർ എന്നേക്കാൾ ഒരുപാട് വയസിനിളയതായതിനാൽ ചേച്ചി എന്നാണ് വിളിയ്ക്കുന്നത്. "ചേച്ചി നമുക്ക് നാട്ടിൽ പോകാം. അച്ഛയ്ക്ക് വയ്യ" എന്നവർ പറഞ്ഞു. എനിയ്ക്കപ്പോഴും ഒന്നും തോന്നിയില്ല. ഇതിനു മുൻപും അച്ഛയ്ക്ക് അസുഖം വന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ പറഞ്ഞു "എന്തിനാ പോകുന്നെ? ഏട്ടന്മാരോട് പോകാൻ പറ. ഞാൻ വരുന്നില്ല" (ഇതിന് മുൻപ് അച്ഛയ്ക്ക് അസുഖം വന്നപ്പോൾ എന്റെ ഏട്ടന്മാർ മാത്രമേ പോയിരുന്നുള്ളൂ... ഞാൻ പോയില്ല. അച്ഛ സുഖം പ്രാപിച്ച് തിരികെ പൂർണ്ണ ആരോഗ്യവാനായി എത്തുകയും ചെയ്തിരുന്നു. അത് പോലെ ഒന്ന് എന്നേ ഞാൻ കരുതിയുള്ളൂ...) അപ്പോൾ കുഞ്ഞി പറഞ്ഞു... "ചേച്ചീ അച്ഛ പോയി.." പറയുന്നതിനൊപ്പം അവർ കരയുന്നുമുണ്ടായിരുന്നു

ഒരു നിമിഷം... എല്ലാം എനിയ്ക്ക് കണ്മുന്നിൽ നിന്നും മറഞ്ഞു... മനസ് പെട്ടന്ന് ശൂന്യമായതു പോലെ... തടഞ്ഞു നിർത്താൻ കഴിയാതെ ഒരു കരച്ചിൽ എന്നെ തേടി വന്നു. ഒന്നോ രണ്ടോ നിമിഷം ഞാൻ കരഞ്ഞു... മനസ് പൊട്ടി തന്നെ. ഒറ്റയ്ക്ക് ജീവിയ്ക്കുന്ന എനിയ്ക്ക് ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല.  

പെട്ടന്ന് ഞാൻ വിപദി ധൈര്യം വീണ്ടെടുത്തു. കാരണം എന്റെ വല്യേട്ടൻ ഒരു തരള ഹൃദയനാണ്. കുഞ്ഞേട്ടൻ നാട്ടിലാണ്. വല്യേട്ടന് ധൈര്യം കൊടുക്കണമെങ്കിൽ ഞാൻ ധൈര്യവതിയായിരിക്കണം. ഉടൻ എന്തോ എനിയ്ക്ക് എന്റെ പ്രിയ സുഹൃത്തിനെ വിളിയ്ക്കുവാനാണ് തോന്നിയത്. വിളിച്ചു. പതിവു പോലെ എന്റെ അത്യാവശ്യ സന്ദർഭങ്ങളിൽ നമ്പർ സ്വിച്ച്ഡ് ഓഫ്...!! 

എന്റെ അയൽവക്കത്ത് താമസിയ്ക്കുന്ന മറ്റൊരു സുഹൃത്തിനെ വിളിച്ചു. അവൻ ഓഫീസിലാണ്. എട്ടന്റെ വീട്ടിലേയ്ക്കുള്ള വഴി അവന്റെ ഓഫീസിനു മുന്നിലൂടെയാണ്. ഞാൻ സ്വയം എന്റെ സ്കൂട്ടിയെടുത്ത് ഏട്ടന്റെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അവന്റെ ഓഫീസ് വഴി വരൂ കൂടെ വരുന്നു എന്ന്. അതു പോലെ അവന്റെ ഓഫീസ് വഴി പോയി. ഏട്ടന്റെ അവിടേയ്ക്ക് പിന്നെ അവനാണ് വണ്ടിയോടിച്ചത്. ഞാനപ്പോഴും മൗനമായിരുന്നു

അതിനിടയിൽ എന്റെ പ്രിയ കൂട്ടുകാരി വീണ്ടും എന്നെ വിളിച്ചു. ഞാൻ വണ്ടിയെടുത്ത് ഏട്ടന്റെ അടുത്തേയ്ക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ അവൾക്ക് ടെൻഷൻ.. "നീ ടെൻഷനടിയ്ക്കണ്ടാ.. ഞാൻ പോയിക്കോളാം. എനിയ്ക്കതിനുള്ള മാനസിക ധൈര്യമുണ്ട്" എന്ന് ഞാൻ പറഞ്ഞു. അവൾക്ക് എന്നോട് പറയാൻ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ.. "കുഞ്ഞോളേ... നീ കരയണേ.. കരയാതെ നിന്റെ സങ്കടം തടഞ്ഞു നിർത്തരുതേ..." എന്നായിരുന്നു അത്.  അവൾ അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. (ഞാൻ ആരുടെ മുന്നിലും കരയുന്നത് ഇഷ്ടപ്പെടാത്ത ആളാണെന്ന് അറിയുന്നവളാണ്... എന്റെ ബാല്യകാല സഖി.. അന്നും ഇന്നും) "നീ വിഷമിക്കണ്ടെടീ.." എന്ന് ഞാൻ മറുപടി നൽകി.

മെയ് 11 അതിരാവിലെ ഞാൻ നാട്ടിലെത്തി...
എന്റെ അച്ഛ... അവസാനത്തെ ഉറക്കത്തിലായിരുന്നു... ശാഠ്യം പിടിച്ച ഒരു കുഞ്ഞിനെയെന്ന പോലെ മുഷ്ഠികൾ ചുരുട്ടി പിടിച്ചിരുന്നു. ഞാനിപ്പോൾ വരുന്നില്ല, എനിയ്ക്കിനിയും ജീവിയ്ക്കണം എന്ന വാശിയായിരുന്നോ മുഷ്ഠി ചുരുട്ടി പിടിച്ചതിലൂടെ അച്ഛ ദൈവത്തോട് പ്രകടിപ്പിച്ചത്... അതുവരെയില്ലാത്ത ഒരു പ്രശാന്തത അച്ഛയുടെ മുഖത്ത് ഉണ്ടായിരുന്നു. ഒരു ഇളം പുഞ്ചിരിയും... 

അച്ഛയെ ഞാൻ തലോടി.. പക്ഷേ കല്ലുപോലെയായിരുന്നു അച്ഛയുടെ മുഖവും കൈകളും... എങ്കിലും മങ്ങാതെ ഇളം പുഞ്ചിരി മാത്രം നിലനിന്നു...
കണ്ണുനീർ ധാരയായി ഒഴുകി... ആർത്തലച്ചു കരയുവാൻ എനിയ്ക്കെന്നും അറിയില്ല... മാത്രമല്ല ഞാൻ കരഞ്ഞാൽ എന്റെ അമ്മ തളരും എന്നതിനാൽ എനിയ്ക്കെന്റെ വികാരത്തെ നിയന്ത്രിക്കണമായിരുന്നു... എങ്കിലും.., ഇനി അച്ഛയില്ലല്ലോ എന്ന ചിന്ത മനസിൽ വല്ലാതെ... 

മകൾക്കായി ഒന്നും കരുതി വെയ്ക്കാൻ എന്റെ അച്ഛയ്ക്കായില്ല... എന്തൊക്കെയോ കാരണങ്ങളാൽ മകളെ അച്ഛ മറന്നു... എങ്കിലും ഇപ്പോഴും ഒരേയൊരു പ്രാർത്ഥനയേ ഉള്ളൂ... 'ഇനിയും ഒരു ജന്മമുണ്ടെങ്കിൽ.. ഇതേ അച്ഛയുടെയും അമ്മയുടെയും മകളായി ജനിയ്ക്കണേ ഞാൻ...' എന്ന്.  കുറച്ചുകൂടി ഉത്തരവാദിത്വം മാത്രമേ എന്റെ അച്ഛയ്ക്ക് അടുത്ത ജന്മത്തിൽ ദൈവം കൊടുക്കേണ്ടതായുള്ളൂ... എങ്കിലും എനിയ്ക്കാ അച്ഛയുടെയും അമ്മയുടെയും മകളായി ജനിച്ചാൽ മതി, ഇനിയുമൊരു ജന്മമുണ്ടെങ്കിൽ... മറ്റൊന്നും വേണ്ട...

പിന്നീടുള്ള ജീവിതത്തിൽ പലപ്പോഴും മനസ് ആഗ്രഹിച്ചിട്ടുണ്ട്... ‘അച്ഛയുണ്ടായിരുന്നെങ്കിൽ’ എന്ന്...  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ‘അച്ഛയുണ്ടായിരുന്നെങ്കിൽ ഇങ്ങിനെ സംഭവിയ്ക്കില്ലായിരുന്നു’ എന്ന്... അധികം സംസാരിയ്ക്കാറില്ലായിരുന്നെങ്കിലും ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു അച്ഛ എന്റെ സ്വകാര്യ ധൈര്യമായിരുന്നു... 

ഇപ്പോൾ അതുപോലെ ഒരു സ്വകാര്യധൈര്യം പകരാൻ എനിയ്ക്കാരുമില്ലാതായിരിക്കുന്നു; എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് പോലും ധൈര്യം എന്നിൽ നിറയ്ക്കുവാൻ സാധിയ്ക്കുന്നില്ല... ഞാൻ മനസിലാക്കുന്നു...
അച്ഛ എന്റെ സ്വകാര്യധൈര്യമായിരുന്നു....  എന്റെ പ്രശ്നങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും വെറുതെ ഒന്ന് സംസാരിച്ചാൽ.., "എന്തേ അമ്മൂ..." എന്ന് ശബ്ദമൊന്ന് കേട്ടാൽ അറിയാതെ എന്നിൽ ഒരു ധൈര്യം നിറയുമായിരുന്നു എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു... അതാണെനിയ്ക്ക് നഷ്ടമായത്. എന്നേയ്ക്കുമായി...

എന്റെ മാത്രം സ്വകാര്യധൈര്യം... എന്നെ ഞാനാക്കിയ എന്റെ  സ്വകാര്യധൈര്യം... ഞാൻ മനസിലാക്കാതെ പോയ എന്റെ സ്വകാര്യ ധൈര്യം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ